Tuesday 12 July 2022 12:29 PM IST : By സ്വന്തം ലേഖകൻ

‘മോളേ... അമ്മയെ ശല്യപ്പെടുത്തേണ്ട, അമ്മയ്ക്ക് പീരിയഡ്സ് അല്ലേ...’: അച്ഛൻമാർക്കും നൽകാം ആർത്തവ പാഠങ്ങൾ: വിഡിയോ

aswathy-and-swathi

മലയാളത്തിന്റെ പ്രിയ അവതാരകയും മിനിസ്ക്രീൻ താരവുമാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായ അശ്വതി സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. സെക്സ് എജ്യൂക്കേഷൻ, ബോഡി ഷെയ്മിങ്, ബേബി കെയർ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡ‍ിയയിലൂടെ സംസാരിക്കാറുള്ള അശ്വതി ഇപ്പോഴിതാ ശ്രദ്ധേയമായൊരു വിഷയത്തിലേക്ക് കാഴ്ചക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ആർത്തവത്തെക്കുറിച്ചുള്ള പലരുടേയും അജ്ഞതയും തെറ്റിദ്ധാരണയും അകറ്റാൻ ഉതകുന്ന ‘കുഞ്ഞു വലിയ’ വർത്താനങ്ങളുമായാണ് അശ്വതി എത്തുന്നത്. മായാസ് അമ്മ എന്ന സോഷ്യൽ മീ‍ഡിയ ഹാൻഡിലിലൂടെ ശ്രദ്ധേയയായ സ്വാതി ജഗദീഷിനൊപ്പമാണ് അശ്വതി കാഴ്ചക്കാർക്കു മുന്നിലെത്തുന്നത്.

ആർത്തവം എന്നത് നമ്മുടെ ജൈവികമായ ഒന്നാണ് എന്ന തിരിച്ചറിവ് കുട്ടികൾക്ക് പകർന്നു നൽകുകയാണ് ആദ്യം വേണ്ടതെന്ന് അശ്വതിയുടെ ചോദ്യത്തിനു മറുപടിയായി സ്വാതി പറയുന്നു.

‘വീട്ടിൽ സംഭവിക്കുന്ന ചെറിയ സന്ദർഭങ്ങളിലൂടെ ഇക്കാര്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകാം. അമ്മയ്ക്ക് പീരീയഡ്സ് ആണ് എന്ന് മൂന്നോ നാലോ വയസുള്ള കുഞ്ഞിനോട് പറയുമ്പോൾ അവർ അത് മനസിലാക്കി തുടങ്ങും. ആ സമയങ്ങളിൽ അമ്മ പാ‍ഡ് അല്ലെങ്കിൽ മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാറുണ്ട് എന്ന് പറയാം. അച്ഛൻമാർക്കും ഇതിനെക്കുറിച്ച് കുട്ടികളോട് പറയാം. അമ്മയ്ക്ക് പീരീയഡ്സ് ആണ് ശല്യപ്പെടുത്തേണ്ട എന്ന് പറയുന്നത് പോലും പീരീയഡ്സ് എജ്യൂക്കേഷൻ ആണ്.’– സ്വാതി പറയുന്നു.

വിഡിയോ കാണാം...