Friday 01 March 2024 02:28 PM IST

പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ 10 പാഠങ്ങൾ; എളുപ്പം പരിശീലിക്കാവുന്ന സ്റ്റഡി പ്ലാൻ, മികച്ച അധ്യാപകർ പറഞ്ഞുതരുന്നു

Roopa Thayabji

Sub Editor

_DSC0296 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരു കഥ കേട്ടാലോ. രണ്ടു സുഹൃത്തുക്കൾ നഗരത്തിലേക്കു പോകും വഴി മരച്ചുവട്ടിലിരുന്ന ജ്ഞാനിയോടു ചോദിച്ചു,‘നഗരത്തിലേക്ക് ഇനി എത്ര ദൂരമുണ്ട്?’ ആ ചോദ്യത്തിന് ‘അറിയില്ല’ എന്നു ജ്ഞാനി മറുപടി പറഞ്ഞു. വീണ്ടും നടന്നു തുടങ്ങിയ അവരെ ജ്ഞാനി തിരികെ വിളിച്ചു, ‘ഇതേ വേഗത്തിൽ നടന്നാൽ രണ്ടു മണിക്കൂർ കൊണ്ടു നഗരത്തിലെത്താം. നിങ്ങൾ എത്ര വേഗത്തിൽ നടക്കുന്നു എന്നതാണ് നഗരത്തിലേക്ക് എത്തുന്ന സമയം കുറയ്ക്കാൻ പ്രധാനം. നേരത്തേ നിങ്ങളുടെ വേഗം എനിക്ക് അറിയാത്തതു കൊണ്ടാണ് അറിയില്ല എന്ന ഉത്തരം പറഞ്ഞത്.’

എത്രമാത്രം തീവ്രതയിൽ പരിശ്രമിക്കുന്നു എന്നത് അനുസരിച്ചാകും ഫലം എന്നാണീ കഥയുടെ സാരാംശം. അതു തന്നെയാണു പഠനത്തിന്റെ കാര്യവും. പത്താം ക്ലാസ്സിന്റെയും പ്ലസ്ടുവിന്റെയുമൊക്കെ പരീക്ഷ ഇങ്ങെത്തിപ്പോയി. പരീക്ഷയിലെ മാർക്കു കൊണ്ടു ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ലെന്നു വാദിക്കാൻ ഒരുപാടു പേരുണ്ടാകും. പക്ഷേ, ഏതു കരിയറിനും അടിസ്ഥാനമായി പരിഗണിക്കുന്നതു മാർക്കാണെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടാണു പഠിക്ക്, പഠിക്ക് എന്നു പറഞ്ഞു രക്ഷിതാക്കൾ പിന്നാലെ നടക്കുന്നത്. എന്നാൽ എങ്ങനെ പഠിച്ചു നല്ല മാർക്കു നേടണമെന്നു പറഞ്ഞുതരാൻ അവരിൽ പലർക്കുമറിയില്ല.

പരീക്ഷയിൽ  മികച്ച സ്കോർ സ്വന്തമാക്കാനുള്ള ടിപ്സ് പറഞ്ഞുതരുന്നതു മികച്ച അധ്യാപകർക്കുള്ള അവാർഡ് നേടിയ ജോസ് ഡി. സുജീവ്, കെ.യു. മുജീബ് റഹ്മാൻ, മ ഞ്ജുള സി, ശൈലജ വി.സി എന്നിവരാണ്. ഇക്കുറി പരീക്ഷ എഴുതുന്നവർ മാത്രമല്ല അടുത്ത അധ്യയന വർഷം മുതൽ പഠനം മെച്ചപ്പെടുത്താനും ഈ വഴികൾ ശീലിക്കാം.

പാഠം ഒന്ന് : ടൈംടേബിൾ

∙ മോഡൽ പരീക്ഷയ്ക്കു മുൻപായി (അവസാന പരീക്ഷയ്ക്ക് ഒരാഴ്ച മുൻപു തന്നെ) മുഴുവൻ പാഠഭാഗങ്ങളും പഠിച്ചു തീർക്കേണ്ടതുണ്ട്. ഇതിനായി ടൈം ടേബിൾ തയാറാക്കാനുള്ള ടിപ് ഇതാ. ആകെ 36 ദിവസങ്ങൾ ഇനി ഉണ്ടെന്നിരിക്കട്ടെ. അതിനെ ആറു വിഷയങ്ങളായി ഭാഗിച്ചാൽ  ഒരു വിഷയത്തിന് ആറു ദിവസം എന്ന കണക്കിൽ ലഭിക്കും. അതിൽ തന്നെ എളുപ്പമുള്ള വിഷയങ്ങളുടെ ഓരോ ദിവസം കുറച്ച് അതുകൂടി  മറ്റു വിഷയങ്ങൾക്കായി മാറ്റിവയ്ക്കാം.

∙ ഓരോ വിഷയവും ആറോ ഏഴോ ദിവസങ്ങൾക്കുള്ളിൽ പഠിച്ചു തീർക്കാനായി പാഠഭാഗങ്ങളെയും വിഭജിക്കുക. ആ കെ 12 അധ്യായങ്ങൾ ഉണ്ടെങ്കിൽ ഒരു ദിവസം രണ്ട് എന്ന കണക്കിൽ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചു തീർക്കാം. പിന്നെ, റിവിഷൻ മതിയാകും.

∙ ഒരു വർഷത്തെ പഠനത്തിനായി ടൈംടേബിൾ തയാറാക്കുമ്പോഴും പ്രയാസമേറിയ വിഷയങ്ങൾക്കു കൂടുതൽ സമയവും താരതമ്യേന എളുപ്പമുള്ള വിഷയങ്ങൾക്കു കുറവു സമയവും മതി. ഓരോ ആഴ്ചയും ഈ ടൈംടേബിൾ പാലിക്കുന്നുണ്ടോ എന്നു സ്വയം വിലയിരുത്തി അതിനനുസരിച്ചു വേണ്ട മാറ്റം വരുത്താം.

∙ 45 മിനിറ്റിൽ കൂടുതൽ ഒറ്റയിരിപ്പിൽ പഠിക്കരുത്. ശരീരത്തിന്റെയും തലച്ചോറിന്റെയും തളർച്ച ഒഴിവാക്കാൻ പഠന സെഷനുകൾക്കിടയിൽ ചെറിയ ഇടവേള എടുക്കണം. അൽപം നടക്കുകയോ തണുത്ത വെള്ളത്തിൽ മുഖം കഴുകുകയോ ഒക്കെ ചെയ്യാം.

∙ മടുപ്പകറ്റാൻ പാട്ടു കേൾക്കാം. അൽപം കളിക്കാം. പക്ഷേ, അതിനുള്ള കൃത്യസമയം  ടൈംടേബിളിൽ നൽകണം.

∙ പഠിക്കാനും പഠിച്ച കാര്യങ്ങൾ ഓർമയിൽ നിൽക്കാനും മതിയായ ഉറക്കവും പോഷകാഹാരവും വേണം. കൃത്യസമയത്തു ഭക്ഷണം കഴിക്കാനും ഉറങ്ങാനും   ടൈം ടേബിളി ൽ സമയം നൽകണം. ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നതും ഉണരുന്നതും ശീലിക്കുക.

2243491889

പാഠം രണ്ട് : നല്ല പഠനാന്തരീക്ഷം

∙ ഏകാഗ്രമായി ഇരിക്കാവുന്ന വൃത്തിയുള്ള മുറിയാണു പഠനത്തിനു നല്ലത്. നല്ല വായുസഞ്ചാരമുള്ള, പ്രകാശമുള്ള ഇടമാകണം.  

∙ രാവിലെ അഞ്ചു മണി മുതല്‍ എട്ടു വരെയും രാത്രി ഏഴു മുതല്‍ 10 വരെയുമാണു പഠിക്കാന്‍ ഏറ്റവും യോജിച്ച സമയം. പഠിച്ചു തുടങ്ങും മുൻപ് ഏകാഗ്രത ലഭിക്കാനായി അൽപസമയം കണ്ണടച്ചു ധ്യാനിക്കാം.

∙ വീട്ടിലെ ബഹളങ്ങൾ പഠനത്തെ ബാധിക്കും. വീട്ടിലുള്ളവർ ടിവി കാണുകയാണെങ്കില്‍ പഠിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തുക. പഠനത്തിൽ നിന്നു ശ്രദ്ധ തിരിക്കുന്നതൊന്നും ആ പരിസരത്തു വേണ്ട.  

∙ കൂനിക്കൂടിയിരുന്നു പഠിക്കരുത്. സുഷുമ്നാ നാഡിക്ക് വേണ്ടത്ര അയവും ഓക്സിജൻ സഞ്ചാരവും ഉറപ്പാക്കുന്ന തരത്തിൽ നിവർന്നിരിക്കുമ്പോഴാണു തലച്ചോറിലേക്കുള്ള സിഗ്‌നലുകൾ ശരിയായി വിനിമയം ചെയ്യപ്പെടുന്നത്. അപ്പോൾ നന്നായി ഓർമ നിൽക്കും. ചരിഞ്ഞിരുന്നോ കിടന്നോ പഠിക്കുന്നതും അത്ര നല്ലതല്ല.

∙ പഠനസമയത്തു മറ്റൊരു കാര്യവും ചെയ്യാൻ ശ്രമിക്കരുത്. ചാറ്റിങ്, ഒരു കണ്ണു ടിവിയിലും മറുകണ്ണ് ബുക്കിലുമായി പഠിക്കാൻ ശ്രമിക്കുക തുടങ്ങിയവ ഒഴിവാക്കണം.

പാഠം മൂന്ന് : സക്സസ് പ്ലാൻ

∙ കാണാപ്പാഠം പഠിക്കേണ്ട പാഠഭാഗങ്ങളുമുണ്ട്. പദ്യങ്ങ ൾ, കണക്കിലെ ഫോർമുലകൾ, ചരിത്രപരമായ തീയതികളും മറ്റും, നിയമങ്ങളും നിർവചനങ്ങളും, മഹദ്‌വചനങ്ങൾ തുടങ്ങിയവ അതേപടി പഠിക്കണം. പലവട്ടം ഉറക്കെ വായിക്കുമ്പോൾ അവ മനഃപാഠമാകും.

∙ My Very Excellent Mother Just Served Us Noodles എന്ന വാചകത്തിലെ ഓരോ വാക്കിലെയും ആദ്യ അക്ഷരങ്ങൾ സൗര യൂഥത്തിലെ ഗ്രഹങ്ങളുടെ പേരുകൾ തെറ്റാതെ ഓർത്തു വയ്ക്കാൻ സഹായിക്കും. ഇതുപോലെ വായിക്കുന്ന കാര്യങ്ങൾ ഓർത്തുവയ്ക്കാൻ കുറുക്കുവഴികൾ കണ്ടെത്താം.

∙ മറ്റുള്ളവരെ പഠിപ്പിക്കുന്നത് ആ പാഠഭാഗം നിങ്ങളുടെ മനസ്സിലുറയ്ക്കാൻ നല്ല വഴിയാണ്. ഗ്രൂപ്പ് സ്റ്റഡി സെഷനുകളിൽ ഇത്തരത്തിൽ പരസ്പരം പഠിപ്പിച്ചു പഠിക്കാം.  

∙ സംശയങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അധ്യാപകരിൽ നിന്നോ സഹപാഠികളിൽ നിന്നോ അതിനുത്തരം തേടുക. ഓൺലൈനിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ആധികാരികമാണെന്ന് ഉറപ്പാക്കിയ ശേഷം പഠിക്കാം.

∙ ഹയർ സെക്കൻഡറിയിൽ മികച്ച  മാർക്കിനും ഗ്രേഡിനുമുള്ള ശ്രമം പ്ലസ് വണ്ണിൽ തന്നെ ആരംഭിക്കണം. സ്കോർ ചെയ്യാൻ താരതമ്യേന എളുപ്പവും കൂടുതൽ മാർക്ക് നേടാ ൻ സാധിക്കുന്നതും പ്ലസ് വണ്ണിനാണ്.

_REE9795

പാഠം നാല്: രക്ഷിതാക്കള്‍ അറിയാന്‍

∙ സോഷ്യൽ മീഡിയ, ഗെയിമുകൾ എന്നിവയ്ക്കു പരീക്ഷാ കാലത്തു കർശന നിയന്ത്രണം വയ്ക്കണം. ഫോൺ ഉപയോഗിക്കാൻ നിശ്ചിതസമയം കുട്ടിക്ക് അനുവദിക്കുക. ഇത് ദിവസവും 20 മിനിറ്റിൽ കൂടരുത്. ബാക്കി സമയം ഫോൺ രക്ഷിതാക്കൾ തന്നെ സൂക്ഷിക്കുക.

∙ മുൻപു പരീക്ഷയിൽ മാർക്കു കുറഞ്ഞു എന്നു കരുതി കുട്ടികളെ ഇകഴ്ത്തി സംസാരിക്കുന്നത് അവരുടെ ആത്മവിശ്വാസം കെടുത്തും. പരിഹാസ സ്വരത്തിലുള്ള തമാശകളും വേണ്ട. ഇതിനു പകരം അവർക്കൊപ്പം നിൽക്കുമെന്നും, നന്നായി പരീക്ഷയെഴുതാൻ സാധിക്കാൻ എന്നും പ്രാർഥിക്കുന്നുണ്ടെന്നും പറയുക. അത് അവരുടെ ധൈര്യവും ആത്മവിശ്വാസവും ഇരട്ടിയാക്കും.

∙ ഫുൾ എ+, അഡ്മിഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു കുട്ടികളെ സമ്മര്‍ദത്തിലാക്കരുത്.

∙ പരീക്ഷയ്ക്കു സ്കൂളിൽ സമയത്ത് എത്തുന്നതിനും പരീക്ഷ കഴിഞ്ഞാലുടൻ തിരികെ വീട്ടിലെത്തുന്നതിനും സഹായിക്കുക.

∙ എഴുതിയ  പരീക്ഷയെ കുറിച്ചു ചോദ്യങ്ങള്‍ ചോദിച്ച് ടെന്‍ഷന്‍ ഉണ്ടാക്കരുത്.

∙ എസ്എസ്എല്‍സി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് കുട്ടികൾ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കേണ്ടി വരും. പേര്, ഇനിഷ്യല്‍സിന്റെ പൂര്‍ണരൂപം, വയസ്സ്/ ജനനതീയതി, അച്ഛന്റെ പേര്, അമ്മയുടെ പേര്, ജാതി/ മതം, മേൽവിലാസം, തിരിച്ചറിയല്‍ അടയാളങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ തെറ്റു വരുത്താതെ നോക്കണം.  

പാഠം അഞ്ച്: ആത്മവിശ്വാസം നിറയ്ക്കാം

∙ പരീക്ഷയുമായി ബന്ധപ്പെട്ട സകലതിന്റേയും ചെക് ലിസ്റ്റ് ഉണ്ടാക്കുക. നോട്ടുകൾ, ചാർട്ടുകൾ, പാഠഭാഗങ്ങൾ തുടങ്ങിയവ ഇതിൽ പെടണം. പഠന ടൈംടേബിൾ അനുസരിച്ച് ഇവ ഓരോന്നും പൂർത്തിയാകുമ്പോൾ ചെക് ലിസ്റ്റിൽ ടിക് ചെയ്യാം. ഓരോ ടിക്കും ആത്മവിശ്വാസം കൂട്ടും.

∙ ഒൻപതാം ക്ലാസ്സിലെ അവസാന പരീക്ഷയും പത്താം ക്ലാസ്സിലെ ഓണം, ക്രിസ്മസ് പരീക്ഷകളും മോഡല്‍ എക്സാംഉള്‍പ്പെടെ എസ്എസ്എൽസി മാതൃകയിലുളള നിരവധി പരീക്ഷകള്‍ ഇതിനകം എഴുതിയിട്ടുണ്ടാകും. പിന്നെയെന്തിനാണു പേടി എന്നു സ്വയം ചോദിക്കണം.

∙ രാവിലെ ഉണര്‍ന്നാലുടന്‍ ഞാന്‍ ജയിക്കും, ഞാന്‍ ജയിക്കും എന്നു 10 പ്രാവശ്യം മനസ്സില്‍ അല്ലെങ്കിൽ കണ്ണാടിയുടെ മുന്നില്‍ നിന്നു പറയുക. ഓരോ വട്ടവും പറയുമ്പോൾ ഉള്ളിൽ ആത്മവിശ്വാസം കൂടിക്കൂടി വരുന്നത് നിങ്ങൾക്കു തന്നെ അനുഭവിക്കാനാകും.

∙ പഠനത്തിലേക്കും പോസിറ്റിവിറ്റിയിലേക്കും നയിക്കുന്ന ഒരു ടിപ് പറയാം. ആഗ്രഹിക്കുന്ന മാർക്കിന്റെ ഒരു പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കി പഠനമുറിയിൽ ഒട്ടിച്ചുവയ്ക്കാം. പഠിക്കാൻ ഇരിക്കുമ്പോൾ ഇതിൽ ദൃഷ്ടിയുറപ്പിച്ച ശേഷം അൽപനേരം കണ്ണടച്ചിരിക്കാം. ഏറ്റവും നന്നായി പരീക്ഷയെഴുതുന്നതും നല്ല മാർക്കു കിട്ടുന്നതും എല്ലാവരും അഭിനന്ദിക്കുന്നതും ഭാവനയിൽ കാണുക. ഇനി പഠിക്കാൻ ആരും നിർബന്ധിക്കേണ്ടി വരില്ല.

2248446687

പാഠം ആറ്: അറിഞ്ഞു പഠിക്കാം

∙ ഭാഷാവിഷയങ്ങൾ ഓർത്തുവയ്ക്കാൻ എളുപ്പമാണ്. പാഠഭാഗങ്ങളിലെ ആശയം, സന്ദേശം, കഥാപാത്രങ്ങൾ, പ്രധാന വാക്യങ്ങൾ, ആസ്വാദനം തുടങ്ങിയവ ചെറുകുറിപ്പുകളാക്കാം. ബുദ്ധിമുട്ടുള്ള പദങ്ങളുടെ അർഥം തൊട്ടുമുകളിൽ തന്നെ പെൻസിൽ കൊണ്ട് എഴുതി വയ്ക്കാം.

∙ വായിക്കുന്ന ഓരോ പാഠഭാഗത്തു നിന്നും മൂന്നു പോയിന്റുകൾ വീതം കണ്ടുപിടിച്ചു കുറിച്ചു വയ്ക്കണം. പോയിന്റുകൾ ഓർത്തെടുത്ത ശേഷം നിങ്ങളുടെ സ്വന്തം വാക്കുകളിൽ വിവരങ്ങൾ സംഗ്രഹിച്ചെഴുതാനും പരിശീലിക്കണം.

∙ ഓരോ വിഷയവും പഠിച്ച ശേഷം പുസ്തകം അടച്ചു വച്ച് അവ ഓർത്തെടുത്തു പറഞ്ഞു നോക്കുക. കാര്യങ്ങൾക്കു വ്യക്തത കൂടുമെന്നു മാത്രമല്ല, മറന്നു പോയവ വീണ്ടും വായിച്ചു നോക്കുകയും ചെയ്യാം.

∙ കണക്ക്, ഫിസിക്സ്, കെമിസ്ട്രി, അക്കൗണ്ടിങ്, ഇക്കണോമിക്സ് പോലുള്ള പ്രോബ്ലം സോൾവിങ് പേപ്പറുകൾ എഴുതി തന്നെ പഠിക്കുക. വായിക്കുമ്പോൾ എല്ലാം മനസ്സിലായെന്നു തോന്നുമെങ്കിലും പരീക്ഷാ സമയത്തു കണക്കുകൂട്ടലൊന്നും വേഗത്തിൽ നടത്താൻ പറ്റിയെന്നു വരില്ല.

∙ കണക്കിലെ എല്ലാ അധ്യായങ്ങളിലെയും സൂത്രവാക്യങ്ങൾ ഒന്നിച്ച് എഴുതി വയ്ക്കണം. എല്ലാ ദിവസവും ഇതു വായിക്കാം. അടുത്ത ക്ലാസ്സിലേക്കു പോകുമ്പോൾ ഇവയുടെ ബാക്കി ഭാഗങ്ങൾ പഠിക്കണമെന്നതിനാൽ ഇക്കാര്യത്തിൽ മടി വേണ്ട.

∙ വലിയ ഉപന്യാസങ്ങൾ ഓർത്തെടുക്കാൻ എളുപ്പമുള്ള ചെറുവാക്കുകൾ ഉണ്ടാക്കാം. പോയിന്റുകളുടെ ആദ്യവാക്കുകൾ േചർത്തു വാചകമുണ്ടാക്കുകയോ, പ്രധാന ആശയത്തിൽ നിന്നു കഥ ഉണ്ടാക്കുകയോ ഒക്കെ ചെയ്യാം.

∙ അക്കൗണ്ടൻസിയും കണക്കും പോലുള്ള പേപ്പറുകൾ പഠിക്കാൻ ഒരു ടിപ് ഇതാ. ചോദ്യം നന്നായി വായിച്ച ശേഷം ഒരു വട്ടം ഉത്തരമെഴുതി നോക്കുക. ഇനി നോട്ട്ബുക്കിലെ ഉത്തരവുമായി താരതമ്യം ചെയ്തു ശരിയാണോ എന്നു പരിശോധിക്കുക. തെറ്റുണ്ടെങ്കിൽ, എന്തു കാരണത്താലാണു തെറ്റുണ്ടായതെന്നു മനസ്സിലാക്കുക. ഇനി ഇതേ ചോദ്യം ഒന്നുകൂടി ചെയ്തു നോക്കൂ. തെറ്റുണ്ടാകില്ല എന്നു മാത്രമല്ല, ഇതേ മോഡലിലുള്ള ഏതു ചോദ്യവും അനായാസമായി ഉത്തരമെഴുതാനുമാകും.

പാഠം ഏഴ്: മാർക്ക് കിട്ടാൻ ടിപ്സ്

∙ കണക്കിൽ സോൾവ് ചെയ്യുന്ന സ്റ്റെപ്പുകൾക്കു മാർക്കുണ്ട്. അതു നഷ്ടപ്പെടുത്തരുത്.

∙ കണക്കിലെ റഫ് വർക്കുകൾ നടത്തുന്ന ഇടം പിശുക്കുന്ന ശീലം പലർക്കുമുണ്ട്. ചെറിയ അക്ഷരത്തിൽ കണക്കുകൂട്ടൽ നടത്തിയ ശേഷം ഉത്തരം എടുത്തെഴുതുമ്പോൾ തെറ്റിപ്പോകാം.

∙ അക്കൗണ്ടൻസിയിൽ വരയ്ക്കുന്ന അക്കൗണ്ടിന്റെ Debit / Credit വശങ്ങളിൽ എഴുതുന്ന ഓരോന്നിനും അര / ഒരു മാർക്കു വീതം ഉണ്ടാകും. ഉത്തരം സംശയമുണ്ടെങ്കിലോ തെറ്റുണ്ടെങ്കിലോ പോലും ഇവയ്ക്കു മാർക്കു ലഭിക്കും. ഉദാ: നാലു മാർക്കിന്റെ അക്കൗണ്ട് എഴുതാൻ വന്നാൽ രണ്ടു വശത്തുമായി ആറ് ഐറ്റം ഉണ്ടെന്നിരിക്കട്ടെ. ഉത്തരം തെറ്റിപ്പോയാലും ഈ ഓരോ ഐറ്റത്തിനും അര മാർക്കു വീതം മൂന്നു മാർക്കു ലഭിക്കും.  

∙ ഉപന്യാസം എഴുതാൻ സമയം തികയാതെ വ ന്നാൽ ഒട്ടും മടിക്കാതെ പോയിന്റുകൾ മാത്രം എഴുതുക. ആകെ സ്കോറിന്റെ 75% ഉറപ്പായും ലഭിക്കും.

പാഠം എട്ട്: റിവിഷൻ പ്രധാനം

∙ റിവിഷൻ സമയത്തു മുഴുവന്‍ പാഠഭാഗങ്ങളും വായിക്കുന്നതു നല്ല രീതിയല്ല. നേരത്തേ കുറിച്ചുവച്ച പോയിന്റുകള്‍ നോക്കി മുഴുവൻ ഉത്തരവുമെഴുതാൻ തയാറെടുക്കാം.

∙ തൊട്ടുമുൻപുള്ള വർഷങ്ങളിലെ ചോദ്യങ്ങളുടെ ഉത്തരം നന്നായി പഠിക്കുക.  ഈ പരീക്ഷാ ചോദ്യങ്ങൾ മോക് ടെസ്റ്റ് പോലെ എഴുതി പഠിച്ചാൽ അടുത്ത പരീക്ഷയ്ക്ക് 60 ശതമാനത്തിലേറെ മാർക്ക് ഉറപ്പായും ലഭിക്കും. ഇങ്ങനെ പരീക്ഷയെഴുതി പഠിക്കുന്നതു നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എഴുതി തീർക്കാനും സഹായിക്കും.

∙ പഠനം ശക്തിപ്പെടുത്തുന്നതിനും ഉറപ്പിക്കുന്നതിനുമായി എല്ലാ വിഷയത്തിനും തുല്യപ്രാധാന്യം നൽകി വേണം റിവിഷൻ നടത്താൻ. പരീക്ഷയ്ക്ക് ഏകദേശം 12 മണിക്കൂർ മുൻപെങ്കിലും റിവിഷൻ പൂർത്തിയാക്കണം. ഈ സമയം മനസ്സു ശാന്തമാക്കി വയ്ക്കണം.

_DSC0285

പാഠം ഒൻപത് : പരീക്ഷയെ മെരുക്കാം

∙ പരീക്ഷാഹാളിൽ കയറും മുൻപു പരീക്ഷ പാറ്റേൺ മനസ്സിലാക്കണം. ഓരോ വിഷയത്തിന്റെയും ആകെ മാർക്ക് എ ത്രയാണ്, പരീക്ഷയെഴുതാൻ എത്ര സമയം കിട്ടും എന്നിവ അറിയണം.

∙ 80 മാർക്കിന്റെ പരീക്ഷയ്ക്കു 150 മിനിറ്റ് (രണ്ടര മണിക്കൂർ) സമയമാണ് ഉളളത്. അതായത് ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ 2 മിനിറ്റു സമയം തികച്ചും  ലഭിക്കില്ല. 40 മാർക്കിന്റെ പരീക്ഷയ്ക്ക് 90 മിനിറ്റ് (ഒന്നര മണിക്കൂർ) സ മയമാണുളളത്. അതായത് ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ രണ്ടു മിനിറ്റു ലഭിക്കും.

∙ പരീക്ഷയുടെ തലേദിവസം തന്നെ ഹാള്‍ ടിക്കറ്റും പേന, പെന്‍സില്‍, ഇറേസര്‍, ഇന്‍സ്ട്രൂമെന്റ് ബോക്‌സ് തുടങ്ങിയവയും തയാറാക്കി വയ്ക്കുക. പേനയും പെന്‍സിലും ര ണ്ടെണ്ണമെങ്കിലും കരുതുന്നതു നന്നായിരിക്കും.

∙ പരീക്ഷാ ദിവസം അൽപം നേരത്തേ തന്നെ ഉണരണം. സമയം വൈകി എഴുന്നേറ്റാൽ പരീക്ഷയെക്കെത്താൻ വൈകുമോ എന്ന ടെൻഷനും വെപ്രാളവും കാരണം പഠിച്ചവ പോലും ഓർമ വന്നെന്നു വരില്ല. പ്രഭാതഭക്ഷണം നേരത്തേ തന്നെ കഴിക്കണം.

∙ പരീക്ഷയ്ക്കു പുറപ്പെടും മുൻപു മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും അനുഗ്രഹം വാങ്ങുന്നത് ആത്മവിശ്വാസവും ധൈര്യവും നേടാൻ നല്ലതാണ്.

∙ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ സ്കൂളിലെത്തണം. പരീക്ഷയ്ക്കു തൊട്ടു മുന്‍പ് എന്തൊക്കെ പഠിച്ചു എന്നു കൂട്ടുകാരുമായും ചര്‍ച്ച ചെയ്യാതിരിക്കുന്നതാകും നല്ലത്. മനസ്സു ശാന്തമാക്കി വയ്ക്കണം.

∙ എഴുതിയ പരീക്ഷയിലെ നിങ്ങളുടെ പിശകുകൾ കണ്ടുപിടിക്കാനും ടെൻഷനടിക്കാനും നിൽക്കരുത്. അത് അടുത്ത പരീക്ഷയുടെ തയാറെടുപ്പിനെ ബാധിക്കും. എഴുതിയ പരീക്ഷ എളുപ്പമായിരുന്നു എന്നുകരുതി അടുത്തതിനെ ലാഘവത്തോടെ കാണുകയും ചെയ്യരുത്.

പാഠം പത്ത്: കൂൾ ഓഫ് ടൈം

∙ ചോദ്യപേപ്പർ ശ്രദ്ധാപൂർവം  വായിക്കുക. ഓരോ നിര്‍ദേശവും വായിച്ച ശേഷം  ഓരോ ഉത്തരവും എഴുതാനുള്ള സമയം എങ്ങനെ ക്രമീകരിക്കണം എന്നു കണക്കുകൂട്ടാം.

∙ ഉത്തരക്കടലാസ്സില്‍ റജിസ്റ്റര്‍ നമ്പര്‍ അക്ഷരത്തിലും അ ക്കത്തിലും എഴുതണം. ചോദ്യകടലാസ്സിന്റെ കോഡ് നമ്പറും  എഴുതുക. അഡീഷനല്‍ ഷീറ്റു വാങ്ങുമ്പോള്‍ റജിസ്റ്റര്‍ നമ്പറും പേപ്പറിന്റെ എണ്ണവും രേഖപ്പെടുത്തണം. ഉത്തരക്കടലാസ്സ് ക്രമത്തില്‍ വച്ചു കെട്ടുന്ന സമയത്തെ പരിഭ്രാന്തി ഒഴിവാക്കാനാണ് ആദ്യമേ പേജു നമ്പർ ഇടുന്നത്.

∙ ചോദ്യങ്ങളും ഉപചോദ്യങ്ങളും നന്നായി മനസ്സിലാക്കുക. ചോദ്യങ്ങളിൽ ഉത്തരമെഴുതുവാനുളള ക്ലൂ (സൂചന) ന ൽകിയിട്ടുണ്ടാകും. അതിൽ നിന്ന് എന്തൊക്കെ എഴുതണം എന്നു പ്ലാൻ ചെയ്യണം.

∙ പലപ്പോഴും ക്ലാസ്സിൽ പഠിപ്പിച്ചതു പോലെ തന്നെ ചോദ്യങ്ങൾ വരണമെന്നില്ല. പഠിച്ച കാര്യം പ്രയോഗത്തിൽ വരുത്തി ഉത്തരം കണ്ടെത്തുന്ന രീതിയിലൊക്കെ വരാം. ഇതു മനസ്സിലാക്കി ഉത്തരമെഴുത്തിലും മാറ്റം വരുത്തണം.

∙ ചോയ്സ് ഉള്ള ചോദ്യങ്ങളിൽ നിന്ന് ഏറ്റവും നന്നായി അ റിയാവുന്ന ഉത്തരങ്ങൾ മനസ്സിൽ ഓർത്തുവയ്ക്കുക. നിശ്ചിത എണ്ണം ഉത്തരങ്ങൾ അറിയില്ലെങ്കിലും സാരമില്ല. കുറച്ചെങ്കിലും പരിചിതമായതിനെ കുറിച്ച് ഒന്നോ രണ്ടോ വാചകങ്ങളെങ്കിലും എഴുതുക. ഒന്നും എഴുതാതെ വിടരുത്.

∙ ചോദ്യനമ്പരുകൾ പരസ്പരം മാറി പോകാൻ പാടില്ല. ചോദ്യനമ്പറിന്റെ ഓർഡറിൽ തന്നെ എഴുതാൻ ശ്രമിക്കുക.

∙ ഒരു മാർക്കു ചോദ്യത്തിന് ഒരു വാക്ക് / വാചകം മതിയാകും. മൂന്നു മാർക്കിനു മൂന്നു പോയിന്റ് / അരപേജ്. പാർട് ത്രീയിൽ വരുന്ന പ്രധാന വിഷയങ്ങൾക്കു പോയിന്റിനാണു മാർക്കു നൽകുക. അതുകൊണ്ട് ഉത്തരമെഴുതുമ്പോൾ പോയിന്റുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

∙ ഉത്തരകടലാസ്സിന്റെ എല്ലാ വശത്തും മാര്‍ജിന്‍ ഇടണം. പേപ്പറിന്റെ ഏറ്റവും അരികു വരെ എഴുതരുത്. വാക്കുകള്‍ക്കിടയിലും വരികള്‍ക്കിടയിലും അകലം നല്‍കണം. പാരഗ്രാഫു തിരിച്ചു നല്ല വൃത്തിയായി പരീക്ഷയെഴുതണം. വെട്ടിത്തിരുത്തി എഴുതുന്ന രീതി വൃത്തി കുറയ്ക്കും.

∙ പരീക്ഷാസമയം തീരുന്നതിന് അഞ്ച്– എട്ടു മിനിറ്റു മുന്‍പു പരീക്ഷ എഴുതി അവസാനിപ്പിക്കാന്‍ ശ്രമിക്കണം.  ഒന്നുകൂടി വായിച്ചു നോക്കാൻ ഇതു സഹായിക്കും.

കടപ്പാട്: ജോസ് ഡി. സുജീവ്

(ദേശീയ അധ്യാപക 

അവാർഡ് ജേതാവ്)

ഗവ.മോഡൽ ജിഎച്ച്എസ്എസ്, പട്ടം, തിരുവനന്തപുരം.

കെ.യു. മുജീബ് റഹ്മാൻ

(ദേശീയ അധ്യാപക 

അവാർഡ് ജേതാവ്)

കേന്ദ്രീയ വിദ്യാലയം, 

കഞ്ചിക്കോട്, പാലക്കാട്.

മഞ്ജുള .സി

(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)

ഗവ.മോഡൽ 

എച്ച്എസ്എസ്, കോട്ടയം.

ശൈലജ വി.സി

(സംസ്ഥാന അധ്യാപക 

അവാർഡ് ജേതാവ്)

ഗവ. എച്ച്എസ്എസ്, 

ഇരിക്കൂർ, കണ്ണൂർ.

Tags:
  • Mummy and Me