എട്ടാംക്ലാസുകാരിയായ മകൾ ‘ഇനി ഞാന്‍ അച്ഛനോടും അമ്മയോടും ഒന്നും സംസാരിക്കില്ല’ എന്നു തീരുമാനിച്ചതോടെ മാതാപിതാക്കൾക്ക് ആധിയായി. ആറാംക്ലാസുവരെ തരക്കേടില്ലാതെ പഠിച്ചിരുന്ന കുട്ടിയാണ്. എട്ടാംക്ലാസിൽ കൂടുതൽ മികവു കാണിക്കും എന്നായിരുന്നു അച്ഛനമ്മമാരുടെ പ്രതീക്ഷ. പക്ഷേ, ഒാൺലൈൻ പരീക്ഷകളുടെ ഫലം നോക്കുമ്പോൾ മകൾ അവസാന നിരക്കാരിയായി പോയിരുന്നു. കുട്ടിയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ടിരുന്ന അവർക്ക് അത് താങ്ങാനായില്ല. അതിൽ നിന്ന് ഉണ്ടായ മാതാപിതാക്കളുടെ പെരുമാറ്റം കുട്ടിക്കും താങ്ങാനായില്ല.
കുഞ്ഞുങ്ങളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക മാതാപിതാക്കളുടെ കടമയാണ് എന്നതിൽ സംശയമില്ല. പക്ഷേ, മാതാപിതാക്കളുടെ അഭിലാഷങ്ങൾ കുട്ടിയുടെ അവകാശങ്ങളെയും മാനസികാരോഗ്യത്തെയും താറുമാറാക്കുന്ന കാഴ്ചയും കേരളത്തിൽ വിരളമല്ല. നമ്മുടെ ആഗ്രഹങ്ങൾ അമിതാഭിലാഷങ്ങളാകുകയും അതിന്റെ ഭാരം കുട്ടികളെ തളർത്തുകയും ചെയ്യുന്നുവെങ്കിൽ മാതാപിതാക്കൾ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. നമ്മൾ അമിതപ്രതീക്ഷ വച്ചുപുലർത്തുന്നവരാണോ എന്ന് എങ്ങനെ തിരിച്ചറിയും ?
അഭിലാഷങ്ങൾ അമിതാഭിലാഷങ്ങൾ ആകുന്നതിന്റെ ലക്ഷണങ്ങൾ നമ്മുടെ സംഭാഷണത്തിലും പ്രവർത്തിയിലും പ്രതിഫലിക്കും. നമ്മുടെ ഉള്ളിൽ കത്തിക്കിടക്കുന്ന ചുവന്ന വിളക്കുകൾ സ്വയം വിലയിരുത്തി അണച്ചുകൊണ്ട് മക്കളെ മിടുക്കരായി വളർത്തിയെടുക്കാം.
അനാവശ്യ ഡയലോഗുകൾ
‘ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മിടുമിടുക്കനായിരുന്നു, നീ അതിന്റെ പകുതി പോലും ഇല്ല’, ‘നിനക്ക് ഇനിയെങ്കിലും നന്നാകണം എന്നു തോന്നുന്നില്ലേ’ തുടങ്ങിയ ഡയലോഗുകൾ കുട്ടികളോട് പറയരുത്. അതു കുട്ടികളെ നിരാശയുടെ പടുകുഴിയിൽ തള്ളിവിടും. ജീവിതത്തിൽ വിജയം കൈവരിക്കണം എന്ന അഭിലാഷം തീരെ ഇല്ലാതെ പോകും. മാത്രമല്ല, മാതാപിതാക്കളെ എപ്പോഴും എതിർക്കുന്ന റിബൽ ആയി മാറാം. നമ്മുടെ മക്കൾ നമ്മളെ പോലെ തന്നെ ആകുക എന്നത് അസാധ്യമായ കാര്യമാണ്. അവരെ നമ്മളാക്കാൻ ശ്രമിക്കാതിരിക്കുക.
കുട്ടികളെ സ്വാർഥരെന്നോ അലസരെന്നോ വിളിക്കുന്നതിന് തുല്യമായ ഡയലോഗ് വേണ്ട. പ്രത്യേകിച്ച് മറ്റുള്ളവരുടെ മുന്നിൽ വച്ച്. തെറ്റുകൾ ചൂണ്ടിക്കാണിക്കാം. തെറ്റ് അവരുടെ സ്വഭാവമാണ് എന്ന മട്ടിലുള്ള കുറ്റം ചുമത്തൽ ഒഴിവാക്കണം. വിശ്വസിക്കാൻ കൊള്ളാത്തവർ, അനുസരണയില്ലാത്തവർ, അഹങ്കാരി തുടങ്ങിയ സംബോധനകൾക്ക് കുട്ടികളെ വളർത്തുന്ന പ്രക്രിയയിൽ ഇടമില്ല.
സൈലൻസ്
സൈലൻസ് അല്ലെങ്കിൽ കുഞ്ഞുങ്ങളോട് മിണ്ടാതിരിക്കൽ പേരന്റിങ്ങിൽ തീർത്തും ദുർബലവും പ്രതികൂല ഫലം ഉളവാക്കുന്നതുമായ രീതിയാണ്. ഉദാഹരണത്തിന് മകനോ മകൾക്കോ മാർക്ക് കുറഞ്ഞെന്നിരിക്കട്ടേ, ചില മാതാപിതാക്കൾ ദിവസങ്ങളോളം അവരോട് മിണ്ടില്ല. കുട്ടി എ ന്തു ചോദിച്ചാലും ഒരു മൂളലിലോ നോട്ടത്തിലോ മറുപടി ഒതുക്കും. ഇത്തരം തണുപ്പൻ പ്രതികരണവും ഒഴിവാക്കി നിർത്തലും തങ്ങൾ ഒറ്റയ്ക്കാണ് എന്ന വികാരം കുട്ടിയിൽ നിറയ്ക്കും. തന്നെ സ്നേഹിക്കാനും പിന്തുണയ്ക്കാനും ആരും ഇല്ലെന്ന് കുട്ടിക്ക് തോന്നും.

‘മാർക്ക് കുറഞ്ഞതിൽ വിഷമിക്കേണ്ട, നിന്റെ കഠിനാധ്വാനം ഞങ്ങൾ ശ്രദ്ധിച്ചു. അതിൽ സന്തോഷമുണ്ട്. അൽപം കൂടി ശ്രമിച്ചാൽ നല്ല മാർക്ക് വാങ്ങാം...’ എന്നുള്ള അഭിനന്ദന വാക്കുകളും പ്രോത്സാഹനവും കുട്ടിക്ക് കൊടുത്തു നോക്കൂ. ഫലം തീർച്ചയായും അടുത്ത പരീക്ഷയിൽ കാണാനാകും. ഇത് ഫലം ചെയ്യുന്നില്ലെങ്കിൽ നല്ല മാർക്ക് വാങ്ങാൻ കഴിയാത്തത് മറ്റു ആരോഗ്യ മാനസിക പ്രശ്നങ്ങൾ കാരണമാണോ എന്നു നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ചികിത്സ തേടുകയും വേണം.
എതിർപ്പ്
മാതാപിതാക്കളുടെ പല ഉപദേശങ്ങളെയും കുട്ടികൾ എതിർത്തെന്ന് വരും. പ്രത്യേകിച്ച് കൗമാരപ്രായത്തിലെത്തിയ കുട്ടികൾ. എതിർപ്പിനെ വ്യക്തിപരമായി എടുത്ത് ഇരട്ടി ശക്തിയിൽ തിരിച്ചടിക്കേണ്ട കാര്യമില്ല.
എതിർപ്പ് അവരുടെ സ്വാതന്ത്ര്യ ബോധവും ആത്മവിശ്വാസവും പക്വതയും വളരുന്നതിന്റെയും പ്രതിഫലനമായി മനസ്സിലാക്കുക. കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് ഈ എതിർപ്പുകൾ അത്യാവശ്യമാണ്. കുട്ടികളുടെ എതിർപ്പുകളിൽ ന്യായമില്ലെങ്കിൽ സമാനധാനപൂർവം പറഞ്ഞു മനസ്സിലാക്കുകയും സ്വന്തം നിലപാട് ശക്തവും ശാന്തവുമായി പറയുകയും ചെയ്യുക. ഇത് കുട്ടികൾക്ക് മാതാപിതാക്കളോടുള്ള ബഹുമാനം കൂട്ടും.
പരിഗണനയില്ലായ്മ
കുട്ടികളുടെ വികാരങ്ങൾക്ക് അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല എന്ന നിലപാടാണ് പല മാതാപിതാക്കളും കൈക്കൊള്ളാറുള്ളത്. മുതിർന്നവരുടേതു പോലെ തന്നെ കുട്ടികളുടെ വികാരവും, അതെത്ര ബാലിശമായാലും പ്രധാനമാണ്. അവരുടെ സങ്കടത്തിലും ദേഷ്യത്തിലും നിരാശയിലും ആഹ്ലാദത്തിലും നിങ്ങളുണ്ട് എന്നും നിങ്ങൾക്ക് അതിൽ കരുതലുണ്ട് എന്നും കുട്ടിക്ക് തോന്നണം. കുട്ടികളുടെ വികാരങ്ങളെ മനസ്സിലാക്കുന്ന മാതാപിതാക്കളോട് അവർക്ക് ഇഴയടുപ്പം കൂടും.
വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം എന്നുകൂടി പറഞ്ഞു കൊടുക്കുക. വികാരങ്ങളെ നിയന്ത്രിക്കാനാകാതെയാണ് പല കുട്ടികളും ഒളിച്ചോടുകയും അപകടകരമായ കൂട്ടുകെട്ടുകളിൽ പെടുകയും മറ്റും ചെയ്യുന്നത്.
മനസ്സിലാക്കാൻ കഴിയാതെ വരിക
മുതിർന്നവരിൽ നിന്നും വേറിട്ട ആശയങ്ങളും അഭിലാഷങ്ങളും ഉള്ളവരാണ് കുട്ടികൾ. അത് മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുക. അവരെ മനസ്സിലാക്കുക മാത്രമല്ല, മനസ്സിലാക്കുന്നു എന്നു അവരെ ബോധ്യപ്പെടുത്തുക കൂടി ചെയ്യണം. അവസരം കിട്ടുമ്പോഴെല്ലാം ആത്മവിശ്വാസം നിറയ്ക്കുന്ന വിധത്തിൽ സംസാരിക്കുകയും അവരുടെ ആശയങ്ങളെ വിലമതിക്കുകയും ചെയ്യുക.
അമിതപ്രതീക്ഷ
ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളാണ് ഉണ്ടായിരിക്കുക. അച്ഛനോ അമ്മയോ ഡോക്ടറോ എൻജിനീയറോ ആണെങ്കിൽ അതേ കഴിവും താൽപര്യവും കുട്ടിക്ക് ഉണ്ടാകണമെന്നില്ല. നമ്മൾ ആഗ്രഹിക്കുന്ന മേഖലയിലേക്ക് വളരാനുള്ള കഴിവും ചിലപ്പോൾ കുട്ടിക്കുണ്ടാകില്ല.
കുട്ടിയുടെ കഴിവ് കണ്ടെത്തി അതിനെ വളർത്തിയെടുക്കുകയും അതിന് അനുസരിച്ചുള്ള പ്രതീക്ഷ വച്ചു പുലർത്തുയാണ് അഭികാമ്യം. ഏതു വിഷയത്തിലും അങ്ങേയറ്റം വളരാനും മികച്ച നിലയിലേക്ക് എത്താനും ഇന്ന് അവസരങ്ങൾ ഉണ്ട് എന്നു മറക്കാതിരിക്കുക.
അടി വേണോ?
കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അടി, നുള്ള് തുടങ്ങിയ ശിക്ഷകൾ (Corporal Punishments) നൽകരുത്. ‘ചുട്ട അടി കൊടുത്താൽ അനുസരിച്ചുകൊള്ളും’, ‘അടി ചെയ്യും ഫലം മറ്റൊന്നും തരില്ല’ തുടങ്ങിയ പഴമൊഴികൾ പറയാൻ ആളുകൾ കാണും.
കുട്ടികളുടെ സ്വാഭാവികമായ മാനസിക വളർച്ചയ്ക്ക് തടസ്സമാകും ഈ ദണ്ഡനമുറകൾ. ശാരീരിക ശിക്ഷാ നടപടിയിലൂടെ കുട്ടികളിൽ ഭയം നിറയ്ക്കാം അല്ലെങ്കിൽ അവരുടെ സ്നേഹക്കുറവിന് പാത്രമാകാം എന്നല്ലാതെ ശരിയും തെറ്റും വിവേചിച്ചറിയാ ൻ അതവരെ ഒരു വിധത്തിലും സഹായിക്കില്ല.

അവഗണന ഒട്ടും വേണ്ട
‘പറഞ്ഞിട്ട് ഒരു കാര്യവുമില്ല’ എന്ന മട്ടിൽ കുട്ടിയെ തീരെ അവഗണിക്കുകയും ‘പോകുന്ന വഴി പോകട്ടേ’ എന്നുള്ള നിലപാടെടുക്കുകയും ചെയ്യരുത്. കുട്ടികളെ വളർത്തുക എന്നത് ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ്.
അതുപോലെ തന്നെ കൂടുതൽ പരിഗണന ന ൽകി തീരെ മാനസിക സമ്മർദം ഇല്ലാത്ത അന്തരീ ക്ഷം കുട്ടിക്ക് ഉണ്ടാക്കി കൊടുക്കുകയുമരുത്. അൽപം ‘പ്രഷർ’ കുട്ടികൾക്ക് നൽകുന്നത് അവരുടെ മാനസിക വളർച്ചയെ സഹായിക്കുകയാണ് ചെയ്യുക.
കുട്ടികളിൽ ആത്മവിശ്വാസം വളർത്താം
∙ കുട്ടികൾക്ക് അവരെക്കുറിച്ചു തന്നെ അഭിമാനം തോന്നുന്ന സന്ദർഭങ്ങളുണ്ടാകണം. അതിനുള്ള അവസരം മാതാപിതാക്കൾ ഒരുക്കിക്കൊടുക്കണം. മത്സരങ്ങളിൽ പങ്കെടുപ്പിക്കുക, സമ്മാനം കിട്ടിയില്ലെങ്കിലും പങ്കാളിത്തത്തെ പ്രശംസിക്കുക, നിത്യവും ചെയ്യുന്ന നല്ല കാ ര്യങ്ങളെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുക, അത് നിങ്ങളിലുണ്ടാക്കിയ സന്തോഷം പങ്കുവയ്ക്കുക... ഇതെല്ലാം ഗുണം ചെയ്യും.
∙ മുതിർന്നവരുടെ സംസാരത്തിനിടയിൽ കയറി അഭിപ്രായം പറയുന്ന പതിവ് കുട്ടികൾക്കുണ്ട്. പലപ്പോഴും നമുക്ക് ഇതിൽ ദേഷ്യം വരികയും അവരെ ശകാരിക്കുകയുമാണ് ചെയ്യാറ്. ഇത് കുട്ടികളുടെ ആത്മവിശ്വാസം തകർക്കും.
മുതിർന്നവരുടെ സംഭാഷണത്തിന് ഇടയ്ക്ക് കയറി കുട്ടികൾ അഭിപ്രായം പറഞ്ഞാൽ അത് ശ്രദ്ധിക്കണം. അതിൽ നല്ല കാര്യങ്ങളുണ്ടെങ്കിൽ അംഗീകരിക്കുക. വീട്ടിലെ പൊതുവായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവർക്കും അവസരം കൊടുക്കുക.
∙ മാതാപിതാക്കളെ കണ്ടായിരിക്കും കുട്ടികൾ കാര്യങ്ങൾ പഠിക്കുക. തീരെ ആത്മവിശ്വാസമില്ലാത്തവരായി സ്വയം സംസാരിക്കുന്നത് കുട്ടികളെ സ്വാധീനിക്കും എന്നോർക്കുക. സ്വയം ആത്മവിശ്വാസത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. നമുക്ക് ആ ത്മവിശ്വാസക്കുറവുണ്ടെങ്കിൽ സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ കണ്ട് പ്രശ്നം പരിഹരിക്കുക.
∙ ചെറിയ കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുത്തു നടപ്പാക്കാൻ കുട്ടിക്ക് അവസരം കൊടുക്കണം. കുട്ടി തീരുമാനമെടുക്കുമ്പോൾ അത് നിങ്ങളുടേതിൽ നിന്നും വിരുദ്ധമാണെങ്കിൽ കുറ്റപ്പെടുത്തരുത്. കുട്ടിയുടെ തീരുമാനം തുറന്ന മനസ്സോടെ അംഗീകരിക്കുക. തീരുമാനമെടുക്കുക എന്നത് ഒട്ടും ചെറിയ കാര്യമല്ല എ ന്ന് ഓർക്കുക.
∙ അഭിപ്രായം തുറന്നു പറയാനുള്ള ധൈര്യം പകർന്നു നൽകുക. നമുക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങൾ മറ്റാരെയും മുറിപ്പെടുത്താത്ത വിധം തുറന്നു പറയാൻ കുട്ടികളെ പ്രാപ്തരാക്കുക.
∙ മറ്റുള്ളവരുടെ അഭിപ്രായം എത്രത്തോളം സ്വീകരി ക്കണം എന്നും കുട്ടികളെ പരിശീലിപ്പിക്കുക. മറ്റുള്ളവരുടെ പ്രതികൂലമായ അഭിപ്രായങ്ങൾ നമ്മുടെ കഴിവുകളെ ബാധിക്കില്ല എന്ന് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്നു നല്ല കാര്യങ്ങൾ സ്വീകരിക്കാനുള്ള മനസ്സും കുട്ടിക്ക് ഉണ്ടാക്കിക്കൊടുക്കുക.
∙ മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുക. നമ്മുടെ സഹായം മറ്റുള്ളവരിലുണ്ടാക്കുന്ന സന്തോഷം കാണുന്നത് കുട്ടികളെ ആത്മവിശ്വാസമുള്ളവരാക്കും. കൂടെയുള്ള കുട്ടികളെ, വീട്ടിലെ മുതിർന്നവരെ, അംഗപരിമിതി ഉള്ളവരെ ഒക്കെ സഹായിക്കാൻ നമ്മൾ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.