‘ഏതാനും നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ ആന്തരിക രക്തസ്രാവമുണ്ടായേനെ, ‘ഗോൾഡൻ അവർ’ ജീവൻ രക്ഷിച്ചു’: സ്ട്രോക്ക് ജീവിതം മാറ്റിമറിച്ചെന്നു ഡോ. ജി. ശങ്കർ Dr G Shankar's Tips for a Healthier Life After Stroke
Mail This Article
‘‘സ്ട്രോക്ക് വന്നിട്ടിപ്പോൾ ഒന്നര വർഷം പിന്നിടുന്നു. ജീവിതം എത്ര ക്ഷണികമാണെന്നു മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു അത്. കൂടുതൽ കരുതലോടെ ജീവിക്കാൻ തുടങ്ങിയിരിക്കുന്നു ഇപ്പോൾ.’’ സ്ട്രോക്കിനു ശേഷം ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പറയുന്നു പദ്മശ്രീ ജേതാവും ആർക്കിടെക്റ്റുമായ ഡോ. ജി. ശങ്കർ.
‘‘സ്ട്രോക്കിലെ ഗോൾഡൻ അവറിൽ തന്നെ ആശുപത്രിയിലെത്താനും ക്ലോട്ട് അലിയിക്കാനും സാധിച്ചതാണു ജീവൻ രക്ഷിച്ചത്. ഏതാനും നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ ആന്തരിക രക്തസ്രാവമുണ്ടാവുകയും അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സംഭവിക്കുകയും ചെയ്തേനെ. മാനസികാരോഗ്യം, ഭക്ഷണം, ഉറക്കം, വ്യായാമം തുടങ്ങിയവയുടെ പ്രാധാന്യം മനസ്സിലാക്കിയതു സ്ട്രോക്കിനു ശേഷമാണ്.
വ്യായാമം മുടക്കാറില്ല; പഞ്ചസാര ഉപേക്ഷിച്ചു
മാനസിക സമ്മർദത്തിനിടയാക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ പഠിച്ചു. മാനസികാരോഗ്യത്തിനായി ആശ്രയിക്കുന്നത് മെഡിറ്റേഷൻ, സംഗീതം, പുസ്തകങ്ങൾ എന്നിവയെയാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും യാത്രചെയ്യാനും ഞാൻ കൂടുതൽ സമയം കണ്ടെത്തുന്നുണ്ട്. വ്യായാമം മുടക്കാറില്ല. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ നൽകിത്തുടങ്ങി എന്നതും എടുത്തു പറയണം. മൂന്ന് ഇഡ്ഡലി കഴിച്ചിരുന്ന എനിക്കിപ്പോൾ രണ്ടെണ്ണം മതി. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പഞ്ചസാരയും പാടെ ഉപേക്ഷിച്ചു. പച്ചക്കറി, മുളപ്പിച്ച ധാന്യങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.
രാത്രി ഏഴു മണിക്കു മുൻപു നിർബന്ധമായും അത്താഴം കഴിക്കും. രാത്രി വൈകി ഉറങ്ങുന്ന ശീലത്തോടു വിട പറഞ്ഞു. ചെറിയ മാറ്റങ്ങളാണെന്നു തോന്നുമെങ്കിലും ഇവയൊക്കെ എന്റെ ജീവിതത്തിൽ കൊണ്ടു വന്ന വലിയ മാറ്റങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്.’’ നിറഞ്ഞ ചിരിയോടെ ഡോ. ജി. ശങ്കർ പറയുന്നു.
മുഖം കോടും വാക്കുകൾ ഉച്ചരിക്കാനാവില്ല: അറിയാം മിനി സ്ട്രോക്ക്
2024 മാർച്ചിലാണ് ഡോ. ജി. ശങ്കറിന് സ്ട്രോക്ക് വന്നത്. കൃത്യ സമയത്ത് രോഗം തിരിച്ചറിഞ്ഞതും ഗോൾഡൻ അവറിൽ ചികിത്സ ലഭിച്ചതുമാണ് ഡോ.ജി. ശങ്കറിന്റെ ജീവിതത്തിൽ നിർണായകമായത്.
