Monday 18 January 2021 03:15 PM IST : By സ്വന്തം ലേഖകൻ

കോവിഡ് വാക്സീൻ എടുത്തവരിൽ നിന്നും രോഗം പകരുമോ?: ആശങ്കകൾക്ക് മറുപടി

covid-vaccination-f

കോവിഡ് വാക്സീനിൽ എന്താണ് ഉള്ളത്? നമ്മുടെ ശരീരത്തിന് ദോഷകരമായ ഘടകങ്ങളുണ്ടോ?

A കോവിഡ് വാക്സീൻ നിർമാണത്തിന് വൈറസിനെ മുഴുവനായി ഉൾപ്പെടുത്തുന്നില്ല. പകരം വൈറസ് ഘടകങ്ങളെയും നിഷ്ക്രിയമായ വൈറസിനെയുമാണ് ഉൾപ്പെടുത്തുന്നത്. നിഷ്ക്രിയമായ വൈറസിനെ ഉപയോഗിച്ചുള്ള വാക്സീനാണ് ഭാരത് ബയോടെക്കിന്റെ കോവാക്സീൻ.

കൊറോണ വൈറസ് എംആർഎൻഎയും ഡിഎൻഎയുമാണ് വാക്സീൻ നിർമാണത്തിന് ഉപയോഗിക്കുന്ന മറ്റു ഘടകങ്ങൾ. കൊറോണവൈറസ് ഡിഎൻഎയെ രോഗങ്ങളൊന്നും ഉണ്ടാക്കാത്തതരം അഡിനോവൈറസിൽ ഉൾച്ചേർത്താണ് മനുഷ്യ ശരീരത്തിലെ കോശങ്ങളിലേക്ക് ഒളിച്ചുകടത്തുന്നത്. ഈ വൈറസ് ശരീരത്തിലെത്തുമ്പോൾ കോശങ്ങൾ അണുബാധിതമാകുമെങ്കിലും നശിക്കുകയില്ല. അണുബാധിതമായ കോശങ്ങൾക്കുള്ളിൽ വൈറസ് ഡിഎൻഎ ആക്ടീവായി എംആർഎൻഎ (മെസ്സഞ്ചർ ആർഎൻഎ) രൂപപ്പെടും. പ്രോട്ടീൻ നിർമിക്കാനുള്ള സന്ദേശമാണ് ഈ എംആർഎൻഎയിലുള്ളത്. ഈ സന്ദേശം കോശങ്ങൾക്ക് ലഭിക്കുന്നതോടെ കൊറോണവൈറസിന്റേതിനു സമാനമായ സ്പൈക് പ്രോട്ടീൻ ഉൽപാദിപ്പിക്കപ്പെടും. ഉടനെ തന്നെ ഈ പ്രോട്ടീൻ ശരീരത്തിന്റേതല്ല എന്നു നമ്മുടെ പ്രതിരോധസംവിധാനം മണത്തറിയുകയും പ്രതിരോധനടപടികൾ ആരംഭിക്കുകയും ചെയ്യും. റഷ്യൻ വാക്സീനായ സ്പുട്നികും കോവിഷീൽഡും വൈറസിന്റെ ഡിഎൻഎ ഘടകങ്ങൾ ഉപയോഗിച്ചുള്ള വാക്സീനുകളാണ്.

ഇനി, ഡിഎൻഎ ഒളിച്ചുകടത്തുന്നതിനു പകരം എംആർഎൻഎ തന്നെ കടത്താം. ഫൈസർ, മൊഡേണ വാക്സീനുകൾ എംആർഎൻ ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. കോശങ്ങൾക്ക് എളുപ്പം ആഗിരണം ചെയ്യാൻ പ്രത്യേകമായി നിർമിച്ച കൊഴുപ്പുരുളകൾക്കുള്ളിൽ (Fat globules) എംആർഎൻഎ പായ്ക്ക് ചെയ്താണ് ശരീരത്തിലെത്തിക്കുക. ഈ കൊഴുപ്പുരുളകൾ കോശത്തിനുള്ളിലെത്തുമ്പോൾ പൊട്ടി എംആർഎൻഎ പുറത്തുവരികയും അതു നൽകുന്ന സന്ദേശമനുസരിച്ച് ശരീരം സ്പൈക് പ്രോട്ടീൻ ഉൽപാദിപ്പിച്ച് പ്രതിരോധപ്രതികരണം സൃഷ്ടിക്കുകയും ചെയ്യും.

സന്ദേശം കൈമാറിക്കഴിഞ്ഞാൽ ഉടൻ തന്നെ എംആർഎൻഎ നശിച്ചുപോകും. ഇതു ശരീരത്തിൽ അവശേഷിക്കുകയോ എന്തെങ്കിലും പ്രശ്നങ്ങൾക്ക് ഇടയാക്കുകയോ ഇല്ല.

Qഏതു വാക്സീനാണ് ഏറ്റവും ഫലപ്രദം?

Aനിഷ്ക്രിയമായ വൈറസിനെ ഉപയോഗിച്ചുള്ള ചില വാക്സീനുകൾ നേരത്തെ തന്നെ ഉപയോഗത്തിലുണ്ട്. ഉദാഹരണം റാബീസ് വാക്സീൻ. ആ ടെക്നോളജി ഫലപ്രദമാണെന്നു പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്. പക്ഷേ, എംആർഎൻഎ, ഡിഎൻഎ ഘടകങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വാക്സീൻ നിർമാണവും പരീക്ഷണവും ലോകത്ത് ഇതാദ്യമാണ്. പുതിയ ടെക്നോളജിയാണ്. അതുകൊണ്ട് ഏതു തരം വാക്സീനാണ് കൂടുതൽ മെച്ചമെന്ന് ഇപ്പോൾ പറയാനാവില്ല.

Qഇത്രയും പെട്ടെന്ന് ഒരു രോഗത്തിനു വാക്സീൻ വരുന്നത് പുതിയ കാര്യമാണല്ലോ. ഇതു സ്വീകരിക്കുന്നത് സുരക്ഷിതമാണോ?

A നോവൽ കൊറോണ വൈറസ് കണ്ടെത്തി വളരെ പെട്ടെന്നു തന്നെ തന്നെ ശാസ്ത്രജ്ഞർ അതിന്റെ ജീനോം സീക്വൻസ് ചെയ്തെടുത്തു. പെട്ടെന്നു തന്നെ ട്രയലുകളും ആരംഭിച്ചു. പെട്ടെന്നാണ് രൂപപ്പെടുത്തിയതെങ്കിലും സാധാരണ വാക്സീൻ പരീക്ഷണങ്ങളിലേതു പോലെയുള്ള ഒട്ടേറെ ഘട്ടം ട്രയലുകളും കണിശമായ വിശകലനങ്ങളും സ്ഥിതിവിവരക്കണക്കുകളും കഴിഞ്ഞാണ് ഈ വാക്സീനും പുറത്തുവന്നിരിക്കുന്നത്. മരുന്നുകളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും നിരീക്ഷിക്കാൻ ഒാരോ രാജ്യത്തിനും അതിന്റേതായ നിയന്ത്രണസമിതികളും ഉണ്ട്. ഇന്ത്യയിൽ, സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് ഒാർഗനൈസേഷന്റെ പിന്തുണയോടെ ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ (DCGI) യാണ് ഇക്കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്.

വാക്സീൻ തൃപ്തികരമായ രീതിയിൽ പ്രതിരോധപ്രതികരണം ഉളവാക്കുന്നുണ്ടോ എന്നതും അണുബാധകളിൽ നിന്നു സംരക്ഷിക്കുന്നുണ്ടോ എന്നും സംശയലേശമില്ലാതെ തെളിയിക്കേണ്ടതുണ്ട്. അതിന് ആദ്യം ലാബിൽ മൃഗങ്ങളിൽ സുരക്ഷാപരീക്ഷണങ്ങൾ ( പ്രീ ക്ലിനിക്കൽ ടെസ്റ്റിങ്) നടത്തും. തുടർന്ന് മൂന്നു ഘട്ടമായിട്ടുള്ള ക്ലിനിക്കൽ ട്രയലുകൾ (3 ഫേസ്) നടത്തും. ഒാരോ ഘട്ടത്തിന്റെയും വിശദമായ പഠനപ്രോട്ടോക്കോൾ ഇൻസ്റ്റിറ്റ്യൂഷനൽ എതിക്സ് കമ്മറ്റി അംഗീകരിക്കണം. ഐസിഎംആറിന്റെ കീഴിലുള്ള നാഷനൽ ക്ലിനിക്കൽ ട്രയൽ റജിസ്ട്രിയിൽ റജിസ്റ്റർ ചെയ്യേണ്ടതുമുണ്ട്. തുടർന്ന് ഡിസിജിഐയുടെ അംഗീകാരത്തിന് സമർപ്പിക്കണം. അവരുടെ അംഗീകാരം കൂടി നേടിയശേഷമേ വാക്സീൻ പുറത്തിറക്കൂ. അങ്ങനെ ലഭിക്കുന്ന വാക്സീൻ തികച്ചും വിശ്വസിക്കാവുന്നതാണ്.

Q കുട്ടികൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നതു സുരക്ഷിതമാണോ?

A 18 വയസ്സു മുതലുള്ളവരിലേ വാക്സീൻ ട്രയൽ നടത്തിയിട്ടുള്ളൂ. ഫേസ് 3 ട്രയലിൽ വാക്സീൻ മറ്റുള്ളവരിൽ ഫലപ്രദമാണെന്നു തെളിഞ്ഞാൽ കുട്ടികളിലും ഫലപ്രദമാകുമെന്ന് അനുമാനിക്കാം. സാധാരണ മുതിർന്നവരിൽ ഫലപ്രദമായ വാക്സീൻ കുട്ടികളിൽ കൂടുതൽ ഫലപ്രദമായിരിക്കും. പക്ഷേ, സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ശാസ്ത്രം. അതിന് ചെറിയൊരു ഗ്രൂപ്പ് കുട്ടികളിൽ പരീക്ഷിച്ച് വാക്സീന്റെ പ്രതിരോധപ്രതികരണം മറ്റു പ്രായക്കാരിലേതുപോലെ തന്നെയാണോ എന്നുറപ്പിക്കേണ്ടതുണ്ട്. അതിനുശേഷമേ വാക്സീൻ നൽകാനാവൂ.

Q പ്രായമായവരിൽ വാക്സീൻ ഫലപ്രദമാണോ?

A ഫൈസർ വാക്സീൻ 65 വയസ്സു കഴിഞ്ഞവരിലും 85 വയസ്സു കഴിഞ്ഞവരിലുമൊക്കെ പരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. അവ പ്രായമായവരിൽ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നുമാണ് കണ്ടത്. മറ്റു വാക്സീനുകളുടെ കാര്യത്തിൽ ട്രയൽ പൂർത്തിയായാലേ ഏതൊക്കെ പ്രായക്കാരിൽ നൽകിയിട്ടുണ്ട് എന്ന് അറിയാനാകൂ. പ്രായമായവരിൽ വാക്സീൻ എടുത്തിട്ടും പ്രതിരോധ പ്രതികരണം കുറവാണെങ്കിൽ ചിലപ്പോൾ മൂന്നാമത് ഒരു ഡോസ് കൂടി നൽകേണ്ടി വന്നേക്കാം.

Qപ്രമേഹം, ബിപി, ഹൃദ്രോഗം പോലെ രോഗങ്ങളുള്ളവരിൽ വാക്സീൻ നൽകാമോ?

A ലൈവ് വാക്സീൻ ഒഴികെ എംആർഎൻഎ വാക്സീനും നിർവീര്യമാക്കപ്പെട്ട വൈറസ് കൊണ്ടുള്ള വാക്സീനും മറ്റുള്ളവരിലെ പോലെ ഇവരിലും സുരക്ഷിതമാണെന്ന് അനുമാനിക്കാം. അഡിനോവൈറസ് വാക്സീൻ ലൈവ് വാക്സീൻ ആയതുകൊണ്ട് അതു മറ്റു രോഗമുള്ളവരിൽസുരക്ഷിതമെന്ന് ഉറപ്പാക്കാൻ ചെറിയൊരു ട്രയൽ കൂടി നടത്തേണ്ടിവരും.

Qവാക്സീൻ സ്വീകരിച്ച മന്ത്രിക്ക്കോവിഡ് വന്നതായി വാർത്ത കണ്ടു. എന്തുകൊണ്ടാണിത് സംഭവിച്ചത്?

A മന്ത്രിക്ക് കോവിഡ് വന്നതും വാക്സീൻ ട്രയലിന്റെ ഫലപ്രാപ്തിയുമായി ബന്ധമില്ല. കാരണം ട്രയലിനു സന്നദ്ധരാകുന്നവരിൽ കുറച്ചു പേർക്ക് കാൻഡിഡേറ്റ് വാക്സീനും കുറച്ചുപേർക്ക് ആന്റിജനൊന്നുമില്ലാത്ത വാക്സീനു സമാനമായ ദ്രവവുമാണ് (പ്ലാസിബോ) നൽകുക. വാക്സീൻ കുപ്പികൾക്കും–പ്ലാസിബോ കുപ്പികൾക്കും (vial) കോഡ് നമ്പർ നൽകും. വാക്സീൻ നിർമാതാക്കൾ, ഗവേഷകർ, ഡിഎസ്എംബി

(ഡേറ്റ & സേഫ്റ്റി മോനിറ്ററിങ് ബോർഡ്) അംഗങ്ങൾ ഇവർക്കാർക്കും വാക്സീൻ ഉപയോക്താക്കൾ ആരെന്നോ പ്ലാസിബോ ഉപയോക്താക്കൾ ആരെന്നുള്ളതോ അറിവുണ്ടാകില്ല. ട്രയൽ പൂർത്തിയായാലേ അതറിയാനാകൂ.

അതുകൊണ്ട് വാക്സീനാണോ പ്ലാസിബോ ആണോ മന്ത്രിക്കു ലഭിച്ചതെന്ന് ഉറപ്പില്ല. ഇനി, മന്ത്രിക്ക് നൽകിയത് വാക്സീൻ തന്നെയാണെന്നിരിക്കട്ടെ, വാക്സീൻ ഫലപ്രാപ്തിക്ക് ഒറ്റ ഡോസ് മതിയാകില്ല. ആദ്യ ഡോസും പിന്നെയൊരു ഡോസും വേണം. ഇതാണ് യാഥാർഥ്യമെന്നിരിക്കെ വാക്സീൻ സുരക്ഷ സംബന്ധിച്ചുള്ള തെറ്റായ പ്രചരണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല.

Qകോവിഡ് വാക്സീൻ എടുത്തവരിൽ നിന്നും രോഗം പകരുമോ?

A വാക്സീൻ കുത്തിവയ്ക്കുന്നതോടെ അണുബാധയുണ്ടാകില്ല എന്നുറപ്പിച്ചു പറയാനാവില്ല. അണുബാധ തീവ്രരോഗമാകാതിരിക്കുകയോ മരണകാരണമാവുകയോ ചെയ്യാതിരിക്കാം എന്നേ കരുതാവൂ. അങ്ങനെ വരുമ്പോൾ വാക്സീൻ എടുത്തവർ അറിയാതെ തന്നെ അണുബാധ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനുള്ള ചെറിയൊരു സാധ്യതയുണ്ട്. എന്നാൽ, ആ സാധ്യത വാക്സീൻ എടുക്കാത്തവരിൽ നിന്നും അണുബാധ പിടിപെടുന്നതിനെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ട് വാക്സീൻ എടുക്കുന്നവരിൽ നിന്നും രോഗം പടരുമെന്ന അമിത ഭയാശങ്ക വേണ്ട.

Q ഇന്ത്യയിൽ ലഭ്യമായ വാക്സീനുകൾ ഏതൊക്കെ?

A എട്ട് കോവിഡ് വാക്സീൻ കാൻഡി

ഡേറ്റുകളാണ് ഇന്ത്യയിലുള്ളത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് എണ്ണം ചുവടെ.

∙ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായ ഡിഎൻഎ വാക്സീൻ കോവിഷീൽഡ് ഫേസ് 2 ഘട്ടത്തിലാണ്. ആസ്ട്രാ സെനക്കയും ഒാക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേർന്ന് സംയുക്തമായി വികസിപ്പിച്ച ഈ വാക്സീൻ പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്നത്. വാക്സീന്റെ അടിയന്തിര അംഗീകാരത്തിനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

∙ നിർവീര്യമാക്കപ്പെട്ട വൈറസ് കൊണ്ടുള്ള കോവാക്സീൻ (ഭാരത് ബയോടെക്–ഐസിഎംആർ) ഫേസ് 3 ട്രയലിലാണ്.

∙ വൈറസ് ഡിഎൻഎ ഉപയോഗിച്ചുള്ള ZY-Cov-D (സൈഡസ് കാഡില) ഫേസ് 2

ട്രയലിലാണ്. ∙ റഷ്യൻ ഡിഎൻഎ വാക്സീനായ സ്പുട്നിക്കിന്റെ ഫേസ് 3 ട്രയൽ ഉടൻ ആരംഭിക്കും. റഷ്യയിലെ ഗാമാലേയ ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ഇന്ത്യയിൽ റെഡ്ഡിസ് ലാബും ചേർന്നാണ് ഇത് ഇന്ത്യയിൽ നിർമിക്കുന്നത്.) ∙ NVX-COV-2373 (സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ–നോവാവാക്സ്) ഫേസ് 3 ട്രയലിലേക്ക് കടക്കുന്നു. ഇവയിൽ കോവാക്സീനും കോവിഷീൽഡും ഫൈസറും അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.

Q വാക്സീനിന്റെ സാധാരണ പാർശ്വ ഫലങ്ങൾ എന്തൊക്കെയാണ്?

Aകുത്തിവയ്പ് എടുക്കുന്നവരിൽ ഏതാണ്ട് പകുതിപേർക്കും കുത്തിവയ്പെടുത്തിടത്ത് വേദന, ചെറിയ തോതിൽ പനി, ശരീരവേദന, തലവേദന എന്നീ പ്രശ്നങ്ങൾ വരാം. ഇവ രണ്ടു ദിവസത്തിനുള്ളിൽ തനിയെ മാറുന്നതാണ്.

Qവാക്സീൻ സൂക്ഷിക്കാൻ പ്രത്യേക തയാറെടുപ്പ് വേണോ?

A ഫൈസറിന്റെ വാക്സീൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടതുണ്ട്. ബാക്കി വാക്സീനുകൾക്ക് ആ പ്രശ്നമില്ല. ദീർഘകാലത്തേക്ക് സൂക്ഷിക്കേണ്ടിവരുമ്പോൾ മൈനസ് 20 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടിവരും.

Qവാക്സീൻ എടുത്ത് എത്ര ദിവസം കൊണ്ട് പൂർണപ്രതിരോധം ലഭിക്കും?

A വാക്സീന്റെ ആദ്യ ഡോസ് എടുത്ത് നാല് ആഴ്ചയ്ക്കു ശേഷം രണ്ടാം ഡോസ് എടുക്കണം. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസത്തിനുള്ളിൽ പ്രതിരോധശേഷി പൂർണമാകും.

കടപ്പാട്:

ഡോ. ജേക്കബ് ടി. ജോൺ

വൈറോളജിസ്റ്റ്,

വെല്ലൂർ