Wednesday 07 February 2018 11:16 AM IST

പ്രമേഹം ലളിതമായി കൈകാര്യം ചെയ്യാം; തുടക്ക ഘട്ടത്തിലെ അവഗണനയും ഉദാസീനതയും ചികിത്സയെ പ്രയാസമുള്ളതാക്കും

Santhosh Sisupal

Senior Sub Editor

diabetes001 മോഡല്‍: റോബിന്‍

ബാങ്ക് മാേനജരാണു േഗാപിനാഥൻ. നാലു വർഷം മുമ്പാണു പ്രമേഹമുണ്ടെന്ന് അറിഞ്ഞത്. ആദ്യമായി പ്രമേഹം തിരിച്ചറിഞ്ഞപ്പോൾ ഷുഗർനില ഫാസ്റ്റിങ്ങിൽ 200 ആയിരുന്നു. പരിശോധനാഫലങ്ങൾ വിശദമായി നോക്കിയശേഷം അന്നു ഡോക്ടർ മരുന്നു തുടങ്ങാൻ തീരുമാനിച്ചു. അപ്പോൾ േഗാപിനാഥൻ ഡോക്ടറോടു പറഞ്ഞു, ‘‘ഡോക്ടർ പ്രമേഹത്തെക്കുറിച്ചു ഞാൻ ധാരാളം വായിച്ചിട്ടൊക്കെയുണ്ട്. എനിക്കും അറിയാം കുറെയൊക്കെ. ആദ്യം ഞാൻ ജീവിത െെശലി മാറ്റി നോക്കാം. നോർമലായാലോ?’’ ഡോക്ടർ അതു സമ്മതിച്ചെങ്കിലും ഒരു ഉപാധിവച്ചു. ‘‘ഒരു മാസം സമയം തരാം. അതിനുള്ളിൽ ഭക്ഷണനിയന്ത്രണവും വ്യായാമവും ഒക്കെ ചെയ്തു ഷുഗർനില ഗണ്യമായി കുറയ്ക്കണം. കുറഞ്ഞില്ലെങ്കിൽ മരുന്നു തുടങ്ങും. സമ്മതിച്ചോ?’’


സന്തോഷത്തോടെ സമ്മതം മൂളി േഗാപിനാഥൻ മടങ്ങി. വീട്ടിലെത്തിയ അദ്ദേഹം ഭാര്യയോടു പറഞ്ഞു: ‘‘ഡോക്ടർ പറഞ്ഞു പ്രമേഹത്തിന്റെ തുടക്കമാണ്, തൽക്കാലം െെലഫ് സ്റ്റൈൽ മോഡിഫിക്കേഷൻ മതിയെന്ന്.’’
ഡോക്ടർ മരുന്നുകുറിക്കാനൊരുങ്ങിയ കാര്യവും ഒരു മാസം കഴിഞ്ഞു ചെല്ലണമെന്നു പറഞ്ഞതും നഴ്സു കൂടിയായ ഭാര്യയിൽ നിന്നും േഗാപിനാഥൻ മറച്ചുവച്ചു. അടുത്ത ദിവസം രാവിലെ മധുരമില്ലാത്ത ചായ െകാടുത്ത ഭാര്യയെ ചീത്ത പറഞ്ഞു ചെവി പൊട്ടിച്ചു. ‘‘മധുരം കഴിക്കാതിരിക്കാൻ ഞാൻ രോഗിയൊന്നുമല്ല. ഒരു മരുന്നുപോലും കഴിക്കുന്നുമില്ല. ഇത്തിരിയൊന്നു നിയന്ത്രിക്കണം അത്രേയുള്ളൂ. നാളെ മുതൽ വ്യായാമം ആരംഭിക്കും. അതിന്റെ ആവശ്യമേയുള്ളൂ... നീയും നിന്റെ ഡോക്ടർമാരുമൊക്കെ വെറുതേ മരുന്നുകൊടുത്തു ആളെ കൊല്ലാൻ നോക്കുവാ...’’


ഏഴെട്ടു ദിവസം രാവിലെ എഴുന്നേറ്റ് നടക്കാനും വ്യായാമത്തിനുമൊക്കെ പോയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഒരു മാസം കഴിഞ്ഞു ഡോക്ടറെ കാണാൻ പോയില്ല. ഭക്ഷണരീതിയും വ്യായാമവുമൊന്നും നടക്കുന്നില്ലല്ലോ... രക്തവും പരിശോധിച്ചില്ല. ഇനി പിന്നെയാകാം... ആ മാറ്റിവയ്ക്കൽ നീണ്ടുനീണ്ടങ്ങുപോയി.
കഴിഞ്ഞ ദിവസം ഒാഫിസിൽ വച്ചു തലയ്ക്ക് വല്ലാത്ത അസ്വസ്ഥതയും തലചുറ്റലും വന്ന ഗോപിനാഥനെ സഹപ്രവർത്തകർ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ബിപി വളരെ കൂടിനിൽക്കുന്നു. മറ്റു പ്രശ്നമൊന്നുമില്ല. രക്തം പരിശോധിച്ചപ്പോൾ ഷുഗർനില 450–ൽ നിൽക്കുന്നതു കണ്ടു േഗാപിനാഥന്റെ കണ്ണുതള്ളി.
ഒാഫിസ് വിട്ട് വീട്ടിൽ ക്ഷീണിതനായി വന്ന ഭർത്താവിന്റെ മുഖം വാടിയിരിക്കുന്നതു കണ്ടു ഭാര്യ കാര്യം തിരക്കി. ‘‘ഷുഗർ കുറച്ചു കൂടുതലാ... നാളെ ഡോക്ടറെ കാണണം. ലീവ് എടുത്തിട്ടുണ്ട്.’’

അൽപം മടിച്ചെങ്കിലും ഒടുവിൽ ഗോപിനാഥൻ പഴയ ഡോക്ടറെ തന്നെ കാണാനെത്തി. വിശദ പരിശോധന കഴിഞ്ഞപ്പോഴേക്കും ചിത്രം കൂടുതൽ വ്യക്തമായി. ‘‘വൃക്കയ്ക്ക് തകരാറുകൾ തുടങ്ങിയിരിക്കുന്നു. പ്രമേഹത്തിനൊപ്പം അതിനുള്ള ചികിത്സകൂടി തുടങ്ങണം. ഇൻസുലിൻ ഉടനെ തുടങ്ങുകയാണ്.’’

diabetes004

അറിവില്ലായ്മയോ; അവഗണനയോ?


ഈ സംഭവത്തിൽ നിന്നും കാര്യത്തിലേക്കു വരാം. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു പ്രമേഹത്തെക്കുറിച്ചുള്ള അറിവു മലയാളികൾക്കുണ്ട്.  ചികിത്സകളെക്കുറിച്ചും ധാരണയുണ്ട്. എന്നിട്ടും പ്രമേഹചികിത്സ വേണ്ടത്ര ലക്ഷ്യം കാണുന്നില്ല. നമ്മുടെ പ്രമേഹരോഗികളിൽ പത്തിൽ രണ്ടോ മൂന്നോ പേർ മാത്രമാണു ചികിത്സ ലക്ഷ്യം വയ്ക്കുന്ന അളവു പരിധികൾക്കുള്ളിൽ നിലനിൽക്കാൻ കഴിയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അറിവില്ലായ്മയെ മറികടന്ന് അവഗണനയോ തെറ്റിദ്ധാരണയോ ഭയങ്ങളോ ഒക്കെ പ്രമേഹരോഗിയെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുന്നതിൽ നിന്നും തടയുന്നുണ്ടോ?


ഒരാൾക്കു പ്രമേഹമുണ്ടെന്ന് ആദ്യമായി അറിയുമ്പോൾ തന്നെ അതിനെ നിരസിക്കാനുള്ള മനോഭാവം പൊതുവേ കാണാറുണ്ട്. ‘‘പ്രമേഹം വരാൻ ഒരു സാധ്യതയുമില്ല’’ എന്നായിരിക്കും ആദ്യപ്രതികരണം. അല്ലെങ്കിൽ ‘‘മറ്റൊരു ലാബിൽ പരിശോധിക്കാം, റിസൽട്ടു തെറ്റിയതായിരിക്കാം’’–ഇങ്ങനെയുള്ള ചിന്തകൾ കഴിഞ്ഞ് ‘‘എനിക്കു പ്രമേഹമുണ്ട്’’ എന്നു പൂർണമായും അംഗീകരിച്ചു കഴിഞ്ഞാൽ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കണം. പ്രമേഹം തിരിച്ചറിയുന്ന ഘട്ടത്തിൽ, അല്ലെങ്കിൽ പ്രമേഹത്തിന്റെ തുടക്കഘട്ടത്തിലാണ് ഏറ്റവും ശക്തമായ ചികിത്സാ ഇടപെടലുകൾ വേണ്ടതെന്നു തിരുവനന്തപുരത്തെ പ്രമേഹചികിത്സാവിദഗ്ധൻ ഡോ. മാത്യു ജോൺ പറയുന്നു. തുടക്കത്തിൽത്തന്നെ ശക്തമായ പ്രമേഹനിയന്ത്രണത്തിലൂടെ പരമാവധികാലം ഷുഗർനില ഏറ്റവും മികച്ച അളവുകളിൽ (നോർമൽ ഷുഗർനിലയോടടുത്ത്) നിലനിർത്തിയാൽ പ്രമേഹസങ്കീർണതകളെ ഫലപ്രദമായി അകറ്റിനിർത്താനാവുമെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം പറയുന്നു.


എന്നാൽ നമ്മുടെ നാട്ടിൽ സംഭവിക്കുന്നതോ? പ്രമേഹത്തോട്, അല്ലെങ്കിൽ ചികിത്സയോടും ജീവിത െെശലീമാറ്റത്തോടും രോഗി ഏറ്റവും ഉദാസീനതയും അവഗണനയും പ്രകടിപ്പിക്കുന്നത് ഈ ആദ്യഘട്ടത്തിലാണ്. പ്രമേഹചികിത്സയിലെ ‘സുവർണകാലം’ എന്നു വിശേഷിപ്പിക്കാവുന്ന ഈ ആദ്യഘട്ടത്തിൽ ഭൂരിഭാഗം പേരിലും മറ്റു സങ്കീർണതകൾ ആരംഭിച്ചിട്ടുണ്ടാവില്ല. ചുരുക്കം ചില മരുന്നുകളും അൽപം ശ്രദ്ധയും ജീവിതചര്യാമാറ്റങ്ങളും കൃത്യമായ പ്രമേഹനിരീക്ഷണവും കൊണ്ടു മാത്രം സുഗമമായി കടന്നുപോകാവുന്ന ഈ ഘട്ടത്തെ അവഗണിക്കുന്നവരാണ് ഏറെയും.     ഫലമോ? ചികിത്സാച്ചെലവു താങ്ങാവുന്നതിനപ്പുറമാകുന്നു. തിരുത്താനാവാത്ത, പൂർണപരിഹാരം സാധ്യമാകാത്ത വൃക്ക, നേത്ര, ഹൃദയരോഗങ്ങളിലേക്ക് രോഗി എത്തിച്ചേരുകയും ചെയ്യാം. ഇത് അറിവല്ല; രോഗികൾക്കുണ്ടാവേണ്ട തിരിച്ചറിവാണ്. ഈ തിരിച്ചറിവുള്ളവർക്ക് പ്രമേഹത്തെ ഒരു ഘട്ടത്തിലും അവഗണിക്കാനാവില്ലെന്ന് ഡോ. മാത്യു ജോൺ പറയുന്നു.

diabetes002


തെറ്റും തെറ്റിദ്ധാരണയും


പ്രമേഹാരംഭത്തിൽ കാര്യമായ ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ കാണാത്തതും പ്രമേഹചികിത്സയുടെ പ്രാധാന്യത്തെ അവഗണിക്കാൻ കാരണമാകുന്നുണ്ട്. രോഗങ്ങളെക്കുറിച്ചു മനസ്സിൽ ഉറഞ്ഞുപോയ സങ്കൽപം വേദനയോ മറ്റു ലക്ഷണങ്ങളോ കാണുമെന്നാണ്. പ്രമേഹത്തിന്റെ കാര്യത്തിൽ ലക്ഷണങ്ങളുടെ ഘട്ടം ആരംഭിക്കുമ്പോഴേക്കും ചികിത്സാസാധ്യതയുടെ ‘സുവർണകാലം’ കഴിഞ്ഞു എന്നു നമ്മൾ മനസ്സിലാക്കണം.


പ്രമേഹത്തെക്കുറിച്ചുള്ള അറിവുപോലെ തന്നെ അറിവില്ലായ്മയും തെറ്റിദ്ധാരണകളും അബദ്ധചിന്തകളും ഇന്നും വ്യാപകമാണ്. എന്തിനും ഏതിനും ഗൂഗിളിൽ തിരയുകയെന്നതു നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഗൂഗിളിൽ തിരയുമ്പോൾ കിട്ടുന്നതെല്ലാം സത്യമാണ് എന്നു വിശ്വസിക്കുന്നവരാണധികവും. ‘‘പച്ചവെള്ളം കുടിച്ചാൽ പ്രമേഹം മാറും’’ എന്നു ഗൂഗിളിൽ തിരഞ്ഞാലും അതിനെ അനുകൂലിക്കുന്ന 10 ലേഖനങ്ങളെങ്കിലും വായിക്കാൻ കിട്ടും. ചിലപ്പോൾ ഗവേഷണഫലങ്ങൾ എന്ന മട്ടിൽ തന്നെ കണ്ടെന്നും വരും. ഇക്കാരണത്താൽ കിട്ടുന്ന അറിവുകളെ തൊണ്ടതൊടാതെ വിഴുങ്ങുന്നതിനുപകരം ചികിത്സിക്കുന്ന ഡോക്ടറുടെ ചികിത്സാനിർദേശങ്ങൾ പാലിക്കുകയാണു വേണ്ടതെന്ന് എറണാകുളത്തെ പ്രമേഹരോഗചികിത്സാവിദഗ്ധൻ ഡോ. പി. ജയപ്രകാശ് പറയുന്നു.


ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്നുകളും ചികിത്സാരീതികളും മികച്ച വിദ്യാഭ്യാസമുള്ളവരും അറിവുള്ളവരുമെന്നു കരുതുന്ന രോഗികൾ പോലും ഇത്രയധികം ഉപയോഗിക്കുന്ന സ്ഥലം കേരളം പോലെ വേറെയുണ്ടോയെന്ന് സംശയമുണ്ടെന്ന് ഡോ. ജയപ്രകാശ് പറയുന്നു. മരുന്നു കഴിച്ചു പ്രമേഹം നിയന്ത്രണത്തിലായവർ പോലും ഒരു പച്ചിലമരുന്നു കഴിച്ചാൽ പ്രമേഹം മാറും എന്നു േകൾക്കുന്നതോടെ മരുന്നുനിർത്തി അതിന്റെ പിന്നാലെ പോകും. ഒടുവിൽ രോഗം വഷളായിട്ടായിരിക്കും ശരിയായ ചികിത്സയിലേക്കു മടങ്ങിയെത്തുക.അപ്പോഴേക്കും രോഗസങ്കീർണതകൾ ആരംഭിച്ചിരിക്കും. ഇക്കൂട്ടരുടെ എണ്ണം താരതമ്യേന കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്നു ഡോ.ജയപ്രകാശ് പറയുന്നു.

സോഷ്യൽ മീഡിയാ ചികിത്സ


പ്രമേഹചികിത്സയിലെ ഏറ്റവും പുതിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത് ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലെയുള്ളവയിലൂടെയുള്ള തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് എന്ന് തിരുവനന്തപുരത്തെ പ്രമേഹചികിത്സാ വിദ്ഗധനായ ഡോ. ശ്രീജിത് എൻ. കുമാർ പറയുന്നു.  ഒരു രോഗിക്കുവേണ്ടി ഡോക്ടർക്കു നൽകാൻ കഴിയുന്ന സമയത്തിനു പരിമിതിയുണ്ട്. മറുവശത്തു തെറ്റായ വിവരങ്ങൾ അടങ്ങിയ പ്രമേഹവിവരങ്ങളുടെ പ്രളയമാണ്.


നല്ല അറിവുള്ള പ്രമേഹരോഗി പോലും നിരന്തരം ഇത്തരം കാര്യങ്ങൾ വായിക്കുന്നതിലൂടെ അവ പരീക്ഷിക്കാനോ നിലവിലുള്ള മരുന്നുകൾ നിർത്തിനോക്കാനോ ശ്രമിക്കും. അതിൽ ഏറ്റവും അപകടകരമായി കാണുന്നത് അലോപ്പതി മരുന്നുകളുടെ പാർശ്വഫലത്തെപ്പറ്റിയുള്ള പെരുപ്പിച്ച വിവരണങ്ങളാണ്. ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാൻ രോഗികൾ പ്രമേഹത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവു നേടുക എന്നതാണ് പരിഹാരം. അതിനു കഴിയാത്തവർ മരുന്നിലോ ചികിത്സയിലെ എന്തു മാറ്റം വരുത്തുന്നതിനു മുമ്പും ചികിത്സിക്കുന്ന പ്രമേഹ ചികിത്സകന്റെ അഭിപ്രായം നിർബന്ധമായും ആരായുക എന്നതാണ്.


ആദ്യഘട്ടത്തിൽ കൂടുതൽ ശ്രദ്ധ


പ്രമേഹം ആരംഭിച്ച് ആദ്യത്തെ അഞ്ചുമുതൽ പത്തുവർഷത്തെ ചികിത്സ എങ്ങനെ ആയിരുന്നു എന്നതാണ് ഒരു പ്രമേഹ രോഗിയുെട ബാക്കി ചികിത്സാജീവിതം എങ്ങനെ ആകുമെന്നു തീരുമാനിക്കുന്നത്. ഇക്കാര്യത്തിൽ പ്രമേഹചികിത്സാ വിദഗ്ധർക്കെല്ലാം ഒരേ അഭിപ്രായമാണ്. പഠനങ്ങളൊക്കെയും അതിനെ സാധൂകരിക്കുന്നു. ‘‘എത്രയും നേരത്തേ പ്രമേഹം തിരിച്ചറിയുക, അത്രയും നേരത്തേ ചികിത്സ ആരംഭിക്കുക. അത് മുടക്കാതെ തുടരുക’’ എന്നായിരിക്കണം  ഒരു പ്രമേഹ രോഗി ഉറച്ചു വിശ്വസിക്കേണ്ട അടിസ്ഥാനപ്രമാണം. അവഗണനയും അബദ്ധ ചിന്തയും മാറ്റിവച്ച് അതിനു സാധിച്ചാൽ പ്രമേഹത്തോടൊപ്പം ജീവിതാവസാനം വരെ  സുഖമായി കഴിയാം.

മധുരം പ്രമേഹം വരുത്തുമോ?

 

diabetes003

മധുരം പതിവായി കൂടുതൽ കഴിച്ചാൽ ഇല്ലാത്ത പ്രമേഹം നേരത്തെ വരും. ഇൻസുലിൻ ഉൽപാദനത്തെയും പ്രവർത്തനത്തെയും ഇതു ബാധിക്കും. മധുരം കഴിക്കുമ്പോൾ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന ഇൻക്രെറ്റിൻസ് ഹോർമോൺ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫലമോ, അധികമായി ശരീരത്തിലെത്തിയ മധുരത്തെ കൈകാര്യം ചെയ്യാൻ ഇൻസുലിൻ ഉത്പാദനവും കൂടും. ഇതു നിരന്തരമായാലോ? ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ബീറ്റാകോശങ്ങൾ കൂടുതൽ ജോലി ചെയ്തു തളരും. മാത്രമല്ല അമിതമായി ഉള്ളിലെത്തിയ മധുരം കൊഴുപ്പായി ശരീരത്തിൽ സംരക്ഷിക്കപ്പെടും. ഈ കൊഴുപ്പ് പ്രമേഹത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായ ഇൻസുലിൻ പ്രതിരോധത്തിലേക്കും നയിക്കും. ഫലമോ വേഗത്തിൽ പ്രമേഹം വന്നെത്തും. അതിനാൽ പ്രമേഹസാധ്യതയുള്ളവർ മധുരം കുറച്ചോളൂ.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ.മാത്യു ജോൺ - ഡയബറ്റോളജിസ്റ്റ്& എന്‍ഡോക്രൈനോളജിസ്റ്റ്, പ്രൊവിഡൻസ്     എൻഡോക്രൈൻ & ഡയബറ്റിസ് സ്പെഷ്യൽറ്റി സെന്റർ, തിരുവനന്തപുരം