Friday 28 September 2018 02:46 PM IST : By സ്വന്തം ലേഖകൻ

ഷേവ് ചെയ്യുമ്പോൾ ഇരുണ്ട് പോകുന്നചർമ്മം; ശരീരത്തെ തിളക്കമുള്ളതാക്കാൻ ഇതാ അഞ്ച് പോംവഴികൾ

shave

‘ദേഹത്ത് വാക്സ് പുരട്ടുന്ന കാര്യമാണോ? ശ്ശോ...ആലോചിക്കാനേ വയ്യ’ ശരീരത്തിൽ വാക്സ് പുരട്ടി രോമങ്ങൾ നീക്കം ചെയ്യുന്ന കാര്യം ആലോചിക്കുമ്പോഴേ പലരും പിന്നാക്കം വലിയും പ്രത്യേകിച്ച് സ്ത്രീകൾ. വാക്സ് ഹെയർ റിമൂവലെന്നത് കൊല്ലുന്നതിന് തുല്യമാണെന്ന് പലരും പറയും.

അവിടേയും തീരുന്നില്ല പ്രശ്നം. തുടർച്ചയായുള്ള ഷേവിംഗോ വാക്സ് ഹെയർ റിമൂവലോ നമ്മുടെ ചർമ്മത്തെ ഇരുണ്ടതാക്കി മാറ്റുമെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. പ്രത്യേകിച്ച് കക്ഷത്തെ രോമങ്ങൾ നീക്കം ചെയ്യുന്ന ഭാഗത്തുണ്ടാകുന്ന ഇരുണ്ട നിറമാണ് പ്രധാന വില്ലൻ. ഇരുണ്ട നിറത്തെ പേടിച്ച് പലർക്കും സ്ലീവ്‍ലെസ് ഡ്രസ് ധരിക്കുന്നതിനു പോലും പേടിയാണ്.

എന്നാൽ ഇനി അത്തരം പേടികൾക്ക് ജീവിതത്തിൽ സ്ഥാനമില്ല. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകളിലൂടെ ഈ കറുത്ത നിറത്തെ പമ്പ കടത്താനാകും. കക്ഷത്തിലേയും ദേഹത്തിലേയും ഇരുണ്ടനിറത്തെ അകറ്റിനിർത്താൻ ഇതാ അഞ്ച് പോംവഴികൾ.

നാരങ്ങാനീര്

നാച്ചുറൽ ബ്ലീച്ചിങ്ങിന് നാരങ്ങാ നീര് പോലെ മികച്ചൊരു സാധനം വേറെയില്ല. കുളിക്കുന്നതിനു മുമ്പ് നാരങ്ങാ നീര് ശരീരത്തിലെ ഇരുണ്ട ഭാഗത്ത് തേച്ചു പിടിപ്പിക്കുക. മൂന്ന് മിനിട്ട് നേരത്തേക്കെങ്കിലും നാരങ്ങാ നീരിന്റെ അംശം നിലനിർത്തേണ്ടതാണ്. ഏഴ് മുതൽ പത്ത് വരെ ദിവസങ്ങൾക്ക് ശേഷം ഇരുണ്ട ഭാഗത്ത് വ്യത്യാസം പ്രകടമാകുന്നതാണ്.

ഉരുളക്കിഴങ്ങ് ജ്യൂസ്

ദേഹത്തുണ്ടാകുന്ന ചൊറിച്ചിൽ കറുത്ത പാട് എന്നിവയെ എല്ലാം തടഞ്ഞു നിർത്തും ഉരുളക്കിഴങ്ങ് ജ്യൂസ്. കക്ഷത്തിലെ കറുത്ത ഭാഗത്ത് ഉരുളക്കിഴങ്ങ് ജ്യൂസ് തേച്ചു പിടിപ്പിക്കുന്നത് ശരീരത്തിലെ കറുത്ത പാടുകളെ അകറ്റാൻ ഉത്തമമാണ്. ഉരുളക്കിഴങ്ങിന്റെ ചെറിയ കഷണം ഇരുണ്ടഭാഗത്ത് ചേർത്തുപിടിക്കുന്നതും നല്ലതാണ്. 15 മിനിട്ട് വീതം ദിവസം രണ്ടു നേരം ഇതു ചെയ്യാവുന്നതാണ്.

ആപ്പിൾ സൈഡർ വിനഗർ

ആപ്പിളും വിനഗറും മിക്സ് ചെയ്തിട്ടുള്ള ജ്യൂസോ ആപ്പിൾ സത്തടങ്ങിയ മദ്യമോ ശരീരത്തിലെ കറുത്ത പാടുകളെ പമ്പ കടത്താൻ ഉത്തമ പ്രതിവിധിയാണ്. ഇരുണ്ട നിറത്തിന് കാരണമാകുന്ന നിർജീവ കോശങ്ങളെ നശിപ്പിച്ചു കളയാൻ ചെറിയ തോതിൽ ആസിഡ് അടങ്ങിയ ആപ്പിൾ സത്തിനു കഴിയും. ബേക്കിംഗ് സോഡ, വിനാഗിരി എന്നിവ രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സത്തുമായി ചേർത്താണ് ഈ മിശ്രിതം ഉണ്ടാക്കേണ്ടത്. ആഴ്ചയിൽ മൂന്ന് തവണയെന്ന നിലയ്ക്ക് ശരീരത്തിലെ ഇരുണ്ട ഭാഗങ്ങളിൽ ഈ മിശ്രിതം പരീക്ഷിക്കാവുന്നതാണ്. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഒരാഴ്ചയ്ക്കുള്ളിൽ വ്യത്യാസം പ്രകടമാകും.

ഒലിവ് ഓയിൽ

രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ബ്രൗൺഷുഗറുമായി മിക്സ് ചെയ്താൽ ലഭിക്കുന്നത് ശരീരത്തിലെ ഇരുണ്ട പാടുകളെ അകറ്റാൻ പോന്ന ഉത്തമ പ്രതിവിധിയാണ്. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ബ്രൗൺഷുഗറും മിക്സ് ചെയ്ത് ലഭിക്കുന്ന മിശ്രിതം രണ്ട് മിനിട്ട് നേരം ദേഹത്ത് സ്ക്രബ് ചെയ്യുക. അഞ്ച് മിനിട്ടിനു ശേഷം ചെറിയ തണുപ്പുള്ള വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് പരീക്ഷിക്കാവുന്നതാണ്.

കറ്റാർവാഴ

കറ്റാർവാഴയുടെ നീര് ശരീരത്തിലെ ഇരുണ്ട നിറം അകറ്റാൻ മികച്ച പ്രതിവിധിയാണ്. 15മിനിട്ടു നേരം കറ്റാർ വാഴയുടെ നീര് ദേഹത്ത് തേച്ചു പിടിപ്പിക്കുക. ഇത് നിർജ്ജീവമായ കോശങ്ങളെ നശിപ്പിക്കുന്നു മാത്രമല്ല ശരീരത്തിന് തിളക്കവും നൽകുന്നു.