Saturday 03 August 2019 09:28 AM IST : By സ്വന്തം ലേഖകൻ

ഡയറ്റിന്റെ പേരിൽ പട്ടിണി കിടക്കേണ്ട, പൊണ്ണത്തടിയെ തുരത്താൻ ‘ഫൂഡ് പ്ലേറ്റ്’ ആണ് ബെസ്റ്റ്!

body-weight

വണ്ണം കുറയ്ക്കാന്‍ എന്താ ഒരു വഴി ? " വലിയ കുടവയറിൽ കൈവച്ച്, കാറിന്റെ ഡ്രൈവർ തുടർന്നു

" ഭയങ്കര കൂര്‍ക്കം വലിയാണ്. ഡോക്ടറെ കണ്ടപ്പോള്‍ വണ്ണം കുറയ്ക്കണമെന്ന് പറഞ്ഞു."

"വണ്ണവും വയറും കുറയ്ക്കാന്‍ ഏറ്റവും പ്രധാനം ആഹാരം കുറയ്ക്കുക ,അത്രെ ഉളളൂ"– ഞാൻ ഉടൻ ഉത്തരം നല്‍കി.

"ഞാന്‍ ആഹാരം കുറച്ചേ കഴിക്കാറുള്ളൂ ഡോക്ടറേ , എന്നിട്ടും വണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു."

എന്റെ മറു ചോദ്യം . "എന്തെല്ലാം കഴിക്കും ?"

"രാവിലെ ഏറ്റവും കൂടിയാല്‍ നാലോ അഞ്ചോ അപ്പം, പിന്നെ ഒരു മുട്ടയും ഏത്തപ്പഴവും, അത്രയേ കഴിക്കാറുള്ളൂ, പക്ഷേ ഉച്ചയ്ക്ക് ഞാന്‍ അല്‍പം ആഹാരം കഴിക്കും. ചോറും മീന്‍ കറിയും കഴിക്കും,

മുന്‍പൊക്കെ രണ്ട് മൂന്ന് തവണ പാത്രം നിറയെ ചോറ് ഇടുമായിരുന്നു. ഇപ്പോള്‍ അത്രയുമില്ല. ആദ്യമിടുന്നത് കൂടാതെ അല്‍പം കൂടിയിടും. പിന്നെ രാത്രി രണ്ടോ മൂന്നോ ദോശ, എന്തെങ്കിലും ഒരു കറി അത്രയേയുള്ളൂ.

"ഇടയ്ക്ക് എന്തെങ്കിലും കഴിക്കാറുണ്ടോ ? "

"ഏയ് ഇല്ല.ഇടയ്ക്ക് ഒന്നും കഴിക്കാറില്ല. രാവിലേയും വൈകിട്ടും ഒരോ ചായയും കടിയും മാത്രം" അയാൾ മറുപടി നല്‍കി.ഏതാണ്ട് 90 കിലോക്ക് അടുത്ത ഭാരമുള്ള ആ ഡ്രൈവറുടെ ആഹാരരീതിയായിരുന്നു ഇത്.

വയറും വണ്ണവും വേണ്ട

‘‘ആണുങ്ങൾക്ക് ഇത്തിരി വയറും വണ്ണവുമൊക്കെയാവാം’’ എന്നൊരു സങ്കൽപം നമ്മുടെ നാട്ടിൽ പരക്കെയുണ്ടായിരുന്നു. എന്നാൽ ഇന്ന് ചെറിയ കുടവയർ പോലും ഒരു അലങ്കാരമായി ആരും കാണില്ല. കാരണം ഗുരുതരമായ അനാരോഗ്യലക്ഷണമാണത്. ഒരു പിടി ജീവിതശൈലീ രോഗങ്ങളിലേക്കുള്ള പടിവാതിൽ.

കേരളത്തിലെ പുരുഷന്‍മാരില്‍ നല്ല ശതമാനവും അമിതവണ്ണവും പൊണ്ണത്തടിയും കാരണം ബുദ്ധിമുട്ടുന്നവരാണ്. നാൽപതുകളിലെത്തുമ്പോൾ തന്നെ കുടവയറും എത്തും.

മിക്കവരും തങ്ങളുടെ അമിതവണ്ണത്തിനു കാരണമായി ഹോർമോൺ തകരാറുകളേയോ മറ്റേതെങ്കിലും രോഗങ്ങൾക്കു ചെയ്തിരുന്ന ചികിത്സകളെയോ പഴിചാരുകയാണ് ചെയ്യുക. തൈറോയ്ഡ് രോഗത്തിന്റെ ചില അവസ്ഥയില്‍ രണ്ടോ മൂന്നോ കിലോവരെ വണ്ണക്കൂടുതല്‍ ഉണ്ടാകുമെങ്കിലും ഗുളികകള്‍ ഉപയോഗിച്ച് ഹോര്‍മോണിന്റെ അളവ് കൃത്യമാക്കിയാല്‍ തൈറോയ്ഡ് രോഗം കാരണം അമിത വണ്ണം ഉണ്ടാകാറേയില്ല. പലപ്പോഴും അമിത വണ്ണം തൈറോയ്ഡിന്റെ തലയില്‍ വെച്ച് ആഹാരം കൂടുതല്‍ കഴിക്കാനവസരം കണ്ടെത്തുന്നവരെ ധാരാളം കാണാം. 95 ശതമാനം പേരുടേയും അമിതവണ്ണത്തിനു കാരണം അമിതമോ തെറ്റായ രീതിയിലോ ഉള്ള ഭക്ഷണം കഴിക്കൽ തന്നെയാണ്.

പുരുഷൻമാരിൽ അമിതവണ്ണത്തേക്കാളും കടുത്ത അപകര്‍ഷബോധത്തിലേക്കു നയിക്കുന്ന പ്രശ്നമാണ് കുടവയർ. കുടവയറും അമിതവണ്ണവും സൗന്ദര്യപ്രശ്നം മാത്രമല്ല, ഹൃദ്രോഗവും പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും തുടങ്ങി കാന്‍സറും സന്ധി വേദനയും കൂര്‍ക്കം വലിയും സ്ലീപ് അപ്നിയ പോലെയുള്ള പ്രശ്‌നങ്ങളും വിളിച്ചു വരുത്തും.

അമിത വണ്ണത്തിന്റെ നിത്യസഹചാരികളായ ഡയബറ്റീസും, അമിത കൊളസ്‌ട്രോളും, രക്താതിസമ്മര്‍ദ്ദവും ഒരേ തൂവല്‍ പക്ഷികളാണ്. ഒന്ന് മറ്റൊന്നിനെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി തീര്‍ക്കുകയും അതോടൊപ്പം ഈ മൂന്നിനേയും അതീവ ഗുരുതരാവസ്ഥയിലേക്ക് കൊണ്ടുപോകുകയും ചെയ്യും.

വയറു കുറയാൻ

വയറുമാത്രമെങ്കിലും കുറച്ചു കിട്ടാൻ വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നവരും ഏറയാണ്. ശസ്ത്രക്രിയാ പരിഹാരങ്ങൾ മാറ്റിനിർത്തിയാൽ ശരീരത്തിലെ ആകെ വണ്ണം കുറയാതെ വയറു കുറയ്ക്കാനാവില്ല. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലിച്ചാൽ എത്രകൂടിയ വണ്ണവും കുറയ്ക്കാനുമാവും.

ഫൂഡ് പ്ലേറ്റ് ’ എന്ന മാതൃക

അടുത്തകാലത്ത് ലോക വ്യാപകമായി വളരെ പ്രധാന്യം നേടിയ ഒന്നാണ് ഫൂഡ് പ്ലേറ്റ് സങ്കൽപം. സമീകൃത ആഹാരം, നിർദേശിക്കപ്പെട്ട അനുപാതത്തിൽ എടുത്ത് ആ രീതിയില്‍ തന്നെ എല്ലാ നേരവും കഴിച്ചാൽ അമിതവണ്ണം വരാതെനോക്കാം. കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുകയും, പ്രോട്ടീനിന്റേയും ഇലക്കറി ആഹാരത്തിന്റേയും അളവ് കൂട്ടുകയും പഴവര്‍ഗങ്ങൾ എല്ലാ നേരവും ആഹാരശീലമാക്കേണ്ടതും അത്യാവശ്യമാണ്. കുറഞ്ഞത് 40 മിനിട്ട് എല്ലാ ദിവസവും വ്യായാമം ചെയ്യുക.

ഏത് തരം വ്യായാമവും നല്ലതാണ്. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും , ചെറിയ വേഗത്തില്‍ നടക്കുന്നതും, നീന്തല്‍ തുടങ്ങിയ എല്ലാ വ്യായാമമുറകളും വണ്ണം കൂടാതിരിക്കാന്‍ സഹായിക്കും. വലിയ മാംസ പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമം ആഴ്ചയില്‍ രണ്ട് ദിവസം ചെയ്യുന്നത് ദീര്‍ഘായുസ്സും നൽകും.

തെറ്റിദ്ധാരണകൾ മാറ്റാം

∙ പാരമ്പര്യഘടകങ്ങള്‍ കാരണമുള്ള അമിത വണ്ണം മാറ്റാന്‍ കഴിയില്ല എന്ന ധാരണ തെറ്റാണ്. പാരമ്പര്യഘടകങ്ങള്‍ അമിത വണ്ണത്തിലേക്ക് നയിക്കുമെങ്കിലും ശരിയായ ആഹാര നിയന്ത്രണം, വ്യായാമം എന്നിവയിലൂടെ അമിത വണ്ണം തടയാം

∙ പ്രായം 40 കഴിഞ്ഞാല്‍ അമിത വണ്ണം സ്വാഭാവികമാണ് എന്ന ചിന്തയും തെറ്റാണ്. അമിത വണ്ണവും പ്രായവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആഹാരം കഴിക്കുന്ന രീതിയും വ്യായാമക്കുറവും മാത്രമാണ് അമിത വണ്ണത്തിലേക്ക് നയിക്കുക.

അമിത വണ്ണത്തിന്റെ ഏറ്റവും പ്രധാന കാരണം ആഹാരം തന്നെയാണ്. ഒരു കാലത്തുണ്ടായിരുന്ന ആഹാര ദാരിദ്ര്യം മാറി ആഹാരം മുഖ്യശത്രുവാകുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ കണ്‍മുന്‍പില്‍. ആഹാര നിയന്ത്രണം നിര്‍ബന്ധബുദ്ധിയോടെ പാലിച്ചില്ലെങ്കില്‍ അപകടമാണ്. ആഹാരത്തെ മിത്രമാക്കുവാന്‍ ഫൂഡ് പ്ലേറ്റ് മാതൃക സ്വീകരിക്കുകയാണ് പ്രതിവിധി.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എൻ. സുൾഫി

കൺസൽറ്റന്റ് ഇഎൻടി സർജൻ, സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യൻ മെഡിക്കൽ

അസോസിയേഷൻ

drsulphiyen@yahoo.co.in