Tuesday 06 February 2018 05:13 PM IST : By സ്വന്തം ലേഖകൻ

മുട്ടുവേദന വ്യക്തി ജീവിതത്തെയും കുടുംബജീവിതത്തെയും വരെബാധിക്കുന്നുണ്ടോ? ഇതാ പ്രതിവിധികൾ

knee_Pain_treats

വേദന ഉണ്ടാകാത്ത മനുഷ്യരില്ല. ദൈനംദിനകൃത്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാന്‍ സാധിക്കാതെ വരുമ്പോൾ അതു നമ്മുടെ വ്യക്തി ജീവിതത്തെയും കുടുംബജീവിതത്തെയും ബാധിക്കുന്നു. മുട്ടുവേദന എന്നും നമ്മുടെ കുടുംബത്തിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രായമായവരിൽ പ്രത്യേകിച്ചു സ്ത്രീകളിൽ കണ്ടുവരുന്ന ഒരു സർവസാധാരണമായ അസുഖമാണ്. കാൽമുട്ടിന്റെ തേയ്മാനമാണ് മുട്ടുവേദനയ്ക്കു പിന്നിലെ പ്രധാന കാരണം.

മുട്ടുമടക്കാനോ മുട്ടു കുത്തുവാനോ സ്റ്റെപ്പ് കയറാനോ എന്നു വേണ്ട നടക്കാൻ പോലും സാധിക്കാതെ ദിനചര്യകൾക്കു വേണ്ടിവരെ അന്യരെ ആശ്രയിക്കേണ്ടിവരുന്ന ഒരു സാഹചര്യം വാർധക്യം ബാധിച്ച പലരിലും കണ്ടുവരുന്നു. മുട്ടുവേദനയ്ക്കും തേയ്മാനത്തിനും ഫലപ്രദമായ പല മരുന്നുകളുണ്ട്. കൂടാതെ സപ്ലിമെന്റുകളും. നീ ക്യാപ് പോലുള്ള ഉപകരണങ്ങൾ വേദനയെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആദ്യം മരുന്നുകളെ കുറിച്ച് അറിയാം.

വേദനയും നീരും തടയും

അനാൾജെസിക്സ് (Analgesics): വേദനസംഹാരികൾ. NSAIDS എന്ന ഗണത്തിൽപെട്ടവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. സൈക്ലോഓക്സിജനേസ് എന്ന രാസവസ്തുവിന്റെ ഉൽപാദനത്തെയും പ്രവർത്തനത്തെയും തടയുക വഴി വേദനയും നീർവീഴ്ചയും ഉണ്ടാക്കുന്ന പ്രോസ്റ്റാനോയിഡ്സ് (Prostanoids) എന്ന രാസവസ്തുവിന്റെ നിര്‍മാണത്തെ തടയുന്നു. പ്രോസ്റ്റനോയിഡ്സ് എന്ന രാസവസ്തു ഗണത്തിൽപെട്ടവയാണ് പ്രോസ്റ്റാഗ്ലാൻഡിസ് (Prostaglandis), പ്രോസ്റ്റാ സൈക്ലിൻസ് (Postacyclins), ത്രോംബോക്സേയിൻസ് (Thromboxains). ഇവയുടെ പ്രവർത്തനവും നിർമാണവും കുറയുന്നതോടെ വേദന തടയുവാനും അതുവഴി നടക്കുവാനും സാധിക്കുന്നു.

ഒപ്പിയോയിഡ് വിഭാഗത്തിൽപെടുന്നവ

ഒപ്പിയോയിഡ് (Opiods) ഗണത്തിൽപെട്ടവയാണ് ട്രെമഡോൾ (Tramadol), മോർഫിൻ (Morphine) തുടങ്ങിയ മരുന്നുകള്‍. തലച്ചോറിലെയും ഞരമ്പുകളിലെയും ഒപ്പിയോയിഡ് റിസപ്റ്ററിൽ (Opiod recepter) പ്രവര്‍ത്തിച്ചു വേദന അകറ്റുന്നു. ഇവയിൽ ട്രെമഡോൾ ആണു സ്ഥിരമായി ഉപയോഗിക്കുന്നത്. മേൽപറഞ്ഞ വേദനസംഹാരികള്‍ ഒരിക്കലും അമിതമായി ഉപയോഗിക്കാൻ പാടില്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ അവ ഉപയോഗിക്കാവൂ. അമിതവും അശാസ്ത്രീയവുമായ വൃക്ക പോലുള്ള ആന്തരികാവയവങ്ങളെ ഗുരുതരമായി തകരാറിലാക്കുകയും ചെയ്യും.

സ്റ്റിറോയ്ഡുകൾ

നീർവീഴ്ച കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകളാണ് സ്റ്റിറോയ്ഡുകൾ. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളു. പോളിമോര്‍ഫോന്യൂക്ലിയാർ ല്യൂകോസൈറ്റ്സ് (Polymarphonuclear leucosytes), മൈക്രോഫേജിസ് (Macrophages). എന്നീ രാസവസ്തുക്കളുടെ പ്രവർത്തനം തടയുകയും പ്രോസ്റ്റാഗ്ലാന്‍ഡിൻസ് എന്ന രാസവസ്തുവിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യും. ഇതു വഴിയാണ് നീർവീഴ്ച നിയന്ത്രിക്കുന്നത് ഒരു സ്റ്റിറോയ്ഡ് കുത്തിവയ്പിലൂടെ തന്നെ നീർവീഴ്ചയ്ക്കു വ്യത്യാസമുണ്ടാകാം. പ്രമേഹമോ അണുബാധയോ ഉള്ളപ്പോൾ ഈ മരുന്ന് ഉപയോഗിക്കാൻ പാടില്ല.

സപ്ലിമെന്ററുകൾ കഴിക്കാം

മുട്ടിന്റെ പ്രശ്നങ്ങൾക്ക് മരുന്നിനൊപ്പം ഗുളികയുടെയും പൊടിയുടെയും രൂപത്തിൽ സപ്ലിമെന്റ് എടുക്കുന്നത് നല്ല ഫലം തരും. ചെറുചൂടുവെള്ളത്തിലോ പാലിലോ ആണ് പൊടി കലക്കേണ്ടത്. അത്തരം ചില സപ്ലിമെന്റുകൾ അറിയാം:

ഹയലുറോണിക് ആസിഡ് (Hyaluronic Acid): എഫ്ഡിഎയുടെ അംഗീകാരമുള്ള ഈ ചികിത്സയ്ക്കു തേയ്മാനത്തിന്റെ ആദ്യഘട്ടത്തിൽ പ്രയോജനം കണ്ടുവരുന്നു. കാൽമുട്ടിന്റെ സന്ധിക്കുള്ളില്‍ ഉള്ള ദ്രാവകമാണ് സൈനോവ്യൽ ഫ്ലൂയിഡ്. സന്ധിയുടെ സുഗമമായ ചലനത്തിനു സഹായിക്കുന്നതാണ് ഈ ദ്രാവകം. ഇതിൽ അടങ്ങിയിരിക്കുന്ന രാസപദാർഥമാണ് ഹയലുറോണിക് ആസിഡ്. ഇതിന്റെ അളവ് പ്രായം ഏറുംതോറും ക്രമാതീതമായി കുറയുകയും അങ്ങനെ സന്ധിയുടെ ചലനം സങ്കീർണമാവുകയും ചെയ്യും. ദ്രാവകത്തിന്റെ സാന്ദ്രത കുറയുന്നതനുസരിച്ച് തരുണാസ്ഥിക്ക് പരിക്കുപറ്റാനുള്ള സാധ്യതയും ഉണ്ട്.

ഹയലൂറോണിക് ആസിഡ് കാൽ മുട്ടിന്റെ സന്ധിയിലോട്ടു കുത്തിവയ്ക്കുന്നതുവഴി തരുണാസ്ഥി ഉല്‍പാദിപ്പിക്കുന്ന കോശങ്ങളുടെ സംരക്ഷണം, ഇൻറ്റർല്യൂക്കീൻ എന്ന രാസവസ്തുവിന്റെ നിർമാണം കുറയ്ക്കല്‍, പ്രൊട്ടിയോഗ്ലൈക്കൻ ഗ്ലൈക്കോസ മൈനോഗ്ലൈക്കൻ (Proteoglycan, glycosaminoglycan) എന്ന രാസവസ്തുക്കളുടെ ഉൽപാദനം, നീർവീഴ്ച ഉണ്ടാക്കുന്ന വസ്തുക്കളുടെ തടയൽ എന്നിവയ്ക്കു സഹായിക്കുന്നു. പുറമേ സൈനോവിയൽ ഫ്ലൂയിഡിന്റെ സാന്ദ്രത കൂട്ടുക വഴി തേയ്മാനം ഒരു പരിധി വരെ കുറയ്ക്കാനും ഇതു സഹായിക്കുന്നു.

ഗ്ലൂക്കോസമിൻ : തരുണാസ്ഥിയിൽ അടങ്ങിയിട്ടുള്ള ഒരു പ്രധാനപ്പെട്ട രാസവസ്തുവാണ് ഗ്ലൂക്കോസമിൻ. ഇതിന്റെ അളവു കുറയുമ്പോൾ തരുണാസ്ഥിയുടെ സാന്ദ്രത കുറയുകയും തേയ്മാനം ത്വരിതപ്പെടുകയും ചെയ്യും. ഇത് സപ്ലിമെന്റായി ഉപപയോഗിക്കാവുന്നതാണ്. ഇതു തേയ്മാനത്തെ പൂർണമായി തടയില്ല. പക്ഷേ, അതിന്റെ പുരോഗമനം കുറയ്ക്കാന്‍ സഹായിക്കും.

∙ കോൺട്രോയിറ്റിൻ സൾഫേറ്റ് : തരുണാസ്ഥിയിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന വസ്തുവാണ് കോൺട്രോയിറ്റിൻ സൾഫേറ്റ് (Chondroitin Sulphate). ഗ്ലൈക്കോസമൈനോഗ്ലൈക്കൻ വിഭാഗത്തിൽ പെട്ട ഈ വസ്തുവിന് ഒന്നിലധികം ഗുണങ്ങളുണ്ട്. നീർവീഴ്ച ഉണ്ടാകുന്നതു തടയുക, തരുണാസ്ഥിയുടെ നിർമാണത്തിനുതകുന്ന പ്രോട്ടിയോഗ്ലൈക്കന്‍സും ഹയലൂറോണിക് ആസിഡും ലഭ്യമാക്കുക, തരുണാസ്ഥി നിർമിക്കുന്ന കോശങ്ങൾ സംരക്ഷിക്കുക എന്നീ ഗുണങ്ങൾ ഇതിനുണ്ട്. ഇതു സപ്ലിമെന്റായി ഉപയോഗിക്കുന്നത് കാൽമുട്ടിന്റെ പ്രശ്നങ്ങളെ നിയന്ത്രിക്കും.

സാം–ഇ (SAM E) (എസ്–അഡിനോസിൽമെതിയോണൈന്‍ – S – adenosylmethlonine : മെതിയോണൈൻ എന്ന അമിനോ ആസിഡ് ലഭ്യമാക്കുന്ന ഈ മരുന്ന് തേയ്മാനം ഒരു പരിധിവരെ തടയുവാൻ സഹായിക്കുന്നു. അതിനു പുറമേ, ശരീരത്തിന് ഒരു ഉണർവു ലഭിക്കുന്നതിനും കാരണമാകുന്നു.

വൈറ്റമിൻ ഡി : വൈറ്റമിൻ ഡിയുടെ കുറവുള്ളവരില്‍ തേയ്മാനം കൂടുതലാണെന്നു കണ്ടുവരുന്നുണ്ട്.

ചലനം നിയന്ത്രിക്കും ഉപകരണങ്ങൾ

കാല്‍മുട്ടിനു വിശ്രമം അല്ലെങ്കിൽ ചലനത്തിൽ നിയന്ത്രണം ആവശ്യമുള്ളവർക്ക് ഉപയോഗിക്കാവുന്ന ചില ഉപകരണങ്ങൾ (Knee joint stabilizers) ഇന്നു ലഭ്യമാണ്.

നീ ക്യാപ് (Knee cap)

സോക്സ് പോലെ കാൽമുട്ടിൽ വലിച്ചിടാവുന്ന നീ ക്യാപ് സർവസാധാരാണമായി ഉപയോഗിക്കപ്പെടുന്നു. കാൽമുട്ടിന് ഉറപ്പു ലഭിക്കുന്നതിനും പെട്ടെന്നുള്ള അനക്കങ്ങളിൽ നിന്നും കാൽമുട്ടിനെ സംരക്ഷിക്കുന്നതിനും ഇതു സഹായിക്കുന്നു. നിയോപ്രിന്‍ തുടങ്ങിയ പോളിമര്‍ കൊണ്ടു നിർമിച്ചിട്ടുള്ള നീ ക്യാപ് ഇലാസ്റ്റിക് ആയതിനാൽ കാൽമുട്ടിനു പാകത്തിൽ ബലമായി ഇരിക്കുകയും ഉറപ്പു നൽകുകയും ചെയ്യുന്നു. ചില ഗുണങ്ങൾ:

∙ മുട്ടുചിരട്ടയുടെ പെട്ടെന്നുള്ള അനക്കങ്ങൾ കുറയ്ക്കുകയും ചലനത്തിൽ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ മുട്ടുചിരട്ട തെന്നിപ്പോകാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കുന്നു.

∙ നീരു കുറയ്ക്കുവാനും സന്ധിയിലോട്ടുള്ള രക്തയോട്ടം കൂട്ടുവാനും അങ്ങനെ വേദന കുറയ്ക്കുവാനും സഹായിക്കുന്നു.

∙ പേശിയിൽ പരിക്ക് പറ്റിയവർക്ക് താൽക്കാലികാശ്വാസം പ്രദാനം ചെയ്യുന്നു. (വിദഗ്ധചികിത്സ തേടുന്നതു വരെ.)

∙ സ്ഥാനനിർണയം അറിയുവാനുള്ള സന്ധിയുടെ കഴിവ് (Proprioception) വർധിപ്പിക്കുകയും കാൽമുട്ടിനു ബലം (Mechanical support) നൽകുകയും ചെയ്യുന്നു.

പരിക്കുകളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം ഉറപ്പുവരുത്തുന്നു.

ബലവും ഉറപ്പും ഉള്ള നീ ബ്രേയ്സുകൾ

കാൽമുട്ടിനു വേദനയോ പരിക്കോ സംഭവിച്ച ശേഷം മുട്ടിനു സപ്പോർട്ട് ലഭിക്കാനായി ഉപയോഗിക്കുന്നതാണ് നീ ബ്രേയ്സുകൾ. മെറ്റൽ, ഫോ, പ്ലാസ്റ്റിക്, ഇലാസ്റ്റിക് വസ്തു സ്ട്രാപ്പുകൾ എന്നിവ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നീബ്രേയ്സുകൾ പ്രധാനമായും നാലു തരത്തിലുണ്ട്. പ്രൊഫൈലാക്റ്റിക് നീ ബ്രേയ്സ്, റീഹാബിലിറ്റേറ്റീവ് ബ്രേയ്സ്, ഫങ്ഷനൽ നീ ബ്രേയ്സ്. ഓഫ് ലോഡർ / അൺലോഡർ നീ ബ്രേയ്സ്.

പ്രൊഫൈലാക്റ്റിക് നീ ബ്രേയ്സ് (Prophylatic knee brace): സ്പോര്‍ട്സ് രംഗത്തുള്ളവർക്കു വേണ്ടി നിർമിക്കപ്പെട്ടവയാണിവ. പെട്ടെന്നുള്ള അപകടങ്ങൾ, കാല്‍മുട്ടിന്റെ പേശികളുടെ പരിക്കുകൾ, സന്ധിയുടെ തെറ്റായ ചലനങ്ങൾ എന്നിവ തടയുവാൻ ഇവ ഒരു പരിധിവരെ സഹായിക്കുന്നു. നീ ക്യാപ്പിനെ അപേക്ഷിച്ചു കുറച്ചുകൂടെ ബലവും ഉറപ്പും ഉള്ള ഇവ കാൽമുട്ടുന്റെ അനക്കങ്ങൾ നിയന്ത്രണത്തിൽ നിർത്തുന്നു. അങ്ങനെ പരിക്കുകള്‍ കുറയ്ക്കുന്നു.

റിഹാബിലിറ്റേറ്റീവ് ബ്രേയ്സ് (Rehabilitative brace)

കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് കുറേ നാളുകൾ കാൽമുട്ട് അനക്കാതെ വയ്ക്കേണ്ടിവരും. ഇത്തരം വ്യക്തികള്‍ക്കുള്ളതാണ് ഇവ. കാൽമുട്ടിനു ചുറ്റും വലിച്ചു കെട്ടാൻ സൗകര്യമുള്ള ഇവയ്ക്കുള്ളിൽ തന്നെ ബലിഷ്ഠമായ കമ്പികൾ ഉള്ളതിനാൽ അനക്കങ്ങൾ തടയുകയും ഡോക്ടറുടെ നിർദേശപ്രകാരമുള്ള വിശ്രമം ലഭിക്കുകയും ചെയ്യും. ഒടിവുകൾക്ക് ശസ്ത്രക്രിയ കഴിഞ്ഞാൽ കുറച്ചുനാളത്തേക്ക് കാൽമുട്ട് അനങ്ങാതെ സംരക്ഷണം അത്യാവശ്യമാണ്. ഇത്തരം ആവശ്യങ്ങൾക്കും റീഹാബിലിറ്റേറ്റീവ് സഹായിക്കുന്നു.

ഇവയിൽ തന്നെ ഹിൻജ്‍ഡ് (Hhinged) നീ ബ്രേയ്സുകൾ ഉണ്ട്. കാൽമുട്ടിന്റെ മടക്ക് നിയന്ത്രിക്കാനുള്ള ഇവ ഡോക്ടറുടെ നിർദേശപ്രകാരം ഉള്ള നിയന്ത്രിതമായ ചലനങ്ങൾക്കു സഹായിക്കും.

ഫങ്ഷനൽ നീ ബ്രേയ്സ് : കാൽ മുട്ടിനു ചുറ്റുമുള്ള ലിഗമെന്റുകൾ പൊട്ടിപോകുമ്പോൾ മുട്ടിന്റെ ബാലൻസ് കുറയുകയും നടക്കുമ്പോൾ തെന്നിപോകുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ശാസ്ത്രക്രിയ നടക്കുന്നതുവരെ താൽക്കാലികമായ താങ്ങ് നൽകുവാൻ ഫങ്ഷണൽ നീ ബ്രേയ്സുകൾ സഹായിക്കുന്നു. ഇവ ഒരിക്കലും ശാശ്വത പരിഹാരമല്ല.

അൺലോഡർ / ഓഫ്ലോഡർ നീ ബ്രേയ്സ് : കാൽമുട്ടിനു പ്രധാനമായും മൂന്ന് അറകളാണ് ഉള്ളത്. മീഡിയൽ അറയ്ക്കോ ലാറ്ററൽ അറയ്ക്കോ തേയ്മാനം സംഭവിക്കുകയാണെങ്കിൽ ആ അറയിൽ വരുന്ന ശരീരഭാരം കുറയ്ക്കുക എന്ന ഉദ്ദേശ്യമാണ് ഈ തരത്തിലുള്ള ബ്രേയ്സുകള്‍ക്കുള്ളത്. താൽക്കാലികാശ്വാസത്തിനു നല്ലതാണെങ്കിലും ഇവ ശാശ്വത പരിഹാരമാകുന്നില്ല.

വേദനയും തേയ്മാനവും തടയാം

ക്യാപ്സിക്കത്തിൽ അടങ്ങിയിരിക്കുന്ന കാപ്സെയ്സിൻ എന്ന രാസപദാർഥത്തിനു തേയ്മാനം തടയുവാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് തരുണാസ്ഥിയെ സരംക്ഷിക്കാനുള്ള കഴിവുണ്ട്. നമ്മുടെ ഭക്ഷണത്തിൽ ഇതു കൂടുതലായി ഉപയോഗിക്കുന്നതു നല്ലതാണ്.

മഞ്ഞൾ: തേയ്മാനം കുറയ്ക്കാൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന രാസസംയുക്തത്തിനു സാധിക്കും. ന്യൂക്ലിയർഫാക്ടർ കാപ്പാ എന്ന വസ്തുവിനെ തടയുന്നതുവഴി തേയ്മാനത്തിന്റെ പുരോഗമനം തടയുവാൻ സഹായിക്കുന്നു.

ഡോ. മത്യു പി. തോമസ്, അസി. പ്രഫ. ജോയിന്റ് റിപ്ലേസ്മെന്റ് & സ്പോർട്സ് മെഡിസിൻ, ഓർത്തോപീഡിക്സ് വിഭാഗം, അൽ അസ്ഹർ മെഡി. കോളജ്, തൊടുപുഴ