Tuesday 16 April 2019 03:43 PM IST : By സ്വന്തം ലേഖകൻ

പൊരിവെയിലിലെ പ്രചാരണം, പൊള്ളിക്കുന്ന ഇലക്ഷൻ ഡ്യൂട്ടി; രോഗിയാകും മുമ്പ് ഓർക്കാൻ ചില മുന്നറിയിപ്പുകൾ

election

തെരഞ്ഞെടുപ്പ് പൊതുവേ രാഷ്ട്രീയക്കാരുടെ ഉത്സവമായാണ് കാണുന്നത്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് ഉത്സവം മാത്രമല്ല, ഒരു അഗ്നിപരീക്ഷ കൂടിയാണ്. ലക്ഷക്കണക്കിന് രാഷ്ട്രീയപ്രവർത്തകർക്കൊപ്പം ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളുമൊക്കെ പൊരിവെയിലിൽ നേരിടാൻ പോകുന്ന അഗ്നിപരീക്ഷ. കാരണം തിളയ്ക്കുന്ന വെയിലിലാണ് പ്രചരണങ്ങളും ചുവരെഴുത്തുകളും ബാനറൊട്ടിക്കലുമൊക്കെ നടക്കേണ്ടത്. പൊരിവെയിലിൽ നടന്നു വേണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ. അണിയെന്നോ നേതാവെന്നോ വ്യത്യാസം വേനൽച്ചൂടിനില്ലല്ലൊ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വെയിലും ചൂടും തീവ്രമാണ്. ചൂട് പൊടിപൊടിക്കുന്ന ഏപ്രിൽ–മേയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് മാമാങ്കം. മാത്രമല്ല, സാധാരണയിലും ദീർഘമായ കാലയളവ്– ഏതാണ്ട് 40 ദിവസത്തോളം–പ്രചാരണത്തിനായി ഇപ്രാവശ്യമുണ്ട് താനും. ഈ എരിവേനലിൽ വാടാതെ ഉഷാറായി തന്നെ പ്രചരണം പൂർത്തിയാക്കണമെങ്കിൽ ആരോഗ്യപരമായ ചില മുന്നൊരുക്കങ്ങൾ നടത്തിയേ തീരൂ. അതെന്തൊക്കെയെന്ന് അറിയാം.

1. ചൂടിലേക്ക് ഇറങ്ങുമ്പോൾ

പുറത്തെ ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂട് ഉള്ളിലുള്ളതു കൊണ്ട് പൊരിവെയിലിലും പ്രചാരണം കൊഴുക്കും. എന്നാൽ, വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെയുള്ള വെയിലത്തെ നടപ്പ് അപകടമാണ്. പ്രത്യേകിച്ച് രാവിലെ 11 മുതൽ ഉച്ച കഴി‍ഞ്ഞ് മൂന്നര വരെയുള്ള സമയം. സൂര്യനിലെ അൾട്രാവയലറ്റ് രശ്മികൾ ശക്തിയോടെ ഭൂമിയിലേക്കു പതിക്കുന്ന സമയമാണ്. ഈ സമയത്ത് വെയിലില്ലെങ്കിലും ഏറെ ആരോഗ്യപ്രശ്നങ്ങൾ വരാം.

ഏറ്റവും പ്രധാനം ശരീരത്തിലെ ജലാംശവും ധാതുലവണങ്ങളും നഷ്ടമാകുന്നതു മൂലമുള്ള നിർജലീകരണം അഥവാ ഡീ ഹൈഡ്രേഷനാണ്. കടുത്ത ചൂടിനൊപ്പം മതിയായ വെള്ളം ലഭിക്കാത്തതാണ് കാരണം. വെയിലുകൊണ്ട് ചർമം വരളുന്നതാണ് നിർജലീകരണത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ലക്ഷണം. പലരും ഇതു കാര്യമാക്കാറില്ല. പതുക്കെ നെഞ്ചിടിപ്പും ശ്വാസോച്ഛ്വാസനിരക്കും കൂടുക, കടുത്ത ക്ഷീണം, ചുണ്ടും നാവും വരളുക, അമിതമായ ദാഹം, വല്ലാത്ത മടുപ്പ് എന്നീ പ്രശ്നങ്ങൾ പിന്നാലെ വരും.

യുവി രശ്മികൾ ശക്തമായ സമയത്ത് പുറത്തിറങ്ങാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധം. ഇത് പ്രായോഗികമല്ലാത്തതിനാൽ പുറത്തേക്കിറങ്ങുമ്പോൾ സൂര്യരശ്മികളെ തടയാനുള്ള കവചങ്ങൾ ഉപയോഗിക്കുക. സൺ സ്ക്രീനുകൾ പുരട്ടുന്നതാണ് ഇതിൽ പ്രധാനം. എസ്പിഎഫ് 15–ഒാ അതിനു മുകളിലോ ഉള്ളവ ഉപയോഗിക്കണം. ഇല്ലെങ്കിൽ കുട പോലെയുള്ള മറകൾ ഉപയോഗിക്കാം.

വെയിലത്തു നടന്നാൽ ചർമം കരുവാളിക്കുന്നതും അമിതമായി വിയർക്കുന്നതുമാണ് ചൂടിന്റെ പ്രധാനപ്രശ്നം എന്നാണ് പലരും കരുതുന്നത്. ഇതു മാത്രമല്ല ചർമത്തിന്റെ പ്രതിരോധശേഷി കുറയുന്നതും പ്രശ്നമാണ്. ആറു തരം ചർമമാണുള്ളത്. പ്രതിരോധശേഷി കുറഞ്ഞാൽ ഈ ഒാരോ ചർമത്തിനനുസരിച്ചും വ്യത്യസ്തമായ പ്രശ്നങ്ങൾ ഉണ്ടാകും.

അമിതവിയർപ്പും ചുണങ്ങുപോലുള്ള ചർമപ്രശ്നങ്ങളും വരാനും സാധ്യതയുണ്ട്. വിയർപ്പുപ്രശ്നമുണ്ടാക്കാത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ദിവസവും രണ്ടുനേരം കുളിക്കുന്നതും നല്ലത്. വിയർപ്പുമണം മറയ്ക്കാൻ കൃത്രിമസുഗന്ധം പൂശാം. ചുണങ്ങുകൾക്ക് ആന്റി ഫംഗൽ ലേപനങ്ങൾ ഫലപ്രദമാണ്.

2. കോട്ടണും ഇളംനിറങ്ങളും

ശുഭ്ര വസ്ത്രമാണ് രാഷ്ട്രീയക്കാരുടെ ട്രേഡ്മാർക്ക്. ചൂടിൽ ഇതു ഗുണകരം തന്നെ. വെള്ള വസ്ത്രം ചൂടിനെ പുറംതള്ളി ശരീരത്തെ സംരക്ഷിക്കും. വായുസഞ്ചാരം നൽകുന്നതിനാൽ കോട്ടൺ–ലിനൻ വസ്ത്രങ്ങളും ഖദർ വസ്ത്രങ്ങളും ചൂടു കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. പോളിസ്റ്ററും സിൽക്കും ഈ സമയത്ത് ഒഴിവാക്കാം. ഇളം നിറങ്ങൾ കൂടുതലായി ഉപയോഗിക്കുക. അവ ചൂടിനെ പുറന്തള്ളും. കടുംനിറങ്ങൾ ചൂടും പ്രകാശവും വലിച്ചെടുക്കും. ഇളം നീലയും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ വിയർപ്പു കറ പുറത്തു കാണാതിരിക്കാൻ വി ആകൃതിയിലുള്ള കഴുത്തുള്ള ടീഷർട്ടോ ബനിയനോ ഉപയോഗിക്കാം. ബ്ലെയ്സറുകളും കോട്ടുകളും മിക്കവാറും സിൽക്കോ പോളിയെസ്റ്ററോ തുണി കൊണ്ടുള്ളവയാകും. അവയും ഒഴിവാക്കണം. കഴിവതും കൈ മുഴുവനായി മൂടുന്ന ഫുൾ സ്ലീവ് വേഷങ്ങൾ ധരിക്കുക. സൂര്യരശ്മികളേറ്റുള്ള കരിവാളിപ്പ് കുറയ്ക്കാം.

3. കാലുവേദനയും നടപ്പും

ഒരു മാസത്തിലധികം നീളുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ­ നാട്ടിലെ രാഷ്ട്രീയക്കാർക്ക് നാവു പോലെ കാലും ആയുധമാണെന്നതിൽ സംശയം വേണ്ട. കുന്നും മലയും കയറിയിറങ്ങി, വിശ്രമത്തിന് പോലും സമയം കളയാതെ വീടു വീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണം കാലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. പ്രധാനമായും മൂന്നു തരം പ്രശ്നങ്ങൾക്കാണ് സാധ്യത.

∙ നടുവേദന, ഉപ്പൂറ്റി വേദന, കാൽവണ്ണയിലെ വേദനയും കോച്ചിപ്പിടുത്തവും.

നടക്കുമ്പോൾ നടുവിനു താഴ്ഭാഗത്തുണ്ടാകുന്ന അധിക വളവാണ് ഒരു കാരണം. നടക്കുമ്പോഴുള്ള ശരീരനില (posture) കൃത്യമല്ലെങ്കിൽ ഈ പ്രശ്നമുണ്ടാകാം. ഇത്തരം സാഹചര്യത്തിൽ കൂടുതൽ സ്ട്രെച്ചിങ്ങിനോ വ്യായാമത്തിനോ പോകുന്നത് ദോഷമേ ചെയ്യൂ. പകരം ശരീരനില കൃത്യമാക്കി നടുവിന്റെ ആയാസം കുറച്ച് വിശ്രമിക്കണം. രാത്രി കിടക്കുംമുമ്പ് ഇത്തരം വിശ്രമനിലകൾ ചെയ്യുന്നത് നന്നായിരിക്കും. കട്ടിലിൽ മലർന്നു കിടന്ന് രണ്ടു കാലിന്റെയും മുട്ടിനടിയിൽ ഉരുണ്ട തലയണ (ദിവാനിൽ ഉപയോഗിക്കുന്ന തരം) വയ്ക്കുക. ഇപ്പോൾ നടുവിന്റെ വളവ് കൃത്യമായി കട്ടിലിൽ പതിഞ്ഞിരിക്കും. 15 മിനിറ്റു നേരം ഇങ്ങനെ കിടന്നശേഷം ഉറങ്ങുക. ഉറങ്ങാൻനേരം തലയണ മാറ്റണം. നടുവിന് ബാം പുരട്ടി മസാജ് ചെയ്യുന്നതും വേദന കുറയ്ക്കും. നടക്കുമ്പോൾ തല ഉയർത്തി ശരിയായ ശരീരനില പാലിച്ച് നടക്കാൻ ശ്രദ്ധിക്കണം.

നല്ല വണ്ണമുള്ളവരിൽ പകലുള്ള നടപ്പു കഴിഞ്ഞ് രാത്രിയാകുമ്പോഴേക്കും ഉപ്പൂറ്റി വേദനയും നീരും വരാം. ശരിയായ ചെരുപ്പുകൾ ഉപയോഗിച്ചാൽ ഇത്തരം പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം. ­ കുറച്ചധിക നാളത്തെ നടപ്പു കണക്കിലെടുത്ത് ഒരു ജോഡി പുതിയ ചെരുപ്പു വാങ്ങാം. ചെരുപ്പുകൾ കൃത്യമായ പാകത്തിലുള്ളതാകണം, ആർച്ച് സപ്പോർട്ട് ഉള്ളവ നോക്കി വാങ്ങണം. ഇനി ഏതെങ്കിലും പ്രത്യേക ബ്രാൻഡ് മാത്രം ഉപയോഗിക്കുന്നവരാണെങ്കിൽ ലോൻജിറ്റ്യൂഡിനൽ ആർച്ച് സപ്പോർട്ടുകൾ വാങ്ങാൻ കിട്ടും. അതു വാങ്ങി ചെരുപ്പുകളിൽ ഒട്ടിക്കാം, ഷൂസാണെങ്കിൽ ഉള്ളിൽ വയ്ക്കാം. മൈക്രോസെല്ലുലർ റബർ കൊണ്ടുള്ള ചെരുപ്പുകളും കാലിനും ശരിയായ താങ്ങു നൽകും. പ്രാദേശികമായി ലഭിക്കുന്ന കുഷനുള്ള ഷൂസുകളും ചെരുപ്പുകളും ഈടുനിൽക്കുന്നവയാകണമെന്നില്ല.

പ്രസംഗങ്ങൾക്കും മറ്റുമായി ദീർഘനേരം നിൽക്കുകയോ സമ്മേളനങ്ങളിൽ ഏറെ നേരം ഇരിക്കുകയോ ചെയ്തു കഴി‍ഞ്ഞാൽ കാലിനു കഴപ്പും വേദനയും വരാം. ഇതു കുറയ്ക്കാൻ ഏറ്റവും നല്ലത് മൃദുവായ മസാജാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ബഹുഭൂരിപക്ഷവും 40 വയസ്സിനു മുകളിലുള്ളവരാണ്. ഇവരിൽ പലർക്കും വെരിക്കോസ് വെയിൻ പോലെ രക്തയോട്ടം തടസ്സപ്പെടുന്ന രോഗങ്ങളുമുണ്ടാകാം. ഇവരിൽ ദീർഘനേരമുള്ള ഇരിപ്പും നിൽപുമൊക്കെ നീർക്കെട്ടുണ്ടാക്കാം. കാൽ തൂക്കിയിടുമ്പോൾ സ്റ്റോക്കിങ്സ് ധരിക്കുന്നതും. കസേരയിൽ ഇരുന്ന് കാൽ ഹൃദയനിരപ്പിലും മുകളിൽ വരുംപോലെ ഉയർത്തിവയ്ക്കുന്നതും ആശ്വാസം നൽകും.

ദീർഘനേരമുള്ള നടപ്പ് കാല് കോച്ചിപ്പിടിക്കാനും ഇടയാക്കാം. സാധാരണഗതിയിൽ തുടയുടെ പിന്നിലുള്ള ഹാം സ്ട്രിങ് പേശികളാണ് കോച്ചിപ്പിടിക്കുക. മൃദുവായി മുറുകിയിരിക്കുന്ന പേശികളെ മസാജ് ചെയ്യുന്നത് വേദന കുറയ്ക്കും. കസേരയിലോ കട്ടിലിലോ കാൽ നീട്ടി ഇരുന്ന് കാൽവിരലുകളിൽ തൊടുവാൻ ശ്രമിക്കുന്നത് പേശികളിൽ ചെറിയൊരു വലിവു നൽകി മുറുക്കം കുറയ്ക്കും.

4. ഇടറുന്ന തൊണ്ട

രാഷ്ട്രീയക്കാരുടെ ഏറ്റവും വിലപിടിപ്പുള്ള ആയുധമാണ് നാവ്. പ്രസംഗം മാത്രം പോരാ പ്രവൃത്തി കൂടി ശരിയാകണമെന്നാണ്. എങ്കിലും ഒരൊറ്റ പ്രസംഗം കൊണ്ട് ഇടത്തോട്ടോ വലത്തോട്ടോ മുന്നോട്ടോ പിന്നോട്ടോ എന്നൊക്കെ വോട്ടർമാർ ചിലപ്പോൾ തീരുമാനിച്ചുകളയും. തീപ്പൊരി പ്രസംഗങ്ങൾ കൊണ്ട് വോട്ടുബാങ്ക് നിറയ്ക്കാൻ ശ്രമിക്കുമ്പോൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. വളരെ ഉച്ചത്തിൽ ദീർഘനേരം സംസാരിക്കുന്നത് പല പ്രശ്നങ്ങളുണ്ടാക്കും. ശ്വാസോച്ഛ്വാസ ക്രമീകരണത്തോടൊപ്പം തൊണ്ടയിലെയും കഴുത്തിലെയും നിരവധി പേശികൾ കിണഞ്ഞു ശ്രമിക്കുമ്പോഴാണ് സംസാരം നടക്കുന്നത്. ഏറെനേരം നല്ല ഉച്ചത്തിൽ സംസാരിക്കുമ്പോൾ കഴുത്തിലെയും ലാരിങ്സിലെയും പേശികളെല്ലാം ക്ഷീണിതരാകും. വൈദ്യശാസ്ത്ര ഭാഷയിൽ വോയിസ് ഫാറ്റിഗ് എന്നു പറയും. ശബ്ദത്തിന്റെ അമിത ഉപയോഗവും ദുരുപയോഗവും മൂലം വോക്കൽ കോഡ് ഹെമറേജ് വരെ ഉണ്ടാകാം. തൊണ്ടയിൽ നിന്നു രക്തം വരും. രണ്ടു മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതൊഴിവാക്കാം. തോളിനും ചെവിക്കിടയിൽ ഫോൺ വച്ചുള്ള സംസാരം ഒഴിവാക്കുക, പിച്ച് ശ്രദ്ധിക്കുക–വളരെ ഉച്ചത്തിലും ബാസിലും സംസാരിക്കുന്നത് ഒഴിവാക്കുക. പൊതുസമ്മേളനങ്ങളിൽ ആംപ്ലിഫയറുകളുടെ സഹായത്തോടെ മാത്രം സംസാരിക്കുക. ഇല്ലെങ്കിൽ വോയിസ് റെസ്റ്റ് വേണ്ടുന്ന അവസ്ഥയിലേക്കു പോകാം.

5. താളംതെറ്റിയ ഭക്ഷണക്രമവും അസിഡിറ്റിയും

സമയത്ത് ഭക്ഷണം കഴിക്കുകയെന്നത് ഈ സമയത്ത് നടക്കാത്ത കാര്യമാണ്. പ്രചരണത്തിനായിറങ്ങുന്ന വീടുകളിൽ നിന്നു ലഭിക്കുന്ന മധുരപലഹാരങ്ങളും പലതരം പാനീയങ്ങളും (കാപ്പി, നാരങ്ങാവെള്ളം, ഫ്ലേവേഡ് ഡ്രിങ്കുകൾ) എല്ലാം കൂടി ആകുമ്പോൾ വയർ നിറയും. അനാരോഗ്യകരമായ ഈ ഭക്ഷണശീലത്തിന്റെ ഫലം അറിയുന്നത് തിരഞ്ഞെടുപ്പു കഴിയുമ്പോഴായിരിക്കും. പ്രമേഹവും ഹൃദയാരോഗ്യപ്രശ്നവും കൊളസ്ട്രോളും ഒക്കെ ഉണ്ടായിരുന്നവരൊക്കെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ട അവസ്ഥവരും. അതുകൊണ്ട് പ്രായോഗികമായ ചില കാര്യങ്ങൾ പറയാം. മൂന്നുനേരവും വയറു നിറച്ച് എന്നതു മാറ്റി അളവു കുറച്ച് അഞ്ചു നേരമെന്നാക്കുക. നന്നായി ഭക്ഷണം കഴിച്ച് കഴിഞ്ഞ് 10–15 മിനിറ്റ് വിശ്രമിക്കണം. ഇത്തരം സമയനഷ്ടങ്ങൾ ആരോഗ്യത്തിന് ലാഭമേ നൽകൂ എന്നോർക്കുക. പ്രഭാതഭക്ഷണം കഴിവതും രാജാവിനെപ്പോലെ തന്നെ കഴിക്കണം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും അൽപം കൊഴുപ്പും ഒക്കെ ചേർന്നതാകട്ടെ പ്രാതൽ. 11 മണിക്കും 3 മണിക്കുമൊക്കെ അണ്ടിപ്പരിപ്പുകളും ചെറുപഴമുൾപ്പെടെയുള്ള പഴങ്ങളും കഴിക്കാം. ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ, പ്രത്യേകിച്ച് ഇലക്കറികൾ ധാരാളമായി ഉൾപ്പെടുത്തണം. ചൂടുകാലമായതിനാലും വെയിലത്തുള്ള നടപ്പുകൊണ്ട് ശരീരത്തിൽ നിന്നു ജലാംശം നഷ്ടമാകാൻ ഇടയുള്ളതിനാലും അമിതമായ മസാലയും മാംസഭക്ഷണവും കുറയ്ക്കണം. പകരം മീൻ കറി വച്ചത് കഴിക്കാം. പാതി് വയർ നിറയും വരെ ഭക്ഷണം കഴിച്ച് മോരുംവെള്ളം കുടിക്കാം. ഇനിയങ്ങോട്ടുള്ള നടപ്പിന് ഉണർവേകാൻ ഈ എനർജി ഡ്രിങ്ക് സഹായിക്കും.

6. വെള്ളം കുടിക്കാൻ മറക്കരുത്

അകത്തും പുറത്തും ചൂടാണ് സ്ഥാനാർഥികൾക്ക്. പ്രചാരണം പൂർത്തിയാക്കാനുള്ള തത്രപ്പാടും വിജയിക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ കരുനീക്കങ്ങളുടെ സമ്മർദവും എല്ലാം ചേർന്ന് മനസ്സ് ടെൻഷൻ ചൂടിലാണ്. പുറത്തോ കത്തുന്ന വേനൽച്ചൂടും. ആരായാലും വെള്ളം കുടിച്ചുപോകും. കുടിക്കുമ്പോൾ ശ്രദ്ധിച്ചു കുടിക്കണമെന്നു മാത്രം. പ്രചാരണത്തിനു പോകുമ്പോൾ ഒന്നു രണ്ടു കുപ്പി വെള്ളം കൂടി കരുതുന്നതാണ് ബുദ്ധി. വോട്ടർമാർ ചതിക്കില്ലെന്നു വിശ്വസിച്ചാലും വേനലിലെ വെള്ളത്തെ വിശ്വസിക്കരുത്. മഞ്ഞപ്പിത്തവും വയറിളക്കവും ഛർദ്ദിയും എന്നുതുടങ്ങി നാനാവിധ രോഗങ്ങളുടെ അണുക്കൾ വെള്ളത്തിലുണ്ടാകാം. ആരോ കൊണ്ടുവന്നു തരുന്ന ഏതോ വെള്ളം കുടിക്കുമ്പോൾ അതു നല്ലതാണോയെന്നൊന്നും അറിയാനാവില്ല. സാധാരണഗതിയിൽ മുതിർന്നൊരാൾ രണ്ടു ലീറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നാണ്. ചൂടുകാലവും ദീർഘനേരത്തെ അലച്ചിലും കണക്കിലെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞത് മൂന്നു ലീറ്ററെങ്കിലും വെള്ളം കുടിക്കണം. ചിലർ വെള്ളം കരുതില്ല. കിട്ടുന്ന വെള്ളത്തിന്റെ വൃത്തിയിൽ സംശയമുള്ളതുകൊണ്ട് കുടിക്കുകയുമില്ല. ചിലർ മൂത്രശങ്ക പേടിച്ച് വേണ്ടത്ര വെള്ളം കുടിക്കില്ല. ഇതെല്ലാം അപകടമാണെന്നു പ്രത്യേകിച്ച് പറയേണ്ടല്ലൊ? കൂടെ വെള്ളം കരുതാത്തപ്പോൾ പച്ചവെള്ളമോ പഴച്ചാറോ കുടിക്കുന്നതിനു പകരം കഞ്ഞിവെള്ളം വാങ്ങിച്ചു കുടിക്കാം. തിളപ്പിച്ചതായതുകൊണ്ട് അണുബാധ പേടിക്കേണ്ട, ഒന്നാന്തരം എനർജി ഡ്രിങ്കാണു താനും. നാരങ്ങാവെള്ളവും സോഡയും ചായയും കാപ്പിയുമൊന്നും പരിധിവിട്ടു കഴിക്കരുത്. ചൂടിൽ നടന്നിട്ടു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച വെള്ളം കുടിക്കരുത്. തൊണ്ടയ്ക്ക് പ്രശ്നമാകും. മധുരമുള്ള ജ്യൂസുകളും അമിതമായി കുടിക്കരുത്. പ്രമേഹമുള്ളവരിൽ മാത്രമല്ല അല്ലാത്തവരിലും അമിതമധുരം അതിദാഹത്തിനും മൂത്രശങ്കയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. . കരിക്കുംവെള്ളവും മോരുംവെള്ളവും ആശങ്കയില്ലാതെ കുടിക്കാം.

7. ഒാപ്പൺ ജീപ്പും ആരോഗ്യപ്രശ്നങ്ങളും

നാടിന്റെ പൊന്നോമന പുത്രൻ, നിങ്ങളുടെ പ്രിയ സ്ഥാനാർഥി ഇതാ വാഹനത്തിന്റെ പിന്നാലെ വരുന്നു....എന്നൊരു അനൗൺസ്മെന്റും പിന്നാലെ ഒാപ്പൺ ജീപ്പിൽ കൈ വീശി വരുന്ന സ്ഥാനാർഥിയും. തിരഞ്ഞെടുപ്പു കാലത്തെ പതിവു കാഴ്ചയാണ്. എന്നാൽ ഈ എരിപൊരി വേനലിൽ ഇത്തരമൊരു സാഹസം വേണോ എന്നതു ചിന്തിക്കേണ്ടിയിരിക്കുന്നു. വെയിലത്തിങ്ങനെ യാതൊരു മറയുമില്ലാതെ നിൽക്കുമ്പോൾ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ നേരിട്ടു ശരീരത്തിൽ പതിക്കും. ഇത് കടുത്ത പൊള്ളലിന് (Sun burn) ഇടയാക്കുമെന്നതിൽ സംശയം വേണ്ട. ചുവന്ന് തിണർപ്പായോ കുമിളകൾ പോലെയോ ആണ് കാണപ്പെടുക. തൊലി പൊളിഞ്ഞിളകാം. ചിലരിൽ 24 മണിക്കൂറിനുള്ളിലേ ഇതു കണ്ടുതുടങ്ങും. ചിലരിൽ 48 മണിക്കൂറെടുക്കും. മറ്റു ചിലരിൽ 72 മണിക്കൂറും. കാലിൽ മുട്ടിനു താഴെയായും കുമിളകൾ വരാം. ചിലരിൽ പനി, വിറയൽ. അവസാനം കുഴഞ്ഞുവീഴും. ഷോക്കിലേക്കു വരെ പോകുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. ഒന്നുകിൽ വെയിലത്തുള്ള ഈ സാഹസം വേണ്ടെന്നു വയ്ക്കുക, അല്ലെങ്കിൽ സൂര്യരശ്മികളെ പ്രതിരോധിക്കുന്ന പോളി കാർബണേറ്റഡ് ഷീറ്റുകൊണ്ട് വാഹനത്തിന് മേൽക്കൂര വയ്ക്കുക.

8. രോഗങ്ങളെ പിണക്കരുതേ

നമ്മുടെ സ്ഥാനാർഥികളിൽ ഏറിയ പങ്കും 40 വയസ്സു കഴി‍ഞ്ഞവരാണ്. പ്രായാനുബന്ധമായ ആരോഗ്യ പ്രശ്നങ്ങളും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളും ഉള്ളവരാണ് ചിലരെങ്കിലും. രോഗികളായവർ കഴിവതും പരിശോധനകൾ മുടക്കരുത്. പ്രത്യേക ഡയറ്റ് നോക്കുന്നവർ ഭക്ഷണം കൂടെ കരുതണം. നിർബന്ധമായും വെള്ളം കുടിക്കണം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വന്നാൽ പോലും വഷളാകാൻ സാധ്യത കൂടിയവരാണിവർ. മരുന്നുകളും കൃത്യമായി കഴിക്കണം. ചില പ്രത്യേക ഗ്രൂപ്പിൽ പെട്ട മരുന്നു കഴിക്കുന്നവർക്ക് അൾട്രാവയലറ്റ് രശ്മികളുടെ ദോഷഫലങ്ങൾ കൂടുതലേൽക്കാം. ഉദാഹരണത്തിന് ചില തരം പ്രമേഹമരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, മുഖക്കുരു മരുന്നുകൾ, ചിലതരം ഹൃദ്രോഗമരുന്നുകളും വൃക്കപ്രശ്നങ്ങൾക്കുള്ള മരുന്നുകളും, ഉത്കണ്ഠ പോലെയുള്ളവയുടെ മരുന്നുകൾ. പൊതുവേ മരുന്നു കഴിക്കുന്നവർ ഇത്തരമൊരു അപകടസാധ്യത തങ്ങൾക്കില്ലായെന്നു ഡോക്ടറുമായി സംസാരിച്ച് ഉറപ്പാക്കേണ്ടതാണ്.

9. ഉറക്കമെന്ന തിരഞ്ഞെടുപ്പ് അജണ്ട

രാവേറെ നീളുന്ന പ്രചാരണം കഴി‍ഞ്ഞ് ഉറങ്ങാൻ നേരമില്ലാതെ വെളുപ്പിനെ അടുത്ത റൗണ്ടിനിറങ്ങുന്നത് നല്ലതല്ല. ദിവസവും ആറു മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം. ഉറക്കക്കുറവും മാനസിക സമ്മർദവും ചേർന്നാൽ ആരോഗ്യം താളംതെറ്റും. ശ്രദ്ധയും ഊർജവുമൊക്കെ നഷ്ടമാകും.