കോട്ടയം മെഡി. കോളജിലെ ഹൃദ്രോഗവിഭാഗം സ്ഥാപക മേധാവി ആയിരുന്ന ഡോ. ജോർജ് ജേക്കബ് നവതിയുടെ നിറവിലാണ്. കേരളത്തിലെ ഹൃദ്രോഗചികിത്സയിലെ മാറ്റങ്ങളെ അടുത്തുനിന്നു വീക്ഷിച്ച അദ്ദേഹം തന്റെ ചികിത്സാ അനുഭവങ്ങൾ കോട്ടയം മെഡി. കോളജിൽ മെഡിസിൻ വിഭാഗം പ്രഫസറായിരുന്ന ഡോ. മാത്യു പാറയ്ക്കലുമായി പങ്കുവയ്ക്കുന്നു. മനോരമ ആരോഗ്യം സെപ്തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖം വായിക്കാം.
ഡോ. മാത്യു പാറയ്ക്കൽ: ഏത് അലുമ്നി മീറ്റ് നടന്നാലും ഡോ. ജോർജ് ജേക്കബിനെ കുറിച്ച് പറയാതിരുന്നിട്ടില്ല. എന്താണ് ദീർഘായുസ്സിന്റെ രഹസ്യം?
ഡോ. ജോർജ് ജേക്കബ്: എന്നെ കാണാൻ വരുന്നവരോട് ഡയറ്റ് നോക്കണം, വ്യായാമം ചെയ്യണം എന്നൊക്കെ ഉപദേശിക്കുമായിരുന്നു. പക്ഷേ, അതൊന്നും ഞാൻ പാലിച്ചിട്ടില്ല. (വീണ്ടും ചിരി
മുഴങ്ങി). എന്റെ അമ്മ 103–ാം വയസ്സിലാണ് മരിച്ചത്. കുടുംബപരമായി ആയുസ്സുണ്ട്. പിന്നെ, യാതൊരു ചീത്ത ശീലങ്ങളുമില്ല.
പാമ്പാടി പുള്ളോലിക്കൽ കുടുംബത്തിലെ ആദ്യ ഡോക്ടറാണ് ഡോ. ജോർജ് ജേക്കബ്. ഇപ്പോൾ പുള്ളോലിക്കൽ കുടുംബത്തിൽ 34 ഡോക്ടർമാരുണ്ട്.
ഡോ. മാത്യു പാറയ്ക്കൽ: ഡോ. ജോർജ് ആയിരുന്നല്ലൊ കോട്ടയത്തെ കാർഡിയോളജി വിഭാഗം സ്ഥാപക തലവനും പ്രഫസറും. ആ കാലത്തെക്കുറിച്ചുള്ള ഒാർമകൾ എന്തൊക്കെയാണ്?
കേരളത്തിൽ ആദ്യമായി കാർഡിയോളജി വിഭാഗം പ്രത്യേകമായി വന്നത് കോട്ടയത്താണ്, 1970–ൽ. 28 കിടക്കകളുമായാണ് പ്രവർത്തനം ആരംഭിച്ചത്. തുട ക്കത്തിൽ പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു. കാർഡിയോളജിയിലാണെങ്കിൽ മരിച്ചു പണിയെടുക്കേണ്ടി വരുമെന്ന് അന്നൊക്കെ പിജി ഡോക്ടർമാരുടെയിടയിൽ ഒരു സംസാരം തന്നെയുണ്ടായിരുന്നു. ഞങ്ങളുടെയെല്ലാം പരിശ്രമഫലമായി സൗകര്യങ്ങളെല്ലാം ഒാരോന്നായി വന്നു. എക്കോ ലാബ്, കാർഡിയാക് കതീറ്ററൈസേഷൻ...
കൊച്ചുകുട്ടികളിലെ ഹൃദയപ്രശ്നങ്ങൾ
കേരളത്തിലേക്കു വരും മുൻപേ ബ്രിസ്റ്റളിലെ റോയൽ ഇൻഫർമറി ആശുപത്രിയിലായിരുന്നു. അവിടെ യൂറോപ്യന്മാരുടെ ഇടയിൽ ഞാൻ ഒറ്റ മലയാളി ഡോക്ടറേയുള്ളു. മറക്കാനാവാത്ത ഒരു സംഭവം അവിടെ വച്ചുണ്ടായി. ഒരു പ്രശസ്തനായ സർജൻ ശസ്ത്രക്രിയ ചെയ്യുകയാണ്. സർജറിയെല്ലാം കഴിഞ്ഞ് ഹൃദയത്തിന്റെ പുറംഭാഗത്തെ ആവരണമായ പെരികാർഡിയത്തിലേക്ക് ട്യൂബ് ഇട്ടു. ട്യൂബ് ഇട്ടപ്പോൾ മുതൽ ഹൃദയമിടിപ്പിന്റെ താളം മാറിത്തുടങ്ങി. പ്രശ്നമെന്താണെന്ന് ആർക്കും പിടികിട്ടുന്നില്ല. ട്യൂബ് ഹൃദയ പേശിയിൽ തൊട്ടാണ് ഇരിക്കുന്നത് എന്ന് എനിക്കു മനസ്സിലായി. പെട്ടെന്നു ട്യൂബ് മാറ്റാൻ പറഞ്ഞു. അതു ചെയ്തതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. അതിനുശേഷം എന്തു കാര്യവും അവർ എന്നോടുകൂടി കൺസൽറ്റ് ചെയ്തു തുടങ്ങി.
മെഡിക്കൽ കോളജിൽ നിന്നു വിരമിച്ചശേഷം കാരിത്താസിലാണ് ജോലിചെയ്തത്, നീണ്ട 26 വർഷം. അവിടെവച്ചാണ് കൊച്ചുകുട്ടികൾക്ക് ഹൃദയം വലുതായി വരുന്ന ഒരു അവസ്ഥ കണ്ടത്. അത്തരം 50–60 കേസുകൾ പഠിക്കാൻ അവസരം കിട്ടി. അതിനെക്കുറിച്ചുള്ള റിപ്പോർട്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
ഹൃദ്രോഗചികിത്സാ മേഖലയിൽ മരണനിരക്കു കുറയ്ക്കാൻ പുതിയ മാറ്റങ്ങൾ ഇടവരുത്തിയെന്നു ഡോ. ജോർജ് ജേക്കബ് പറയുന്നു. ‘‘ ഐസിയുവിന്റെ വരവോടെ മരണം 15 ശതമാനമായി കുറഞ്ഞു. ആൻജിയോഗ്രഫിയുടെ വരവോടെ അറ്റാക്കിനെ തുടർന്നുള്ള മരണങ്ങൾ 2–3 ശതമാനമായി. ആധുനിക രോഗനിർണയ ഉപാധികൾ വന്നതോടെ രോഗനിർണയം പെർഫക്റ്റ് ആയെന്നാണ് ഡോ. ജോർജ് ജേക്കബിന്റെ അഭിപ്രായം.