Wednesday 18 July 2018 10:52 AM IST : By സ്വന്തം ലേഖകൻ

‘326 കിലോ ഭാരവുമായി വിമാനമിറങ്ങി, 151 കിലോയിലേക്ക് അത്ഭുതകരമായ മാറ്റം’; കേരളത്തോട് നന്ദി പറഞ്ഞ് ലാമിയ

lamia

കിടന്ന കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ പോലുമാകാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു സൗദി സ്വദേശിയായ ലാമിയക്ക്. തന്റെ പ്രായത്തിലുള്ള യുവതി യുവാക്കൾ ചുറുചുറുക്കോടോ ഓടി നടക്കുമ്പോൾ എല്ലാം കണ്ട് നെടുവീർപ്പിടാനേ അവൾക്കാകുമായിരുന്നുള്ളൂ. ശരീരത്തിനൊപ്പം മനസും തളർത്തിയ അമിതവണ്ണം തന്നെയാണ് എല്ലാത്തിനും കാരണം. നൂറും നൂറ്റമ്പതുമല്ല, 326 കിലോ ഭാരമാണ് ലാമിയയുടെ മനസിനെയും ശരീരത്തെയും മനസിനെയും തളർത്തിയിരുന്നത്.

എന്നാൽ നിരാശയുടെയും ബുദ്ധിമുട്ടുകളുടെയും ആ ഭൂതകാലം എങ്ങോ പോയ് പറഞ്ഞിരിക്കുന്നു. 326 കിലോയിൽ നിന്നും 151 കിലോയിലേക്ക് ശരീര ഭാരം കുറച്ച അവള്‍ അസാധ്യമായതെന്ന് കരുതിയിരുന്നതിനെ വരുതിയിലാക്കിയിരിക്കുകയാണ്. ഓടാനും ചാടാനും നടക്കാനുമെല്ലാം അവൾക്കാകുന്നുണ്ട്. ലാമിയയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ രണ്ടാം ജന്മം!

കൈവിട്ട് പോയ ജീവിതത്തെ തിരികെ നൽകിയതിന് ലാമിയ നന്ദി പറയുന്നത് കേരള മണ്ണിനോടാണ്. പൊണ്ണത്തടി നല്‍കിയ നരകയാതനയോട് വിട പറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് വരാൻ അവളെ പ്രാപ്തയാക്കിയത് കേരളത്തിലെ ഒരു സംഘം ഡോക്ഡർമാർ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു ലാമിയയുടെ ജീവിതം തന്നെ മാറ്റിമറിച്ച ആ ദൗത്യത്തിന് നേതൃത്വം നൽകിയത്.

എട്ട് മാസം മുമ്പാണ് 326 കിലോയുള്ള ലാമിയ പൊണ്ണത്തടി കുറയ്ക്കുന്നതിനായി കേരളത്തിലെത്തിയത്. അമിതമായ ഭാരത്തെ തുടര്‍ന്ന് ഇവര്‍ ശാരീരികമായും മാനസികമായും ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നു. കേരളത്തിലേയ്ക്ക് വരുന്നതിനായി എളുപ്പത്തില്‍ വിസ റെഡിയാക്കി. സൗദി എയര്‍ലൈന്‍സില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. ലാമിയയുടെ പിതാവും സഹോദരനും ഒപ്പമുണ്ടായിരുന്നു. ആശുപത്രി പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സിലായിരുന്നു പിന്നീട് ഇവരുടെ യാത്ര.

ലാമിയയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഫാദര്‍ എഡ്വേര്‍ഡ് അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുന്നതിങ്ങനെ;

‘ലാമിയയെ ഇവിടെ അഡ്മിറ്റ് ചെയ്യുമ്പോള്‍ മാനസികമായി വളരെ മോശം അവസ്ഥയിലായിരുന്നു. ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയായിരുന്നു ലാമിയയുടെ അമിത വണ്ണത്തിനു പ്രധാന കാരണം. ഹീമോഗ്ലോബിന്‍ വളരെ താഴ്ന്ന നിലയില്‍ വളരെ ക്രിറ്റിക്കല്‍ അവസ്ഥയിലായിരുന്നു ഈ കുട്ടിയെ ഇവിടെ അഡ്മിറ്റ് ചെയ്തത്. മാത്രമല്ല അമിത വണ്ണം കുറയുന്നതിനായി അലോപ്പതി ഡോക്ടര്‍മാര്‍ നല്‍കിയ ഗുളികകളും മാനസികാസ്വാസ്ഥ്യത്തിനു വഴിവെച്ചു.’

ഇവിടുത്തെ (ഹോമിയോ )എക്സ്പെര്‍ട്ട് ഡോക്ടര്‍മാരുടെ ചികിത്സയെ തുടര്‍ന്ന് എട്ട് മാസം കൊണ്ട് 326 കിലോയില്‍ നിന്ന് 151 കിലോയിലെത്തിയ്ക്കാന്‍ സാധിച്ചു. ഇപ്പോള്‍ ലാമിയയ്ക്ക് നടക്കാനും യഥേഷ്ടം സഞ്ചരിയ്ക്കാനും സാധിയ്ക്കുന്നു. ഇന്ന് അവള്‍ എല്ലാവരുടേയും മുഖത്ത് നോക്കി പുഞ്ചിരി തൂകുന്നു.’

എന്തായാലും മനസു നിറയുന്ന പുഞ്ചിരിയുമായാണ് ലാമിയ സ്വന്തം നാട്ടിലേക്ക് വണ്ടി കയറുന്നത്. ഒപ്പം ജീവിതം തന്നെ തിരികെ നൽകിയ കേരള മണ്ണിനോടുള്ള ഹൃദ്യമായ നന്ദിയും അറിയിക്കുന്നു ഈ പെൺകൊടി.