Monday 05 March 2018 02:28 PM IST

സ്ഥിരമായി മദ്യപിക്കാറുണ്ടോ, എങ്കില്‍ കാന്‍സര്‍ രോഗമുറപ്പ് ! കേരളത്തിലെ ഈ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Santhosh Sisupal

Senior Sub Editor

alcohol1

പാലുകുടിച്ചാലും പഞ്ചസാര കഴിച്ചാലും പ്ലാസ്റ്റിക് കുപ്പിയിൽ വരുന്ന വെള്ളം കുടിച്ചാലും കാൻസർ വരുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്ന നാടാണ് കേരളം. കാരണം കാൻസറിനെ അത്രയ്ക്കു ഭയമാണ് നമുക്ക്. കാൻസർ കൂടിവരുന്നതിൽ കടുത്ത ആശങ്കയുമുണ്ട്. എന്നാൽ മദ്യപിച്ചാൽ കാൻസർ വരുമെന്ന കാര്യത്തിൽ  നമുക്കത്ര ഉറപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇതാ ഗവേഷകലോകം ആ വാസ്തവത്തിനു അടിവരയിട്ടു കഴിഞ്ഞു–മദ്യം കാൻസർ വരുത്തും, ഉറപ്പ്.


അർബുദം ഉണ്ടാക്കുന്ന വസ്തുക്കളാണ് കാർസിനോജെനുകൾ. അർബുദമുണ്ടാക്കുന്ന ഒരു വസ്തുവിനോടൊപ്പംചേരുമ്പോൾ അർബദസാധ്യത കൂട്ടുന്ന വസ്തുക്കളാണ് കോ–കാർസിനോജെനുകൾ. മുമ്പ് മദ്യത്തെ കോ–കാർസിനോജെനുകളിലൊന്നായാണ് പരിഗണിച്ചിരുന്നത്. 1987–ൽ ലോകാരോഗ്യസംഘടനയുെട  ഇന്റർനാഷണൽ ഏജൻസി ഫോർ
റിസർച്ച് ഓൺ കാൻസർ (IARC) ആണ് മദ്യവും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആധികാരികമായി സൂചിപ്പിച്ചത്. വായിലേയും തൊണ്ടയിലേയും  കാൻസറുകൾക്ക് മദ്യം നേരിട്ടു കാരണമാകുന്നതായി അവർ നിരീക്ഷിച്ചു.


എന്നാൽ കഴിഞ്ഞമാസം അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിലൂടെ പുറത്തുവിട്ട ഒരു താരതമ്യ പഠനത്തിൽ മദ്യം കാൻസർ വരുത്തുമെന്നു പൂർണമായും സ്ഥാപിക്കുന്നു. മാത്രമല്ല മിതമായ മദ്യപാനം േപാലും സ്ത്രീകളിലെ അർബുദസാധ്യത പലമടങ്ങു വർധിപ്പിക്കുമെന്നതു പോലുള്ള ഞെട്ടിക്കുന്ന വിവരങ്ങളും ഈ പഠനറിപ്പോർട്ടിലുണ്ട്.


ഏഴുതരം അർബുദം


മദ്യവും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവിധ പഠനങ്ങളെ വിശകലനം ചെയ്തു വന്ന ജേണൽ ഒാഫ് ക്ലിനിക്കൽ ഒാങ്കോളജിയുടെ റിപ്പോർട്ടിലും ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഒാൺ കാൻസർ (IARC-WHO)ന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലും മദ്യം ഏഴുതരം കാൻസറുകൾക്കു കാരണമാകുന്നതായി സ്ഥാപിക്കുന്നു. വായ്, തൊണ്ട, സ്തനം, അന്നനാളം, കരൾ, കുടൽ, മലദ്വാരം എന്നീ ഏഴു ഭാഗങ്ങളിലെ അർബുദത്തിനു മദ്യം കാരണമാകുമെന്നാണ് സംശയാതീതമായി തെളിയിച്ചിരിക്കുന്നത്. പുതിയ കാൻസർ രോഗികളിൽ 5.5 ശതമാനം പേരിലും മദ്യമാണ് കാൻസറിനു കാരണമായിത്തീരുന്നത്. കാൻസർ മരണങ്ങളിൽ 5.8 ശതമാനത്തിനും മദ്യം കാരണമാകുന്നു–റിപ്പോർട്ട് പറയുന്നു.

alcohol2

മദ്യം നിർത്തണോ?


മദ്യം കാൻസറുണ്ടാകുമെന്ന കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചശേഷം അമേരിക്കൻ െസാെെസറ്റി ഒാഫ് ക്ലിനിക്കൽ ഒാങ്കോളജിയിലെ വിദഗ്ധർ ഒരു സുപ്രധാന ചോദ്യത്തിനുകൂടി ഉത്തരം നൽകുന്നു. മദ്യപാനം പൂർണമായും ഉപേക്ഷിക്കണോ? ‘‘മദ്യപിക്കരുത് എന്നല്ല. അർബുദസാധ്യത കുറയ്ക്കണമെങ്കിൽ മദ്യപാനം കുറയ്ക്കുക, വല്ലപ്പോഴും മാത്രമാക്കുക. ഇതുവരെ മദ്യം കഴിച്ചിട്ടില്ലാത്തവർ ഇനിയും ആരംഭിക്കാതിരിക്കുക.’’ ഈ വിശദീകരണം മദ്യപാനികൾക്ക് അൽപം ആശ്വാസം പകരുമെങ്കിലും കേരളീയ സാഹചര്യത്തിൽ ഇതിനു പ്രസക്തിയുണ്ടോ?

മദ്യപാനം പൂർണമായും  നിർത്തുകയാണ് മദ്യത്താലുള്ള അർബുദം കുറയ്ക്കാനുള്ള മാർഗമെന്ന് മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം പറയുന്നു. ‘‘മലബാർ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ മദ്യപാനത്താലുള്ള കാൻസർ കുറയ്ക്കാനുള്ള പല പദ്ധതികളും ആരംഭിച്ചുകഴിഞ്ഞു. കാരണം, ചികിത്സിക്കാൻ പ്രയാസമേറിയ കരളിലെ കാൻസർപോലുള്ളവ വരുന്ന 10 വർഷത്തിനുള്ളിൽ കാര്യമായി വർധിക്കുമെന്നതിന്റെ സൂചനകൾ കാണുന്നുണ്ട്.

മദ്യം കുറയ്ക്കുകയല്ല, നിർത്തുക മാത്രമാണ് പരിഹാരമെന്നു പറയാൻ കാരണമുണ്ട്. എന്തെന്നാൽ കേരളീയർ കഴിക്കുന്ന മദ്യത്തിന്റെ അളവു തന്നെയാണു പ്രധാനം. ഇന്ത്യയിൽ തന്നെ മദ്യോപഭോഗത്തിൽ മുൻനിരയിലാണു കേരളം. ഒപ്പം മദ്യപാനത്തിന്റെ കാലയളവും. വളരെ ചെറുപ്പത്തിലേ മദ്യപിക്കുന്നവരുടെ എണ്ണവും കേരളത്തിലാണ്. അമിതമദ്യപാനവും ദീർഘകാല മദ്യപാനവും അർബുദസാധ്യത തീവ്രമാക്കുന്നതിനാൽ അത്തരക്കാർ മദ്യം പൂർണമായും ഉപേക്ഷിക്കുകയാണ് മദ്യപാനത്താലുള്ള അർബുദം ഒഴിവാക്കാനുള്ള ഏകമാർഗം.
അർബുദസാധ്യത കൂട്ടുന്ന മറ്റ് അപായഘടകങ്ങളും കൂടിയായാൽ മദ്യത്തിന്റെ ദോഷം പലമടങ്ങാവും. ഉദാഹരണമായി പുകവലിയും മദ്യപാനവും. പുകവലി മാത്രം തന്നെ മാരകമായ അർബുദകാരിയാണ്. പുകവലിക്കാത്തവർ പോലും മദ്യപിക്കുമ്പോൾ പുകവലിക്കാറുണ്ട്. ഇതു രണ്ടിന്റെയും ദോഷത്തെ പലമടങ്ങ് അധികരിപ്പിച്ചു കാൻസർ സാധ്യത മാരകമാംവിധം കൂട്ടുമെന്നും ഡോ. സതീശൻ പറയുന്നു.

മദ്യം ചെയ്യുന്നത്


മദ്യം വായ്ക്കുള്ളിൽ കടക്കുന്ന സമയം മുതൽ തന്നെ അർബുദസാധ്യതാവ്യതിയാനങ്ങൾ വരുത്തിത്തുടങ്ങും. ശരീരത്തിലെത്തുന്ന മദ്യം ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളുടെ (മെറ്റബോളിസം) ഫലമായി അസറ്റാൽഡിെെഹഡ് എന്ന രാസഘടകം രൂപപ്പെടുത്തുന്നു. അസറ്റാൽഡിെെഹഡ് കോശങ്ങളിൽ മ്യൂട്ടേഷൻ വരുത്താൻ ശേഷിയുള്ളവയാണ്. നിരന്തരമായ മദ്യപാനത്തിൽ മ്യൂട്ടേഷൻ സാധ്യത വർധിക്കുകയും കോശങ്ങൾക്കു മാറ്റം വന്നു കാൻസർ രൂപപ്പെടാൻ ഇടയാവുകയും ചെയ്യാമെന്ന് കമ്യൂണിറ്റി ഒാങ്കോളജി വിദഗ്ധനായ തിരുവനന്തപുരം ആർസിസിയിലെ ഡോ.ആർ. ജയകൃഷ്ണൻ പറയുന്നു.


മദ്യം വായിലെത്തുമ്പോൾ തന്നെ വായിലെ ബാക്ടീരിയകളുമായി പ്രവർത്തിച്ച് അസറ്റാൽഡിെെഹഡ് രൂപപ്പെടാൻ തുടങ്ങും. എന്നാൽ ശരീരത്തിൽ കാൻസറിനു കാരണമാകുന്ന സൂക്ഷ്മ വ്യതിയാനങ്ങൾ മദ്യം വരുത്തുന്നതെങ്ങനെയെന്നതു കൂടുതൽ പഠനങ്ങൾ നടക്കേണ്ട മേഖലയാണെന്നും ഡോ. ജയകൃഷ്ണൻ പറയുന്നു.
പുകവലിയും അർബുദവും തമ്മിലുള്ള ബന്ധം പൊതുജനങ്ങൾക്കു ധാരണയുണ്ട്. ‌പക്ഷേ മദ്യപാനം വർഷാവർഷം കൂടിവരികയാണ്. കാൻസറിന്റെ 30 ശതമാനത്തിനും പുകയില കാരണമാണ്. പുകയിലയെക്കാൾ വീര്യം കുറഞ്ഞ അർബുദകാരിയാണ് മദ്യമെങ്കിലും വ്യാപകമായ ഉപയോഗം ആശങ്ക വർധിപ്പിക്കുകയാണ്. ഉയർന്ന പ്രായം പോലെയുള്ള അർബുദത്തിന്റെ പല അപായഘടകങ്ങളുമായി മദ്യവും കൂടിച്ചേരുമ്പോൾ മദ്യം വരുത്തുന്ന അർബുദസാധ്യത അതീവ ഗൗരവമായിത്തന്നെ കാണണമെന്നു ഡോ. ജയകൃഷ്ണൻ പറയുന്നു.


അഞ്ചുമടങ്ങ് കൂട്ടുന്നു


മിതമായ മദ്യപാനം പോലും കാൻസർ സാധ്യത കൂട്ടുന്നു. പിന്നെ അമിതമദ്യപാനത്തിന്റെ കാര്യം പറയേണ്ടതുണ്ടോ? മിതമായ മദ്യപാനത്തിന്റെയും (മോഡറേറ്റ് ഡ്രിങ്കിങ്) അമിത മദ്യപാനത്തിന്റെയും (ഹെവി ഡ്രിങ്കിങ്) അന്തർദേശീയ അളവു പരിശോധിച്ചാൽ കേരളത്തിൽ അമിതമദ്യപാനമേയുള്ളൂവെന്നു പറയേണ്ടിവരും.
ഒരു പെഗ് മദ്യമെന്നാൽ ഒരു യൂണിറ്റ് അഥവാ 30 മി.ലീറ്റർ ആൽക്കഹോൾ എന്നർഥം. മോഡറേറ്റ് ഡ്രിങ്കിങ്ങിൽ സ്ത്രീകൾക്ക് പ്രതിദിനം ഒരു പെഗ്ഗും പുരുഷനു രണ്ടു പെഗ്ഗും ആകാം. അതായത് ആഴ്ചയിൽ സ്ത്രീകൾക്ക് ഏഴു പെഗ്ഗും (210 മി.ലീ.) പുരുഷന് 14 പെഗ്ഗും മദ്യം (240 മി. ലീ.) വരെ. ഈ മിതമദ്യപാനം പോലും വായിലെയും തൊണ്ടയിലെയും അർബുദവും സ്ത്രീകളിൽ സ്തനാർബുദസാധ്യതയും ഇരട്ടിയാക്കുമെന്നു പഠനങ്ങൾ വ്യക്തമായി സ്ഥാപിക്കുന്നു. കൂടാതെ കുടലിലെയും മലദ്വാരത്തിലെയും അർബുദസാധ്യത കൂട്ടുമെന്നും നിരീക്ഷണങ്ങളുണ്ട്.

alcohol3


സ്ത്രീകൾ ആഴ്ചയിൽ എട്ടോ അതിലധികമോ പെഗ്ഗ് മദ്യം കഴിക്കുന്നതും പുരുഷൻ 15–ൽ അധികം പെഗ്ഗ് മദ്യം കഴിക്കുന്നതും അമിതമദ്യപാനമാണ്. മദ്യപിക്കാത്ത ഒരാളെക്കാൾ വായിെലയും തൊണ്ടയിലെയും അന്നനാളത്തിലെയും കാൻസർ സാധ്യത ഇക്കൂട്ടരിൽ അഞ്ചു മടങ്ങു കൂടുതലാണ്. തൊണ്ടയിലെ സ്വനപേടകത്തിൽ അർബുദം വരാനുള്ള സാധ്യത മൂന്നുമടങ്ങും കരൾ, സ്തനം, കുടൽ, മലദ്വാര–കാൻസറുകൾ വരാനുള്ള സാധ്യത രണ്ടു മടങ്ങും കൂടുതലാണ്. ഇതിൽ നിന്നും മദ്യത്തിനു കാൻസറിനോടുള്ള അപകടകരമായ ബന്ധം അളവു കൂടുന്നതിനനുസരിച്ചു കൂടിവരുന്നതായി മനസ്സിലാക്കാം.

അടിമുടി മാറണം


മദ്യം ഒഴിവാക്കണം എന്ന നിർദേശത്തോട് യോജിക്കുന്നുണ്ടെങ്കിലും അതിന്റെ അപ്രായോഗികത കണക്കിലെടുത്തു മദ്യപാനരീതിയിലെ അപാകതകൾ പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്ന് പൊതുജനാരോഗ്യവിദഗ്ധനായ ഡോ. െെടറ്റസ് ശങ്കരമംഗലം പറയുന്നു. അമിതമദ്യപാനം മുതൽ ഒറ്റയടിക്കു മദ്യം വിഴുങ്ങുന്ന രീതിവരെ (നിൽപനടി) മാറ്റണം. മദ്യപിച്ചിട്ടില്ലാത്തവർ മദ്യപാനം ആരംഭിക്കാതിരിക്കുന്നതാണു നല്ലത്. മദ്യപിക്കുന്നവർക്ക് മദ്യപാനത്താലുള്ള അർബുദസാധ്യത എപ്പോഴുമുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ സാധ്യത ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും കുറയ്ക്കാനാകും–അദ്ദേഹം പറയുന്നു.
1.അമിതമായി മദ്യപിക്കുന്നവർ മദ്യപാനം നിർത്തുകയോ മിതമദ്യപാനത്തിലേക്കു മാറുകയോ ചെയ്യണം.
2. സ്ത്രീകൾ മദ്യപിക്കാതിരിക്കുക. കഴിക്കുന്നവർ വല്ലപ്പോഴും മാത്രം മിതമായ രീതിയിലാക്കുക.
3. പുകവലി വേണ്ട, മദ്യത്തിനൊപ്പം ഒട്ടും വേണ്ട.
4. നേർപ്പിച്ചു മാത്രം മദ്യം ഉപയോഗിക്കുക. െെഡ്ര മദ്യം കഴിക്കരുത്.
5. ഒരു സമയം ഒന്നിലധികം തരം മദ്യം കഴിക്കാതിരിക്കുക.
6. മദ്യപാനത്തിനു മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം. ഒഴിഞ്ഞ ആമാശയത്തിലേക്ക് മദ്യം ചെല്ലേണ്ട.
7. വാർധക്യത്തിലേക്ക് എത്തിയവർ മദ്യം തീർത്തും ഒഴിവാക്കുക.
8. ദീർഘകാലമായി പുകവലിയുള്ളവർ മദ്യം തീർത്തും ഒഴിവാക്കുക.
9. ഒരിക്കൽ ഏതെങ്കിലും തരത്തിൽ അർബുദം വന്നവർ മദ്യം കഴിക്കരുത്.
10. മദ്യം ഒഴിവാക്കാൻ തീർത്തും കഴിയാത്തവർ റെഡ് െെവൻ, ബിയർ എന്നിവയിലേക്കെങ്കിലും മാറുക.

alcohol4

 

സ്ത്രീകളുടെ മദ്യപാനവും സ്തനാർബുദവും



സ്ത്രീകളിെല മദ്യപാനവും സ്തനാർബുദവും തമ്മിലുള്ള അടുത്തബന്ധം സ്ഥാപിക്കുന്ന നൂറോളം പഠനങ്ങളുണ്ട്. അറുപതിനായിരത്തോളം സ്ത്രീകളെ പഠന വിധേയമാക്കിയ 53 പഠനങ്ങളുടെ താരതമ്യവിശകലനത്തിൽ (മെറ്റാഅനാലിസിസ് സ്റ്റഡി) ദിവസം മൂന്നു ഡ്രിങ്കു കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദസാധ്യത രണ്ടു മടങ്ങ് വർധിച്ചതായി കണ്ടെത്തി. കൊഴുപ്പു കോശങ്ങളുമായി ബന്ധപ്പെട്ടാണ് സ്തനാർബുദസാധ്യത വർധിക്കുന്നത്. മദ്യത്തിന്റെ ഉപാപചയപ്രവർത്തനഫലമായുണ്ടാകുന്ന കാൻസർസാധ്യത വർധിപ്പിക്കുന്ന രാസപദാർത്ഥങ്ങൾ വേഗത്തിൽ സ്തനത്തിലെ കോശങ്ങളെ പരിണമിപ്പിക്കുന്നതാകാം സ്തനാർബുദ സാധ്യത കൂടാൻ കാരണം. കേരളത്തിലെ പുരുഷൻമാരിൽ 30 ശതമാനം പേർ മദ്യപിക്കുമ്പോൾ മൂന്നു ശതമാനം സ്ത്രീകൾ മാത്രമേ മദ്യപിക്കുന്നുവെന്നുള്ളത് ആശ്വാസകരമാണ്. പക്ഷേ സ്ത്രീകളിെല മദ്യപാനവും കേരളത്തിൽ കൂടിവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.


‌നാഷണൽ സാമ്പിൾ സർവേ ഒാഫീസിന്റെയും എക്െെസസ് അടക്കമുള്ള വിവിധ ഏജൻസികളുടെയും കണക്കുപ്രകാരം കേരളീയരുടെ ആളോഹരി മദ്യ ഉപയോഗം വർഷം 10 ലീറ്ററിനോടടുത്തു നിൽക്കുന്നു. മദ്യപിക്കുന്നവരിലധികവും ചെറുപ്പക്കാർ, മദ്യപിക്കുന്നവരിൽ 20 ശതമാനം പേർ 21 വയസ്സിൽ താഴെയുള്ളവർ. അവരിൽ മദ്യപാനം ആരംഭിച്ച ശരാശരി പ്രായം പതിമൂന്നര വയസ്സും. ഈ കണക്കുകൾ, മദ്യം അർബുദം വരുത്തുമെന്ന പശ്ചാത്തലത്തിൽ നിരീക്ഷിച്ചാൽ ഞെട്ടലുണ്ടാകും. കാരണം, വരും കാലത്തു കേരളത്തിൽ മദ്യത്താൽ–അർബുദരോഗികളാകുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം തന്നെവരാം.


റോഡപകടങ്ങൾ മുതൽ വർധിച്ചുവരുന്ന കരൾരോഗങ്ങൾ , മദ്യം വരുത്തുന്ന സാമൂഹിക–സാമ്പത്തിക പ്രതിസന്ധികൾ വരെ നൂറു കാര്യങ്ങൾ നമുക്ക് മദ്യത്തിനെതിരേ നിരത്താനാകും. അക്കൂട്ടത്തിൽ നമ്മെ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നായി തിരിച്ചറിഞ്ഞിരിക്കുകയാണ് മദ്യവും കാൻസറും തമ്മിലുള്ള ബന്ധം.
അതിനാൽ മലയാളീ, ഈ കുടി നിർത്തൂ; കഴിഞ്ഞില്ലെങ്കിൽ കുറയ്ക്കുകയെങ്കിലും ചെയ്യൂ... പ്ലീസ്...