Friday 01 May 2020 11:53 AM IST

മടി മാറ്റി കൂടുതൽ മികവോടെ ജോലി ചെയ്യാൻ ഈ വഴികൾ പരീക്ഷിച്ചോളൂ

Chaithra Lakshmi

Sub Editor

laziness

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നതോടെ ജോലി ചെയ്യാനുള്ള താൽപര്യം കുറഞ്ഞോ ?  മടി മാറ്റി കൂടുതൽ മികവോടെ ജോലി ചെയ്യാൻ ഈ വഴികൾ പരീക്ഷിച്ചോളൂ...

കൂടുതൽ ഊർജസ്വലതയോടെ ജോലി ചെയ്യാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം.  പതിവായി എഴുന്നേൽക്കുന്നതിലും അര മണിക്കൂറെങ്കിലും മുൻപേ എഴുന്നേൽക്കുക. ഈ സമയം വ്യായാമം ചെയ്യാൻ പ്രയോജനപ്പെടുത്താം.

വ്യായാമം ജീവിത ശൈലിയുടെ ഭാഗമായവർ ഇരുപത് മിനിറ്റ് നേരം മുൻപ് എണീറ്റാലും  മതി. ഈ സമയം മനസ്സിന് ഊർജസ്വലതയേകുന്ന കാര്യങ്ങൾ ചെയ്യാം. ഡാൻസ് ചെയ്യാം, പാട്ട് കേൾക്കാം, പുസ്തകം വായിക്കാം … ഇങ്ങനെ ഓരോരുത്തരുടെയും അഭിരുചിയനുസരിച്ച് ഇഷ്ടമുള്ള കാര്യം തിരഞ്ഞെടുക്കാം.

തിരക്കിനിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കരുത്. സമീകൃതമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജസ്വലതയേകാൻ സഹായിക്കും.

കുന്നോളം ജോലി ചെയ്ത് തീർക്കാനുണ്ടെന്നോർത്ത് സമ്മർദത്തിലാകേണ്ട. ചെയ്തു തീർക്കേണ്ട ജോലികളെ ലളിതമായവ, കഠിനമായവ, കൂടുതൽ സമയം ആവശ്യമായവ, ആദ്യം ചെയ്ത് തീർക്കേണ്ടവ എന്നിങ്ങനെ തരം തിരിക്കുക. ഇത് കണക്കാക്കി ഏത് ജോലിക്കാണ് ആദ്യം പ്രാധാന്യം നൽകേണ്ടതെന്ന് തീരുമാനിക്കണം.

 ഓരോ ജോലിയും എത്ര സമയത്തിനുള്ളിൽ ചെയ്ത് തീർക്കുമെന്ന് കണക്കാക്കി കുറിച്ചിടുക. ഇങ്ങനെ ജോലിയുടെ കാഠിന്യം, പൂർത്തിയാക്കേണ്ട തീയതി എന്നിവ കണക്കാക്കി  സമയപരിധി നിശ്ചയിക്കുന്നത്  കൃത്യമായ കണക്ക് കൂട്ടലോടെ ജോലി തീർക്കാൻ പ്രേരിപ്പിക്കും.

ബുദ്ധിമുട്ടേറിയതും കൂടുതൽ സമയം ആവശ്യമുള്ളതുമായ ജോലികൾ പല ഘട്ടങ്ങളായി തരംതിരിച്ചു ചെയ്യാം. ഇത് സമ്മർദ്ദം കുറയ്ക്കുകയും കൂടുതൽ എളുപ്പത്തിൽ ജോലി തീർക്കാൻ സഹായകമാകുകയും ചെയ്യും.

ഓരോരുത്തർക്കും കൂടുതൽ മികവോടെ ജോലി ചെയ്യാൻ കഴിയുന്ന നിശ്ചിത സമയമുണ്ടാകാം. ചിലർക്ക് രാവിലെയാകാം കൂടുതൽ നന്നായി ജോലി ചെയ്യാനാകുക.  ചിലർക്ക് ലഞ്ച് ബ്രേക്കിന് ശേഷം പ്രധാന ജോലികൾ ചെയ്യുന്നതിനോടാകും താൽപര്യം. ഈ സമയം ജോലികൾ പെട്ടെന്ന് തീർക്കാൻ പ്രയോജനപ്പെടുത്താം.

ജോലിക്കിടയിൽ ചെറിയ ഇടവേളയെടുക്കുന്നത് കൂടുതൽ മികവോടെ ജോലി ചെയ്യാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 20 മിനിറ്റ് ജോലി ചെയ്ത ശേഷം അഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. ഇങ്ങനെ മൂന്ന് തവണ കഴിയുമ്പോൾ 15 മിനിറ്റ് ഇടവേളയെടുക്കാം. ഈ രീതി ശീലിക്കുന്നത് ജോലിയിൽ കൂടുതൽ മികവ് പുലർത്താൻ സഹായിക്കും.

ജോലി ചെയ്യുന്നതിനിടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. സോഷ്യൽ മീഡിയ സൈറ്റുകളുടെ നോട്ടിഫിക്കേഷൻ ഓഫ് ചെയ്തിടാം. പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്ന സമയത്ത് ഫോൺ മാറ്റി വയ്ക്കുക.

ഉറങ്ങുന്നതിന് മുൻപ് പിറ്റേ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പ്ലാൻ ചെയ്യാം. അണിയേണ്ട വസ്ത്രങ്ങൾ തേച്ചു മടക്കി വയ്ക്കാം. പിറ്റേദിവസം ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ടു ഡു  ലിസ്റ്റ് തയാറാക്കാം. ഇനി ശാന്തമായി ഉറങ്ങാം. രാവിലെ ദിവസം ആരംഭിക്കുമ്പോൾ  ടു ഡു ലിസ്റ്റ് നോക്കി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുക.