Saturday 29 September 2018 04:36 PM IST : By സ്വന്തം ലേഖകൻ

റോഡപകടത്തിൽ പരുക്കേറ്റ രോഗിയെ കോരിയെടുക്കരുത്; വാഹനാപകടങ്ങളിൽ ശ്രദ്ധിക്കേണ്ടത്

accident

പ്രഥമ ശുശ്രൂഷകൾ വെറുമൊരു പ്രാഥമിക പരിചരണം മാത്രമല്ല. ചിലനേരങ്ങളിൽ ജീവൻ രക്ഷിക്കാൻ തന്നെ കൃത്യസമയത്തു ചെയ്യുന്ന പ്രഥമശുശ്രൂഷകൾ സഹായിച്ചുവെന്നു വരും. നിത്യ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ചില അത്യാഹിത പ്രശ്നങ്ങളിൽ എങ്ങനെ പ്രഥമശുശ്രൂഷ ചെയ്യണമെന്നു മനസ്സിലാക്കാം.

1വീണ് ഒടിവുണ്ടായാൽ ആദ്യം ചെയ്യേണ്ടത്? ചതവുകൾ ഉണ്ടായാൽ എന്തു ചെയ്യണം?

വീഴ്ചകളിൽ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പരുക്കുകളും ചതവുകളും അസ്ഥികൾക്ക് ഒടിവുകളും ഉണ്ടാകുന്നു. അക്കൂട്ടത്തിൽ തലയ്ക്കുണ്ടാകുന്ന ക്ഷതം മാരകമാണ്. അപകടത്തിൽപ്പെട്ടയാളെ നിരപ്പായ പ്രതലത്തിൽ കിടത്തണം. നല്ല നീളമുള്ള ഒരു പലകയ്ക്കു മേൽ കിടത്തുന്നതാണ് അഭികാമ്യം. ഇതിലൂടെ നട്ടെല്ലുകൾക്ക് ഒടിവുണ്ടെങ്കിൽ അവയ്ക്കു സ്ഥാനഭ്രംശം സംഭവിക്കുന്നതും സുഷുമ്നാനാഡിക്കു ക്ഷതം ഉണ്ടാകുന്നതും കുറയ്ക്കാൻ കഴിയും.

മുറിവുള്ള ഭാഗങ്ങൾ വൃത്തിയുള്ള തുണികൊണ്ടു പത്തുമിനിറ്റ് അമർത്തിപ്പിടിച്ചശേഷം വൃത്തിയുള്ള തുണികൊണ്ടു െകട്ടിവയ്ക്കണം. ഒടിവുകളുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ മരപ്പലകയോ തടിക്കഷണങ്ങളോ ചേർത്തു കെട്ടിവയ്ക്കുന്നതു വേദന കുറയ്ക്കും. കഴിയുന്നത്ര ശ്രദ്ധ ചെലുത്തി കഴുത്തിലെ കശേരുക്കൾ അനക്കാതെ രോഗിയെ ന്യൂറോസർജറി സംവിധാനമുള്ള ആശുപത്രിയിലെത്തിക്കണം. കഴുത്തു തീരെ അനങ്ങാതിരിക്കാൻ സെർവിക്കൽ കോളർ ഉപയോഗിക്കാം.ഒടിവല്ലെങ്കിലും മിക്കപ്പോഴും ശരീരത്തിനു ചതവുകളുണ്ടാകാം. ഇതു പേശികൾക്കും അസ്ഥിബന്ധങ്ങൾക്കും തരുണാസ്ഥികൾക്കും ക്ഷതമുണ്ടാക്കാം. നീർവീക്കം, വേദന എന്നിവയാണു ലക്ഷണങ്ങൾ. പലകയോ തടിക്കഷണമോ ഉപയോഗിച്ചു കെട്ടിവയ്ക്കുന്നതു വേദന കുറയ്ക്കും. െഎസ് വയ്ക്കുന്നതും ആ ഭാഗം ഉയർത്തി വയ്ക്കുന്നതും നല്ലതാണ്. ഡോക്ടറെ കണ്ട് കൂടുതൽ പരിശോധനകൾ നടത്തണം.

accidentb-2

2. വാഹനാപകടങ്ങളിൽ പെട്ടയാളോട് ചെയ്യേണ്ടതും ചെയ്യരുതാത്തതും?

ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത്. ഹെൽമറ്റ് ശരിയായി ധരിക്കുന്നവർക്കു തലയ്ക്കു ഗുരുതരമായ ക്ഷതമേൽക്കാനുള്ള സാധ്യത കുറവാണ്. പലരും ചെയ്യാറുള്ള അബദ്ധമാണ് അപകടത്തിൽപെട്ട ആളുടെ ഹെൽമറ്റ് വലിച്ചഴിക്കാൻ ശ്രമിക്കുന്നത്. ആശുപത്രിയിൽ കൊണ്ടുവന്നതിനുശേഷം പരിശീലനം ലഭിച്ച വ്യക്തിയോ ഡോക്ടറോ ഹെൽമറ്റ് അഴിച്ചെടുക്കുന്നതാണ് ഉചിതം.

നട്ടെല്ലിനുണ്ടാകുന്ന പരുക്കുകൾ ഇത്തരം രോഗികളിൽ പ്രശ്നം ഉണ്ടാക്കാറുണ്ട്. അപകടത്തിൽ സുഷുമ്നാനാഡിക്കു ക്ഷതമുണ്ടാകാനും െെകകാലുകൾക്കു ശാശ്വതമായ തളർച്ചയുണ്ടാകാനുമിടയുണ്ട്. പ്രത്യേകിച്ചു കഴുത്തിലെ കശേരുക്കൾക്കുള്ളിലുള്ള സുഷുമ്നയുടെ തകരാറുനിമിത്തം െെകകാലുകളുടെ ചലനരാഹിത്യത്തോടൊപ്പം മരണവും സംഭവിക്കാം.

അപകടം പറ്റി ആദ്യനോട്ടത്തിൽ പ്രശ്നമൊന്നുമില്ലെന്നു തോന്നിയാലും ഡോക്ടറെ കാണണം. ചിലർക്കെങ്കിലും വലിയ പ്രശ്നമൊന്നുമില്ലാതിരിക്കുകയും പിന്നീടു വളരെ പെട്ടെന്നു ഗുരുതരാവസ്ഥയിലേക്കു കടക്കുകയും ചെയ്യാറുണ്ട്. ലൂസിഡ് ഇന്റർവെൽ എന്നാണ് ഈ കാര്യത്തെ സൂചിപ്പിക്കുക. കാറിന്റെ പിറകിലിരുന്നു സഞ്ചരിക്കുന്നവരും സീറ്റ്ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണം. പിറകിൽയാത്ര ചെയ്യുന്നവരാണ് നെഞ്ചിനിടിയേറ്റ് ഗുരുതരാവസ്ഥയിലാകുന്നത്.

ഏതുതരം റോഡപകടമാണെങ്കിലും രോഗിയെ അനക്കുമ്പോഴും പൊക്കിയെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. യാെതാരു കാരണവശാലും കോരിയെടുക്കരുത്. കഴുത്തിലെ നട്ടെല്ലിന്റെ തുടക്കം, ഉറപ്പുള്ള ഏതെങ്കിലും വസ്തുകൊണ്ട് അനക്കാതെ ദൃഢമായി വയ്ക്കണം. കഴിയുന്നതും നട്ടെല്ല് മുഴുവൻ സുരക്ഷിതമായി വയ്ക്കാൻ കഴിയുന്ന സ്െെപൽ ബോർഡുകൾ ഉപയോഗിച്ചു രോഗിയെ നീക്കുന്നതാണ് ഉചിതം.

റോഡപകടങ്ങളിലെ പ്രധാന മരണകാരണം രക്തസ്രാവമാണ്. ശിരോചർമം മുറിഞ്ഞാൽ രക്തസ്രാവം കൂടുതലായി സംഭവിക്കാറുണ്ട്. മസ്തിഷ്കത്തിനു ക്ഷതമേറ്റിട്ടില്ലെങ്കിലും ഇങ്ങനെ രക്തവാർച്ച സംഭവിച്ചു രോഗി അത്യാസന്നനിലയിലാകാം. രക്തം നഷ്ടപ്പെടുന്നതു കഴിയുന്നത്ര കുറയ്ക്കാനായാൽ ഒരു പരിധിവരെ അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാം. വൃത്തിയുള്ള തുണികൊണ്ടു മുറിവ് അമർത്തിപ്പിടിച്ച് പിന്നീട് നന്നായി കെട്ടിവയ്ക്കണം. മുറിവേറ്റഭാഗം കഴിയുന്നത്ര വേഗം അനക്കമില്ലാതെ സ്പ്ലിന്റ് ചെയ്തുവയ്ക്കുന്നതു രക്തസ്രാവം കുറയ്ക്കാൻ സഹായിക്കും. അസ്ഥികൾക്ക് ഒടിവുണ്ടായാലും ഇങ്ങനെ ചെയ്യാം. വേദന കുറയ്ക്കാനും അസ്ഥികളുടെ ഒടിഞ്ഞ അഗ്രങ്ങൾ തറച്ചുകയറി ആന്തരാവയവങ്ങൾക്കു തകരാറുണ്ടാകാതിരിക്കാനും ഇതു സഹായിക്കും.

കമ്പുകൾ, പലകക്കഷണങ്ങൾ, കാർഡ്ബോർഡ്, പുസ്തകത്തിന്റെ ബയന്റുകൾ, കുട എന്നിങ്ങനെ സമീപത്തുള്ള എന്തു വസ്തുവും സ്പ്ലിന്റ് ആയി ഉപയോഗിക്കാം. മുറിവുണ്ടായി എല്ലുകൾ പുറത്തേക്കു തള്ളി നിന്നാൽ അത് അകത്തേക്കു തള്ളിക്കയറ്റാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ അണുബാധയേറ്റ് പ്രശ്നം കൂടുതൽ രൂക്ഷമാകാം.

രോഗിക്കു വെള്ളമോ മറ്റെന്തെങ്കിലുമോ കുടിക്കാൻ കൊടുക്കുന്നത് ഒഴിവാക്കണം. അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നാൽ അനസ്തീഷ്യയ്ക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിർദേശം.

രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു കഴിയുമെങ്കിൽ ആംബുലൻസ് ഉപയോഗിക്കുന്നതാണു നല്ലത്. ഒാട്ടോറിക്ഷ പോലുള്ള ചെറുതും കുടുക്കവുമുള്ള വണ്ടികളിലെ യാത്ര സുരക്ഷിതമല്ല.

accident-1

3.തലചുറ്റലുണ്ടായി വീണയാളിന് ഉടൻ എന്തു ശുശ്രൂഷ നൽകണം?

പല കാരണങ്ങളാൽ തലചുറ്റലുണ്ടാകാറുണ്ട്. ദീർഘനേരം നിൽക്കേണ്ടിവരുമ്പോഴും, സ്കൂളുകളിൽ അസംബ്ലിസമയത്തും മറ്റും മോഹാലസ്യപ്പെട്ടു വീഴുക സാധാരണമാണ്. തലച്ചോറിലേക്കു നിമിഷനേരത്തേക്കു രക്തപ്രവാഹം നിലയ്ക്കുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. മിക്കവാറും രോഗികൾ നിലത്തുകിടന്നു നിമിഷങ്ങൾക്കുള്ളിൽ രക്തപ്രവാഹം പൂർവസ്ഥിതിയിലായി എണീറ്റിരിക്കാറുണ്ട്. ഇതു കൂടാതെ വിളർച്ച, രക്തത്തിൽ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, കടുത്ത വേദന, മാനസികാഘാതം, ഭയം, മറ്റു രോഗാവസ്ഥകൾ എന്നിവ കാരണവും ആളുകൾ തലചുറ്റി വീഴാം.

ഒരാൾ മോഹാലസ്യപ്പെട്ടു വീണാൽ ഉടനെ അയാളെ പരന്ന പ്രതലത്തിൽ കിടത്തുക. തല താഴ്ന്നുതന്നെയിരിക്കണം. കാലുകൾ ഉയർത്തിവയ്ക്കുക. ഈ അവസ്ഥയിൽ പത്തു മിനിറ്റു കിടക്കുമ്പോൾ തലയിലേക്കുള്ള രക്തപ്രവാഹം സാധാരണനിലയിലായി രോഗലക്ഷണങ്ങൾക്കു ശമനമുണ്ടായാൽ രോഗിയെ പിന്നീടു കുറച്ചുസമയം ഇരുത്തിനോക്കാം. തുടർന്ന് എഴുന്നേൽപിച്ചു നടത്തിനോക്കണം. ഇതിനിടയിൽ എപ്പോഴെങ്കിലും തലകറക്കമോ മറ്റു ബുദ്ധിമുട്ടുകളോ തോന്നുന്നപക്ഷം ആദ്യത്തെപ്പോലെ കിടത്തുക. തുടർന്ന് ആശുപത്രിയിലെത്തിക്കുക.

റോഡിലോ മറ്റു പൊതുസ്ഥലങ്ങളിലോ വച്ച് ആർക്കെങ്കിലും തലകറക്കം വന്നാൽ ഉടനെ തന്നെ സുരക്ഷിതമായ മറ്റൊരു ഭാഗത്തേക്കു മാറ്റിക്കിടത്തണം. ശ്വാസോച്ഛ്വാസവും നാഡിമിടിപ്പും പരിശോധിക്കണം. ആവശ്യമെങ്കിൽ നെഞ്ചിൽ അമർത്തിയുള്ള ജീവൻരക്ഷാപ്രക്രിയ തുടങ്ങണം. ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കണം.

ഒട്ടേറെ രോഗങ്ങളുടെ ലക്ഷണമായി തലകറക്കം ഉണ്ടാകാറുണ്ട്. തലകറക്കത്തിൽ സ്വന്തം തല വട്ടത്തിൽ കറങ്ങുന്നതുപോലെയോ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതുപോലെയോ തോന്നുന്ന അവസ്ഥയാണ് വെർട്ടിഗോ. ഇതു ചെവിക്കുള്ളിലെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗങ്ങളുടെ തകരാറുകൊണ്ടും ഉണ്ടാകാറുണ്ട്. ഇതോടൊപ്പം കാഴ്ചയ്ക്കു ബുദ്ധിമുട്ടും ഛർദിയും പലർക്കും അനുഭവപ്പെടുന്നു. അടിയന്തരമായി ചികിത്സ തേടേണ്ട അവസ്ഥയാണിത്. ഈ അവസ്ഥയിൽ രോഗി നടക്കുകയോ വാഹനങ്ങളോ മറ്റു യന്ത്രങ്ങളോ ഉപയോഗിക്കുകയോ അരുത്. ചില പ്രത്യേക രീതിയിൽ ഇരിക്കുമ്പോൾ, കിടക്കുമ്പോൾ, തല ചെരിച്ചുവയ്ക്കുമ്പോൾ ഒക്കെ ഇത്തരം രോഗികൾക്കു തലകറക്കം കുറയുന്നതായി അനുഭവപ്പെടാറുണ്ട്. അവരവർക്കു സൗകര്യപ്രദമായ രീതിയിൽ കിടത്തണം. തുടർന്ന് വിദഗ്ധചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിക്കണം.

4. വെള്ളത്തിൽ വീണയാളെ കരയിലെത്തിച്ചാൽ ചെയ്യേണ്ടവ?

വെള്ളത്തിൽ മുങ്ങിപ്പോകുന്ന വ്യക്തിക്കു ശ്വാസതടസ്സമാണ് പ്രധാന പ്രശ്നം. പെട്ടെന്നു വെള്ളത്തിലേക്കു വീഴുന്ന ആളുടെ ശ്വാസനാളത്തിലെ പേശീമുറുക്കം കാരണം ശ്വാസതടസ്സം ഉണ്ടാകുന്നു. ഇത്തരക്കാരിൽ ശ്വാസകോശത്തിലേക്കു വെള്ളം കടക്കാറില്ല. ഇതിനു െെഡ്ര ഡൗണിങ് എന്നാണു പറയുക.

വെള്ളത്തിൽ മുങ്ങിയ ആളെ കരയിലെത്തിച്ചാലുടൻ നിലത്തു കിടത്തണം. ഇറുകിയ വസ്ത്രങ്ങൾ അഴിക്കുകയോ കീറിയെടുക്കുകയോ വേണം. ശ്വാസതടസ്സമുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കണം. വായിൽ ഛർദിയുടെ അംശമുണ്ടെങ്കിൽ വിരൽ കടത്തി വായ് വൃത്തിയാക്കണം. ശരീരം നനവില്ലാത്ത െെക കൊണ്ടു നല്ലവണ്ണം തിരുമ്മാം.

ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിസ്ഥാന ജീവൻരക്ഷാ സഹായങ്ങൾ ആരംഭിക്കണം. വ്യക്തിയെ ഒരു വശത്തേക്കു ചെരിച്ചശേഷം പതുക്കെ വയറിനു മുകളിൽ അമർത്തി വെള്ളം പുറത്തുകളയണം. ചരിച്ചു കിടത്തുമ്പോൾ ഇടതുവശം ചരിച്ചു കിടത്തണം. ഹൃദയത്തിന്റെ വശം താഴെ ആകുന്ന മട്ടിൽ വേണം കിടത്താൻ. കമഴ്ത്തിക്കിടത്തി ആളിന്റെ മുതുകിൽ അമർത്തി വെള്ളം പുറത്തുകളയുന്നത് അത്ര പ്രയോജനകരമല്ല എന്നു പഠനങ്ങൾ പറയുന്നു. എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.

ഉയരത്തിൽ നിന്നു വെള്ളത്തിലേക്കു വീഴുന്ന രോഗിക്കു നട്ടെല്ലിനു പരുക്ക് ഉണ്ടാകാനിടയുണ്ട്. അതിനാൽ നട്ടെല്ലിന്റെ ചലനം ഒഴിവാക്കാൻ സ്പ്ലിന്റ് ചെയ്തുവയ്ക്കാം. ശ്വാസതടസ്സമില്ല എന്നുറപ്പുവരുത്തി ഉണങ്ങിയ തുണികൊണ്ടു ശരീരം പൊതിഞ്ഞ് ആശുപത്രിയിലേക്കു കൊണ്ടുപോകണം. വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കണം.

mid

വിവരങ്ങൾക്ക് കടപ്പാട്;

1 ഡോ ജേക്കബ് ജെ
കൺസൽറ്റന്റ് ഒാർതോപീഡിക് സർജൻ

2 . ഡോ. ഹരികുമാർ എ എൻ
കാഷ്വൽറ്റി മെഡിക്കൽ ഒാഫിസർ

3. ഡോ. ജോർജ് മോദി ജസ്റ്റിൻ 

കൺസൽറ്റന്റ്  പൾമണോളജിസ്‌റ്റ്