Monday 28 September 2020 06:13 PM IST

ഹൃദയതാളം തകരാറിലായി പൊടുന്നനെ അകാരണമായ മരണം: പിന്നിൽ ബ്രുഗഡ സിൻഡ്രോമോ?

Santhosh Sisupal

Senior Sub Editor

suddendeath567

നല്ല ആരോഗ്യവും കരുത്തുമുള്ള കായികതാരങ്ങൾ മുതൽ പല പ്രമുഖരുടേയും അപ്രതീക്ഷിതവും അകാരണവുമായ മരണം പലപ്പോഴും നമ്മെ ആശങ്കപ്പെടുത്താറുണ്ട്. മദ്യപാനം പുകവലി അമിതവണ്ണം ഇങ്ങനെ ജീവിതശൈലീ പ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ പോലും പെട്ടന്നു മരണത്തിനു കീഴടങ്ങേണ്ടിവരുന്നത് ദാരുണമായ കാഴ്ചയാണ്. യാതൊരു രോഗലക്ഷണവുമില്ലാതെ ഉറങ്ങാനായി കിടന്നവർ, പിറ്റേന്നു രാവില മരിച്ചു കിടക്കുന്ന കാഴ്ചയും അസാധാരണമല്ല. ഉറക്കത്തിൽ ഹൃദയാഘാതം വന്നതാവും എന്ന വിലയിരുത്തലിൽ എല്ലാം ചർച്ചകളും അവസാനിക്കും. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്ത കടന്നു വരാവുന്ന ഈ മരണങ്ങൾക്കു പിന്നിൽ എന്താണ്?

ഈ ചോദ്യത്തിനുത്തരം തേടിയുള്ള അന്വേഷണം പലപ്പോഴും ചെന്നു നിൽക്കുക ‘ബൃുഗാഡാ സിന്‍ഡ്രോം’ എന്ന അപൂർവ രോഗാവസ്ഥയിലാണ്. ഈ ആവസ്ഥ തിരിച്ചറിഞ്ഞാൽ ഇത്തരം മരണങ്ങൾ ഒഴിവാക്കാനായെന്നും വരാം. സാമൂഹ്യാരോഗ്യപ്രവർത്തകനും അപൂർവരോഗങ്ങളിൽ വൈദഗ്ധ്യവുമുള്ള ഡോ. ടൈറ്റസ് ശങ്കമംഗലം ഈ രോഗത്തെക്കുറിച്ച് വിശദീകരിക്കുന്നു.

ഹൃദയ താളക്രമം ഗുരുതരമായവിധം തെറ്റിച്ച് മരണം വരുത്തുന്ന രോഗമാണ് ബൃുഗാഡാ സിന്‍ഡ്രോം (Brugada Syndrome). ഹൃദയത്തിന്റെ താഴത്തെ അറയായ വെന്‍ട്രിക്കിളില്‍ പൊടുന്നനേ വരുന്ന താളപ്പിഴ രക്തചംക്രമണത്തെ ബാധിച്ചാണ് അപായം വരുന്നത്. പതിനായിരത്തില്‍ അഞ്ചു പേര്‍ക്ക് എന്ന തോതില്‍ മാത്രമേ രോഗസാധ്യത ഉള്ളൂവെങ്കിലും ഏഷ്യക്കാരില്‍ രോഗസാധ്യത കൂടുതലാണ്. 40 വയസ്സിനോട് അടുത്ത് അകാരണമായി പെട്ടെന്നുണ്ടാകുന്ന മരണങ്ങളാണ് രോഗത്തിലേക്കു വിരല്‍ചൂണ്ടുന്നത്.

രാത്രി 12നു ശേഷം മരണം?

ബൃുഗാഡാ സിന്‍ഡ്രോം രോഗികളില്‍ നല്ലൊരു ശതമാനത്തിനും രോഗം ഉള്ളതായി അറിയില്ല.ചിലരില്‍ ആജീവനാന്തം ഒരു ലക്ഷണവും ഉണ്ടാവില്ല. ലക്ഷണങ്ങള്‍ ഉള്ളവരില്‍ തന്നെ അതു കാര്യമായി കാണണമെന്നുമില്ല.

∙തലചുറ്റല്‍, ബോധക്ഷയം, ജെന്നി, ശ്വാസതടസ്സം പ്രത്യേകിച്ചും രാത്രിയില്‍ ഉറക്കത്തില്‍, ഉറക്കത്തില്‍ കൈകാലുകളിട്ടടിക്കുക,താളംതെറ്റിയുള്ള ഹൃദയമിടിപ്പ്, ദൃതഗതിയിലുള്ള ഹൃദയമിടിപ്പ്, ഹൃദയസ്പന്ദനം നിലച്ചുപോകല്‍ (Cardiac arrest) ഇവയാണ് ലക്ഷണങ്ങൾ.

കാർഡിയാക് അറസ്റ്റ് ആണ് രോഗത്തെ അതീവ ഗുരുതരമാക്കുന്നത്. വിശ്രമവേളകളിലും രാത്രി ഉറക്കത്തിലുമാണ് ലക്ഷണങ്ങള്‍ കടന്നുവരിക. രാത്രിയില്‍ 12 മണിക്കും രാവിലെ ആറുമണിക്കും ഇടയ്ക്കാണ് ലക്ഷണങ്ങള്‍ കൂടുതലായും വരിക. ഉറക്കത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത മരണങ്ങൾക്കു പിന്നിലെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബൃുഗാഡാ സിന്‍ഡ്രോം. പകല്‍സമയത്തും സായാഹ്നത്തിലും ലക്ഷണങ്ങള്‍ സാധാരണഗതിയില്‍ വരാറില്ല. ഈ പ്രശ്നം ഉള്ള കുട്ടികളില്‍ പനി വരുമ്പോള്‍ അപായസാധ്യത കൂടും. ഇസിജിയില്‍ കാണാനും കഴിയും.

പാരമ്പര്യവും മരുന്നും കാരണമാകാം

ബൃുഗാഡാ സിന്‍ഡ്രോം ഉള്ള നാലിലൊന്നു പേരുടെയും അടുത്ത ബന്ധുക്കളില്‍ രോഗം കാണാനിടയുണ്ട്. പാരമ്പര്യമായി കടന്നുവരുന്ന ജനിതകതകരാറു കാരണമാണിത്. പാരമ്പര്യമല്ലാതെ പുതിയ ജനിതക തകരാറുകള്‍ മുഖേനയും ബൃുഗാഡാ സിന്‍ഡ്രോം വരാം.

ചിലതരം മരുന്നുകള്‍ ബൃുഗാഡാ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളും ആക്കം കൂട്ടുന്നതായി കണ്ടുവരുന്നുണ്ട്. മദ്യത്തിന്റെ അമിത ഉപയോഗവും ഹൃദയതാളം തെറ്റിക്കാം. ഇത്തരം രോഗികളില്‍ നിർജലീകരണം, കടുത്ത ആയാസവും മത്സരവുമുള്ള കളികൾ ഇവ രോഗലക്ഷണങ്ങളുടെ ആക്കം കൂട്ടിയേക്കാം. കൗമാരക്കാരിലും കാണാമെങ്കിലും യുവാക്കളിലാണ് രോഗലക്ഷണങ്ങള്‍ ഏറെയും. കുട്ടികളില്‍ ലക്ഷണങ്ങള്‍ പൊതുവേ ശ്രദ്ധിക്കപ്പെടില്ല.

നമുക്ക് രോഗമുണ്ടോ?

ലക്ഷണങ്ങൾ കുറവായതുകൊണ്ട് ഇനി പറയുന്ന സാഹചര്യങ്ങളിൽ രോഗസാധ്യത വിലയിരുത്തണം.

∙ കാരണമറിയാതെ ഉണ്ടാവുന്ന ജെന്നിയും ബോധക്ഷയവും.

∙ മാതാപിതാക്കൾക്കോ സഹോദരങ്ങള്‍ക്കോ രോഗമുണ്ടെങ്കില്‍.

∙ വളരെ അടുത്ത ബന്ധുക്കളില്‍ ആരെങ്കിലും പ്രത്യേക കാരണമില്ലാതെ പെട്ടെന്നു മരിച്ചുപോയിട്ടുണ്ടെങ്കില്‍ (30നും 50നും പ്രത്യേകിച്ചു 40നോട് അടുത്തവർ)

ഇസിജിയാണ് രോഗനിർണയപരിശോധന. എക്കോകാര്‍ഡിയോഗ്രാം മുതലായ ടെസ്റ്റുകളും വേണ്ടിവന്നേക്കും. പൊതുവേയുള്ള രോഗിയുടെ ആരോഗ്യവും ഹൃദയത്തിനു മറ്റെന്തെങ്കിലും പ്രശ്നമുണ്ടോയെന്നതും പരിഗണിക്കണം.

ചികിത്സയുണ്ട്, പക്ഷേ...

ചികിത്സിച്ചു പൂര്‍ണമായും ഭേദമാക്കാനാകില്ല. മരണത്തിലേക്കു നയിക്കുന്ന തരത്തിലുള്ള താളംതെറ്റല്‍ ഉണ്ടെങ്കില്‍ ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫിബ്രിലേറ്റര്‍ (ICD) ഘടിപ്പിക്കേണ്ടിവരും. അപകടകാരിയായ ക്രമംതെറ്റലുകള്‍ ഉണ്ടാകുമ്പോള്‍ ഒാട്ടോമാറ്റിക്കായി ഷോക്ക് കൊടുത്ത് താളം ക്രമീകരിക്കുന്ന ഉപകരണമാണിത്.താളംതെറ്റിക്കുന്ന ഹൃദയകോശങ്ങളെ കരിച്ചുകളയുന്ന ചികിത്സയും നിലവിലുണ്ട്.

ഡോ. ടൈറ്റസ് ശങ്കരമംഗലം

ഇരവിപേരൂർ, തിരുവല്ല

മുൻ സീനിയർ മെഡിക്കൽ ഡോക്ടർ, ഷംബർജെ, കുവൈത്ത്

drtitusjohn@gmail.com

Tags:
  • Manorama Arogyam
  • Health Tips