Saturday 20 October 2018 04:20 PM IST : By സ്വന്തം ലേഖകൻ

തുളസിയില നിസാരക്കാരനല്ല; ജലദോഷവും മൂക്കൊലിപ്പും തടയും തുളസിച്ചായ

cold

∙ ജലദോഷം ഉണ്ടാക്കുന്ന പ്രധാന പ്രശ്നം മൂക്കൊലിപ്പും ശ്വാസതടസ്സവുമാണ്. തുളസിയില ഇട്ട് ആവി പിടിക്കുന്നത് നല്ലതാണ്. വാവട്ടം കുറഞ്ഞ കലത്തിൽ തുളസിയില ഇട്ട് അടച്ചു വച്ചു തിളപ്പിക്കുക. ആവി ശ്വസിക്കുമ്പോൾ കട്ടിയുള്ള തുണി കൊണ്ട് തലയും പുറവും മൂടണം. മൂക്കിലൂടെയും വായിലൂടെയും ആവി ശ്വസിക്കാം. രാവിലെയും വൈകുന്നേരവും ഇത് ചെയ്താൽ ജലദോഷത്തിനു ശമനം കിട്ടും.

∙ തുളസിച്ചായയും ജലദോഷത്തെ നേരിടാൻ നല്ലൊരു പ്രതിവിധിയാണ്. തുളസിയും കുരുമുളകും ഇട്ടു വെള്ളം തിളയ്ക്കുമ്പോൾ തേയില ചേർക്കാം. അടുപ്പിൽ നിന്നെടുത്ത ശേഷം ശർക്കര ചേർത്ത് ഉപയോഗിക്കാം.

∙ തുളസിയില പിഴിഞ്ഞ നീരിൽ കൽക്കണ്ടം ചേർത്തു കഴിക്കുന്നതും ജലദോഷം ശമിക്കാൻ നല്ലതാണ്. തുളസിയില ഇട്ടു കാച്ചിയ എണ്ണ പതിവായി ഉപയോഗിക്കുന്നവർക്ക് പൊതുവേ ജലദോഷ പ്രശ്നങ്ങൾ അലട്ടാറില്ല.

∙ ജലദോഷമുള്ള സമയത്ത് തണുത്ത പാനീയങ്ങൾ ഒഴിവാക്കുക. അസുഖം മാറുന്നതു വരെ ഉലുവയും മഞ്ഞളും ചേർത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കാം. കഫക്കെട്ട് കൂടി ഉണ്ടെങ്കിൽ അര ലീറ്റർ വെള്ളത്തിൽ ഒരു പിടി കുടകന്റെ ഇല തിളപ്പിച്ചാറിയ വെള്ളവും കുടിക്കാം.