Tuesday 08 June 2021 02:36 PM IST : By സ്വന്തം ലേഖകൻ

സമൂഹത്തേയും സാമ്രാജ്യങ്ങളേയും പരുവപ്പെടുത്തിയതിൽ മഹാമാരികൾക്കു പങ്കുണ്ട്: ലോകാരോഗ്യസംഘടനാ ഉപദേഷ്ടാവ് പറയുന്നു

viruswqee

പ്രാണവായുവിനായി ആളുകൾ പിടയുന്നു, ശ്മശാനങ്ങൾ തിങ്ങി നിറയുന്നു. സമ്പദ് വ്യവസ്ഥകൾ തകരുന്നു, ആരാധനാലയങ്ങൾ പോലും അടച്ചിട്ടിരിക്കുന്നു. തൊഴിൽ നഷ്ടപ്പെട്ടവർ, വരുമാനം നഷ്ടപ്പെട്ടവർ, ഇഷ്ടപ്പെട്ടവരെ വേർപിരിഞ്ഞു കഴിയാൻ നിർബന്ധിതരായവർ! കോവിഡ് മഹാമാരി മനുഷ്യ രാശിക്കുമേൽ താണ്ഡവം അടി തിമിർക്കുന്ന ഭയാനകമായ കാഴ്ച.!

മനുഷ്യൻ ഉണ്ടാക്കുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ഭൂമിയിൽ ഉണ്ടായിരുന്നവരാണീ വൈറസുകളും ബാക്റ്റീരിയകളും എല്ലാം. ആദിമ മനുഷ്യ യുഗത്തിലും സാംക്രമിക രോഗങ്ങൾ മനുഷ്യനോടൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഇത്രകണ്ട് പടർന്നു പിടിക്കാൻ അന്ന് സാഹചര്യങ്ങൾ ഇല്ലായിരുന്നു.

പിന്നീടങ്ങോട്ട് ഈ സമൂഹം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് മഹാമാരികൾ വഹിച്ചിട്ടുണ്ട്. പകർച്ചവ്യാധികളും,പട്ടിണിയും, കലഹങ്ങളും തന്നെയായിരുന്നു മനുഷ്യകുലത്തിന്റെ പ്രധാന ശത്രുക്കൾ. പല സാമ്രാജ്യങ്ങളെ വീഴ്‌ത്തിയും, പല യുദ്ധങ്ങളുടെ ഗതി നിശ്ചയിച്ചും, നിരവധി സംസ്കാരങ്ങളും നശിപ്പിച്ചും ചിലതു തുടങ്ങിയതും, സമൂഹത്തിലെ അസമത്വം കൂട്ടിയും കുറച്ചും ഒക്കെ മഹാമാരികൾ മനുഷ്യനോടൊപ്പം ഉണ്ടായിരുന്നു. . ആസ്‌ടെക് സാമ്രാജ്യവും, ഇൻകാ സാമ്രാജ്യവും, മായൻ സാമ്രാജ്യവും വസൂരിയാൽ അവസാനിച്ചപ്പോൾ, റോമൻ സാമ്രാജ്യത്തെ അവസാനിച്ചതിന് ഒരു പ്രധാന കാരണം പ്ലേഗ് ആണെന്ന് കരുതുന്നു. പട്ടാളക്കാർക്കിടയിൽ പടർന്നു പിടിച്ച പകർച്ചവ്യാധികൾ കാരണം നെപ്പോളിയൻ പട തോറ്റത് രണ്ടു പ്രധാന യുദ്ധങ്ങൾ.

മഹാമാരികൾ വരുത്തിയ മാറ്റം

പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ് മഹാമാരി കൊന്നൊടുക്കിയത് മൂന്നിൽ രണ്ടു യുറോപ്പ്കാരെ ആണ്. പഴയ ജനസംഖ്യയിലേക്കു തിരികെ എത്താൻ യൂറോപ്പ് 200 വർഷങ്ങൾ എടുത്തു. മഹാമാരിക്ക് ശേഷം ഉയർന്ന വർഗവും താഴ്ന്ന വർഗ്ഗവും മധ്യ വർഗ്ഗത്തിന് വഴി നൽകി. മാനവ വിഭവ ശേഷി കുറഞ്ഞപ്പോൾ തൊഴിലിൽ സാങ്കേതിക വിദ്യകളെ മനുഷ്യൻ ആശ്രയിച്ചു തുടങ്ങി. മനുഷ്യന്റെ വസ്ത്ര ധാരണ രീതികളെയും ശുചിത്വ സംസ്കാരത്തെയും വരെ മഹാമാരികൾ സ്വാധീനിച്ചു. ചുരുക്കത്തിൽ മനുഷ്യ ചരിത്രം എഴുതിയത് മനുഷ്യൻ മാത്രമല്ല, വൈറസും ബാക്റ്റീരിയയും ഒക്കെ ചേർന്നാണ്.

പ്ലേഗ് ഒരു നൂറ്റാണ്ടു കൊണ്ട് നശിപ്പിച്ചത് 1918 ലെ സ്‌പാനിഷ്‌ ഫ്ലൂ ഒരു വർഷം കൊണ്ട് നശിപ്പിച്ചു. അന്ന് അത് വൈറസ് ആണ് പരത്തുന്നത് എന്ന് പോലും മനുഷ്യന് അറിയില്ലായിരുന്നു. മരുന്നില്ല, പ്രതിരോധ കുത്തിവയ്പ്പില്ല, ഗുരുതര രോഗ ചികിത്സ സംവിധാനങ്ങൾ ഇത്രയും വികസിച്ചിട്ടില്ല, പകർച്ചവ്യാധിപ്രതിരോധം സംയോജിപ്പിക്കാൻ ക്രിയാത്മകമായ സംവിധാനങ്ങൾ ഇല്ല, സമൂഹം ഒന്നാം ലോക മഹാ യുദ്ധത്തിൻെറ ക്ഷീണത്തിൽ നിന്ന് കര കയറിയിട്ടില്ല. അന്ന് ലോകത്തു 5 കോടി മരണങ്ങൾ ഉണ്ടായി എന്ന് വിശ്വസിക്കുന്നു.

രോഗം പടരുന്നതിനു പിന്നിൽ

പിന്നീട് മഹാമാരികളെ പിടിച്ചു കെട്ടാൻ ഏകോപനങ്ങളും നിരവധി ശ്രമങ്ങളും ഉണ്ടായെങ്കിലും പക്ഷിപ്പനി, H1N1, എബോള , സിക്ക വൈറസ് രോഗം,മെർസ്, സാർസ് തുടങ്ങി പഴയതും പുതിയതുമായ നിരവധി രോഗങ്ങൾ ഈ നൂറ്റാണ്ടിലും ലോകത്തിന്റെ പല ഭാഗത്തായി നാശം വിതച്ചു. ഒരു പ്രദേശത്തു മാത്രമായി ഒതുങ്ങി കൂടുമായിരുന്നു ഇത്തരം പകർച്ച വ്യാധികൾ കടലും മലയും താഴ്‌വരകളും കടന്നു ലോകത്തിന്റെ എല്ലാ മൂക്കിനും മൂലയിലും എത്തിക്കാൻ മനുഷ്യന്റെ യാത്രകൾ കാരണമായി. 2003 സാർസ് ഉണ്ടായ സമയത് ചൈനയിലെ ഒരു ഹോട്ടലിൽ താമസിച്ചു സമ്പർക്കത്തിലായവർ 24 മണിക്കൂറിനുള്ളിൽ ആ രോഗമെത്തിച്ചത് ആറു രാജ്യങ്ങളിലേക്കാണ്.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നതു മറ്റൊരു പ്രധാന കാരണമായി കണക്കാക്കേണ്ടതാണ്. കാട് നശിപ്പിച്ചതും, പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥകൾ തകർത്തതും അവയുടെ ആഹാര ലഭ്യത ഇല്ലാതാക്കിയതും, അവയെ അനാവശ്യമായി വേട്ടയാടി പിടിച്ചും കൂട്ടിലിട്ടു വളർത്തിയും ചുട്ടും ചുടാതെയും കൊന്നു തിന്നും മനുഷ്യൻ വൈറസിന്റെ വഴികളിലേക്ക് നടന്നു കയറുകയായിരുന്നു എന്നതാണ് സത്യം. നിപ്പയുടെയും സാർസിന്റെയും എബോളയുടെയും എല്ലാം ഉദ്ഭവം ഇതിനു ഉദാഹരണങ്ങൾ. നഗരവത്കരണവും ജനസംഖ്യ വർധനവും ജല മലിനീകരണങ്ങളും കോളറ മഹാമാരി പോലെയുള്ളവയ്ക്കു വഴി തെളിച്ചു. ഗവേഷണ ശാലയിലെ സുരക്ഷാ വീഴ്ചകളും അങ്ങിങ് ഗുരുതര രോഗങ്ങളുടെ ചെറിയ പൊട്ടിപുറപെടലുകൾക്കു കാരണമായിട്ടുണ്ട്.

നമ്മൾ മുന്നിലാണ്, പക്ഷേ...

കോവിഡ് എന്ന മഹാമാരിയെ ഇന്ന് നേരിടുമ്പോൾ കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ചു മനുഷ്യൻ ഒരുപാടു മുന്നിലാണ്. ഇത് വൈറസ് ആണെന്ന് നമുക്ക് അറിയാം, അതിന്റെ ജനിതക മാറ്റങ്ങളെ തിരിച്ചറിയാം, കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിരോധ മരുന്നുകൾ തയ്യാറാക്കുവാൻ കഴിഞ്ഞു , മരുന്നുകൾ വികസിപ്പിക്കപ്പെടുന്നു , ഗുരുതര ചികിത്സാ സംവിധാനങ്ങളും ലഭ്യമാണ് . തീർച്ചയായും ഈ മഹാമാരിയെ നേരിടുന്നതിൽ മനുഷ്യൻ വിജയിക്കും.ഒരു പുതിയ പ്രഭാതം ഉണ്ടാകുക തന്നെ ചെയ്യും. പക്ഷെ അതിനു ഒരൽപം ഭയഭക്തി ബഹുമാനത്തോടെ (വൈറസിനോടും പ്രകൃതിയോടും) ഒറ്റകെട്ടായി നിൽക്കണം എന്ന് മാത്രം. മഹാമാരി അവസാനിക്കുമ്പോൾ സമൂഹത്തിലെ അസമത്വങ്ങളും, പ്രകൃതിയോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതകളും തിരിച്ചറിയുനുള്ള വിവേകവും അതിനെതിരെ പ്രവർത്തിക്കുവാനുള്ള ആർജവവും നമുക്ക് ഉണ്ടാവേണ്ടതുണ്ട്. അതാണ് ശാശ്വത പരിഹാരം.

ഡോ. രാകേഷ്. പി എസ്,

ലോകരാഗ്യ സംഘടന ഉപദേഷ്ടാവ്