Wednesday 28 March 2018 05:23 PM IST : By Text | Photo: Sajithkumar

എട്ടുവയസ്സുകാരി മകളോടൊപ്പം അന്റാർട്ടിക്കയിലേക്ക് സജിത് കുമാറും കുടുംബവും നടത്തിയ സാഹസിക യാത്ര!

antar9
Text | Photo: Sajithkumar

അന്റാർട്ടിക്ക ഭൂഖണ്ഡത്തിലേക്കും സൗത്ത് ജോർജിയ ദ്വീപുകളിലേക്കുമുള്ള യാത്ര സ്വപ്നം കണ്ടുതുടങ്ങിയിട്ട് രണ്ടുവർഷം പിന്നിട്ടു. മനസ്സ് പലയാവർത്തി കണക്കുകൂട്ടി, മരണം മുന്നിൽ കണ്ടുള്ള സാഹസികയാത്ര വേണോ? ഒരു സഞ്ചാരി പൂർണതയിൽ എത്തണമെങ്കിൽ  അന്റാർട്ടിക്കയെന്ന സ്വപ്നഭൂമിയിൽ ഒരു തവണയെങ്കിലും കാലുകുത്തണം. അവസാനം പോകാൻ തന്നെ തീരുമാനിച്ചു. എട്ടുവയസ്സുകാരി മകൾ ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് യാത്ര. അന്റാർട്ടിക്കയിലെ വേനൽക്കാലം, അഥവാ നവംബര്‍ മുതൽ ഫെബ്രുവരി വരെയുള്ള നാലു മാസം മാത്രമേ അവിടേക്ക് പോകാൻ പറ്റൂ.

ബാക്കിയുള്ള മാസങ്ങളിൽ കടലിൽ െഎസ് മൂടിക്കിടക്കുന്നതിനാൽ യാത്ര സാധ്യമല്ല. അന്റാർട്ടിക്കയിലേക്കുള്ള യാത്ര സാധാരണ പത്തു ദിവസം വരെ നീളുന്നതാണ്. എന്നാൽ ഫാൽക്ക‌്ലാൻഡ്, സൗത്ത് ജോർജിയ എന്നീ ദ്വീപുകൾ കൂടി ഉൾപ്പെടുത്തി ഞങ്ങൾ യാത്ര 18 ദിവസത്തേക്ക് പ്ലാൻ ചെയ്തു. കാരണം ഈ യാത്രയിൽ സൗത്ത് ജോർജിയ ഉൾപ്പെടുത്താതെ പോയാൽ പിന്നീട് അങ്ങോട്ടുപോകാൻ നിലവിൽ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. മഞ്ഞുമലകൾ കാവൽ നിൽക്കുന്ന വൻകര തേടി കുടുംബത്തോടൊപ്പം സാഹസികമായി നടത്തിയ യാത്രാനുഭവങ്ങൾ ഓർത്തെടുക്കുമ്പോൾ...

antar7

സ്വപ്നയാത്രയുടെ കപ്പലിലേറി...

ലോകത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് അർജന്റീനയുടെ ഭാഗമായ ടൂറിസ്റ്റ് വില്ലേജാണ് ഉസ്ഹ്വയ(Ushuaia). ഇവിടെ നിന്നാണ് അന്റാർട്ടിക്കയിലേക്കുള്ള കപ്പൽ യാത്ര തുടങ്ങുന്നത്. വളരെ കുറച്ചു കപ്പലുകൾ ചിലിയിൽ നിന്നും പുറപ്പെടാറുണ്ട്.  ഞങ്ങൾ ദുബായിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഇവിടെ നിന്ന് ഉസ്ഹ്വയയിലെത്താൻ ഏതാണ്ട് 21 മണിക്കൂർ വേണ്ടി വന്നു. അർജന്റീനയിലെയും മറ്റു സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെയും ആളുകൾ അവരുടെ അവധിക്കാലം ചെലവഴിക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് ഉസ്ഹ്വായ. ഇവിടെ സൂര്യൻ അസ്തമിക്കുന്നത് രാത്രി 10.30 നു ശേഷവും ഉദിക്കുന്നത് അർധരാത്രി 3 മണിക്കും ആണ്.  ഒരു ദിവസം നേരത്തെ എത്തിയതിനാൽ‌ പകൽ മുഴുവൻ ഞങ്ങള്‍ ഉസ്ഹ്വായ ചുറ്റിക്കണ്ടു.  പിറ്റേന്ന് വൈകുന്നേരം നാലുമണിക്ക് ORTELIUS എന്ന കപ്പലിൽ കയറി കടൽയാത്രയ്ക്ക് തയ്യാറായി.

ക്രിസ്മസ്, ന്യൂ ഇയർ സീസൺ ആയതിനാൽ കപ്പലിൽ നിറയെ സഞ്ചാരികളുണ്ടായിരുന്നു. ഓസ്ട്രേലിയ, ചൈന, അമേരിക്ക, റഷ്യ തുടങ്ങി ലോകത്തിന്റെ വിവിധഭാഗത്തുള്ള ആളുകൾ. ഇന്ത്യക്കാരായി ഞങ്ങൾ മൂന്നുപേർ മാത്രം. യാത്ര പുറപ്പെടും മുമ്പ്  കപ്പലിലെ സഞ്ചാരികൾ നിർബന്ധമായും പങ്കെടുക്കേണ്ട എമർജൻസി ബോട്ട് ലാൻഡിങ് പരിശീലനമുണ്ട്. അതിനു ശേഷം കപ്പൽ ബീഗിൾ ചാനലിൽ കൂടി ഡ്രേക്ക് പാസേജ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളെ കരയുമായി ബന്ധിപ്പിക്കുന്ന കടൽ മാർഗമാണ് ബീഗിൾ ചാനൽ. വളരെ വീതികുറഞ്ഞൊരു ‘കടൽവഴി’. യാത്രയിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഇനി കപ്പൽ പ്രവേശിക്കാൻ പോകുന്ന ഡ്രേക്ക് പാസേജ് എന്ന ദുർഘടം പിടിച്ച വഴിയെ കുറിച്ചും കപ്പൽ ജീവനക്കാർ നിരന്തരം വിവരണങ്ങൾ തരുന്നുണ്ട്.

antar3

‘ബീഗിൾ ചാനൽ വഴി മൂന്നുമണിക്കൂർ പിന്നിട്ടാൽ ഡ്രേക്ക് പാസേജിലെത്താം. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ കൂടിച്ചേരുന്ന ഇടമാണിത്.  ആമസോൺ നദിയുടെ 600 ഇരട്ടിയാണ് വെള്ളത്തിന്റെ ഒഴുക്ക്. പോരാത്തതിന് 100 മുതൽ 150 വരെ കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും. കാറ്റിന്റെ വേഗത കാരണം തിരമാലകൾ പത്ത് മീറ്ററിലും കൂടുതൽ ഉയരത്തില്‍ ആഞ്ഞടിക്കും. കടലിലെ അന്തരീക്ഷം എങ്ങനെയായാലും നമ്മൾ യാത്ര തുടരുക തന്നെ ചെയ്യും.’ ഇത്രയും കേട്ടപ്പോഴേക്കും മനസ്സ് ഭയത്തിന് അടിമയായിക്കഴിഞ്ഞിരുന്നു. ഒന്നിനെ കുറിച്ചും ഇനി ആലോചിക്കേണ്ടതില്ല, ആലോചിച്ചിട്ട് കാര്യമില്ല എന്നുള്ള തോന്നലാകണം പിന്നീട് മനസ്സിന് ശക്തി പകർന്നത്.

എല്ലാം അവസാനിച്ചെന്നുറപ്പിച്ച ദിനം

ഇനി വരുന്ന രണ്ടുദിവസവും തുടർച്ചയായ കടൽ യാത്രയാണ്. അധികം വൈകാതെ കടൽ ചെറിയ രീതിയിൽ പ്രക്ഷുബ്ധമാണ് എന്ന സന്ദേശം കേട്ടു. കടൽചൊരുക്ക് അനുഭവപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് രാത്രി ഭക്ഷണത്തിനു ശേഷം ഡോക്ടറെ കണ്ട് ആവശ്യമായ മരുന്ന് കഴിച്ചു. പിറ്റേ ദിവസം ഉണർന്നപ്പോൾ ചെറിയ രീതിയിൽ അസ്വസ്ഥത അനുഭവപ്പെട്ടു.  ഉച്ചയോടു കൂടി കടൽ കൂടുതൽ പ്രക്ഷുബ്ധമായി. കപ്പൽ ആടിയുലയാ ൻ തുടങ്ങി. ഒരു കൈ എവിടെയെങ്കിലും പിടിക്കാതെ നടക്കാൻ വയ്യ എന്ന അവസ്ഥ. കപ്പലിലുള്ള 60 ശതമാനം ആളുകള്‍ക്കും ഛർദി തുടങ്ങി. തൊട്ടടുത്ത ദിവസവും ഇതുതന്നെയായിരുന്നു അനുഭവം. ഈ രണ്ടു ദിവസങ്ങളിലും ഒരുപാടു പക്ഷികളെയും ഡോൾഫിനെയും കാണാൻ സാധിച്ചു. എന്നാൽ കപ്പലിന്റെ ഉലച്ചിൽ കാരണം ഡെക്കിൽ നിൽക്കാനോ ചിത്രങ്ങൾ എടുക്കാനോ കഴിഞ്ഞില്ല.

antartica1

മൂന്നാമത്തെ ദിവസം ഉറക്കമുണർന്നപ്പോൾ മുന്നിൽ ശാന്തമായ കടൽ. ഒരു ദിവസത്തിനുള്ളിൽ ഫാൽക്ക‌്ലാൻഡ് ദ്വീപിൽ എത്തുമെന്നും കടൽ ശാന്തമായതിനാൽ ഷെഡ്യൂൾ പ്രകാരമുള്ള ലാൻഡിങ് സാധ്യമാണെന്നും അറിയിപ്പു വന്നു. കർക്കസ് ദ്വീപ് ആയിരുന്നു ഞങ്ങളുടെ ആ ദ്യത്തെ ലാൻഡിങ് സ്പോട്ട്. പത്തു പേര്‍ക്ക് വീതം കയറാവുന്ന സോഡിയാക്കിൽ ഞങ്ങൾ തീരത്തെത്തി. പെൻഗ്വിനുകളാണ് ഞങ്ങൾക്ക് തീരത്തേക്ക് സ്വാഗതമരുളിയത്. മണ്ണിൽ കുഴികൾ ഉണ്ടാക്കി അതിൽ താമസിക്കുന്ന മെഗെല്ലാന്റിക് പെൻഗ്വിനു(Magellantic Penguins)കളെയും കടലിനടുത്തായി തറനിരപ്പിൽ കൂട്ടമായി താമസിക്കുന്ന ജെന്റൂ (Gentoo Penguins) പെൻഗ്വിനുമാണ് ഇവിടെയുള്ളത്. ജെന്റൂ പെൻഗ്വിനുകളുടെ വാസസ്ഥലമാണ് പെൻഗ്വിൻ കോളനി. ഈ തീരത്തെ ഏറ്റവും മനോഹരമായ കാഴ്ചയാണത്. മൂന്നു മുതൽ നാലു മണിക്കൂർ ആണ് ഓരോ ലാൻഡിങ് സ്പോട്ടിലും സഞ്ചാരികൾക്ക് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയം കൊണ്ട് കാഴ്ചകൾ മുഴുവൻ ആസ്വദിക്കാൻ പ്രയാസമാണ്. ഓരോ കാഴ്ചകളിലും കണ്ണും മനസ്സും ഉടക്കിനിൽക്കും.  സഞ്ചാരികളെ തിരിച്ച് കപ്പലിലേക്ക് കയറ്റാൻ കപ്പലിലെ സ്റ്റാഫുകൾ നന്നേ പ്രയാസപ്പെട്ടു.

antar11

അടുത്ത ദിവസം രാവിലെ അടുത്ത ലാൻഡിങ് സ്പോട്ടിലേക്ക് കപ്പൽ അടുത്തു. ഫാൽക്ക്‌ലാൻഡ് ദ്വീപിന്റെ തലസ്ഥാനമായ പോർട്ട് സ്റ്റാൻലി. ഫാൽക്ക്‌ലാൻഡ് ദ്വീപിൽ ജനവാസമുള്ള ഏകസ്ഥലം പോർട്ട് സ്റ്റാൻലിയാണ്. 3000 ത്തിൽ താഴെ ആളുകളേ ഇവിടെ താമസിക്കുന്നുള്ളൂ. വളരെ വ്യത്തിയുള്ളതും മനോഹരവുമായ പ്രദേശം.  ബീച്ച്, മ്യൂസിയം, സുവനീർ ഷോപ്പുകൾ, യുദ്ധസ്മാരകം, ഒരു ചെറിയ എയർപോർട്ട് തുടങ്ങി കുറച്ചുസമയം കൊണ്ട് കണ്ടുതീർക്കാവുന്ന ഒരുപാടുകാഴ്ചകൾ പോർട്ട് സ്റ്റാൻലിലുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വരുന്ന വിമാനമുൾപ്പെടെ ഗതാഗത സൗകര്യങ്ങൾ ഇവിടെയുണ്ട്. ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ദ്വീപ്.

അപകടം കടന്ന് ജോർജിയയിലേക്ക്

ഉച്ചയ്ക്ക് ശേഷം സൗത്ത് ജോർജിയ ലക്ഷ്യമാക്കി കപ്പൽ നീങ്ങിത്തുടങ്ങി. ഏകദേശം രണ്ടര ദിവസത്തെ യാത്രയുണ്ട്. ഡ്രേക്ക് പാസേജിന്റെ ഒഴുക്കിനെ മുറിച്ചുകടന്നതോടെ തണുപ്പ് കൂടി കൂടി വന്നു. തിരമാലകൾ ശക്തിയായി അടിച്ചുയർന്ന് കപ്പലിന്റെ ഫ്രണ്ട് ഡക്കിനുള്ളിലേക്കുവരെ വെള്ളം കയറി. വൈകാതെ കപ്പലിന്റെ മുന്നിലെയും പിന്നിലെയും ഡക്കുകളിലേക്കുള്ള പ്രവേശനം നിരോധിക്കപ്പെട്ടു.  ടോപ്പ് ഡെക്കും ക്യാപ്റ്റന്റെ ഇരിപ്പിടത്തിനടുത്തുള്ള ബ്രിഡ്ജും മാത്രമായി പുറത്തേക്കുള്ള കാഴ്ചകൾ കാണാനുള്ള വഴി. മിക്ക യാത്രക്കാർക്കും സഹിക്കാൻ പറ്റാത്തത്ര ഭീകരമായി കടൽച്ചൊരുക്ക് അനുഭവപ്പെട്ടു. കാറ്റിന്റെ ഗതി അനുസരിച്ച് കപ്പലിന്റെ ഉലച്ചിൽ വ്യത്യാസപ്പെട്ടു.  സൗത്ത് ജോർജിയ എത്തുന്നതിന് ഒരു ദിവസം മുമ്പേ അവിടുത്തെ രീതികളെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായൊരു വിവരണം ലഭിച്ചിരുന്നു.

antar4

‘അപൂർവങ്ങളിൽ അപൂർവമായ ജൈവവൈവിധ്യമാണ് ജോർജിയയിലേത്. ഇവിടെ കാണപ്പെടുന്ന ജീവികൾ ലോകത്ത് മറ്റെവിടെയും കാണപ്പെടുന്നില്ല. അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻ നിർത്തി വളരെ കർശനമായ കടമകൾ സഞ്ചാരികൾ ഉൾപ്പെടെ എല്ലാവരും പാലിക്കേണ്ടതായുണ്ട്. ഇവിടുത്തെ ഓരോ പ്രദേശത്തേക്കും പോകും മുമ്പേ ഷൂസ് വ്യത്തിയായി കഴുകണം. വസ്ത്രങ്ങളിൽ മണ്ണോ പൊടിയോ വിത്തുകളോ ഒന്നും തന്നെ പറ്റിപ്പിടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. വെള്ളം അല്ലാതെ മറ്റു ഭക്ഷണസാധനങ്ങൾ ഇവിടേക്ക് കൊണ്ടുപോകാൻ പാടില്ല. അവിടെ നിന്ന് യാതൊന്നും ശേഖരിക്കാനും പാടില്ല.’ വിവരണം നീണ്ടു പോയി. അതിനിടെ തന്നെ ഞങ്ങളുടെ എല്ലാ വസ്ത്രങ്ങളും ബാഗുകളും  വാക്വം ക്ലീനിങ്ങിനു വിധേയമാക്കി.  ഗവൺമെന്റ് ജീവനക്കാരായ കുറച്ചുപേരൊഴികെ ഇവിടെ സ്ഥിരതാമസക്കാർ ആരും തന്നെയില്ല.

രണ്ടരദിവസത്തെ യാത്ര അവസാനിച്ചു. രാവിലെ ലാൻഡിങ് അറിയിപ്പ് കിട്ടി. സ്ട്രോംനെസ് തുറമുഖമാണ് ലാൻഡിങ് സൈറ്റ്. ആദ്യഘട്ടത്തിൽ നാലു സോഡിയാക്ക് കുറച്ച് ആളുകളെ കയറ്റി തീരത്തേക്ക് പോയി. ആ യാത്രയ്ക്കിടെ പെട്ടെന്ന് കാറ്റിന്റെ വേഗത കൂടി. തിരമാലകൾ ഉയർന്നു. സോഡിയാക്ക് തീരത്തടുപ്പിക്കാൻ കഴിയാതെയായി. മാത്രവുമല്ല, തിരിച്ച് കപ്പലിനടുത്തേക്ക് വരാൻ പോലും അവർ നന്നേ പ്രയാസപ്പെട്ടു. ആദ്യത്തെ ആ ഗ്രൂപ്പിൽ പോകാതിരുന്നത് നന്നായി എന്ന് അപ്പോൾ തോന്നി. കാറ്റിന്റെ വേഗത പിന്നെയും കൂടിയപ്പോൾ ലാൻഡിങ് ഉപേക്ഷിക്കുന്നതായി ക്യാപ്റ്റന്റെ അറിയിപ്പ് വന്നു. പിന്നെയും ഏറെ നേരം നിരാശയുടെ നിമിഷങ്ങൾ...

antar6

ഉച്ചയ്ക്കുശേഷം ഗോൾഡ് ഹാർബർ എന്ന സ്ഥലത്ത് ലാൻഡിങ് സാധ്യമാണ് എന്ന് അറിയിപ്പ് വന്നു. തണുപ്പ് മൈനസ് മൂന്ന്. മിനിറ്റുകൾകൊണ്ട് കാറ്റിന്റെ വേഗത കൂടിയും കുറഞ്ഞും വ്യത്യാസപ്പെട്ടുകൊണ്ടിരുന്നു. സോഡിയാക്ക് ജീവനക്കാരൻ ഞങ്ങളെ തീരത്തേക്കെത്തിക്കാ ൻ നന്നേ ബുദ്ധിമുട്ടി. സോഡിയാക്ക് തീരത്തേക്ക് അടുപ്പിക്കാൻ സമ്മതിക്കാത്ത പോലെ വെള്ളത്തിലും കരയിലുമായി നിറയെ സീലുകൾ. അവയ്ക്കിടയിലൂടെ ഞങ്ങൾ വഴികണ്ടെത്തി മുന്നോട്ടു നടന്നു. ജീവിതത്തിൽ ഇതുവരെ കണ്ടതിൽ‌ വച്ച് ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അവിടെ. പലനിറത്തിലുള്ള പക്ഷികൾ, ഫർ സീലുകൾ, എലഫന്റ് സീലുകൾ, അവയുടെ കുഞ്ഞുങ്ങൾ, പിന്നെ സൗന്ദര്യത്തിന്റെ അവസാനത്തെ വാക്കായ കിങ് പെൻഗ്വിൻസ്. അവയുടെ നടപ്പും നോട്ടവും നിൽപ്പും നീന്തലും എല്ലാം നമ്മളിങ്ങനെ നോക്കി നിന്നു പോകും.

അടുത്ത രണ്ടു ദിവസങ്ങള്‍ ആയിരുന്നു യാത്രയിൽ ഏറ്റവും മനോഹരദിനങ്ങൾ. കൊടുങ്കാറ്റും എല്ലു തുളച്ചു കയറുന്ന തണുപ്പും സഹിക്കാവുന്നതിലുമധികമായിരുന്നു. മൂന്നുലെയർ വസ്ത്രം ധരിച്ചിട്ടും തണുപ്പ് ദയയില്ലാതെ ആക്രമിക്കുന്നു. പക്ഷേ, പ്രകൃതിയൊരുക്കിയ വിസ്മയക്കാഴ്ചകൾക്കു മുന്നിൽ അതൊന്നും ഒരു സ ഹനമായി തോന്നിയില്ല.  രണ്ട് ലക്ഷത്തിലധികം കിങ് പെൻഗ്വിനുകൾ  വസിക്കുന്ന കോളനികൾ കണ്ടു. ഈ സുന്ദരകാഴ്ച കാണണമെങ്കിൽ സൗത്ത് ജോർജിയയിൽ വന്നേ പറ്റൂ. അന്റാർട്ടിക് യാത്രക്കാർക്ക് ഇവയെ കാണാൻ സാധിക്കില്ല.

antar2

അടുത്തദിവസം ഗ്രേറ്റ്‌വിക്കൻ (Greytwiken) ദ്വീപിലേക്കായിരുന്നു യാത്ര. ഒരു കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ തിമിംഗലവേട്ട നടന്നിരുന്ന ഇടമായിരുന്നു ഇത്. 1986 ൽ ഇത് നിരോധിച്ചപ്പോൾ ഇവിടുത്തെ വേലിങ് സ്റ്റേഷൻ ഉപേക്ഷിച്ചു. സ്റ്റേഷന്റെ അവശിഷ്ടങ്ങൾ, എണ്ണസംഭരണികൾ, വേട്ടയ്ക്കായി ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, യന്ത്രങ്ങൾ, ഫാക്ടറി തുടങ്ങിയവ ഇപ്പോഴും ഇവിടെ കാണാം.

അന്റാർട്ടിക്കയുടെ തണുപ്പിൽ വിറച്ച്...

സൗത്ത് ജോർജിയയോട് വിട പറഞ്ഞ് പിറ്റേദിവസം ഞങ്ങൾ അന്റാർട്ടിക്കയിലേക്കുള്ള യാത്ര തുടങ്ങി. അടുക്കും തോറും തണുപ്പ് കൂടി കൂടി വന്നു. ഒരു ദിവസത്തെ യാത്ര, ശേഷം അർജന്റീനയുടെ അന്റാർട്ടിക്ക സ്റ്റേഷനിൽ ലാൻഡ് ചെയ്തു. വർഷം മുഴുവൻ പ്രവർത്തിക്കുന്ന ശാസ്ത്രീയ ഗവേഷണ കേന്ദ്രമാണിത്. മഞ്ഞുമലകളാൽ ചുറ്റപ്പെട്ട വളരെ ചെറിയൊരു ദ്വീപ്. താപനില മൈനസ് ഒന്ന്. സൗത്ത് ജോർജിയയിലേതു പോലുള്ള ബയോ സെക്യൂരിറ്റി മെഷേർസ് എല്ലാ അന്റാർട്ടിക്കൻ ദ്വീപുകളിലും കർശനമായി പാലിക്കേണ്ടതുണ്ട്.  സൗത്ത് ഒർക്കിനി െഎലാൻഡ് (South Orkini island) എന്നാണ് ഇവിടം അറിയപ്പെടുന്നത്.

antar12

സ്റ്റേഷനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം അവിടെ നിന്ന് ഒരു ദിവസം നീണ്ട യാത്രയ്ക്ക് ശേഷം അന്റാർട്ടിക്കയിൽ എത്തി. പോകും തോറും കടലിലെ െഎസിന്റെ വലുപ്പം കൂടിക്കൂടി വന്നു. കപ്പലിന്  മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ സീ െഎസ് കീറിമുറിച്ചുകൊണ്ട് കപ്പൽ മുന്നോട്ടു നീങ്ങി. അന്റാർട്ടിക്ക അടുക്കും തോറുമുള്ള കാഴ്ചകൾ വർണനാതീതമാണ്. ഒഴുകി നടക്കുന്ന കൂറ്റൻ മഞ്ഞുമലകളുടെ മുകളിലായി പെൻഗ്വിൻ കൂട്ടം കൂടിയും ഒറ്റപ്പെട്ടും നിൽക്കുന്നു. ഒടുവിൽ ഞങ്ങൾ അന്റാർട്ടിക്കയിലെ ആദ്യത്തെ ലാൻഡിങ് സൈറ്റിൽ എത്തി. ബ്രൗൺ ബ്ലഫ് എന്നുവിളിക്കുന്ന ചെറിയൊരു ദ്വീപ്.

കടൽ െഎസ് മറികടന്ന് സോഡിയാക്ക് തീരത്തേക്ക് അടുപ്പിക്കാൻ നന്നേ പ്രയാസപ്പെട്ടു. ചുറ്റും പല ഇനം പെൻഗ്വിനുകളും സീലുകളും. രണ്ടുദിവസം കൊണ്ട് ഞങ്ങൾ അന്റാർട്ടിക്കയിലെ പല ദ്വീപുകളും സന്ദർ‌ശിച്ചു. അവസാനത്തെ ദിവസം, താൽപര്യമുള്ളവർക്കായി അന്റാർട്ടിക്കയിൽ നീന്തുവാനുള്ള അവസരം എക്സ്പെഡിഷൻ സ്റ്റാഫ് ഒരുക്കി തന്നു. 110 യാത്രക്കാരിൽ 22 പേർ തയ്യാറായി. ഞാനും മകളും എന്തുംവരട്ടെ എന്നുകരുതി സാഹസത്തിനു മുതിർന്നു. പക്ഷേ,ഒരു ഡിഗ്രി തണുത്ത കടൽവെള്ളത്തിൽ ഒരു മിനിറ്റു പോലും നീന്താനായില്ല. ഈ ദിവസങ്ങളിലെല്ലാം പകലിന്റെ ദൈർഘ്യം 23 മുതൽ 24  മണിക്കൂർ വരെ ആയിരുന്നു. ശരിക്കു പറഞ്ഞാൽ രാത്രി ഇല്ലാത്ത അവസ്ഥ.

antar5

ഡിസംബർ 31, അന്റാർട്ടിക്കയിലെ ഞ ങ്ങളുടെ അവസാനത്തെ രാത്രി. - 3 ഡിഗ്രി തണുപ്പിൽ, മഞ്ഞുമലകൾക്കു നടുവിൽ, ചുവപ്പും കറുപ്പും ഇടകലർന്ന ചക്രവാളത്തെ സാക്ഷിയാക്കി കപ്പലിന്റെ ഏറ്റവും മുകളിലെ ഡക്കിൽ, വീശിയടിക്കുന്ന കാറ്റിനെ വക വയ്ക്കാതെ ഷാംപൈൻ  നുകർന്നുകൊണ്ട്  ഞങ്ങൾ പുതുവർഷത്തെ വരവേറ്റു , ഒരിക്കലും മറക്കാനാവാത്ത വളരെ കുറച്ചു പേർക്ക് മാത്രം കിട്ടുന്ന  പുതുവത്സാരാഘോഷ നിമിഷം... തണുപ്പിന്റെ ആധിക്യം കാരണം 10 മിനിറ്റിനു ശേഷം ബാക്കി ആഘോഷം കപ്പലിനുള്ളിലെ ബാറിലേക്ക് മാറ്റി. അപ്പോഴേക്കും കപ്പൽ  തിരികെയുള്ള അതിന്റെ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അന്റാർട്ടിക്കയിലേക്കുള്ള കപ്പൽ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും മൂന്ന് കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്.

1. കപ്പലിന്റെ ICE CLASS റേറ്റിംഗ് , (SEA ICE നെ കീറി മുറിച്ചു മുന്നോട്ടു പോകാനുള്ള ശേഷി ) ക്ലാസ് A മുതൽ D വരെ ഉള്ള കപ്പലുകൾ തിരഞ്ഞെടുക്കാം CLASS 'A' ആണ് ഏറ്റവും മികച്ചത്.

antar10

2. കപ്പലിന്റെ വലുപ്പം. വലിയ കപ്പലിലെ യാത്ര താരതമ്യേന സുഖവും സൗകര്യങ്ങളോടു കൂടിയതും ആയിരിക്കും, എന്നാൽ വലുപ്പം കാരണം കപ്പലിന് അന്റാർട്ടിക്കയുടെ എല്ലാ പ്രദേശങ്ങളിലും പ്രത്യേകിച്ച് ആഴം കുറഞ്ഞ സ്ഥലങ്ങളിൽ / ദ്വീപുകളിൽ എത്തിച്ചേരാൻ കഴിയില്ല, മാത്രമല്ല ഇത്തരം കപ്പലുകളിൽ 150 മുതൽ 250 വരെ യാത്രക്കാർ ഉണ്ടാകും. അന്റാർട്ടിക്കയിലെ 100 PEOPLE LANDING POLICY പ്രകാരം ഓരോ സ്ഥലങ്ങളിലും യാത്രക്കാർക്ക് കിട്ടുന്ന സമയം വളരെ കുറവായിരിക്കും.

ചെറിയ കപ്പലുകളിലെ യാത്രയിൽ സുഖവും സൗകര്യങ്ങളും കുറവായിരിക്കും.  കടൽ പ്രക്ഷുബ്ധം ആകുമ്പോൾ കപ്പലിന്റെ ഇളക്കം കൂടുതൽ ആയിരിക്കും. എന്നാൽ ചെറിയ കപ്പലുകൾക്ക് മിക്കവാറും എല്ലാ പ്രദേശങ്ങളിലും എത്തിച്ചേരാൻ കഴിയും. മാത്രമല്ല യാത്രക്കാരുടെ എണ്ണം 100 നും 110 നും ഇടയ്ക്ക് ആയതിനാൽ മിക്കവാറും എല്ലാ ആൾക്കാർക്കും ഒറ്റ തവണ LANDING നടത്താനും എല്ലാ പ്രദേശങ്ങളിലും മുഴുവൻ സമയവും ചെലവഴിക്കാനും പറ്റും. (അന്റാർട്ടിക്കയിൽ കപ്പൽ അടുപ്പിക്കാനുള്ള port/berth സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല, ZODIAC എന്ന് വിളിക്കുന്ന ചെറിയ റബർ ബോട്ടുകൾ ഉപയോഗിച്ചാണ് ലാൻഡിങ് നടത്തുക.

3. കപ്പൽ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയുടെയും അതിലെ ജീവനക്കാരുടെയും, പ്രത്യേകിച്ച് EXPEDITION സ്റ്റാഫിന്റെ പ്രവൃത്തിപരിചയം.

antar8

GETTING THERE

അന്റാർട്ടിക്കയിലേക്കുള്ള വിനോദ സഞ്ചാരം നിയന്ത്രിക്കുന്നത് IAATO (International Association of Antarctic Tour Operators) എന്ന സ്ഥാപനം ആണ്, എല്ലാ ANTARCTIC ടൂർ കമ്പനികളും IAATO യുടെ കർശനമായ നിബന്ധനകള്‍ അവിടെ പാലിക്കപ്പെടണം.   ഒരേ സമയം 100 പേർക്ക് മാത്രമേ അന്റാർട്ടിക്കയിലെ പ്രദേശങ്ങളിൽ പോകാൻ അനുവാദമുള്ളൂ. ഈ നിബന്ധനകൾ പാലിക്കപ്പെടാൻ വേണ്ടി ഒരു വർഷത്തിന് മുന്നേ തന്നെ IAATO എല്ലാ ടൂർ കമ്പനികൾക്കും വരുന്ന വർഷത്തെ TOUR SCHEDULE അനുവദിക്കും.

അന്റാർട്ടിക്കയിലെ ടൂർ സീസൺ ആകെ നാലു മാസമേയുള്ളൂ. ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെ - ഈ സമയം അന്റാർട്ടിക്കയിൽ വേനൽകാലമാണ്. (AUSTRAL SUMMER, നമ്മുടെ കാലാവസ്ഥയ്ക്ക് നേരെ വിപരീതം ആണ് അവിടെ) ബാക്കിയുള്ള മാസങ്ങളിൽ കടൽ മുഴുവൻ ഐസ് മൂടി കിടക്കുന്നതിനാൽ യാത്ര സാധ്യമാകുക ഇല്ല,
മിക്ക രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളിൽ നിന്ന് ഉസ്ഹ്വായലേക്ക് 150ൽ അധികം വിമാന സർവീസുകളുണ്ട്. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ല. ദുബായിൽ നിന്നുണ്ട്.

[Shortest Route : India/Dubai - Buenos Aires,   Buenos Aires - Ushuaia,
Visa Requirement : Argentina (Easy to get for Indians, and No Visa fees)]

ഉസ്ഹ്വായ വില്ലേജിൽ നിന്നാണ് അന്റാർട്ടിക്കയിലേക്കുള്ള കപ്പൽ യാത്ര ആരംഭിക്കുന്നത്. (വളരെ കുറച്ച് കപ്പലുകൾ ചിലെയിൽ നിന്ന് യാത്ര പോകുന്നുണ്ട്.) യാത്രയുടെ ചെലവ് : അന്റാർട്ടിക്ക യാത്രയിൽ ഫാൽക്ക്‌ലാൻഡ് ദ്വീപ്, സൗത്ത് ജോർജിയ എന്നീ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി യാത്ര പ്ലാൻ ചെയ്താൽ ഒരാൾക്ക് ഏകദേശം 12 ലക്ഷം രൂപ ചെലവ് വരും. (അന്റാർട്ടിക്ക മാത്രമാണെങ്കിൽ എട്ടു ലക്ഷം രൂപ)