പറയിപെറ്റ പന്തിരു കുലവുമായി ബന്ധപ്പെട്ട് പറയുമ്പോൾ ആദ്യം ഓർക്കേണ്ടത് മേഴത്തോൾ അഗ്നിഹോത്രിയെ കുറിച്ചായിരിക്കും. കാരണം പന്തിരുകുലത്തിലെ ആദ്യത്തെ പുത്രനാണ് അഗ്നിഹോത്രി. ബ്രഹ്മദത്തൻ എന്നായിരുന്നു യഥാർഥ നാമം. കലിദിനം അനുസരിച്ച് കലി വർഷം 3444 അതായത് AD-342 മീനമാസം രണ്ടാം തീയതി, വ്യാഴം ആണ് അഗ്നിഹോത്രിയുടെ ജനനം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവായ അഗ്നിഹോത്രിയെ നിളയുടെ തീരത്തു നിന്നു തൃത്താല വേമഞ്ചേരി മനയിലെ ഒരു അന്തർജനം കണ്ടെടുത്തു വളർത്തി എന്നും ഐതിഹ്യമുണ്ട്. ബാല്യത്തിൽ തന്നെ അഗ്നിഹോത്രിയിൽ ദിവ്യ ചേതസ്സ് കാണപ്പെട്ടിരുന്നത്രെ. അതിന് ഇടയായ ഒരു സംഭവം ഇങ്ങനെ.
ഒരു ദിവസം അന്തർജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക് പോയി. കൂടെ ചെന്ന കുട്ടി അവരുടെ താളിക്കിണ്ണത്തിൽ പുഴമണൽ കൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി പ്രതിഷ്ഠിച്ചുവെന്നും വരന്തുട്ടി എന്ന കടവിൽ വെച്ച് പുഴയുടെ ഗതിതന്നെ മാറ്റിയൊഴുക്കി എന്നും പറയപ്പെടുന്നു. പുഴമണൽ കൊണ്ടു നിർമ്മിച്ച ആ ശിവലിംഗം താളിക്കിണ്ണം അഥവാ തിരുത്താലത്തിൽ പ്രതിഷ്ഠിച്ചതു കൊണ്ട് അത് തിരുത്താല അപ്പൻ എന്നും പിന്നീട് തൃത്താല അപ്പനും ആയി മാറി എന്നതും ചരിത്രം. ക്ഷേത്രം നിൽക്കുന്നതിനു ചുറ്റുമുള്ള സ്ഥലം ഇന്നറിയപ്പെടുന്നത് തൃത്താല എന്ന പേരിലാണ്.
1500 വർഷം പഴക്കമുള്ള തൃത്താലയിലെ അഗ്നിഹോത്രി ഇല്ലം ഇന്നും അത്ഭുതമാണ്. നമ്മൾ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചില രംഗങ്ങളിലെപ്പോലെ കുളത്തിന്റെ നടുക്ക് വരെ പോകാവുന്ന കൽപടവ് ഏറെ ആകർഷിക്കുന്ന ഒന്നാണ്. അത്രമാത്രം കൃത്യമായാണ് കുളവും അദ്ദേഹത്തിന്റെ ഇല്ലവും നിർമിച്ചിരിക്കുന്നത്. ഇന്നും വലിയ കേടുപാടുകൾ ഇല്ലാതെ ഇല്ലം വൃത്തിയോടെ തന്നെ മനയിലുള്ളവർ കാത്തു സൂക്ഷിക്കുന്നു. അഗ്നിഹോത്രിയുടെ മൂന്ന് ശൂലങ്ങൾ ഇവിടെയുണ്ട്. പടിഞ്ഞാറ്റയിൽ സ്വർണ്ണത്തിന്റെ ശൂലമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വെള്ളി കൊണ്ടുള്ള ശൂലം വെള്ളിയാങ്കല്ല് എന്ന സ്ഥലത്തും ചെമ്പ് ശൂലം കൊടിക്കുന്ന് ഭഗവതിയ്ക്കും സമർപ്പിച്ചിരിക്കുകയാണ്. കെടാവിളക്കാണ് ഇന്നും കത്തുന്നത്. ഇത്രയും കാലം ഒരിക്കലും കെടാതെ പടിഞ്ഞാറ്റയിൽ നിലവിളക്ക് കൊളുത്തി വേമഞ്ചേരി മനയിലുള്ളവർ കൃത്യമായി ആരാധനാദികൾ കഴിച്ചു വരുന്നു. ഇവിടുത്തെ പൂജയ്ക്ക് ആവശ്യമായ പൂക്കൾക്ക് ഇവിടെത്തന്നെയുണ്ട്. അതിനായി അഗ്നിഹോത്രി തന്നെ പണ്ട് തെച്ചിത്തറ നിർമ്മിച്ചിരുന്നത്രെ. എല്ലാ വർഷവും തങ്ങളുടെ അച്ഛൻ വരരുചിയുടെ ശ്രാദ്ധത്തിന് പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ട് മക്കളും അഗ്നിഹോത്രിയുടെ ഇല്ലത്ത് ഒത്തുചേരും എന്നാണ് വിശ്വാസം.
അഗ്നിഹോത്രിയുടെ ആദ്യഭാര്യ പാക്കനാരുമായുള്ള ചെറിയൊരു തർക്കത്തിന്റെ പേരിൽ പിണങ്ങപ്പോയി എന്നൊരു കഥയും ഉണ്ട്. പിന്നീട് കാവേരി തീരത്ത് നിന്നും ഒരിക്കൽ അദ്ദേഹം വിവാഹം ചെയ്തതായും ആ പരമ്പരയാണ് തൃത്താല വേമഞ്ചേരി മനയിലുള്ളവർ എന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഇല്ലവും അന്നത്തെ ആചാരങ്ങളും ഇന്നും അതേപടി ഈ പരമ്പരയിൽ ഉള്ളവർ സംരക്ഷിച്ചു പോരുന്നതും അഗ്നിഹോത്രി ഇവിടുത്തെ അംഗമാണ് എന്നുള്ള അടിയുറച്ച വിശ്വാസത്തിന്റെ പേരിൽത്തന്നെയാണ്.