നീന്തൽ അറിയുന്നവർക്കു സാഹസികത പ്രകടിപ്പിക്കാനായി ലോകത്തെ ഏറ്റവും ആഴമേറിയ സ്വിമ്മിങ് പൂൾ തുറന്നു. നൂറ്റൻപത് അടിയാണു നീന്തൽക്കുളത്തിന്റെ ആഴം. സാധാരണ സ്വിമ്മിങ് പൂളിനെക്കാൾ ഇരുപത് ഇരട്ടി വെള്ളം ഉൾക്കൊള്ളും. സ്വിമ്മിങ്പൂളിൽ ഒരു ടണലുണ്ട് – 25 മീറ്റർ ആഴം. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയ്ക്കു സമീപം മസനോവിലെ ഒരു ഹോട്ടലിലാണ് ‘ഡീപ് സ്പോട്ട്’ സ്വിമ്മിങ്പൂൾ.
ഒളിംപിക് സൈസ് സ്വിമ്മിങ് പൂൾ എന്നാണ് ആഴമേറിയ നീന്തൽക്കുളത്തിന്റെ വിശേഷണം. അണ്ടർവാട്ടർ ടണലിലൂടെ ആളുകൾ മുങ്ങാംകുഴിയിട്ടു നീങ്ങുന്നത് പുറത്തു നിൽക്കുന്നവർക്കു കാണാം. ആഴമേറിയ നീന്തൽക്കുളത്തിൽ സ്കൂബ ഡൈവേഴ്സിനെ പോലെ സാധാരണക്കാർക്കും നീന്താൻ അനുമതിയുണ്ട്. ദ്രുതകർമ സേനയ്ക്കും സൈനികർക്കും പരിശീലനം നൽകാനായി സ്വിമ്മിങ്പൂൾ വിട്ടുകൊടുക്കും.
ഹോട്ടലിന്റെ മുറികളിലും റസ്റ്ററന്റിലും കോൺഫറൻസ് ഹാളിലും ഇരുന്നാൽ കാണാൻ പറ്റും വിധമാണു സ്വിമ്മിങ്പൂൾ, ടണൽ എന്നിവ നിർമിച്ചിട്ടുള്ളത്. ഹോട്ടലിലെത്തുന്ന അതിഥികൾക്കു കൗതുകക്കാഴ്ചയാണ് ഇതെന്നു ടെമി മിലെപിനി ഹോട്ടൽ ഡയറക്ടർ മാക്കിൾ ബ്രസിൻസ്കി പറഞ്ഞു. ഇമ്മാനുവൽ ബൊറാറ്റൊ എന്ന ആർകിടെക്ടാണ് സ്വിമ്മിങ്പൂൾ ഡിസൈൻ ചെയ്തത്. വാഴ്സോ നഗരത്തിൽ നിന്നു നാൽപതു കിലോമീറ്റർ അകലെയാണ് ടെമി മിലെപിനി ഹോട്ടൽ.