Friday 25 September 2020 02:59 PM IST : By സ്വന്തം ലേഖകൻ

ഇതാണ് ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള നാട്; ഇന്ത്യ ഹാപ്പിനെസ് റിപ്പോർട്ട് 2020

happy a1

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഭൂട്ടാനാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള നാട് ഏതാണെന്നറിയാമോ! ആ നാട് തേടി കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യ ഹാപ്പിനെസ് റിപ്പോർട്ട് 2020. ജനങ്ങൾ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന നാടിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മിസോറാം ആണ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഹാപ്പിനെസ്സ് റിപ്പോർട്ട് പുറത്തിറക്കുന്നത്. മാനേജ്മെന്റ് സ്ട്രാറ്റജി വിദഗ്ധനായ പ്രൊഫ. രാജേഷ് കെ പിള്ളാനിയയുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സർവേയുടെ ഭാഗമായിരുന്നു. മിസോറാമിന് ശേഷം ആൻഡമാൻ– നിക്കോബാർ ദ്വീപ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്.

happy a2

ജനങ്ങളുടെ സന്തോഷം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് ഒഡീഷ, ഹരിയാന, ഛത്തീസ്ഗഢ് എന്നിവയാണ്. 2020 മാർച്ച്– ജൂലൈ മാസങ്ങളിലായി നടത്തിയ സർവേയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 16950 ആളുകൾ പങ്കെടുത്തു.ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. കുടുംബ ബന്ധങ്ങളും സൗഹൃദവും, വരുമാനവും വളർച്ചയും, ജോലിസംബന്ധമായ കാര്യങ്ങൾ, കോവിഡ് 19 ജീവിത ആനന്ദത്തെ ബാധിച്ചിട്ടുണ്ടോ, സാമൂഹ്യ പ്രശ്നങ്ങൾ, ശാരീരികവും മാനസികവുമായ ആരോഗ്യം, മതപരവും ആത്മീയവുമായ കാര്യങ്ങൾ എന്നിങ്ങനെ പ്രധാനമായും ആറു കാര്യങ്ങളാണ് ജനങ്ങളുടെ സന്തോഷത്തിന് അളവുകോലായി കണക്കാക്കിയത്. സ്ത്രീ– പുരുഷ വ്യത്യാസം സന്തോഷത്തെ ബാധിക്കുന്നില്ല എന്നും സർവേ ചൂണ്ടികാണിക്കുന്നു. പ്രായം, വിവാഹം, വരുമാനം, വിദ്യാഭ്യാസം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സന്തോഷം വരുന്നതെന്നാണ് പഠനം. അവിവാഹിതരേക്കാൾ വിവാഹിതരാണ് സന്തോഷിക്കുന്നതെന്ന് സർവേ കണ്ടെത്തി.

happy a3
happy a4

ജോലി സംബന്ധമായ കാര്യങ്ങളിൽ അസം, പഞ്ചാബ്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ, മിസോറാം, പുതുച്ചേരി എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തിലുള്ളത്. ബന്ധങ്ങളുടെ കാര്യത്തിൽ മിസോറാം, ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ, പഞ്ചാബ്,കർണാടക, സിക്കിം എന്നിങ്ങനെയും ആരോഗ്യത്തിന്റെ കാര്യത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, മിസോറാം, പഞ്ചാബ്, സിക്കിം എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. ലഡാക്ക് അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, മിസോറാം എന്നിവയാണ് മനുഷ്യ സ്നേഹത്തിന്റെ കാര്യത്തിൽ മുന്നിൽ. പട്ടികയിലൊരിടത്തും കേരളം സ്ഥാനം നേടിയിട്ടില്ല.