Wednesday 16 September 2020 04:50 PM IST

കോവിഡിനെ പ്രതിരോധിച്ച് ടൂറിസം മേഖലയിൽ കിളിവാതിൽ കച്ചവടം; മാതൃകയായി ഫ്ളോറൻസ്

Baiju Govind

Sub Editor Manorama Traveller

WINE T 1

ചരിത്ര പ്രശസ്തമാണ് ഇറ്റാലിയൻ ക്ലാസിക് വാസ്തുവിദ്യ. മനോഹാരിതയേക്കാൾ ഉപയോഗ പ്രാധാന്യമാണ് ഇറ്റാലിയൻ നിർമാണ വിദ്യയുടെ ആകർഷണം. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇറ്റലിക്കാർ കെട്ടിട നിർമാണത്തിൽ കൗതുകകരമായ സൃഷ്ടി ആവിഷ്കരിച്ചു. 1960ൽ പ്ലേഗ് രോഗം പടർന്നപ്പോൾ വൈൻ കച്ചവടക്കാർക്കു വേണ്ടി അന്നത്തെ എൻജിനിയർമാർ കണ്ടെത്തിയതാണു ‘ബുഷെ ഡെൽ വിനോ’. വീടിന്റെ മുൻവശത്തെ വാതിലിനോടു ചേർന്നു ഭിത്തിയിൽ നിർ‌മിച്ച കിളി വാതിലാണു ബുഷെ ഡെൽ. വാങ്ങുന്നയാളും വിൽക്കുന്നയാളും പരസ്പരം സ്പർശിക്കാതെ ‘ദ്വാരത്തിലൂടെ’ കൊടുക്കൽ വാങ്ങൽ നടത്തി. പ്ലേഗ് വൈറസിനെ പ്രതിരോധിക്കാൻ പൂർവികർ നിർമിച്ച കിളിവാതിൽ വീണ്ടും താക്കോലിട്ടു തുറന്നിരിക്കുന്നു ഇറ്റലിയിലെ പുതുതലമുറ. കൊറോണ ലോക്ഡൗണിനു ശേഷമാണു ‘ബുഷെ ഡെൽ വിനോ’കളെല്ലാം തുറക്കപ്പെട്ടത്. പൂർവികർ വൈൻ വിറ്റിരുന്ന വീടിന്റെ കിളിവാതിലിലൂടെ ഇപ്പോൾ ശീതളപാനീയവും ഭക്ഷ്യവിഭവങ്ങളുമാണ് ഫ്ളോറൻസ് നിവാസികൾ വിൽക്കുന്നത്.

കലയുടെയും വാസ്തുവിദ്യയുടെയും ഈറ്റില്ലമെന്ന് അറിയപ്പെട്ടിരുന്ന ഇറ്റാലിയൻ നഗരമാണു ഫ്ളോറൻസ്. ടസ്കണി പ്രവിശ്യയിൽ ഏറ്റവും മനോഹരമായ സ്ഥലം. ലോകപ്രശസ്തമായ ബെൽ ടവർ, മൈക്കൽ ആഞ്ചലോയുടെ ഡേവിഡ് ശിൽപം എന്നിവ നിലനിൽക്കുന്നതു ഫ്ളോറൻസിലാണ്. കെട്ടിടങ്ങളുടെ ഭംഗിയും പഴമയും പരിഗണിച്ച് ഫ്ളോറൻസ് നഗരത്തെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ചരിത്രകാലത്ത് മധ്യയൂറോപ്പിന്റെ വ്യാപാര തലസ്ഥാനമെന്നാണ് ഫ്ളോറൻസ് അറിയപ്പെട്ടിരുന്നത്.

WINE T 2

പണ്ട് ഫ്ളോറൻസോയുടെ പ്രാന്തപ്രദേശങ്ങളിൽ കൃഷിയുടെ പകുതിയും മുന്തിരിയിയായിരുന്നു. ഇന്നും ഇറ്റലിയുടെ ഉൽപന്നങ്ങളിൽ മികച്ച സ്ഥാനത്തു നിൽക്കുന്നു ഫ്ളോറൻസിൽ നിർമിക്കുന്ന വൈൻ. 1960ൽ ലോകമാകെ ലക്ഷക്കണക്കിന് മനുഷ്യ ജീവൻ അപഹരിച്ച പ്ലേഗ് വൈറസ് ഇറ്റലിയുടെ വ്യാപാരമേഖല തകർത്തു. കടകൾ തുറക്കാതായി. ജനം പട്ടിണിയിലായി. ഈ സമയത്ത് ഫ്ളോറൻസ് നിവാസികൾ സ്വന്തം കൃഷിയിടത്തിലെ മുന്തിരി സ്വന്തം വീടുകളിൽ സംസ്കരിച്ച് വീഞ്ഞാക്കി. വീഞ്ഞു വിൽക്കാൻ വീടിന്റെ മുൻവശത്തെ വാതിലിനരികെ കിളിവാതിൽ നിർമിച്ചു. ആവശ്യക്കാർ വഴിയരികിൽ നിന്ന് ‘നിൽപൻ അടിച്ച്’ സംതൃപ്തരായി. കച്ചവടക്കാരും ഉപയോക്താവും പരസ്പരം സമ്പർക്കമില്ലാത്ത കച്ചവടം വിജയകരമായി.

WINE T 3

കോവിഡ് വൈറസ് വ്യാപനത്തിനു ശേഷം ഫ്ളോറൻസിൽ 180 ബുഷെ ഡെൽ വിനോകളാണു തുറന്നിട്ടുള്ളത്. ഇറ്റലിയിലെ പുതുതലമുറ വീഞ്ഞല്ല, ഐസ്ക്രീം, ജ്യൂസ് എന്നിവയാണ് കിളിവാതിലിലൂടെ വിൽക്കുന്നത്. റസ്റ്ററന്റ് വിഭവങ്ങൾ വിൽക്കുന്ന ഒന്നു രണ്ടു ബുഷെ ഡെൽ ഇതിൽ ഉൾപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിൽ വൈൻ കച്ചവടം നടത്തിയിരന്ന കിളിവാതിലുകൾ ഇപ്പോൾ പുതുതലമുറയ്ക്ക് വരുമാന മാർഗമായി മാറിയിരിക്കുന്നു. സാമൂഹിക അകലം പാലിച്ചുള്ള വ്യാപാരത്തിന് പ്രാദേശിക ഭരണകൂടം പൂർണ പിന്തുണ പ്രഖ്യാപിച്ചു. കച്ചവടക്കാർക്കും ഉപയോക്താക്കൾക്കും ഫ്ളോറൻസ് മേയർ നൽകിയത് ഒരേയൊരു നിർദേശം മാത്രം – സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കിയ ശേഷം ഇടപാടു നടത്തുക.