Monday 22 March 2021 03:50 PM IST

ലോകാദ്ഭുതങ്ങൾ മാറുന്നു! പുതിയ സ്ഥലങ്ങളുടെ പേര് ഓർത്തു വയ്ക്കുക

Baiju Govind

Sub Editor Manorama Traveller

wws1

കണ്ടതു തന്നെ വീണ്ടും കണ്ടാൽ മടുപ്പു തോന്നില്ലേ? ചെയ്ഞ്ച് വേണ്ടേ? ‘‘എക്കാലത്തും താജ്മഹലും മാചുപിചുവും കണ്ടാൽ മതിയോ?’’ മനസ്സിൽ ആഗ്രഹിച്ചത് അടുത്ത നിമിഷം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ‘സ്മാർട് ഫോൺ ജനറേഷനോടാണ്’ ചോദ്യം. നിങ്ങൾക്കായി ഇതാ ഒരുങ്ങിക്കഴിഞ്ഞു പുതിയ ലോകാദ്ഭുതങ്ങൾ. ഒരിക്കൽ ഈ സ്ഥലങ്ങൾ സന്ദർശിച്ചാൽ ഇതാണു ‘റിയൽ വണ്ടർ’ എന്നു നിങ്ങൾ പറയും. ‘wow ഫാക്ടർ’ അടിസ്ഥാനമാക്കിയാണു പുതിയ കാഴ്ചകൾ ഒരുക്കിയിട്ടുള്ളതെന്നു നിർമാതാക്കൾ പറയുന്നു. ‘കണ്ടു കണ്ണു തള്ളി’യെന്ന നാട്ടുഭാഷാ പ്രയോഗത്തിന്റെ പുതിയ വെർഷനാണ് വൗ ഫാക്ടർ. ‘കണ്ണു മഞ്ഞളിക്കുന്ന’ പുതിയ ഡെസ്റ്റിനേഷനുകളുടെ പട്ടിക: 1) കൈകളുടെ രൂപത്തിൽ നിർമിച്ച തൂണുകൾക്കു മുകളിൽ നിർമിച്ച വിയറ്റ്നാമിലെ ഗോൾഡൻ ബ്രിജ്, 2) മരങ്ങൾ വളരുന്ന മിലനിലെ അപ്പാർട്മെന്റുകൾ, 3) സിംഗപ്പൂരിലെ ഗാർഡൻസ് ബൈ ദി ബേ, 4) ദുബായ് ഫ്രെയിം, 5) അണ്ടർവാട്ടർ സ്കൾപ്ചർ പാർക്ക് മിയാമി.

wws2

ഗോൾഡൻ ബ്രിജ്

ലോകാദ്ഭുതങ്ങളുടെ ലിസ്റ്റ് പുതുക്കിയിട്ട് പതിറ്റാണ്ടുകളായെന്ന് പുതിയ അദ്ഭുതങ്ങളുടെ നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. പകരം വയ്ക്കാവുന്ന പുതിയ നിർമിതികളുടെ പ്രത്യേകത അവർ വിശദീകരിച്ചിട്ടുണ്ട്. 2018ലാണ് വിയറ്റ്നാമിലെ ഗോൾഡൻ ബ്രിജ് നിർമിച്ചത്. തീരദേശത്തുള്ള ഡാ നാങ് റിസോർട്ടിന്റെ എതിർവശത്താണു 490 അടി നീളമുള്ള മനോഹരമായ പാലം നിലനിൽക്കുന്നത്. ഫൈബർ ഗ്ലാസ് ഉപയോഗിച്ചാണു നിർമാണം. ദൈവത്തിന്റെ കൈകൾ എന്നാണു പാലത്തിന്റെ നിർമാതാവ് തന്റെ ഭാവനാ സൃഷ്ടിക്കു നൽകിയ വിശേഷണം.

ഗാർഡൻസ് ബൈ ദി ബേ

wws4

ഉയരത്തിലും വലുപ്പത്തിലും അമ്പരപ്പുണ്ടാക്കുന്ന സ്തൂപങ്ങൾ നിർമിച്ച് കൗതുകം സൃഷ്ടിച്ചിരിക്കുന്നു സിംഗപ്പൂരിലെ ഗാർഡൻസ് ബൈ ദി ബേ. കണ്ണഞ്ചിപ്പിക്കുന്ന പതിനെട്ടു നിർമിതികളാണ് ഇവിടെയുള്ളത്. ‘സൂപ്പർ ട്രീ’ എന്നാണ് ഇവയുടെ വിശേഷണം. ഏറ്റവും വലുതിന്റെ ഉയരം 164 അടി. 2012ൽ ഉദ്ഘാടനം ചെയ്തെങ്കിലും മരങ്ങൾ വലുതായപ്പോഴാണ് വൈദ്യുതാലങ്കാര പ്രഭയിൽ ഈ ഉദ്യാനം സ്വർഗതുല്യമായത്. ഒരു സ്തൂപത്തിൽ നിന്നു മറ്റൊന്നിലേക്കു പോകാൻ ‘സ്കൈ വോക്’ പാതയുണ്ട്. രാത്രി ഏഴരയ്ക്കു ഇവിടെ ലൈറ്റ് ആൻഡ് മ്യൂസിക് ഷോയുണ്ട്.

വെർട്ടിക്കൽ ഫോറസ്റ്റ്

ഇറ്റലിയിലെ മിലാൻ നഗരത്തിൽ നിന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ വൈറലാണ്. ‘ബോസ്കോ വെർട്ടിക്കൽ’ എന്നാണു തദ്ദേശീയർ അവിടെയുള്ള രണ്ട് അപ്പാർട്മെന്റുകൾക്കു നൽകിയ വിശേഷണം. മരത്തിന്റെ ചില്ല പോലെ വീടുകളുടെ ബാൽക്കണിയിൽ വളർന്ന മരങ്ങളും ചെടികളും അപ്പാർട്മെന്റിനെ വ്യത്യസ്തമാക്കുന്നു. 364 അടി ഉയരമുള്ള കെട്ടിടത്തിൽ 900 മരങ്ങളാണ് വളരുന്നത്. മിലനിൽ ബി ആൻഡ് ബിയിലുള്ള േസ്റ്റഷൻ ഹോട്ടലിനു സമീപത്താണ് വെർട്ടിക്കൽ ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്.

wws3

ദുബായ് ഫ്രെയിം

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫ്രെയിം ദുബായ് നഗരത്തിലാണ്. അറേബ്യൻ നാടുകളുടെ ചരിത്രമുറങ്ങുന്ന ‘പുരാതന’ ദുബായ് നഗരവും പുതിയ സിറ്റിയും ആസ്വദിക്കാൻ പറ്റുംവിധമാണു ദുബായ് ഫ്രെയിം നിലനിൽക്കുന്നത്. 164 അടിയാണു നീളം. ഉയരം 492 അടി. വൈദ്യുത ദീപങ്ങളും സെൻസറും ഘടിപ്പിച്ച് സുരക്ഷിതമാക്കിയ ഫ്രെയിമിന്റെ മുകളിൽ നിന്നാൽ ദുബായ് നഗരം പൂർണമായും കാണാം. ദുബായ് നഗരത്തിലെത്തുന്നവർ ബുർജ് ഖലീഫയും ദുബായ് ഫ്രെയിമും കാണാതെ മടങ്ങാറില്ല.

അണ്ടർവാട്ടർ സ്കൾപ്ചർ പാർക്ക്

wws5

അമേരിക്കയിലെ മിയാമി ബീച്ചിൽ നിർമാണം പൂർത്തിയാക്കിയ അണ്ടർവാട്ടർ സ്കൾപ്ചർ പാർക്ക് വെള്ളത്തിനടിയിൽ അദ്ഭുതലോകം സൃഷ്ടിക്കും. സ്കൂബ, സ്നോർക്കൽ ഡൈവ് യാത്രയിൽ ആസ്വദിക്കാവുന്ന രീതിയിലാണ് ആവിഷ്കാരം. സഞ്ചാരികൾക്കായി ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:
  • World Escapes
  • Manorama Traveller