കാഴ്ചകളിലൂടെ കണ്ണുഴിഞ്ഞു കടന്നു പോകുന്നവരല്ല പാശ്ചാത്യ സഞ്ചാരികൾ. പഴയ നിർമിതികളുടെ ചുമരിലും ചിത്രങ്ങളിലും മറ്റുള്ളവർ കാണാത്തത് അവർ തിരയുന്നു. കൊത്തു പണികളിലും ആലേഖനങ്ങളിലും അർഥം കണ്ടെത്താൻ ശ്രമിക്കുന്നു. കണ്ണിൽ പതിഞ്ഞതിന്റെ കഥ മനസ്സിൽ പകർത്തിയ ശേഷം കളം വിടുന്നതാണ് അവരുടെ രീതി. കോട്ടകളിലും കൊട്ടാരങ്ങളിലും കൗതുകം നിറഞ്ഞ മിഴികളുമായി ‘അലഞ്ഞു നടക്കുന്ന’ വിദേശികളെ കണ്ടിട്ടില്ലേ? മനസ്സിലുണ്ടായ ചോദ്യത്തിന് മറുപടി തേടുകയാണ് അവർ.
ലോകത്തുള്ള സകല ശാസ്ത്ര പണ്ഡിതരും ‘അനന്തം അജ്ഞാതം’ എന്നു വിധിയെഴുതിയ ഒരു ശിലാലിഖിതത്തിന്റെ അർഥം തേടി വീണ്ടും ശ്രീലങ്കയിലെ അനുരാധപുരത്ത് എത്തിയിരിക്കുന്നു ഒരു സംഘം ഗവേഷകർ. അവർ ‘രാൺമസു ഉയന’ സന്ദർശിച്ചു. പോലാന്നരുവ, കാൻഡി എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി. ‘ശാക്വള ചക്രായ’യുടെ രൂപരേഖ ഒരിക്കൽക്കൂടി വരച്ചു തയാറാക്കാനാണ് ഏറെ നേരം ചെലവഴിച്ചത്.
‘പ്രപഞ്ച രഹസ്യം’ (സീക്രട്സ് ഓഫ് ദി യൂനിവേഴ്സ്) ആണത്രേ പാറയിൽ കൊത്തിവച്ചിട്ടുള്ളത്. ജീവിച്ചിരിക്കുന്നവർക്ക് പരലോകം സന്ദർശിക്കാനുള്ള വാതിൽ എവിടെയെന്നു കണ്ടെത്താനുള്ള ‘റൂട്ട് മാപ്’. പരലോകത്തിന്റെ വാതിൽ തുറക്കാനുള്ള പാതയാണ് (കീ വേഡ്സ്) അതെന്നു വിശ്വസിക്കുന്നു താന്ത്രികവിദ്യ പരിശീലിച്ചവർ. – ശാക്വള ചക്രായയെ ക്കുറിച്ചു പഠനം നടത്താൻ രണ്ടു പതിറ്റാണ്ടു മുൻപ് ശ്രീലങ്കയിൽ എത്തിയ ഗവേഷകരാകട്ടെ ഈ വാദഗതി തള്ളിക്കളഞ്ഞില്ല. അതോടെയാണു ശാക്വള ചക്രായയെക്കുറിച്ചുള്ള നിഗൂഢത ഇരട്ടിച്ചത്.
അടുത്തിയെ അവിടെ എത്തിയ ഗവേഷകർക്കും ശാക്വള ചക്രായ എന്താണെന്നോ, എന്തിനെ സൂചിപ്പിക്കുന്നുവെന്നോ മനസ്സിലാക്കാൻ സാധിച്ചില്ല. ഗവേഷക സംഘം പിന്നീടു പോയതു ദാനിഗലയിലെ പാറയിലേക്കാണ്. ലങ്കാധിപതിയായിരുന്ന ‘രാവണന്റെ വിമാനം’ ഇറങ്ങിയ സ്ഥലമാണ് ദാനിഗലയെന്നാണു ശ്രീലങ്കക്കാരുടെ വിശ്വാസം. അജ്ഞാത ശക്തിയുടെ (അൺ ഐഡന്റിഫൈഡ് ഒബ്ജക്ട്സ് ) സാന്നിധ്യം അവിടെയുണ്ടെന്നു സൂചന നൽകിയ മുൻ ഗവേഷകരുടെ പാതയിലൂടെയാണ് പുതിയ സംഘത്തിന്റെയും സഞ്ചാരം.
1985ലാണ് ശ്രീലങ്കയിലെ ഗോൾഡൻ ഫിഷ് പാർക്ക് (രാൺമസു ഉയന) രാജ്യാന്തര മാധ്യമങ്ങളിൽ ഇടം നേടിയത്. വിടെയുണ്ടായിരുന്ന ബുദ്ധഭിക്ഷുക്കളെ എൽടിടിഇ വിഘടനവാദികൾ ബന്ദിയാക്കി. തുടർന്നു ലങ്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ എഴുപതു പേർ കൊല്ലപ്പെട്ടു. രാൺമസുവിലെ പുരാതന നിർമിതികൾക്കു പോരാട്ടത്തിൽ കേടുപാടു സംഭവിച്ചു. നവീകരണം നടത്തിയ ശേഷം ടൂറിസം വകുപ്പ് ഈ സ്ഥലത്തിനു ഗോൾഡൻ ഫിഷ് പാർക്ക് എന്നു പേരിട്ടു.
കുറച്ചു വർഷങ്ങൾക്കു ശേഷം രാൺമസു സന്ദർശിച്ച പാശ്ചാത്യ ഗവേഷക സംഘം കേളനിയ യൂനിവേഴ്സിറ്റിയിലെത്തി. രാൺമസു ഉയനയ്ക്കു സമീപത്തുള്ള പാറയിൽ ആലേഖനം ചെയ്തിട്ടുള്ള ലിപി ഏതാണെന്ന് അവർ അന്വേഷിച്ചു. ‘ഈജിപ്തിലെ അബുഗുരാബ്, പെറുവിലെ ഹയു മാർക്ക എന്നിവിടങ്ങളിലെ കണ്ടെത്തിയ ശിലാലിഖിതവുമായി ഇതിനു സാമ്യമുണ്ട്’ – ഗവേഷകർ ചൂണ്ടിക്കാട്ടി. ഈജിപ്തിലെ കെയ്റോയ്ക്കു സമീപം അബു ഗുരാബിലെ ആലേഖനം ഇന്നും ചുരുളഴിയാത്ത നിഗൂഢതയാണ്. ‘സ്റ്റാർ ഗെയിറ്റ്’ (പരലോകത്തിന്റെ വാതിൽ) ആണത്രേ അത്. പെറുവിൽ ടിത്തക്കാക നഗരത്തിനു സമീപത്തു ഹയു മാർക്കയിലെ പാറയിൽ കണ്ടെത്തിയതു ‘ഗെയിറ്റ് ഓഫ് ഗോഡ്സ്’ എന്നാണ് അറിയപ്പെട്ടത്. പരലോകത്തു നിന്ന് അതീന്ദ്രിയ ശക്തികൾ ഭൂമിയിലേക്ക് ഇറങ്ങുന്ന കവാടമാണിതെന്നു ജ്യോതിഷികൾ പ്രവചിച്ചു. ‘പരലോകത്തിന്റെ വാതിൽ’ തുറക്കാനോ രഹസ്യം കണ്ടെത്താനോ പിന്നീട് ആരും തുനിഞ്ഞില്ല. നിഗൂഢത അന്വേഷിക്കാനെത്തിയ സാഹസികരെ അനുനയിപ്പിച്ച് അധികൃതർ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു.
പെറുവിലും ഈജിപ്തിലും അവശേഷിക്കുന്ന നിഗൂഢതയുടെ ബാക്കിയാണ് ശ്രീലങ്കയിലെ ‘സ്റ്റാർ ഗെയിറ്റ് ’ എന്നാണു ശ്രീലങ്കയിലെത്തിയ ഗവേഷകരുടെ കണക്കു കൂട്ടൽ. അവർ ഇക്കാര്യം കേളനിയ സർവകലാശാലയിലെ പുരാവസ്തു ഗവേഷകൻ പ്രഫ. രാജ സോമദേവയുമായി പങ്കുവച്ചു. സോമദേവ ഞെട്ടിയില്ല. ലങ്കയുടെ ചരിത്രം തെളിവു സഹിതം പഠന വിധേയമാക്കിയ പുരാവസ്തു ഗവേഷകനാണ് അദ്ദേഹം.
‘‘റാൻമസു ഉയനയിൽ നിങ്ങൾ കണ്ട കെട്ടിടങ്ങളിൽ പകുതിയും ഏഴാം നൂറ്റാണ്ടിൽ നിർിച്ചതാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് അതെല്ലാം. അതിപുരാതന സൃഷ്ടികൾ ആരുടെ നിർമിതിയെന്നു വ്യക്തമാക്കാൻ തെളിവില്ല. ബുദ്ധ മതക്കാരുടെ ആരാധനാ സ്തൂപങ്ങളും ശിൽപവും തിരിച്ചറിഞ്ഞു. മൂന്നാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ആലേഖനം ചെയ്ത ലിപികൾ വായിച്ചെടുക്കാൻ സാധിച്ചു. എന്നാൽ ‘ശാക്വള ചക്രായ’യിലെ അടയാളങ്ങൾ എന്തണു സൂചിപ്പിക്കുന്നതെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ, ലിപിയായിരിക്കാം. മാർഗരേഖയാകാം, വഴികാട്ടിയാകാം. – പ്രഫ. സോമദേവ പറഞ്ഞു. വലുതും ചെറുതുമായ വൃത്തങ്ങളും നെടുകെയും കുറുകെയുമുള്ള വരകളുമാണു ശാക്വള ചക്രായ. ഇതുവരെ വായിച്ചെടുക്കാൻ സാധിച്ചിട്ടുള്ള പുരാതന ശിലാലിഖിതങ്ങളുമായി അതിനു സാമ്യമില്ല. ’’ – നിരാശയോടെ പ്രഫസർ കൈമലർത്തി.
മലയും പാറയും കാടും കുളവുമുള്ള സ്ഥലമാണു രാൺമസു ഉയന. ഡിറ്റക്ടിവ് നോവലുകളിലേതു പോലെ ഭയാനകമായ ദൃശ്യം. ഈ സ്ഥലത്തെക്കുറിച്ചു കഥകൾ ഏറെ പ്രചരിപ്പിച്ചുണ്ട്. പരലോകവുമായി ബന്ധപ്പെട്ടതാണ് അവയിലേറെയും. അവിടെയുള്ള പാറയിൽ അന്യഗ്രഹ ജീവികൾ പറന്നിറങ്ങിയിട്ടുണ്ടത്രേ. നിഗൂഢത വർധിപ്പിക്കുന്നതു വായിച്ചെടുക്കാൻ സാധിക്കാത്ത ശാക്വള ചക്രായയാണ്. ‘പ്രപഞ്ച സത്യത്തിലേക്കുള്ള വാതിൽ, സ്റ്റാർ ഗെയിറ്റ്’ ആണ് അതെന്നു താന്ത്രികവിദ്യ പരിശീലിച്ചവർ കരുതുന്നു. ലിപി തിരിച്ചറിഞ്ഞാൽ ജീവനോടെ പരലോക പ്രവേശം സാധ്യമെന്നു വിശ്വസിക്കുന്നവർ ഒട്ടേറെയുണ്ട്. ജനനവും മരണവും പുനർജന്മവും (സീക്രട്സ് ഓഫ് ദി യൂനിവേഴ്സ്) മനസ്സിലാക്കാമെന്നാണ് അവർ പറയുന്നത്.
അനുരാധപുര രാജവംശത്തിൽ പാണ്ഡുകാഭയ രാജാവിന്റെ ഭരണകാലമാണു ബിസി 377. അതിനും മുൻപാണു ശാക്വള ചക്രായ ആലേഖനം ചെയ്തതെന്നു കരുതപ്പെടുന്നു. താന്ത്രികമായി ചിത്രീകരിച്ച ആലേഖനം അപസർപ്പക കഥകളിലെ മന്ത്രവാദികളുടെ ഉച്ചാടന മണ്ഡലം പോലെ നിഗൂഢമായി നിലനിൽക്കുന്നു.