Friday 17 July 2020 01:09 PM IST : By സ്വന്തം ലേഖകൻ

200 വർഷമായി പുകയുന്ന മലനിര; രഹസ്യം അന്വേഷിച്ചിറങ്ങിയ ഗവേഷകനെ കാണാതായി: ഇതു നിഗൂഢതയുടെ ദ്വീപ്

s hills3

തീയില്ലാതെ പുകയുണ്ടാവില്ല. അവിടെ മനുഷ്യരുണ്ട്, ഉറപ്പ്... ആളുകളെ കൂട്ടി വാസ്തവം അന്വേഷിച്ചിറങ്ങിയ രാത്രിയിൽ ക്യാപ്റ്റൻ റോബർട്ട് മക്‌ല്യൂർ പറഞ്ഞു. കടലിനു നടുവിലെ ഒരു ദ്വീപ് ചെങ്കനലായി പുകയുന്നതു തലേന്നു രാത്രി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. കടലിനു നടുവിൽ അപ്രത്യക്ഷനായ സർ ജോൺ ഫ്രാങ്ക്ളിനെ തിരഞ്ഞുള്ള യാത്രയിലായിരുന്നു ക്യാപ്റ്റൻ റോബർട്ട്. കരയിൽ എത്തിയ ഉടനെ മേലധികാരികളെ ക്യാപ്റ്റൻ വിവരം അറിയിച്ചു. കൂടുതൽ ആളുകളെ കൂട്ടി അദ്ദേഹം വീണ്ടും ആർട്ടിക് സമുദ്രത്തിലേക്കു പോയി. തീകത്തുന്ന ദ്വീപിൽ മനുഷ്യരുണ്ടെന്നാണ് അദ്ദേഹം കരുതിയത്. ഫ്രാങ്ക്ളിനെ ആരോ തട്ടിക്കൊണ്ടു പോയെന്നും അദ്ദേഹം വിശ്വസിച്ചു. പക്ഷേ, ദിവസങ്ങൾ നീണ്ട തിരച്ചലിനൊടുവിൽ അദ്ദേഹത്തിന് സത്യം ബോധ്യപ്പെട്ടു, ആ ദ്വീപിൽ തീയിട്ടു പുകയ്ക്കുന്നതു മനുഷ്യരല്ല. പിന്നീട് ഗവേഷകരുമായി ക്യാപ്റ്റൻ ഒട്ടേറെ തവണ ദ്വീപ് സന്ദർശിച്ചു. അവർ ദ്വീപിൽ നിന്ന് ഒരു കല്ലെടുത്തു. മേശപ്പുറത്തു വച്ച കല്ലിനു തീപിടിച്ചു. തടിയിൽ നിർമിച്ച മേശയിൽ ദ്വാരം വീണു. തുടർന്നു നടത്തിയ ഗവേഷണങ്ങളിൽ ദ്വീപിന്റെ അടിത്തട്ടിൽ അഗ്നിപവർതത്തിനു സമാനമായ മൂലകങ്ങൾ കണ്ടെത്തി.

s hills2

സൾഫർ കലർന്ന പാറപോലെയുള്ള കൽക്കരി ഉരഞ്ഞു തീകത്തുകയാണ്. ഇരുനൂറു വർഷം മുൻപ്, 1800ൽ ക്യാപ്റ്റൻ ഇക്കാര്യം ലോകത്തോടു പറഞ്ഞപ്പോൾ പലരും തുറിച്ച കണ്ണുകളുമായി അദ്ദേഹത്തെ നേരിട്ടു. കാലത്തിനൊപ്പം ക്യാപ്റ്റൻ ഈ ഭൂമിയിൽ നിന്നു കടന്നു പോയി. പക്ഷേ, ആർട്ടിക്കിനു നടുവിൽ തീയണഞ്ഞില്ല. ഹെലികോപ്റ്ററിൽ അതു വഴി കടന്നു പോകുന്നവർ കൗതുകത്തോടെ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു – മെനസ് ഡിഗ്രി തണുപ്പ് അനുഭവപ്പെടുന്ന ആർട്ടിക്കിനു നടുവിൽ തീ പുകയുന്ന ഒരു ദ്വീപ് കണ്ടു.

ഉലകം ചുറ്റുന്ന നിരീക്ഷകനായിരുന്നു സർ ജോൺ ഫ്രാങ്ക്ളിൻ. ഫ്രാങ്ക്ളിനെ ആർട്ടിക്കിൽ വച്ചു കാണാതായി. പുതിയ സ്ഥലം കണ്ടെത്താനുള്ള യാത്രയ്ക്കിടെയാണ് ഫ്രാങ്ക്ളിൻ അപ്രത്യക്ഷനായത്. അദ്ദേഹത്തെ തിരഞ്ഞിറങ്ങിയ സംഘത്തിന്റെ മേധാവിയായിരുന്നു ക്യാപ്റ്റൻ മക്‌ല്യൂർ. ഫ്രാങ്ക്ളിനെ കണ്ടെത്താനായില്ലെങ്കിലും ക്യാപ്റ്റൻ ഈ ലോകത്തിനു ‘സ്മോക്കിങ് ഹിൽ’ എന്നൊരു പുതിയ ദ്വീപ് പരിചയപ്പെടുത്തി.

s hills3

ഇരുനൂറു വർഷമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ദ്വീപ് ലോകം മുഴുവനും സഞ്ചാരികളെ അൽഭുതപ്പെടുത്തി. പലരും കൗതുകക്കാഴ്ച നേരിട്ടു കാണാൻ കാനഡയിൽ പറന്നിറങ്ങി. പക്ഷേ, ദ്വീപിൽ എത്തിച്ചേരാൻ മാർഗമില്ലാതെ അവർക്കു നിരാശപ്പെടേണ്ടി വന്നു. നാവിക സേനയുടെ പ്രത്യേക അനുമതിയോടെ പിൽക്കാലത്ത് ആളുകൾ അവിടെയെത്തി. പ്രശസ്തരായ പാശ്ചാത്യ മാധ്യമ പ്രവർത്തകരും ഗവേഷകരും സംഘത്തിലുണ്ടായിരുന്നു. ‘‘പ്രപഞ്ചത്തിലെ വലിയ കൗതുകം’’ ദ്വീപ് സന്ദർശിച്ചവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

കാനഡയുടെ വടക്കുപടിഞ്ഞാറ് ആർട്ടിക് സമുദ്രത്തിൽ ബഥേസ്റ്റ് മുനമ്പിലാണ് സ്മോക്കിങ് ഹിൽ. ചെമ്മണ്ണിന്റെ നിറത്തിൽ പല വലുപ്പത്തിലുള്ള കുന്നുകൾ. അവയുടെ പല ഭാഗങ്ങളിൽ തനിയേ തീകത്തുന്നു. കൂനയിട്ട കുന്തിരിക്കത്തിനു തീ പിടിച്ച പോലെ കട്ടപ്പുക ഉയരുന്നു. സൾഫർ അടങ്ങിയ കൽക്കരിയാണു കത്തുന്നതെന്നു ഗവേഷകർ തിരിച്ചറിഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ കുന്നിന്റെ അടിയിൽ നിന്നു കൽക്കരി വമിക്കും. ഉരഞ്ഞ് തീപിടിക്കും. അവ നിലയ്ക്കാതെ പുകയുന്നു. വർഷത്തിൽ രണ്ടും മൂന്നും തവണ മണ്ണിടിയാറുണ്ട്.

s hills4

ചെങ്കല്ലു വെട്ടിയ ക്വാറി പോലെ കുന്നുകളുടെ നിരയാണ് സ്മോക്കിങ് ഹിൽ. നടപ്പാതയുടെ രൂപത്തിലും വീടുകളുടെ അവശിഷ്ടം പോലെയും മണ്ണ് കുന്നുകൂടി കിടക്കുന്നു. അവിടെ പുക ഉയരുന്നതു കണ്ടപ്പോൾ ക്യാപ്റ്റൻ മക്‌ല്യൂർ ആ സ്ഥലത്ത് മനുഷ്യവാസമുണ്ടെന്നു കരുതി.

ദുരന്തകഥ പറയുന്ന സിനിമയുടെ ലൊക്കേഷൻ പോലെ ഭയാനകമാണ് സ്മോക്കിങ് ഹിൽസിന്റെ ദൃശ്യം. കുന്നുകളുടെ സൗന്ദര്യത്തിൽ മയങ്ങി അവിടെ ഇറങ്ങിയാൽ അപകടം സംഭവിക്കും. ഏതു നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകും. തീപടരും, പുക ഉയരും.

‘‘ബ്രൗൺ നിറമുള്ള കൽക്കരി. ഇഗ്നൈറ്റ് പാളികൾ. മണ്ണിടിയുമ്പോൾ അവ ഉരഞ്ഞു പൊട്ടിത്തെറിക്കുന്നു. പുകയെന്നു നമുക്കു തോന്നും വിധം വമിക്കുന്നതു സൾഫർ ഗ്യാസാണ്’’ ഗവേഷകർ വിശദീകരിച്ചു.

സ്മോക്കിങ് ഹിൽസിന്റെ 60 മൈൽ പരിധിയിൽ മനുഷ്യവാസമില്ല. ഹംലെറ്റ് ഓഫ് പൗലാതുക്ക് ആണ് പുകയുന്ന കുന്നുകളിൽ എത്തുന്നതിനു മുൻപ് മനുഷ്യർ താമസിക്കുന്ന സ്ഥലം. കുന്നിനു മുകളിൽ കറുപ്പും ചുവപ്പും കലർന്ന നിറത്തിൽ മഴവില്ലു തെളിയുന്നത് ഹാംലെറ്റ് നിവാസികൾ കണ്ടിട്ടുണ്ട്. ഭൂമിക്കടിയിൽ ഇതുപോലെ കൗതുകക്കാഴ്ചകൾ ഇനിയുമേറെയുണ്ടെന്ന് ഗവേഷകരുടെ വിശദീകരണം.