നൂറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള സോളോ ട്രാവലറാണ് വയനാട് സ്വദേശിനി അഞ്ജലി തോമസ്. യാത്രാനുഭവങ്ങളുടെ കലവറ പങ്കുവയ്ക്കുന്നതിനിടെ ഒരു ഭാഗ്യദർശനത്തെ കുറിച്ച് അഞ്ജലി വിശദീകരിച്ചു. ടാൻസാനിയയിലെ കാടിനുള്ളിൽ വച്ചാണു സംഭവം. സിംഹത്തെ നേരിൽ കാണാനായി കാട്ടിലൂടെയാണു യാത്ര. കൂട്ടിൽ കിടക്കുന്ന സിംഹത്തെ പോലെയല്ലല്ലോ കാട്ടിലെ സിംഹം. കാട്ടിലെ രാജാവ് എങ്ങനെ പെരുമാറുമെന്നു പ്രവചിക്കുക സാധ്യമല്ല. ടാൻസാനിയൻ സഫാരിയിൽ സുരക്ഷയ്ക്കായി അഞ്ജലിക്കൊപ്പം വഴികാട്ടിയായി ഒരാളും ഉണ്ടായിരുന്നു. കാട്ടിലൂടെ സഞ്ചരിക്കുന്നതിനിടെ പൊടുന്നനെ അഞ്ജലി അപൂർവ മുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചു. സിംഹങ്ങൾ ഇണ ചേരുന്നു ! സിംഹങ്ങളുടെ ഇണചേരൽ കാണാൻ ഇടയാകുന്ന പെൺകുട്ടികൾ ഉടൻ വിവാഹിതരാകുമെന്നാണ് ടാൻസാനിയക്കാരുടെ വിശ്വാസം.
മനോരമ ട്രാവലറിനു വേണ്ടി അഞ്ജലി എഴുതിയ ടാൻസാനിയൻ യാത്രാ വിവരണം:
കാട്ടിലേക്കു യാത്ര ചെയ്യുന്നവർ മൃഗങ്ങളുടെ സ്വഭാവം ശരിക്കു മനസിലാക്കണം. അരയന്നങ്ങൾ കൂട്ടത്തോടെ ഒച്ചവച്ചു വെള്ളത്തിലൂടെ നീങ്ങുന്നതു കണ്ടാൽ ചിലർ പറയും അതു പ്രേതബാധയുള്ള സ്ഥലമാണെന്ന്. യാത്രക്കാരിൽ പലരും ആ കഥകളിൽ പൊടിപ്പും തൊങ്ങലും ചേർത്ത് കെട്ടുകഥ പറഞ്ഞു പരത്തും. പക്ഷേ, കാടിനെക്കുറിച്ച് അറിയുന്നവർ ഇത്തരം നുണക്കഥ വിശ്വസിക്കില്ല. ജീവനുള്ള എന്തിനെക്കിട്ടിയാലും പിടിച്ചു തിന്നുന്ന അജ്ഞാത ജീവികൾ കാടുകളിലെ തടാകങ്ങളിലും അരുവികളിലുമുണ്ട്. അവയുടെ സാന്നിധ്യം അരയന്നങ്ങൾക്കു തിരിച്ചറിയാൻ കഴിയും. അപ്പോഴാണ് അരയന്നങ്ങൾ വലിയ ശബ്ദമുണ്ടാക്കി കൂട്ടത്തോടെ നീന്തി നീങ്ങുക.
ഒന്നുരണ്ട് ഒറ്റയാൻമാരെ ഞങ്ങൾ കണ്ടു. കാണ്ടാമൃഗവും കാട്ടുപോത്തും നടക്കുന്നതു ക്യാമറയിൽ പകർത്തി. എങ്കിലും, കാട്ടിലെ രാജാവിനെ കാണാനായില്ല. മൃഗങ്ങളുടെ സ്വഭാവം പ്രവചിക്കാൻ ആർക്കും കഴിയില്ല. എവിടെയൊക്കെ നിന്നാൽ മൃഗങ്ങളെ കാണാനാകുമെന്നു പറയുക അസാധ്യം.
‘‘കാടിനുള്ളിൽ നിങ്ങളെപ്പോഴും ക്ഷമയുള്ളവരാകണം’’
റൂബൻ ആവർത്തിച്ചു പറഞ്ഞു. മൃഗങ്ങളെ കാണാതെ ഞങ്ങൾ മടങ്ങേണ്ടി വരുമെന്നുള്ള താക്കീതാണ് അതെന്ന് എനിക്കു മനസിലായി. ഒരു പുലിയെയോ കാട്ടുപോത്തിനേയോ കണ്ടില്ലെങ്കിലും ഇനിയുള്ള കാലം ഞാൻ നിരാശയില്ലാതെ ജീവിക്കും. പക്ഷേ, സിംഹത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. കാട്ടിലെ യാത്രയിൽ രാജാവിനെ ഒഴിവാക്കുന്നതെങ്ങനെ...?
കാടിനു ചുറ്റും ഒരു വലംവച്ച ശേഷം ഞങ്ങൾ കാർ പാർക്ക് ചെയ്ത സ്ഥലത്തേയ്ക്കു നീങ്ങി. പെട്ടന്നാണ് മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ എന്റെ ശ്രദ്ധയിൽപ്പെട്ടത്. വലിയ നഖങ്ങൾ ആഴത്തിൽപ്പതിച്ച് സിംഹം നടന്നുപോയിട്ട് ഏറെ നേരമായിട്ടില്ല. ശബ്ദമുണ്ടാക്കാതെ ഞങ്ങൾ ചുറ്റും നോക്കി.
ഞങ്ങൾ നിൽക്കുന്നിടത്തു നിന്നു കുറച്ചകലെ രാജാവും റാണിയും അവരുടെ സ്വകാര്യ നിമിഷങ്ങൾ ആഘോഷിക്കുന്നു. ആൺസിംഹം ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ പതുക്കെ മുരളുന്നുണ്ട്. ഇണയുടെ ദേഹത്തോടു ചേർന്നു നിൽക്കുകയാണ് പെൺസിംഹം.
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ദൃശ്യം കണ്ടു.
‘‘സിംഹങ്ങൾ ഇണചേരുന്നതു ഭാഗ്യമുള്ളവർക്കേ കാണാൻ കഴിയൂ. നിങ്ങൾ ഉടനെ വിവാഹിതയാകും’’
നിശബ്ദതയെ മുറിച്ചുകൊണ്ടു റൂബന്റെ വാക്കുകൾ ചിതറി.
അയാളുടെ പ്രവചനം ഫലിക്കാൻ ഒരിക്കൽക്കൂടി എൻഗോരോയിലേക്കു യാത്ര ചെയ്യേണ്ടി വരുമെന്നാണു തോന്നുന്നത്.
ഹക്കുന മറ്റാറ്റ...