കോവിഡ് വൈറസ് എന്നെന്നേയ്ക്കുമായി ഇല്ലാതാകുമെന്നതു പ്രതീക്ഷയാണെന്നു ആരോഗ്യ വിദഗ്ധർ. കോവിഡ് വൈറസിനെ ചെറുത്തു യാത്ര ചെയ്യാൻ പരിശീലനം നേടണമെന്നു ടൂറിസം എക്സ്പേർട്ടുകൾ. ഗുരുതരമായ രോഗമുള്ളവരും പത്തു വയസ്സിൽ താഴെ പ്രായമുള്ളവരും ഒഴികെ ബാക്കിയുള്ളവർക്ക് യാത്ര ചെയ്യാമെന്നു രാജ്യാന്തര ട്രാവൽ ഏജൻസികൾ. മുൻ കരുതൽ പട്ടിക ടൂറിസം സംഘടനകൾ പുറത്തു വിട്ടു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ടൂറിസം വാതിൽ തുറന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ സഞ്ചാരികളെ സ്വാഗതം ചെയ്തു. ഹോട്ടലുകൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. പ്രമുഖ ബുക്കിങ് വെബ്സൈറ്റുകളിൽ അൻപതു ശതമാനത്തിലേറെ ഇളവ്. ടൂറിസം രംഗം ഉണരുകയാണെന്ന് ട്രാവൽ ഏജൻസികൾ. ആളുകളുടെ പ്രവാഹം ഉണ്ടായാൽ രോഗപ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ.
എല്ലാ സംസ്ഥാനങ്ങളിലും ടൂറിസം മേഖലയുടെ പ്രവർത്തനം ഒരേ രീതിയിലാണ്. അതേസമയം, ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ട്. ഇ – പാസ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളിൽ സർക്കാർ നിർദേശം പാലിക്കുക. പാസ് ലഭിച്ചതിനു ശേഷം മാത്രം യാത്ര നടത്തുക. വിനോദസഞ്ചാരികൾക്ക് ചില സംസ്ഥാനങ്ങളിൽ കോവിഡ് 19 ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നതുവരെ വിനോദസഞ്ചാരികൾ ഹോട്ടൽ മുറികളിൽ ക്വാറിന്റീനിൽ കഴിയേണ്ടി വരും. വെബ്സൈറ്റുകളിൽ ഇതു സംബന്ധിച്ച് വിവരം ലഭ്യമാണ്. യാത്ര പ്ലാൻ ചെയ്യുമ്പോൾ ഇക്കാര്യം ഓർക്കുക. ആരോഗ്യസേതു ആപ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.
‘റിലാക്സേഷൻ ട്രിപ്’ ഉദ്ദേശിക്കുന്നവർ സ്വന്തം നഗരത്തിലെ ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുക. സമീപ ഗ്രാമങ്ങളിൽ ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് സവാരി നടത്തുക. കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവേശിക്കരുത്.
സമ്പർക്കത്തിലൂടെയാണ് വൈറസ് വ്യാപനം. സാമൂഹിക അകലം പാലിക്കുക. ഷേക്ക് ഹാൻഡ് ഒഴിവാക്കുക. മൂക്കും വായയും പൂർണമായും മറയ്ക്കുംവിധം മാസ്ക് ധരിക്കുക. ഗ്ലൗസ് ധരിക്കുക. സാനിറ്റൈസർ ഉപയോഗം ശീലമാക്കുക. ഭക്ഷണത്തിനു മുൻപ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ വൈറസ് വ്യാപനത്തിനു സാധ്യതയുണ്ട്. വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണു സുരക്ഷിതം. കുടിവെള്ളം വീട്ടിൽ നിന്നു കൊണ്ടു പോവുക. മറ്റു സ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. പവർ ബാങ്ക് കയ്യിൽ കരുതുക. ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവർ, മാസ്ക്, ഗ്ലൗസ് എന്നിവ വലിച്ചെറിയരുത്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിച്ച് സഹായം തേടുക.
ഇതുവരെയുള്ള ശീലങ്ങളിൽ നിന്നു മാറാനുള്ള പരിശ്രമമാണ് ഇനിയുള്ള യാത്രകൾ. ശനി, ഞായർ ദിവസങ്ങളിൽ യാത്ര ഒഴിവാക്കുക. വൈറസ് വ്യാപനം തടയുന്നതിൽ ഓരോരുത്തർക്കും പങ്കാളിയാകാം.