വീട് നിർമിക്കുമ്പോൾ തെക്കു ദർശനം അരുതെന്നു കരുതിയിരുന്നു, പണ്ട്. തെക്കു ദർശനമായി വീടു നിർമിക്കുന്നതു വീട്ടുടമയുടെ ആയുസ്സിനു ഹാനികരമെന്നു വാസ്തുവിദ്യാ വിദഗ്ധർ ഭയപ്പെട്ടു. അതു വെറും തെറ്റിദ്ധാരണയെന്നു പിൽക്കാലത്തു തെളിയിക്കപ്പെട്ടെങ്കിലും ‘പഴമക്കാരുടെ ചൊല്ല്’ ശരിയെന്നു തോന്നുംവിധം ദുരനുഭവ സാക്ഷ്യം ഉണ്ട്. അക്കൂട്ടത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ട ഒരു നിർമിതിയായിരുന്നു തിരുവനന്തപുരത്തു പദ്മതീർഥത്തിന് അരികെയുള്ള കുതിരമാളിക. തിരുവിതാംകൂർ കൊട്ടാരത്തിലെ രാജാവും സംഗീത വിദ്വാനുമായിരുന്ന സ്വാതി തിരുനാളിന്റെ വിയോഗവുമായി ബന്ധപ്പെടുത്തി അക്കാലത്തു കുതിരമാളികയുടെ നിർമാണം വിശകലനം ചെയ്യപ്പെട്ടു. തെക്കു ദർശനമാക്കി കുതിരമാളിക നിർമിച്ച് ഒരു വർഷത്തിനുള്ളിൽ സ്വാതി തിരുനാൾ രാജാവ് നാടുനീങ്ങി.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് ഇരുപത്തിരണ്ട് ഏക്കർ സ്ഥലത്താണ് എൺപതിലേറെ മുറികളുള്ള മാളിക സ്ഥിതി ചെയ്യുന്നത്. പുത്തൻമാളികയെന്ന് അറിയപ്പെടുന്ന കുതിരമാളിക തെക്കു ദർശനമാക്കിയാണ് നിർമിച്ചത്. ഒറ്റത്തടിയിൽ കൊത്തിയെടുത്ത കഴുക്കോലും മേൽക്കൂരയും തച്ചുശാസ്ത്രത്തിലെ അത്ഭുതങ്ങളായി ഇവിടെ നിലനിൽക്കുന്നു. ഒരു മരം മിനുക്കിയെടുത്ത് അതിനെ കഴുക്കോലാക്കി, അതേ മരത്തിൽ തുളയിട്ട് അതിന്റെ തന്നെ മറ്റൊരു കഷണം മോതിരമാക്കി ഇവിടെ തൂക്കിയിരിക്കുന്നു. മരക്കഷണത്തിനു മോതിരം അണിയിച്ച അത്ഭുതസിദ്ധിയുള്ള തച്ചന്റെ ശിൽപവൈദഗ്ധ്യം മഹാദ്ഭുതം. സ്വാതി തിരുനാളിന്റെ സ്വപ്ന മന്ദിരത്തിലെ അത്ഭുതക്കൂട്ടുകളിൽ പ്രധാന കണ്ണിയായി ഈ മോതിരം തെളിഞ്ഞു നിൽക്കുന്നു.
നവരാത്രി സംഗീതോത്സവം അരങ്ങേറുന്ന സ്ഥലമാണു കുതിരമാളികയുടെ മുറ്റം. അതിഥികൾ ചെന്നു കയറുന്നത് കലയുടെ ശ്രീകോവിലിലേക്കാണ്. കിഴക്കു നിന്നു പടിഞ്ഞാറേയ്ക്ക് നീണ്ടു നിൽക്കുന്ന മാളികയുടെ കിഴക്കേ മണ്ഡപത്തിലെ വാതിലിൽക്കൂടിയാണ് അകത്തേയ്ക്കു പ്രവേശനം. മരത്തിൽ കടഞ്ഞെടുത്ത 122 കുതിരകളാണു മേൽക്കൂര താങ്ങുന്നത്. അതിനാൽത്തന്നെ കൊട്ടാരം ‘കുതിരമാളിക’ എന്ന് അറിയപ്പെട്ടു. ശ്രീപദ്മനാഭനെ കണികണ്ടു കീർത്തനങ്ങളെഴുതാൻ സ്വാതി തിരുനാൾ കെട്ടിപ്പൊക്കിയ കുതിര മാളിക ഇപ്പോൾ ചരിത്ര മ്യൂസിയമാണ്.
തെക്കോട്ടു മുഖമായി കെട്ടിടം നിർമിക്കരുതെന്നാണ് വാസ്തുശാസ്ത്രം. എന്നാൽ, സ്വാതി തിരുനാളിന്റെ മനസിൽ അത്തരം ചിട്ടകൾക്കു സ്ഥാനമുണ്ടായിരുന്നില്ലത്രേ. കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത ശിൽപ ഭംഗിയോടെ രാജാവ് കുതിര മാളിക തെക്കോട്ടു മുഖമാക്കി നിർമിച്ചു. വിധിയുടെ മറ്റൊരു തീരുമാനമെന്നു പറയട്ടെ, ഈ കൊട്ടാരത്തിൽ ഒരു വർഷമേ അദ്ദേഹത്തിനു താമസിക്കാൻ ആയുസ്സു ലഭിച്ചുള്ളൂ. മുപ്പത്തിമൂന്നാമത്തെ വയസിൽ അനന്തപദ്മനാഭന്റെ മുറ്റത്തെ കൊട്ടാരത്തിൽക്കിടന്ന് സ്വാതി തിരുനാൾ ഇഹലോക വാസം വെടിഞ്ഞു.
അതേസമയം, തെക്കു ദർശനമാക്കി വീടു നിർമിക്കുന്നതിൽ കുഴപ്പമില്ലെന്ന് വാസ്തുവിദ്യാ വിദഗ്ധർ പറയുന്നു. ‘‘തെക്കോട്ടു പടിയിറങ്ങുന്നത് ഉചിതമല്ലാത്തതിനാൽ തെക്കോട്ടു ദർശനമുള്ള ഭവനത്തിലെ പ്രധാനവാതിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വയ്ക്കാവുന്നതാണ്. കോൺതിരിഞ്ഞുള്ള ദിക്കിലേക്ക് – അതായതു തെക്കു കിഴക്ക്, വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്കു കിഴക്ക് എന്നീ ദിശകളിലേക്കു വീടിന്റെ ദർശനം നല്ലതല്ല.’’ വീടു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഇതാണ് ആധുനിക വാസ്തുവിദ്യാ വിദഗ്ധരുടെ പക്ഷം.