Saturday 08 April 2023 12:32 PM IST

‘60 ഉറക്കഗുളികകൾ കഴിച്ചിട്ടും ഞാൻ മരിച്ചില്ല, ബോധം വന്നപ്പോൾ ഉപ്പ ചോദിച്ചു, അനക്കെന്താ തിന്നാൻ മാണ്ടത് ?’: പൊള്ളുന്ന ജീവിതം, മുഹമ്മദ് അബ്ബാസ് സംസാരിക്കുന്നു

V.G. Nakul

Sub- Editor

abbas_covr

എട്ടാം ക്ലാസിൽ പഠനം നിർത്തി, അതിജീവനത്തിനായി മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്തു, ജീവിതത്തിന്റെ കനൽപാതകൾ താണ്ടാനുള്ള ശേഷിയില്ലെന്നു തോന്നിയപ്പോൾ മൂന്നു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടയിലെപ്പോഴോ തലച്ചോറിൽ ഉൻമാദത്തിന്റെ വിത്തുകൾ വീണു...പട്ടിണിയും അരക്ഷിതമായ സാഹചര്യങ്ങളും ജീവിതത്തിനു മേൽ ഇരുട്ടു പരത്തി നിന്നപ്പോഴൊക്കെ മുഹമ്മദ് അബ്ബാസ് എന്ന മനുഷ്യൻ ഔഷധമാക്കിയത് പുസ്തകങ്ങളെയാണ്. ഭ്രാന്തമായ വായന. എട്ടാം തരത്തിൽ പഠനം നിർത്തിയ, മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്ത, മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പോറ്റാൻ പെയിന്റിങ് പണിയെടുക്കുന്ന ഈ മനുഷ്യൻ ഇതിനോടകം മൂന്ന് പുസ്തകങ്ങളാണ് എഴുതി പ്രസിദ്ധീകരിച്ചത്. അതില്‍, ‘ഒരു പെയിന്റു പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ’ വിശ്വസാഹിത്യ പഠനങ്ങളാണ്, ‘വിശപ്പ് പ്രണയം ഉൻമാദം’, ‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല’ എന്നിവ ജീവിതാനുഭവക്കുറിപ്പുകളും.

തന്റെ പുതിയ പുസ്തകമായ ‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല’ യുടെ പശ്ചാത്തലത്തിൽ, ജീവിതത്തെയും എഴുത്തിനെയും കുറിച്ച് മുഹമ്മദ് അബ്ബാസ് ‘വനിത ഓൺലൈൻ – ആർട്ട് ടോക്ക്’ ൽ സംസാരിക്കുന്നു.

മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല’ എന്നാണല്ലോ പുതിയ പുസ്തകത്തിന്റെ പേര്. ‌ജീവിതാനുഭവങ്ങൾ അങ്ങനെയൊരു ധാരണ സമ്മാനിച്ചിട്ടുണ്ടോ ?

സത്യത്തിൽ ഈ ടൈറ്റിൽ എന്റേതല്ല. ഇതിന്റെ എഡിറ്ററും പപ്ലിഷറുമായ, അൻസാർ വർണ്ണനയുടേതാണ്. ഈ പുസ്തകത്തിൽ ഒരിടത്ത്, ‘മനുഷ്യനെന്നത് അത്ര സുന്ദരമായ പദമൊന്നുമല്ല’ എന്നും, മറ്റൊരിടത്ത്, ‘ജീവിതമെന്നത് അത്ര മനോഹരമായ ഒരേർപ്പാടല്ല’ എന്നും ഞാൻ എഴുതിയിരുന്നു. അത് രണ്ടിൽ നിന്നും അൻസാർ എഡിറ്റ് ചെയ്ത് എടുത്തതാണ് ‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല’ എന്ന ടൈറ്റിൽ. എനിക്കും അത് ഇഷ്ടപ്പെട്ടു. കാരണം ഈ പുസ്തകത്തിലെ മൊത്തം കുറിപ്പുകളുടെയും പ്രമേയം മനുഷ്യരും അവരുടെ ജീവിതവുമാണ്. നിങ്ങൾക്കും എനിക്കും തോന്നുന്ന ഒരു കാര്യമാണ്, ജീവിതം അത്ര സുഖമുള്ള ഒരേർപ്പാടല്ല എന്നത്. പലപ്പോഴും മനുഷ്യൻ എന്നത് അത്ര സുന്ദരമായ പദമൊന്നുമല്ല എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. പണിക്കാരെ സ്വന്തം വീട്ടു മുറ്റത്ത് കൂലിക്കായി മണിക്കൂറുകളോളം കാത്ത് നിർത്തുന്നവരും, പണിക്കൂലി മുഴുവൻ കൊടുക്കാതെ അതിനായി തൊഴിലാളികളെ നാലും അഞ്ചും തവണ നടത്തിക്കുന്നവരും മനുഷ്യർ തന്നെയാണ്. സ്വന്തം കാറിൽ ഒന്ന് ചാരി നിന്ന കുറ്റത്തിന് ചെറിയൊരു കുട്ടിയെ കാലുയർത്തി തൊഴിക്കുന്നവനും മനുഷ്യൻ തന്നെയാണ്. പ്രണയം നിരശിച്ചതിന് കാമുകിയെ കഴുത്തറുത്ത് കൊല്ലുന്നവനും, മുഖത്ത് ആസിഡ് ഒഴിക്കുന്നവനും മനുഷ്യൻ തന്നെയാണ്. മുഷിഞ്ഞ വസ്ത്രവും തൊലി നിറവും നോക്കി ഒരാളെ കള്ളനാക്കി കൂട്ടത്തോടെ തല്ലുന്നവരും മനുഷ്യർ തന്നെയാണ്. മധുവിനെ തല്ലിക്കൊന്ന ആൾക്കൂട്ടവും മനുഷ്യർ തന്നെയാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ തല്ലുകയും കൊല്ലുകയും ചെയ്യുന്നവരും മനുഷ്യർ തന്നെയാണ്. സിഖ് വിരുദ്ധ കലാപത്തിനും, ഗുജറാത്ത് വംശഹത്യയ്ക്കും, 51 വെട്ടിന്റെ ക്രൂരതയ്ക്ക് പിന്നിലുള്ളവരും മനുഷ്യർ തന്നെയാണ്. അപ്പോൾ മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടാണോ ? ഇരയാക്കപ്പെടുന്നവർക്ക് ജീവിതം അത്ര സുഖമുള്ള ഒരേർപ്പാടാണോ ? അല്ല എന്നു തന്നെയാണ് ഉത്തരം.

muhammad-abbas-1

എന്താണ് ‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല’ ?

അനുഭവക്കുറിപ്പുകളാണ്. എന്റെയും എന്റെ സഹജീവികളുടെയും അനുഭവങ്ങൾ. ഒട്ടും മായം ചേർക്കാതെ, പൊടിപ്പും തൊങ്ങലുമില്ലാതെ, ഏത് എട്ടാം ക്ലാസുകാരനും വായിച്ചാൽ മനസ്സിലാവുന്ന ഭാഷയിൽ എഴുതിയിട്ടുണ്ട് എന്നാണ് വിശ്വാസം. ബാക്കി തീരുമാനിക്കേണ്ടത് വായനക്കാരാണ്. വായനക്കാരില്ലാതെ എന്ത് എഴുത്തുകാരൻ ?

ഏത് എട്ടാം ക്ലാസുകാരനും വായിച്ചാൽ മനസ്സിലാവുന്ന ഭാഷയിൽ’ എന്ന പ്രയോഗത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ചോദ്യത്തിലേക്കു കടക്കാം. എട്ടാം ക്ലാസിൽ പഠനം നിർ‌ത്തിയ, മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ച ആളാണല്ലോ താങ്കൾ. അങ്ങനെ തോന്നിയ സന്ദർഭം എന്തായിരുന്നു ?

പഴയ തിരുവിതാംകൂറിലേക്ക് മലബാറിൽ നിന്ന് കുടിയേറിയതാണ് എന്റെ ഉമ്മയും ഉപ്പയും. റബ്ബർ ടാപ്പിങ്ങായിരുന്നു ഉപ്പാക്ക് അവിടെ ജോലി. പത്ത് മക്കളിൽ എട്ടാമനായി ഞാൻ ജനിക്കും മുമ്പേ അവിടം കന്യാകുമാരി ജില്ലയിൽ പെട്ട്, തമിഴ്നാടിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. അവിടെ, ‘പെരും ചിലമ്പ് അരസു നടു നിലൈ പള്ളി’ യിലാണ് ഞാൻ എട്ട് വരെ പഠിച്ചത്. തുടർന്ന് കുടുംബത്തെ മുഴുവൻ ബാധിച്ച ഒരംഗത്തിന്റെ ആത്മഹത്യാ ശ്രമത്തിന്റെ (വെറും ശ്രമമല്ല, പ്രണയ നൈരാശ്യത്തിൽ മനം നൊന്ത് 90 % വും മരണത്തിൽ ചെന്ന് തൊട്ട ശ്രമം) അപമാനങ്ങളിലും വേദനകളിലും നിന്നും രക്ഷപ്പെടാനായി, കുടുംബം അതിന്റെ വേരുകളിലേക്ക്, മലപ്പുറം ജില്ലയിലെ കോട്ടക്കലിലേക്ക് താമസം മാറി. വീട്ട് സാധനങ്ങൾ കയറ്റിയ ഒരു ലോറിയിൽ കുടുംബത്തോടൊപ്പം കയറുകയല്ലാതെ 13 വയസുള്ള എനിക്ക് മറ്റ് വഴികളുണ്ടായിരുന്നില്ല.

അവിടെ തുടർ പഠനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരാമെന്ന് എന്റെ അധ്യാപകർ ഏറ്റതാണ്. പക്ഷേ ഒരു മകനെ മാത്രം അവിടെ തനിച്ചാക്കി പോരാൻ ഉപ്പാക്കും ഉമ്മാക്കും കഴിയില്ലല്ലോ. ഇവിടെയെത്തിയ എനിക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. ഒരു ബസ്സിന്റെ ബോർഡ് പോലും വായിക്കാനറിയില്ല. ബോർഡ് വായിക്കാനറിയാതെ ബസ്സ് മാറിക്കയറി പലതവണ വഴിയിൽ ഇറക്കി വിടപ്പെട്ട് അപമാനത്തോടെ തല കുനിച്ച് നിൽക്കേണ്ടി വന്നിട്ടുണ്ട്. ജീവിക്കണമെങ്കിൽ മലയാളം പഠിച്ചേ പറ്റൂ എന്ന അവസ്ഥയായി. അങ്ങനെ അതിജീവിക്കാൻ വേണ്ടി പഠിച്ചതാണ് മലയാളം.

കോട്ടക്കലിലെത്തിയ ശേഷം ‌പഠനം തുടരാൻ ശ്രമിച്ചില്ലേ ?

മുമ്പ് പറഞ്ഞ സാഹചര്യം തന്നെ .ഇവിടെയെത്തിയ എന്നെ ഉപ്പ സ്കൂളിൽ ചേർക്കാൻ നോക്കിയെങ്കിലും മലയാളം എഴുതാനും വായിക്കാനും അറിയാത്തതിനാൽ രണ്ടാം ക്ലാസിൽ ഇരുത്താം എന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. അവരെ കുറ്റം പറയാൻ പറ്റില്ല. മലയാള അക്ഷരങ്ങൾ പോലും എഴുതാനും വായിക്കാനും അറിയാത്ത എന്ന എട്ടിലോ ഒമ്പതിലോ ഇരുത്താൻ പറ്റില്ലല്ലോ. എട്ടിൽ ജയിച്ച എനിക്ക് രണ്ടിലെ തീരെ ചെറിയ കുട്ടികളോടൊപ്പം ഇരിക്കാൻ മടി തോന്നി. പിന്നെ, എന്നെയും അനിയനെയും ഏട്ടന്മാരെയും സ്കൂളിലയക്കാനുള്ള സാമ്പത്തികശേഷി ഉപ്പാക്ക് ഉണ്ടായിരുന്നുമില്ല.

അങ്ങനെയൊരു സാഹചര്യത്തിൽ നിന്ന്, സാഹിത്യത്തിലേക്ക് അല്ലെങ്കിൽ വായനയിലേക്കും എഴുത്തിലേക്കും എത്തിപ്പെട്ടതെങ്ങനെ ?

ജീവിക്കണമെങ്കിൽ മലയാളം പഠിച്ചേ പറ്റൂ എന്ന അവസ്ഥയിലായപ്പോൾ, പഴയ ബാല പ്രസിദ്ധീകരണങ്ങൾ ആക്രികടകളിൽ നിന്ന് തൂക്കി വാങ്ങി വായിച്ചു തുടങ്ങി. കോട്ടക്കലിലെ ഒരു കമേഴ്സ്യൽ ആർട്ടിസ്റ്റിന്റെ ഹെൽപ്പറായി ജോലി നോക്കിയ കാലത്ത് എപ്പോഴും എന്റെ കയ്യിലൊരു ബാലരമയോ മറ്റോ ഉണ്ടാകും. വാക്കുകൾ പഠിച്ചെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി. വാക്കും അക്ഷരവും ഉറച്ചപ്പോൾ പിന്നെ മനോരമയും മറ്റും വായിച്ചു. അത് പിന്നെ മാത്യു മറ്റത്തിലേക്കും മുട്ടത്ത് വർക്കിയിലേക്കും പമ്മനിലേക്കും നീണ്ടു. പിന്നെ ബഷീർ വഴി തകഴിയിലേക്കും ടി.പത്മനാഭനിലേക്കും മാധവിക്കുട്ടിയിലേക്കും എം.ടിയിലേക്കും കേശവദേവിലേക്കും കാരൂരിലേക്കും ലളിതാംബികാ അന്തർജനത്തിലേക്കും എത്തിപ്പെട്ടു. ഒ.വി വിജയൻ വഴി, ദസ്തയോവിസ്കിയിലേക്കും ടോൾസ്റ്റോയിയിലേക്കും ഹെമിങ് വേയിലേക്കും ഗുന്തർഗ്രാസിലേക്കും മാർക്കേസിലേക്കു മൊക്കെ നീണ്ട് നീണ്ടു പോയി. ഇതെല്ലാം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട രചനകളായിരുന്നു കേട്ടോ...

muhammad-abbas-3

ഔഷധം പോലെയോ ലഹരി പോലെയോ ഒഴിവാക്കാനാകാത്ത ഒരു ശീലമായി സാഹിത്യം മാറുകയായിരുന്നോ ?

പൊതുവേ ഉള്ളിലേക്ക് വലിയുന്ന സ്വഭാവവും, പഠനം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ അപകർഷതാ ബോധവും ഒന്നിച്ച് ചേർന്നപ്പോൾ, ഞാൻ പുസ്തകങ്ങളിലേക്ക് പ്രത്യേകിച്ചും സാഹിത്യത്തിലേക്ക് ചുരുങ്ങി. സാഹിത്യം നമ്മളെ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒരു പരിധി വരെ ഒളിച്ചോടാൻ സഹായിക്കും. അതേ സാഹിത്യം തന്നെ ജീവിതത്തിന്റെ നാനാവശങ്ങളെ കുറിച്ചുള്ള പൊള്ളുന്ന അറിവുകളും തരും. സ്വന്തം ജീവിത സാഹചര്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഞാൻ പുസ്തകങ്ങളിൽ അഭയം പ്രാപിച്ചു.

പുസ്തകങ്ങളിൽ ഉറങ്ങി. പുസ്തകങ്ങളിൽ ഉണർന്നു. പുസ്തകങ്ങളിൽ ജീവിച്ചു. ഇപ്പോഴും ജീവിക്കുന്നു. വായന എന്നത് ഇപ്പോഴും ജീവവായു പോലെ, ഭക്ഷണം പോലെ, ഒരത്യാവശ്യ കാര്യമാണ്. പത്ത് മിനുട്ട് ഗ്യാപ്പ് കിട്ടിയാൽ ഫോണല്ല എടുക്കാറ്, പുസ്തകങ്ങളാണ്. അതും ഭ്രാന്ത് തന്നെ...

ഇതിനിടെ ഉൻമാദത്തിലേക്കും അതിന്റെ നൊമ്പരങ്ങളിലേക്കും വീണു പോയതെങ്ങനെ ? ആ കാലം എങ്ങനെയായിരുന്നു ?

അന്തംവിട്ട വായനയുടെ ഫലവും കൂടെ വിഷാദ രോഗവും ആത്മഹത്യാ പ്രവണതയും കൂടിയായപ്പോൾ ശരിക്കും ഉന്മാദിയായി. ആ കാലത്തെക്കുറിച്ച് മൂന്നു പുസ്തകങ്ങളിലും ആത്മകഥയിലും കുറച്ചൊക്കെ എഴുതിയിട്ടുണ്ട് .

മൂന്നിലേറെ തവണ ആത്മഹത്യയ്ക്ക്, ഗുളിയും കയറും റെയിൽവേ ട്രാക്കുമൊക്കെ തിരഞ്ഞെടുത്തു. ഒരു തവണ മരണത്തിന് തൊട്ടടുത്ത് എത്തി മടങ്ങി വന്നു. ചെയ്തു കഴിഞ്ഞാൽ ശിക്ഷയില്ലാത്തതും, ചെയ്യാൻ ശ്രമിച്ചാൽ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വിചിത്രമായ കുറ്റമാണല്ലോ ആത്മഹത്യ. എന്തായാലും ഇത് വരെ ആ ശ്രമത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റം വിജയകരമായി പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല. ഇന്നും അല്‍പ്പം ഭ്രാന്ത് ബാക്കിയുള്ളതിനാൽ ആ കാലത്തെക്കുറിച്ച് വിശദമായി പറയുന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല .

വിശപ്പ് പ്രണയം ഉൻമാദം’ താങ്കളുടെ ഒരു പുസ്തകത്തിന്റെ പേരാണ്. ഈ മൂന്ന് വാക്കുകളിലൂടെ സ്വന്തം ജീവിതത്തെ എങ്ങനെ നിർവചിക്കാം ?

വിശപ്പും പ്രണയവും ഉന്മാദവും എമ്പാടും അനുഭവിച്ചിട്ടുണ്ട്. ഏതെങ്കിലും നിർവചനങ്ങളിൽ ഒതുക്കാവുന്ന ഒന്നല്ലല്ലോ ജീവിതമെന്ന അത്ഭുതം. ജീവിക്കുന്നു. ഈ ഭൂമിയിൽ സ്വബോധത്തോടെ ജീവിച്ചിരിക്കുന്നു എന്ന ഉറപ്പിനപ്പുറം മറ്റെന്ത് നിർവചനം ? അതുമല്ല, ജീവിതത്തിന് എന്തെങ്കിലും നിർവചനം പറയാൻ മാത്രം ഞാനത്ര വല്യ സംഭവമൊന്നുമല്ല.

താങ്കളുടെ ജീവിതം സങ്കൽപ്പകഥകളെ തോൽപ്പിക്കുന്നത്ര തീവ്രവും വേദനാനിർഭരവുമാണല്ലോ...അതിനെ അക്ഷരങ്ങളിലേക്കു പകർത്തുകയെന്നത് ഒട്ടും എളുപ്പമാകില്ലല്ലോ ?

അനുഭവങ്ങളെ എഴുതി ഫലിപ്പിക്കുക എന്നത് പ്രയാസം പിടിച്ച പണിയാണ്. ഫിക്ഷനാണെങ്കിൽ അവിടെ നമുക്ക് സ്വാതന്ത്ര്യമുണ്ട്. എല്ലാ അർത്ഥത്തിലും. ഇവിടെ നമ്മുടെയോ മറ്റൊരാളുടെയോ അനുഭവങ്ങളാണ് മുമ്പിലുള്ളത്. മായം ചേർക്കൽ നടക്കില്ല. ഭാവനയുടെ കടും വർണ്ണങ്ങൾ ഒട്ടും പറ്റില്ല. ഒരനുഭവം എഴുതുമ്പോൾ അതിൽ ഉൾപ്പെട്ട മറ്റ് ചിലരുണ്ടാവാം. അവരാ സമയത്ത് എന്നോട് ചെയ്ത അനീതിക്ക് അവരുടേതായ ന്യായീകരണങ്ങളും ഉണ്ടാവും. എന്റെ വീക്ഷണ കോണിലൂടെ അത് എഴുതുമ്പോൾ അവരെയത് വേദനിപ്പിച്ചെന്ന് വരാം. മനുഷ്യരെ വേദനിപ്പിക്കാൻ എളുപ്പവും, സാന്ത്വനം നൽകാൻ വളരെ ബുദ്ധിമുട്ടുമാണ്. അപ്പോൾ അവരുടെ യഥാർത്ഥ പേരോ സ്ഥലമോ വരാതിരിക്കാൻ പരമാവധി ശ്രമിക്കും. ചുരുക്കത്തിൽ ഒരു വൃത്തത്തിനുള്ളിൽ ഒതുങ്ങി നിന്ന് അതിന്റെ അതിർ രേഖകളെ ശ്രദ്ധിച്ച്, വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട നൃത്തമാണ് അനുഭവമെഴുത്തെന്ന് പറയാം.

muhammad-abbas-2

നാല് നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ച്, ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചു കൊണ്ട് മനുഷ്യ ദുഃഖങ്ങളെക്കുറിച്ച് എഴുതുന്ന ഒരാളല്ല ഞാൻ’ എന്നു പറഞ്ഞിട്ടുണ്ടല്ലോ, അതിലൂടെ വ്യക്തമാക്കുന്ന നിലപാടുകളെക്കുറിച്ച് അറിയണമെന്നുണ്ട് ?

നമ്മളോട് വല്യ വല്യ കാര്യങ്ങൾ പറയുന്ന എഴുത്തുകാരുടെ ജീവിതം ശ്രദ്ധിച്ചിട്ടുണ്ടോ ? അവർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല. ഒറ്റ ഒരു ഉദാഹരണം പറയാം. മണലെടുപ്പിനും മണ്ണെടുപ്പിനും മരം മുറിക്കലിനും പാറ പൊട്ടിക്കലിനും എതിരെ കവിതകളും കഥകളും എഴുതാത്ത എഴുത്തുകാർ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ നിങ്ങൾ അവരുടെ വീടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? തേക്കിന്റെയും വീട്ടിയുടെയും പോളിഷ് ചെയ്ത കൂറ്റൻ അലങ്കാര തൂണുകൾ സ്ഥാപിച്ച വീടുകളുള്ള എഴുത്തുകാർ വരെ കേരളത്തിലുണ്ട്. അവരാരും ആകാശത്തിനു ചുവട്ടിൽ വെറും മണ്ണിൽ അന്തിയുറങ്ങുന്നവരല്ല. പാറ ഉപയോഗിക്കാത്ത, മണ്ണ് ഉപയോഗിക്കാത്ത, സിമന്റും മണലും ഉപയോഗിക്കാത്ത, മരം ഉപയോഗിക്കാത്ത വീടുകൾ നിർമ്മിച്ചിട്ട് അവരീ ചൂഷണത്തിനെതിരെ സാഹിത്യം എഴുതിയിരുന്നെങ്കിൽ എന്ന് പറയുന്നില്ല. വീട് എല്ലാവർക്കും വേണം. പാതകളും എല്ലാവർക്കും വേണം. റെയിലും വിമാനത്താവളങ്ങളും വേണം .ഇതിനൊക്കെ പ്രകൃതിയെ ചൂഷണം ചെയ്തേ പറ്റൂ. ആഡംബരവും ആവശ്യവും രണ്ടാണല്ലോ ? ആവശ്യത്തിന്, അതും വളരെ സൂക്ഷ്മതയോടെ പ്രകൃതിയിൽ തൊടാം. അങ്ങനെ തൊടാതെ മനുഷ്യർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ലല്ലോ.

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട മകൻ ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ, ‘നിനക്കെന്താണ് തിന്നാൻ വേണ്ടത്’ എന്ന് ചോദിച്ച ഉപ്പ ഒരു പൊള്ളുന്ന യാഥാർഥ്യമാണ്... ?

മരിക്കാനായി അറുപത് ഉറക്ക ഗുളികകൾ ഒന്നിച്ച് കഴിച്ച് രണ്ട് ദിവസം അബോധാവസ്ഥയിൽ കിടന്ന ഞാനെന്ന മകൻ, ആശുപത്രി മുറിയിൽ കണ്ണ് തുറന്നപ്പോൾ അതു വരെ എന്റെ അബോധത്തിന് കൂട്ടിരുന്ന ഉപ്പ എന്നോട് ചോദിച്ചത് ‘അനക്കെന്താ തിന്നാൻ മാണ്ടത് ? ’ എന്നാണ്. എന്തിനാണ് നീ മരിക്കാൻ നോക്കിയതെന്ന് ഉപ്പ എന്നോടൊരിക്കലും ചോദിച്ചിട്ടില്ല. എന്റെ ഉന്മാദങ്ങളെ ഉപ്പാക്ക് മനസ്സിലാവുമായിരുന്നു. ഉപ്പ ഇപ്പോൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല. ആ സംഭവത്തെ പറ്റി ഞാനീ പുതിയ പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. ഉപ്പാന്റെ ചോദ്യത്തിന് മറുപടിയായി, കഴിക്കാൻ എനിക്ക് പൊടിച്ചായയും ഉഴുന്നു വടയും വേണമെന്ന് ഞാനന്ന് പറഞ്ഞപ്പോൾ, ഉപ്പ അതിന്റെ കൂടെ കടലാസിൽ പൊതിഞ്ഞ് ഒരു സിഗരറ്റും തീപ്പെട്ടിയും മറ്റാരും കാണാതെ എനിക്ക് കൊണ്ട് തന്നു. ആരും കാണാതെ ആ പൊതി തുറന്ന് നോക്കിയ ഞാൻ ഒരു കടുക് മണിയോളം ചെറുതായി. നെഞ്ച് കനത്ത് കണ്ണ് നിറഞ്ഞ് ആ കണ്ണീർ സിഗരറ്റിലേക്ക് ഇറ്റി വീണു. ലോകത്ത് ഒരുപ്പയും ചാവാൻ നോക്കി പരാജയപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വന്ന വിഡ്ഢിയായ മകന് സിഗരറ്റ് വാങ്ങി കൊടുത്തിട്ടുണ്ടാവില്ല.

ഇതയൊക്കെ ജീവിതാനുഭവങ്ങൾ താണ്ടിയ, വായിച്ച ഒരാളാണല്ലോ. അതിനാൽ ചോദിക്കട്ടേ, ‘എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച പുസ്തകം’ എന്ന നിലയിൽ താങ്കൾ തിരഞ്ഞെടുക്കുന്ന കൃതി ഏതാണ് ?

ഒറ്റ പുസ്തകമായിട്ട് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ, ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിന്റെ മരണം’ എന്ന ലഘു നോവൽ ഞാൻ തിരഞ്ഞെടുക്കും. ജീവിക്കാനുള്ള പ്രേരണ എന്നതിലുപരി എന്നെ രണ്ടാമത്തെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ച പുസ്തകമാണ് അത്. മരിക്കാനായി ചെന്നെത്തിയ കന്യാകുമാരിയിലെ ലോഡ്ജ് മുറിയിൽ വച്ച് ആ പുസ്തകം വായിച്ച് മരണത്തോട് ഞാൻ സലാം ചൊല്ലി മടങ്ങി പോന്നിട്ടുണ്ട്. രണ്ടാമത്തെ പുസ്തകത്തിൽ ആ സംഭവം വിശദമായി എഴുതിയിട്ടുണ്ട്. അതിലെ ഇവാൻ ഇല്ലിച്ച് എന്ന കഥാപാത്രം മറ്റുള്ളവർ മരിക്കുമ്പോഴൊക്കെ, നമ്മളെയൊക്കെപ്പോലെ എന്റെ മരണം ഞാനറിയാതെ എന്നിലേക്ക് എത്തില്ല എന്ന് വിശ്വസിച്ച മനുഷ്യനാണ്. അയാൾ മരിച്ച് കിടക്കുമ്പോൾ ഭാര്യ ആലോചിക്കുന്നത് തനിക്ക് ലഭിക്കാൻ പോവുന്ന ആനുകൂല്യങ്ങളെ കുറിച്ചാണ്. അബ്ബാസ് കന്യാകുമാരിയിലെ ലോഡ്ജ് മുറിയിൽ മരിച്ചു കിടന്നാൽ സ്വാർത്ഥത വിചാരിക്കാനായിട്ട് പോലും എനിക്ക് അന്നൊരു ഭാര്യയില്ല. ആരുടെ മരണവും ആർക്കും ഒരു നഷ്ടവും വരുത്തുന്നില്ല എന്ന പൊള്ളുന്ന സത്യവും, ഒപ്പം ജീവിതമെന്ന ഈ മാതളപ്പഴത്തിന്റെ രുചിയും സുഗന്ധവും ഒരിക്കലേ മനുഷ്യർക്ക് ലഭിക്കുകയുള്ളൂ എന്ന സുന്ദരമായ കവിതയും ഒരേ സമയം ടോൾസ്റ്റോയി എനിക്ക് പറഞ്ഞ് തരികയായിരുന്നു. എന്നെക്കൊണ്ട് അനുഭവിപ്പിക്കുകയായിരുന്നു. ആ വല്യ മനുഷ്യനോട് എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നു .

muhammad-abbas-5 മുഹമ്മദ് അബ്ബാസും ഭാര്യ നസീമയും

എഴുത്തിൽ ഇനിയുള്ള പദ്ധതികൾ ?

ഇനി വരാനുള്ളത് ‘വെറും മനുഷ്യർ’ എന്ന ആത്മകഥയാണ്. പരമ്പരയായി, അതിപ്പോൾ 100 അധ്യായങ്ങൾ തികയ്ക്കുകയാണ്. 2018 ൽ ഫെയ്സ്ബുക്കിലോ ഇൻസ്റ്റയിലോ മറ്റോ ഞാനൊരു ചിത്രം കണ്ടു. ഉത്തരേന്ത്യയിൽ ഇടിമിന്നലേറ്റ് മരിച്ച ഒരു കർഷകന്റെ ചെരുപ്പായിരുന്നു അത്. കേടു വന്ന ഭാഗം നൂൽക്കമ്പി കൊണ്ട് തുന്നിക്കൂട്ടിയ ആ ചെരിപ്പ് എന്റെ ഉപ്പാന്റെ അതേ ചെരുപ്പായിരുന്നു. ആ കർഷകന്റെ അടയാളമായി, ജീവിതത്തിന്റെ മുഴു ദൈന്യമായി ആ ചെരുപ്പെങ്കിലും അടയാളപ്പെട്ടു. എന്റെ ഉപ്പയടക്കം, ഈ ഭൂമിയിൽ അടയാളങ്ങളേതും അവശേഷിപ്പിക്കാതെ മരണപ്പെട്ട് പോവുന്ന കോടാനുകോടി മനുഷ്യരുണ്ടല്ലോന്ന് ഞെട്ടലോടെ ഞാൻ മനസിലാക്കി. എന്റെ ഉപ്പയും ആ കർഷകനെപ്പോലുള്ള ശതലക്ഷം മനുഷ്യരും എവിടെയെങ്കിലും അടയാളപ്പെടണമെന്ന ശക്തമായ തോന്നലുണ്ടായി. അപ്പോൾ ഫെയ്സ്ബുക്കിൽ ആത്മകഥയെന്ന പേരിൽ ഞാൻ രണ്ട് കുറിപ്പുകൾ എഴുതിയിട്ടു. അത് ശ്രദ്ധയിൽ പെട്ട കമൽ റാം സജീവ് എന്നെ ഫോണിൽ വിളിച്ച് ഇത് നമുക്ക് ട്രൂ കോപ്പി വെബ്സീനിൽ കൊടുക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് ‘വെറും മനുഷ്യർ’ എന്ന ആത്മകഥ ആത്മകഥയായി അടയാളപ്പെടുന്നത്. അദ്ദേഹത്തോടും മനിലയോടും കണ്ണേട്ടനോടും നന്ദി പറയാതെ വയ്യ. എഴുതിയും തിരുത്തിയും വീണ്ടുമെഴുതിയും പിന്നെയും തിരുത്തിയും ഞാനൊരു നോവൽ എഴുതി കൊണ്ടിരിക്കുകയാണ്. അതിലാണ് അടുത്ത പ്രതീക്ഷ.

എഴുത്തുകാരുമായുള്ള സൗഹൃദങ്ങള്‍ ?

അറിയപ്പെടുന്ന എഴുത്തുകാർ ആരുമായും പരിചയമില്ല. അവരുടെ വാക്കുകളുമായി നല്ല പരിചയമുണ്ട്. ഫെയ്സ്ബുക്കിൽ സജീവമായ പുതിയ എഴുത്തുകാരിൽ ചിലരുമായി പരിചയമുണ്ട്. ഉള്ളിലേക്ക് വലിയുന്ന സ്വഭാവമായതിനാൽ ആരെയും നേരിൽ കണ്ടിട്ടില്ല. പലരും വിളിക്കാറുണ്ട്. സൗഹൃദവും വായനയും എഴുത്തും പങ്ക് വയ്ക്കാറുണ്ട്. കഴിഞ്ഞതും നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ എഴുത്തുകാരോടും എഴുത്തുകളോടും സ്നേഹവും ആദരവും മാത്രം.

muhammad-abbas-4 മുഹമ്മദ് അബ്ബാസിന്റെ മക്കൾ

കുടുംബം ?

ഭാര്യ നസീമ. മൂന്ന് മക്കളാണ് ഞങ്ങൾക്ക്. മുഹമ്മദ് ഹാഷിം, നാജിയ നസ്റീൻ, തസ്നീമ. നാജിയ ഫറോഖ് കോളേജിൽ പി.ജി ചെയ്യുന്നു. തസ്നീമ പ്ലസ് ടൂ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു.