Tuesday 19 April 2022 03:27 PM IST

എം.ടി പ്രണയിച്ചിട്ടുണ്ടോ... മലയാറ്റൂർ ഇപ്പോഴും ഗൗരവക്കാരനാണോ ? ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കള്‍’ തിരികെയെടുക്കുമ്പോൾ

V.G. Nakul

Sub- Editor

vbc-nair-1

മലയാള സാഹിത്യത്തെയും ആധുനിക മലയാളി ഭാവുകത്വത്തെയും ആഴത്തിൽ സ്വാധീനിച്ച പ്രസിദ്ധീകരണമാണ് എസ്.കെ നായരുടെ ഉടമസ്ഥതയിൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളനാട്’ വാരിക. അകാലത്തിൽ വാരികയുടെ പ്രസിദ്ധീകരണം അവസാനിച്ചെങ്കിലും സാഹിത്യചരിത്രത്തിൽ ഇടം നേടിയ നിരവധി രചനകൾ ചുരുങ്ങിയ കാലത്തിനിടെ ‘മലയാളനാടി’ലൂടെ വായനക്കാരെ തേടിയെത്തി. എം കൃഷ്ണൻ നായരുടെ ‘സാഹിത്യവാരഫലം’, മാധവിക്കുട്ടിയുടെ ‘എന്റെ കഥ’, ഒ.വി വിജയന്റെ ‘ധർമ്മപുരാണം’ തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ...അക്കൂട്ടത്തിൽ ഏറെ ജനപ്രിയമായ മറ്റൊന്നായിരുന്നു വാരികയുടെ എഡിറ്റർ വി.ബി.സി നായരുടെ (വി.ബാലചന്ദ്രൻ നായർ) ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കൾ’. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ സ്വകാര്യ ജീവിതമുൾപ്പടെ അനാവരണം ചെയ്യുന്ന ഈ പ്രത്യേക ഫീച്ചറുകൾ എല്ലാ ഓണപ്പതിപ്പുകളിലുമാണ് ഉൾപ്പെടുത്തിയിരുന്നത്. ‘മലയാളനാട്’ ഓണപ്പതിപ്പിന്റെ പ്രധാന ആകർഷണവും ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കൾ’ ആയിരുന്നു. കോളം ആരംഭിച്ചതു മുതൽ വാരിക നിർത്തുന്നതു വരെ, ഒരേയൊരു വർഷമൊഴികെ എല്ലാ ഓണക്കാലത്തും രണ്ടോ മൂന്നോ എഴുത്തുകാരെ വി.ബി.സി ഇത്തരത്തിൽ അവതരിപ്പിച്ചിരുന്നു. എഴുത്തുകാരുടെ സ്വകാര്യ ജീവിതം അറിയാക്കഥകളായിരുന്ന കാലത്ത് അത്തരം വിശേഷങ്ങള്‍ മലയാളികൾക്കു ലഭിച്ചത് ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കളി’ലൂടെയാണ്.

ഇപ്പോഴിതാ, മറവിയിൽ മാഞ്ഞു പോകുമായിരുന്ന ആ അപൂർവ വായനാനുഭവത്തെ മലയാളം തിരികെയെടുക്കുകയാണ്. ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കള്‍’ സമ്പൂർണം സാഹിത്യ പ്രവർത്തക സഹകരണ സംഘം പുസ്തകമാക്കുന്നു. എഴുത്തുകാരനും സാഹിത്യ ഗവേഷകനുമായ പ്രദീപ് പനങ്ങാടാണ് ഈ വീണ്ടെടുപ്പിന് പിന്നിൽ.

‘‘മലയാളത്തിലെ എക്കാലത്തെയും പ്രധാനപ്പെട്ട സാഹിത്യ ഫീച്ചറുകളുടെ കൂട്ടത്തിലാണ് ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കള്‍’ ഉള്ളത്. ‘മലയാളനാടി’ന്റെ ഓണപ്പതിപ്പ് വായനക്കാർ കാത്തിരുന്നതിനു പിന്നിൽ ഒരു പ്രധാന കാരണവും ഇതായിരുന്നു.

ഥയുടെ മാന്ത്രികനായ ഉറൂബ് വെള്ളമടിക്കുമോ ? അന്തർമുഖനായ എം.ടി പ്രണയിച്ചിട്ടുണ്ടോ ? മലയാറ്റൂർ ഇപ്പോഴും ഗൗരവക്കാരനാണോ ? തുടങ്ങി അക്കാലത്ത് അതിലെ പല ചോദ്യങ്ങളും പുതുമയായിരുന്നു.

vbc-nair-2

1978 ൽ അവയിലെ തിരഞ്ഞെടുത്ത ചിലത് ഡി.സി ബുക്സ് പുസ്തകമാക്കി. ശേഷം കുറച്ചെണ്ണം ചേർത്ത് കറണ്ട് ബുക്സും ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. എന്നാൽ പിന്നീടൊരിക്കലും അവ പുനപ്രസിദ്ധീകരിക്കപ്പെടുകയോ, ബാക്കിയുള്ളവ പുസ്തക രൂപത്തിലെത്തുകയോ ചെയ്തില്ല.

കഴിഞ്ഞ കോവിഡ് കാലത്ത് പഴയ പുസ്തകങ്ങൾ തിരയുന്നതിനിടെയാണ് അതിൽ ഒരു പുസ്തകം വീണ്ടും എന്റെ ശ്രദ്ധയിൽ പെട്ടത്. ബാക്കി കൂടി ഉൾപ്പെടുത്തി ഇതൊന്നു പരിഷ്കരിച്ചാലെന്തെന്ന ചിന്ത അങ്ങനെയാണുണ്ടായത്. എസ്.പി.സി.എസ്സുമായി ബന്ധപ്പെട്ടപ്പോള്‍ അവർക്കും താൽപര്യമായി. തുടർന്ന് ബാക്കിയുള്ളവ കൂടി കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. വി.ബി.സി നായരുടെ മകൻ ചിലതൊക്കെ തന്നു. ബാക്കി യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നും മറ്റും ഞാൻ തപ്പിയെടുത്തു. എന്തായാലും ഒന്നൊഴിയാതെ 31 ഫീച്ചറുകളും ചേർത്ത് ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കള്‍’ സമ്പൂർണ സമാഹാരമായി വരുകയാണ്. മലയാള സാഹിത്യത്തെ സംബന്ധിച്ച് ഇതൊരു ചരിത്ര ഗ്രന്ഥമാണ്. അതിനു കാരണക്കാരനായതിൽ വലിയ സന്തോഷം’’.– പ്രദീപ് പനങ്ങാട് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

vbc-nair-4

‘‘വി.ബി.സിക്ക് മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുണ്ടായിരുന്ന അടുപ്പമാണ് ഈ പരമ്പര സാധ്യമാക്കിയത്. 1974 ഓണപ്പതിപ്പിൽ ജി.ശങ്കരക്കുറുപ്പിൽ തുടങ്ങിയ പരമ്പര 1982ല്‍ ബാലചന്ദ്രൻ ചുള്ളിക്കാടിൽ അവസാനിച്ചു. എഴുത്തുകാരുടെ ജീവിതവും കൃതികളും വിശദീകരിച്ച്, ശീലങ്ങളും ദുശീലങ്ങളും ചോദിച്ചറിഞ്ഞ്, ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കള്‍’ അദ്ദേഹം വേറിട്ട അനുഭവമാക്കി’’. – പ്രദീപ് പറയുന്നു.

പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കളു’ടെ പിറവിയെക്കുറിച്ച് വി.ബി.സി ഇങ്ങനെ എഴുതി –

‘1974 മാർച്ച് മാസത്തിലെ ഒരു ബുധനാഴ്ച. അടുത്ത മലയാളനാടിന്റെ ഓണപ്പതിപ്പ് എങ്ങനെ പുതുമയുള്ളതാക്കാം ? എസ് കെ നായരും ഞാനും ഗാഢമായ ആലോചനയിൽ ഏർപ്പെട്ടു. പല വഴികളിലൂടെ ആലോചന നീണ്ടു. ഒടുവിൽ അൽപനേരം ആലോചിച്ചിട്ട് എസ് കെ നായർ പറഞ്ഞു: ‘വിബിസി ക്കു മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരെയെല്ലാം അടുത്തറിയാമല്ലോ. അവരുടെ സ്വകാര്യജീവിതത്തിലേക്ക് വെളിച്ചം വീഴുന്ന ഒരു ഫീച്ചർ ആയാൽ എന്താ ?’ അങ്ങനെയാണ് 'പൂർണതയെ തേടുന്ന അപൂർണബിന്ദുക്കൾ’ക്ക് ജീവൻ വീണത്’.

'പൂർണതയെ തേടുന്ന അപൂർണബിന്ദുക്കളിൽ’ എം.ടി യുടെ സ്വകാര്യജീവിതത്തെക്കുറിച്ച് വി.ബി.സി എഴുതിയതിങ്ങിനെ –

‘എം ടി ദിവസവും മദ്യപിക്കാറില്ല. വല്ലപ്പോഴും. ചിലപ്പോൾ മാസങ്ങളോളം തൊട്ടില്ലെന്ന് വരും. ചില സാഹചര്യങ്ങളിൽ രണ്ടോ മൂന്നോ ദിവസങ്ങൾ അടുപ്പിച്ചു വേണ്ടി വന്നുവെന്ന് വരും. ജോലിചെയ്യുമ്പോൾ ഒരിക്കലും മദ്യപിക്കില്ല’.

ഉറൂബിനെക്കുറിച്ച് – ‘ഉറൂബ് മദ്യപാനിയല്ല. എല്ലാത്തരം മദ്യവും രുചിച്ചുനോക്കിയിട്ടുണ്ട്. സ്കോച്ചു മുതൽ പട്ടച്ചാരായം വരെ. പക്ഷേ ഒന്നും ഇഷ്ടപ്പെട്ടിട്ടില്ല. ഒരു ശിക്ഷയായിട്ടാണ് തോന്നിയിട്ടുള്ളത്’.

vbc-nair-3

വി.ബി.സി എന്ന പത്രാധിപരുടെ ധിക്ഷണാശക്തിയും വി.ബി.സി എന്ന സുഹൃത്തിന്റെ സ്നേഹാദരങ്ങളും ചേർന്നു സൃഷ്ടിച്ചതാണ് ‘പൂർണത തേടുന്ന അപൂർണബിന്ദുക്കൾ’ എന്ന് പ്രദീപ് പനങ്ങാട് പറയുന്നു.

കൊല്ലത്ത് ഇരവിപുരത്തിനടുത്ത് വാളത്തുംഗലിൽ മംഗലശ്ശേരി വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് വി.ബി.സി ഇപ്പോൾ. കേരളം കണ്ട മികച്ച ലിറ്റററി എഡിറ്റർമാരിൽ ഒരാളായ വി.ബി.സിക്ക് മലയാളം നൽകുന്ന അക്ഷരസമർപ്പണമാണ് ‘പൂർണത തേടുന്ന അപൂർണബിന്ദുക്കൾ’ എന്ന പുസ്തകം.