'വാൾ ഹാങ്ങിങ് ക്ളോസറ്റുകൾ സുരക്ഷിതമാണോ' എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ക്ലോസറ്റ് തകർന്ന് അതുപയോഗിച്ച വ്യക്തി തകർന്നു വീണ പശ്ചാത്തലത്തിലാണ് ആശങ്കകൾ തലപൊക്കുന്നത്. ഈ സാഹചര്യത്തിൽ വാൾ ഹാങ്ങിങ്ങ് ക്ലോസറ്റുകളെ കുറിച്ചും അതിന്റെ ഫിറ്റിങ്ങ് ഉപയോഗം എന്നിവ സംബന്ധിച്ചും വിശദമായി എഴുതുകയാണ് ആർക്കിടെക്ട് മാനസി. ആശങ്കകൾ അനാവശ്യമോ, വാൾ ഹാങ്ങിങ്ങ് ക്ലോസറ്റുകൾ അപകടം വിളിച്ചു വരുത്തുന്ന ആഡംബരമോ? ചുവടെ വായിക്കാം...
മനുഷ്യൻ പുരോഗമിയ്ക്കുന്നതിനും അറിവു നേടുന്നതിനും അനുസരിച്ച് അവൻ്റെ ജീവിത സൗകര്യങ്ങളിലും നിരന്തരം പുതുക്കൽ നടത്തുന്നുണ്ട്. ശുചിത്വത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള തിരിച്ചറിവ് ശുചിമുറികളുടെ ശുചിത്വത്തിലേയ്ക്കും മറ്റ് ശുചിത്വ പരിപാലന മാർഗ്ഗങ്ങളിലേയ്ക്കും നമ്മുടെ ശ്രദ്ധയെത്തിച്ചു. ഇന്ത്യൻ ടോയ്‌ലറ്റിൽ നിന്നും യൂറോപ്യൻ ടോയ്ലറ്റിലേയ്ക്കും, ഫ്ലോർ മൗണ്ടഡ് ഡിസൈനിൽ നിന്ന് വാൾ മൗണ്ടഡ് ഡിസൈനിലേയ്ക്കും നമ്മൾ എത്തിയതും ഇതിൻ്റെ ഭാഗമായി തന്നെ.
ചുമരിൽ നിന്നും കാന്റിലിവർ ചെയ്തു നിൽക്കുന്നത് കൊണ്ട് വൃത്തിയാക്കാൻ എളുപ്പവും കാഴ്ചയിൽ ആധുനികവും ആണെന്നത് തന്നെയാണ് വാൾ മൗണ്ടഡ് ഡബ്ല്യൂസി യുടെ പ്രധാന ആകർഷണം. കൂടെയുള്ള കൺസീൽഡ് ഫ്ലഷ് ടാങ്കിന്റെ ടെക്നോളജി സാധാരണ ഫ്ലഷ് ടാങ്കിന്റേത് തന്നെയാണെങ്കിലും ഇവിടെയത് ചുമരിനുള്ളിൽ പോകുന്നത് കൊണ്ട് പുറമേയ്ക്ക് കാണുന്ന ഫ്ലഷ് പ്ലേറ്റിലൂടേ തന്നെ അകത്തെ ഏതു ഭാഗവും വേണ്ടിവന്നാൽ മുഴുവനായി തന്നെ മാറ്റിവയ്ക്കാവുന്ന തരത്തിലുള്ള മെച്ചപ്പെട്ട രൂപരേഖയാണ് കൺസീൽഡ് ഫ്ലഷ് ടാങ്കിന്റേത്. കരടുള്ള വെള്ളമാണെങ്കിൽ ലീകേജ് പരാതികൾ ഉണ്ടാവാറുണ്ടെങ്കിലും അത്തരം സന്ദർഭങ്ങളിൽ എല്ലാ ഫ്ലഷ് ടാങ്കും lലീക്ചെയ്യും എന്നതാണ് സത്യം. മറ്റു ഫ്ലഷ് ടാങ്കുകൾ അത്തരം സന്ദർഭങ്ങളിൽ കവിഞ്ഞ് പുറത്തേയ്ക്ക് ഒഴുകുകയാണ് ചെയ്യുകയെങ്കിൽ ഇതിൽ ഡബ്ല്യൂസിയിലൂടെ അത് ഒഴുകിപോകാനുള്ള സംവിധാനമാണ് ഉള്ളത്. ടാങ്കിലെ വെള്ളം ഫിൽറ്റർ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുക എന്നത് മാത്രമാണ് അതിനു ചെയ്യാനുള്ളത്.
മെച്ചപ്പെട്ട സങ്കേതിക വിദ്യയായത് കൊണ്ട് Wall mounted Design-ന് താരതമ്യേന വില കൂടുതലാണ്. ഇത്തരത്തിലുള്ള എത് പുതിയ മോഡലുകളുടെ കൂടെയും അത് ഫിക്സ് ചെയ്യാനുള്ള മാർഗരേഖയും കൃത്യമായി കൊടുത്തിട്ടുണ്ടാവും. അത് നോക്കി ഫിക്സ് ചെയ്യുക എന്നത് പ്രധാനമാണ്. ചില പ്ളംബർമാർ അറിവില്ലായ്മ കൊണ്ടും ചിലർ ഉദാസീനതകൊണ്ടും അതിന് ശ്രമിക്കാറില്ല. അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ഉണ്ടാവും. മാനുഫാക്ചറിങ് ഡിഫക്റ്റിന്റെ ഭാഗമായി ഹെയർലൈൻ ക്രാക്കുകൾ ചിലപ്പോൾ കാണാറുണ്ടെങ്കിലും അത് ഫിക്സ് ചെയ്യാൻ എടുക്കുന്ന സന്ദർഭത്തിൽ തന്നെ തിരിച്ചറിയാം. പിന്നീട് സംഭവിക്കുന്ന ഒന്നല്ല.
പിന്നെ, ഇത്തരം സൗകര്യങ്ങൾ ഒക്കെത്തന്നെ സാങ്കേതിക മുന്നേറ്റത്തിൻ്റെ ഭാഗമായി ഉണ്ടാവുന്നതാണ്. ശീലം കൊണ്ടോ താൽപര്യം കൊണ്ടോ നമുക്ക് ഇന്ത്യൻ ടോയ്‌ലറ്റ് തന്നെയാണ് പ്രിയമെങ്കിൽ ഫാഷനബിൾ ആവാൻ വേണ്ടി മാത്രം മറ്റൊന്നും തിരഞ്ഞെടുക്കേണ്ട ആവശ്യം ഇല്ല. ഏത് രീതിയാണെങ്കിലും അത് എങ്ങിനെയാണ് പ്രവർത്തിക്കുക എന്ന് മനസ്സിലാക്കി വൃത്തിയായി ഉപയോഗിക്കുക എന്നതാണ് പ്രധാനം. കാരണം, Basic toilet etiquette ശീലിക്കേണ്ടത് ഒരു പരിഷ്കൃത ജനതയുടെ ശുചിത്വ പരിപാലനത്തിന് അനിവാര്യമായ ഒന്നാണ്. നൂതന സംവിധാനങ്ങൾ തിരഞ്ഞെടുക്കുമ്പോഴും പലപ്പോഴും അതിൽ നമ്മൾ പിറകിലാണ് എന്നതാണ് വാസ്തവം.
വിവരങ്ങൾക്ക് കടപ്പാട്:
Ar. Manasi
Bhoomija creations Pattambi