Thursday 02 February 2023 12:57 PM IST : By സ്വന്തം ലേഖകൻ

പോക്സോ ഉപയോഗിച്ച് പങ്കാളിയെ ഭീഷണിപ്പെടുത്തൽ... നിയമം ദുരുപയോഗം ചെയ്യുന്നവർക്കും പണികിട്ടും: അറിയേണ്ടതെല്ലാം

pocso-fake

പത്രമെടുത്താല്‍ ഒന്നു രണ്ടു പോക്സോ േകസിന്‍റെ വാര്‍ത്തയില്ലാത്ത ദിവസമില്ല. സമൂഹത്തിന്‍റെ ഉന്നതശ്രേണിയിലും മാന്യമായ പദവിയിലും ഇരിക്കുന്നവര്‍ പോലും േകസുകളില്‍ ഉള്‍പ്പെടുന്നതിെന്‍റ വിവരങ്ങളും േകള്‍ക്കാറുണ്ട്. എന്നാല്‍, മാധ്യമങ്ങളില്‍ വരുന്നതിന്‍റെ എത്രയോ മടങ്ങു സംഭവങ്ങളാണു നമുക്കു ചുറ്റും നടക്കുന്നതെന്നോ. പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലെ തിരക്കു തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം കേസുകളുടെ ബാഹുല്യം നിമിത്തം ഒരു ജില്ലയിൽ രണ്ടു പ്രത്യേക കോ ടതികൾ സ്ഥാപിക്കേണ്ട ഗതികേടിലാണ് കേരളം എന്നതു ‘പ്രബുദ്ധനായ മലയാളി’ ഞെട്ടലോടെ അറിയേണ്ട സത്യമാണ്.

േകസും അനുഭവവും വിവരിക്കാതെ പോക്സോ നിയമങ്ങള്‍ പറഞ്ഞു തരികയാണ് ഈ ലക്കത്തില്‍. വായിച്ചറിയുന്നതിനൊപ്പം മക്കളിലേക്കും ഈ വിവരങ്ങള്‍ പകരുന്നതു മികച്ച മാനസികാരോഗ്യത്തോടെ വളരാന്‍ അവരെ പ്രപ്തരാക്കും.

ആണ്‍കുട്ടികളും ഇരകള്‍

പണ്ടും കുട്ടികൾക്കു നേരെ ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നു. അതൊന്നും ഈ കാലത്തിന്റെ മാത്രം പ്രത്യേകതയല്ല. എന്നാൽ ഇപ്പോള്‍ അവയൊക്കെ കൂടുതലാണ് എന്ന കാര്യം തള്ളിക്കളയാനാകില്ല. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ഇതിെനല്ലാം ഇരയാകുന്നുണ്ട്.

ലൈംഗിക അതിക്രമങ്ങളിൽ നിന്നു കുട്ടികൾക്കുള്ള സംരക്ഷണ നിയമം (Protecion of Children from sexual Offences Act, 2012) ഭാരതത്തിൽ നിലവിൽ വരുന്നതു പത്തുവര്‍ഷം മുന്‍പാണ്. 18 വയസ്സിൽ താഴെ പ്രായമുള്ളവര്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ചെറുക്കാൻ അതുവരെയുള്ള നിയമവ്യവസ്ഥകൾ അപര്യാപ്തമായിരുന്നതു െകാണ്ടാണ് ഇങ്ങനെയൊരു നിയമം പാസ്സാക്കേണ്ടി വന്നത്.

മാത്രമല്ല, െപണ്‍കുട്ടികളെ േപാ െല തന്നെ ആണ്‍കുട്ടികളും െെലംഗികചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന സത്യവും പുറംലോകം അറിഞ്ഞു തുടങ്ങിയിരുന്നു. അങ്ങനെയാണ്, ശക്തമായ നിയമം പഴുതുകൾ അടച്ചു കൊണ്ടു നിർമിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു പോക്സോ നിയമം നടപ്പിലാകുന്നത്. 18 വയസ്സിനു താഴെ പ്രായമുള്ള ഏതു വ്യക്തിയും ഈ നിയമത്തിന്റെ പരിധിയിൽ കുട്ടികളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്നാം ലിംഗത്തിൽപ്പെട്ട കുട്ടികൾക്കും എല്ലാം ഈ നിയമം അവരുടെ രക്ഷയ്ക്കുണ്ട്.

ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത പീഡനം നടത്തിയത് പുരുഷനായാലും സ്ത്രീയായാലും ശിക്ഷാർഹരാണ് എന്നതാണ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതിയായും പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ തമ്മിൽ പ്രണയത്തിലാകുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്താൽ അത് ‘ഇര’ യുടെ സമ്മതപ്രകാരമായിരുന്നു എന്നു പറഞ്ഞു രക്ഷപെടാനും നിയമം അനുവദിക്കില്ല. പകരം പ്രതിസ്ഥാനത്തു വരുന്ന കുട്ടിക്കെതിരെ കേസ് എടുക്കുകയും കേസിന്റെ വിചാരണ ബാലനീതി നിയമം (Juvenile Justice (Care Protection of Children) Act, 15) പ്രകാരം നടത്തുകയും ചെയ്യും. ഇന്ത്യ ൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ്, 18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുമായി അവളുടെ സമ്മതത്തോടെ നടക്കുന്ന ലൈംഗികബന്ധം പോലും ബലാൽസംഗമായി കണക്കാക്കുന്നതും കുറ്റവാളിയെ ശിക്ഷയ്ക്കു വിധേയരാക്കുന്നതുമാണ്.

നിയമസാക്ഷരത ആൺപെൺ ഭേദമില്ലാതെ കുട്ടികൾക്കു ലഭിക്കേണ്ടതും അ ത്യാവശ്യമാണ്. എങ്കില്‍ മാത്രമേ, നിയമങ്ങൾ അനുസരിക്കേണ്ടതാണെന്നും അനുസരിച്ചില്ലെങ്കിൽ ശിക്ഷ ലഭിക്കുമെന്നുമുള്ള ബോധം കുട്ടികളിൽ ഉണ്ടാകൂ. സ്കൂളില്‍ അ ധ്യാപകരും വീട്ടില്‍ മാതാപിതാക്കളും ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങണം.

സ്പര്‍ശനം പോലും കുറ്റം

ആരെങ്കിലും (ആണായാലും പെണ്ണായാലും) കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ െെലംഗികഉദ്ദേശത്തോടു കൂടി സ്പർശിക്കുന്നതു മൂന്നു മുതൽ അഞ്ചു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അങ്ങനെ സ്പർശിക്കുന്നത് 12 വയസ്സിൽ താഴെയുള്ള കുട്ടിയെയോ, സ്പര്‍ശിച്ചത് സർക്കാ ർ ഉദ്യോഗസ്ഥനോ വിദ്യാഭ്യാസസ്ഥാപനത്തിന്റെയോ മത സ്ഥാപനത്തിന്റെയോ ഭരണം നിർവഹിക്കുന്ന ആളോ, അവിടുത്തെ ജീവനക്കാരനോ, കുട്ടിയുമായി രക്തബന്ധമുള്ള ആളോ, കുട്ടിയിൽ അധികാരമുള്ള ആളോ ഒക്കെയെങ്കില്‍ ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും.

ആ സ്പർശം ബലാൽസംഗം പോലുള്ള ഗൗരവകരമായ ലൈംഗിക അ തിക്രമം (Aggravated Penetrative Sexual Assault) ആയി മാറിയാൽ, ജീവപര്യന്തം തടവ് ശിക്ഷ ഉൾപ്പെടെ ലഭിക്കാം. കുറ്റവാളിയെ അയാളുടെ ജീവിത കാലയളവിന്റെ ശേഷഭാഗം തടവിലാക്കാനും വധശിക്ഷ നൽകാനും വരെ കോടതി ക്ക് അധികാരമുണ്ട്.

മറച്ചു വയ്ക്കുന്നതും കുറ്റം

തനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമം ആരോടെങ്കിലും കുട്ടി തുറന്നു പറഞ്ഞാലുടന്‍ അതു പൊലീസിൽ റിപ്പോർട്ട് ചെയ്യണം. അങ്ങനെ ചെയ്യാതിരിക്കുന്നതും കുറ്റകരമാണ്. ആറു മാസം വരെയുള്ള തടവും പിഴയുമാണ് ശിക്ഷ.

ഒരു കുട്ടി പീ‍ഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നു ഡോക്ടറോ അധ്യാപകരോ അച്ഛനമ്മമാർ ഉൾപ്പെടെയുള്ള ബ ന്ധുവോ അറിഞ്ഞാലുടൻ അധികാരസ്ഥാനങ്ങളി‍ൽ പരാതി നൽകണം. പീഡനം എന്നതുകൊണ്ട് അർഥമാക്കുന്നതു ക്രൂരമായ ബലാൽസംഗം മാത്രമല്ല, ലൈംഗിക ഉദ്ദേശത്തോടു കൂടിയുള്ള സ്പർശം പോലും നിയമത്തിന്റെ പരിധിയിൽ വരും.

ചെറിയ രീതിയിലാണെങ്കിൽ പോ ലും ലൈംഗിക അതിക്രമങ്ങൾ ഏൽക്കുന്ന കുട്ടികളിൽ വ്യക്തിത്വ വൈ കല്യങ്ങൾക്കു സാധ്യത കൂടുതലാണ്. അങ്ങനെയുള്ള അനുഭവങ്ങൾ അവരെ ഏതെല്ലാം തരത്തിൽ ബാധിക്കും എന്നതും അനിർവചനീയമാണ്.

പോക്സോ കേസുകളിൽ ഇരയാകുന്ന കുട്ടികളുടെ മാതാപിതാക്കളി ൽ ചിലർ പിന്നീടു തുച്ഛമായ നഷ്ടപരിഹാരത്തുക വാങ്ങി കേസ് ഒത്തു തീർപ്പാക്കാന്‍ ശ്രമിക്കാറുണ്ട്. മറ്റു ചിലര്‍ പ്രതിയെ രക്ഷിക്കും വിധത്തിൽ മൊഴി മാറ്റിപ്പറഞ്ഞ്, പ്രതിയെ ശിക്ഷിക്കാതെ വെറുതെ വിടാൻ സാഹചര്യം ഒരുക്കുന്നതും കണ്ടുവരാറുണ്ട്. അ ങ്ങനെയൊക്കെയുള്ള അവസരങ്ങളില്‍ കോടതിയും ഇരയ്ക്കുവേണ്ടി നിലകൊള്ളുന്ന പബ്ലിക് പ്രൊസിക്യൂട്ടറും നിസഹായരായി പോകുന്ന അവസ്ഥ ഉടലെടുക്കും.

ബന്ധുക്കൾ പ്രതിസ്ഥാനത്തു വ രുമ്പോൾ മാതാപിതാക്കൾ മൗനം പാലിക്കുമ്പോഴും ഇരയുടെ മാതാപിതാക്കൾ പീഡനവിവരം മനസ്സിലാക്കിയ ഡോക്ടറുടെ കാലു പിടിച്ച് കേസ് റിപ്പോർട്ട് ചെയ്യിക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഒക്കെ നിയമം നോക്കുകുത്തിയായി മാറുകയാണ്. ഇത്തരം സംഭവങ്ങൾ അറിയുമ്പോൾ അതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്നു കരുതുന്നവരുമുണ്ട്. ആരുടെ വീട്ടിലും എ പ്പോൾ വേണമെങ്കിലും ഇതൊക്കെ സംഭവിക്കാം എന്നും ഒാര്‍ക്കുക.

പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്നതിലേക്കായി മ റ്റൊരാളെ പ്രേരിപ്പിക്കുകയും അതേത്തുടർന്ന് അയാൾ കുറ്റകൃത്യം ചെയ്യുകയും ചെയ്താൽ പ്രേരണ നൽകിയ ആൾക്കും കുറ്റം ചെയ്ത ആൾക്കും ഒരേ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ചെറിയ ശ്രമം നടത്തുന്നതു പോലും ശിക്ഷാർഹമാണ്.

ഈ വിപത്തിൽ നിന്നു രക്ഷനേടാ ൻ ഒരു മാർഗമേ ഉള്ളൂ. ചുവടെ പറയുന്ന കാര്യങ്ങള്‍ ശീലിച്ച്, മക്കളെ മികച്ച പൗരന്മാരായി വളര്‍ത്തുക.

∙ മൂന്നു വയസ്സു മുതൽ കുട്ടികൾക്കു നല്ല സ്പർശവും (Good Touch) ചീത്ത സ്പർശവും (Bad Touch) തമ്മിലുള്ള വേ ർതിരിവു പറഞ്ഞു കൊടുത്തു വളർത്തുക.

∙ അശ്ലീല ചുവയോടെയുള്ള സംസാ രമോ ചീത്ത സ്പർശമോ അനുഭവത്തിൽ വന്നാൽ 'No' എന്നു ശക്തമായി തിരിഞ്ഞു നിന്നു പറയാനുള്ള ആ ർജവം കൂടി അവരില്‍ വളര്‍ത്തിയെ ടുക്കുക.

∙ െെലംഗികമായ ഏതു മോശം ഇടപെടലും ഉടന്‍ മാതാപിതാക്കളെ അ റിയിക്കാന്‍ ആവശ്യപ്പെടുക.

∙ പോക്സോ നിയമത്തെക്കുറിച്ചുള്ള അവബോധം വളർന്നു വരുന്ന ഓ രോ കുട്ടിക്കും നല്‍കുക.

∙ നല്ല മാനസികാരോഗ്യം പ്രദാനം ചെയ്യും വിധത്തിലുള്ള സാഹചര്യം വീട്ടിൽ ഒരുക്കുക. കുടുംബത്തില്‍ മാനസികമായ െകട്ടുറപ്പുണ്ടാക്കുക.

∙ അച്ഛനമ്മമാർ തമ്മിലുള്ള വഴക്കുകൾ കുട്ടികളെ ഓർത്തെങ്കിലും ഒ ഴിവാക്കി അവരെ നല്ല ബന്ധുബലമുള്ളവരായി വളർത്തുക.

ദുരുപയോഗം ചെയ്യുന്നതും തെറ്റ്

പോക്സോ നിയമത്തെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും സമൂഹത്തിൽ കൂടിവരുന്നുണ്ട്. പങ്കാളികള്‍ തമ്മിൽ പ്രശ്നം ഉണ്ടാകുമ്പോൾ ‘സ്ത്രീധന പീഡനം’ ആരോപിച്ചു ചിലര്‍ നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതു പോലെ, പോക്സോ നിയമം ഉ പയോഗിച്ചു പങ്കാളിയെ ഭീഷണിപ്പെടുത്തുന്ന പ്രവണതയും കണ്ടുവരുന്നു. അത്തരം സന്ദർഭങ്ങളിൽ കുട്ടികളാണു ബലിയാടാകുന്നത്.

ഒരാളെ അപമാനിക്കണമെന്നോ ഭീഷണിപ്പെടുത്തണമെന്നോ ഉള്ള ഉദ്ദേശത്തോടു കൂടി പോക്സോ നിയമപ്രകാരമുള്ള കുറ്റം ആരോപിച്ചു നല്‍കുന്ന പരാതി വ്യാജമാണെന്നു തെളിഞ്ഞാൽ അവര്‍ക്ക് ആ‌റുമാസം വരെയുള്ള തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്.

കുട്ടി ഇരയായോ പ്രതിയായോ ഉൾപ്പെട്ടു വരുന്ന കേസുകളില്‍ കുട്ടിയുടെ ഫോട്ടോ, പേര്, വിലാസം, കുടുംബ വിവരം, സ്കൂൾ, അയൽപക്കം എന്നിവ ഉൾപ്പെടെ കുട്ടിയെ ഏതെങ്കിലും തരത്തിൽ തിരിച്ചറിയുന്ന യാതൊരു വിവരങ്ങളും മാധ്യമങ്ങൾ പുറത്തു വിടുന്നത് കുറ്റകരമാണ്. റിപ്പോര്‍ട്ടര്‍ക്കു മാത്രമല്ല, മാധ്യമഉടമ, പ്രസാധകന്‍ എന്നിവരെയും കുറ്റക്കാരായി കണക്കാക്കും. ഒറ്റയ്ക്കും കൂട്ടായും ആറുമാസത്തിൽ കുറയാതെ ഒരു വർഷം വരെയുള്ള തടവും പിഴയും ആണ് ശിക്ഷ.

വര: അഞ്ജന എസ്. രാജ്

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)