Monday 30 January 2023 02:37 PM IST

‘പെൺകുട്ടികൾ ജീവിതമാർഗം കണ്ടെത്തിയ ശേഷമാകണം വിവാഹം’: സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ പറയുന്നു

Roopa Thayabji

Sub Editor

chintha-jerome-story

വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തുന്നതിനെക്കുറിച്ച്വനിത സർവേ നടത്തിയിരുന്നു. മലയാളി പെൺകുട്ടികളുടെ മനസ്സിലിരിപ്പ് എന്താണ്?  2021ൽ നടത്തിയ സർവേ മുൻനിർത്തി ‘വനിതകൾ’ പ്രതികരിക്കുന്നു. പ്രസക്തഭാഗങ്ങൾ ഒരിക്കല്‍ കൂടി...

പെൺകുട്ടികളുടെ വിവാഹപ്രായം പുരുഷന്മാരുടേതിനു തുല്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ കൈക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഈ തീരുമാനം നടപ്പിലാകുന്നതോടെ സ്ത്രീയുടെയും പുരുഷന്റെയും വിവാഹപ്രായം 21 ആയി ഏകീകരിക്കപ്പെടും.

ഭർത്താവിനും ഭാര്യയ്ക്കും വിവാഹപ്രായം രണ്ടാകുന്നത് നിയമാനുസൃതമല്ലെന്നും വിവാഹകാര്യത്തിലെ പങ്കാളികളുടെ തുല്യത പ്രായത്തിൽ നിന്നു തുടങ്ങണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തുന്നതിനെ കുറിച്ച് എന്താണു നമ്മുടെ ചുറ്റുമുള്ള സ്ത്രീകൾക്കു പറയാനുള്ളത്. വിവിധ മേഖലകളിലെ ‘വനിത’കൾ പറയുന്നതു കേൾക്കാം.

‘‘പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് വിവാഹം കഴിഞ്ഞ കൂട്ടുകാരി എനിക്കുണ്ടായിരുന്നു. അവസാന പരീക്ഷയെഴുതാൻ നിറവയറുമായി അവൾ വന്ന കാഴ്ച ഇപ്പോഴും കണ്ണിലുണ്ട്. പതിനെട്ടു തികയാൻ കാത്തുനിന്നു പെൺമക്കളെ വിവാഹം ചെയ്യിപ്പിക്കുന്നത് മിക്ക വീടുകളിലെയും പതിവു കാഴ്ചയാണ്. പതിനേഴും പതിനെട്ടും വയസ്സു പ്രായമുള്ള പെൺകുട്ടികൾക്ക് എതിർപ്പു പറയാനുള്ള ത്രാണിയുണ്ടാകില്ല.  21 വയസ്സായി വിവാഹ പ്രായം ഉയർത്തുന്നതോടെ വിവാഹകാര്യത്തിലും വരനെ തിരഞ്ഞെടുക്കുന്നതിലുമൊക്കെ കുറച്ചുകൂടി അഭിപ്രായ സ്വാതന്ത്ര്യം അവർക്ക് ഉണ്ടായേക്കുമെന്നു പ്രതീക്ഷിക്കാം.’’- വി.പി. മൻസിയ, ഗവേഷക വിദ്യാർഥി, മലപ്പുറം.

‘‘സ്വന്തം കാലിൽ നിൽക്കുന്ന കാര്യത്തിലും വിവാഹ തീരുമാനം എടുക്കുന്നതിലുമൊക്കെ നമ്മൾ അമേരിക്കക്കാരെ കണ്ടുപഠിക്കണം. 15 വയസ്സു കഴിഞ്ഞാൽ പഠിക്കാനുള്ള പണം സ്വന്തമായി അധ്വാനിച്ചാണ് ഇവിടെയുള്ളവർ ഉണ്ടാക്കുന്നത്. ജീവിതത്തിലും പിന്നീടുള്ള തീരുമാനങ്ങളൊക്കെ സ്വയമെടുക്കും. ജോലിയും വിവാഹവുമൊക്കെ അതിൽ പെടും. അതിന്റെ പേരിലുണ്ടാകുന്ന പ്രശ്നങ്ങളും അവർ തന്നെ മാനേജ് ചെയ്യും. നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതോടെ അവരുടെ തീരുമാനങ്ങളിലും കുറേക്കൂടി പക്വത വരും, അതല്ലേ കുറച്ചുകൂടി നല്ലത്.’’- പി.ജെ. പ്രറ്റി, ഫാർമസിസ്റ്റ്, വാഷിങ്ടൺ ഡിസി

‘‘ലൈംഗികതയെ കുറിച്ചോ ഗർഭധാരണത്തെ കുറിച്ചോ ഉള്ള അറിവില്ലായ്മ കൊണ്ട് ആഗ്രഹിക്കാത്ത ഗർഭധാരണം മുത ൽ മാതൃമരണവും ശിശുമരണവും വരെയുള്ള പ്രശ്നങ്ങൾ വ ർധിച്ചപ്പോഴാണ് നമ്മുടെ നാട്ടിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിച്ചത്. പക്ഷേ, 18 വയസ്സ് കൗമാരത്തിന്റെ അവസാനവർഷമേ ആകുന്നുള്ളൂ. ആ പ്രായത്തിൽ വിവാഹത്തെ കുറിച്ചോ ലൈംഗിക ജീവിതത്തെ കുറിച്ചോ തീരുമാനമെടുക്കാനുള്ള പക്വത ഉണ്ടാകില്ല. അമ്മയാകാനുള്ള ഐഡിയൽ പ്രായം 22 വയസ്സാണ്. അതിനാൽ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ന ല്ല തീരുമാനമാണ്.’’- ഡോ. സിതാര ഷിജു, ഗൈനക്കോളജിസ്റ്റ്, ശാസ്താംകോട്ട താലൂക്ക് ആശുപത്രി

‘‘പെൺകുട്ടികളുടെ മാത്രമല്ല, ആൺകുട്ടികളുടെയും വിവാഹപ്രായം 25 എങ്കിലും ആക്കണം എന്ന പക്ഷമാണ് എനിക്ക്. ചെറുപ്രായത്തിൽ, പക്വത പോലും കൈവരും മുൻപ് വിവാഹം കഴിക്കുന്നതാണ് പ ല കുടുംബങ്ങളും തകരാനുള്ള കാരണം. കുട്ടികളെ വളർത്തുന്നതും കുടുംബം നോക്കുന്നതും വലിയ ഉത്തരവാദിത്തമാണ്. അതിനുള്ള പക്വത ഇപ്പോഴും എനിക്കില്ല. പണ്ടു സ്ത്രീകൾക്ക് ജീവിക്കാനുള്ള ആശ്രയം എന്ന നിലയിലാണ് വിവാഹം എന്ന സമ്പ്രദായം നിലവിൽ വന്നത്. ഇപ്പോൾ സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കുന്നു. അവർക്ക് ആശ്രയത്വം കുറവാണ്. അതുകൊണ്ടുതന്നെ വിവാഹവും അനിവാര്യമല്ലെന്ന സ്ഥിതിയാണ്. വിവാഹത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും മാറുന്നുണ്ട്.’’- രഞ്ജിനി ഹരിദാസ്, അവതാരക, കൊച്ചി

‘‘ലിംഗസമത്വം സമസ്ത മേഖ ലകളിലും ഉറപ്പാക്കേണ്ടത് അ നിവാര്യമാണ്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു കൊണ്ടുമാത്രം സമത്വം ഉറപ്പാക്കാനാകില്ല. വിദ്യാഭ്യാസവും തൊഴിലും സ്വയംപര്യാപ്തതയും നേടിയതിനു ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതാണ് ഉചിതം. ബാഹ്യസമ്മർദങ്ങൾക്കോ നിയമങ്ങൾക്കോ അപ്പുറം പെൺകുട്ടികൾ സ്വന്തം ജീവിതമാർഗം കണ്ടെത്തിയ ശേഷമാകണം വിവാഹത്തിലേക്ക് എത്തേണ്ടത്. പെൺകുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവുമാണ് കേന്ദ്രസർക്കാരിന്റെ ആശങ്കയെങ്കിൽ ദാരിദ്ര്യ നിർമാർജനത്തിനും പോഷക, വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയ്ക്കും തീരുമാനം കൈകൊള്ളണം.’’- ചിന്ത ജെറോം, സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ

‘‘18 വയസ്സെന്നു പറയുമ്പോൾ പ്ലസ്ടു പഠിച്ചിറങ്ങുന്ന പ്രായമല്ലേ ആകുന്നുള്ളൂ. സ്വാതന്ത്ര്യം അറിയേണ്ട പ്രായമല്ലേ അതിനു ശേഷം നീണ്ടുനിവർന്നു കിടക്കുന്നത്. സ്കൂൾ പ്രായം മുതൽ ചെറിയ ജോലികൾ ചെയ്തു വരുമാനം നേടുന്നതും  ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതുമൊക്കെ ഈ നാട്ടിൽ ‘നോർമൽ’ ആണ്. ആദ്യമെടുക്കുന്ന തീരുമാനങ്ങൾ തെറ്റി പോയാലും ആ അനുഭവത്തിൽ നിന്നു കാര്യങ്ങൾ പഠിക്കും. 18ൽ നിന്നു 21ലേക്കു വിവാഹപ്രായം ഉയർത്തുന്നതോടെ കാര്യങ്ങൾ ചിന്തിച്ചു തീരുമാനമെടുക്കാനുള്ള അവസരം കൂടിയാണ് കിട്ടുന്നത്.’’- അഞ്ജലി അനിൽകുമാർ, പിഎച്ച്ഡി വിദ്യാർഥി, ടെക്നിക്കൽ യുണിവേഴ്സിറ്റി, ജർമനി

‘‘36 വയസ്സായി എനിക്ക്, അവിവാഹിതയാണ് ഇപ്പോഴും. അ തിൽ നിന്നു ലഭിക്കുന്ന സ്വാതന്ത്ര്യം എത്ര വലുതാണെന്ന്  പറഞ്ഞറിയിക്കാൻ കഴിയില്ല. ‘‍‍ഞാൻ മരിക്കും മുൻപ് നിന്റെ വിവാഹം നടന്നു കാണണം’ എന്നു പറഞ്ഞ് അമ്മൂമ്മ നിർബന്ധിച്ചിരുന്നു. ‘അമ്മൂമ്മ  മരിച്ചു പോകും, ഞാനല്ലേ അതുകഴിഞ്ഞും ജീവിക്കേണ്ടത്’ എന്ന മറുചോദ്യം കൊണ്ടാണ് അതിനെ നേരിട്ടത്. 18 വയസ്സിൽ പെൺകുട്ടികൾ തീരെ ചെറുതല്ലേ? 21 വയസ്സിലും പക്വത ഉണ്ടാകുമോ? വിവാഹപ്രായം കുറഞ്ഞത് 25 എങ്കിലും ആക്കണം എന്നാണ് എന്റെ അഭിപ്രായം. സ്വപ്നങ്ങളെ പിന്തുണയ്ക്കുന്ന ആളെ കിട്ടിയാൽ മാത്രമേ വിവാഹം ചെയ്യാവൂ. വിവാഹപ്രായത്തിന് എക്സ്പയറി ഡേറ്റ് ഇല്ല. വേണമെന്നു തോന്നിയാൽ ഏതു പ്രായത്തിലും വിവാഹം ചെയ്യാമല്ലോ.’’- ചന്ദ്ര ലക്ഷ്മൺ, അഭിനേത്രി, ചെന്നൈ

‘‘കായികരംഗത്ത് നിൽക്കുന്നതിനാലാകണം പെട്ടെന്നു വിവാഹം ചെയ്യണം എന്ന സമ്മ ർദം ഒരിക്കലും നേരിടേണ്ടി വ ന്നിട്ടില്ല. 26 ാം വയസ്സിലായിരുന്നു വിവാഹം. സ്വന്തമായി വരുമാനം നേടിത്തുടങ്ങിയ ശേഷം മാത്രമേ പെൺകുട്ടികൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കാവൂ. സ്പോർട്സിൽ നല്ല  ടാലന്റ് ഉണ്ടായിരുന്നവർ    പോലും വിവാഹശേഷം കുടുംബവും കുട്ടികളുമായി ഒതുങ്ങിയതു കണ്ട് ദുഃഖം തോന്നിയിട്ടുണ്ട്. വിവാഹം മാത്രമാണു പെൺകുട്ടികളുടെ ലക്ഷ്യം എന്ന ചിന്താഗതി ആദ്യം മാറണം. 21 വയസ്സായി വിവാഹപ്രായം ഉയർത്തുന്നതോടെ ബിരുദം എങ്കിലും പൂർത്തിയാക്കാൻ സാധിക്കുമല്ലോ? വലിയൊരു ചുവടുവയ്പ്പായി ഇതുമാറട്ടെ എന്ന് ആഗ്രഹിക്കുകയാണ്.’’- പി.എസ്. ജീന, ബാസ്കറ്റ് ബോൾ, മുൻ ദേശീയ ക്യാപ്റ്റൻ

‘‘വിവാഹം എപ്പോൾ വേണമെന്നതും പങ്കാളി ആരാകണമെന്നതും പെൺകുട്ടികളുടെ ചോയ്സ് ആയിരിക്കണം. പെ ൺകുട്ടികൾക്കു വേണ്ടത് ആഭരണങ്ങളല്ല, സാമ്പത്തിക സ്വയംപര്യാപ്തതയും തൊഴിലുമാകണം. അവരുടെ പേരിൽ പ്രോപ്പർട്ടി ഉണ്ടാകണം. ഒറ്റയ്ക്കു ജീവിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടായാൽ അതിനുള്ള സൗകര്യങ്ങളും ഉണ്ടാകണം. വിവാഹപ്രായം ഉയർത്തുന്നതിനൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സ‌ൃഷ്ടിക്കുന്നതിലും താമസസ്ഥലങ്ങൾ സജ്ജീകരിക്കുന്നതിനുമൊക്കെയുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണം.’’- ജ്യോതി വിജയകുമാർ, സിവിൽ സർവീസ് ട്രെയ്നർ, ചെങ്ങന്നൂർ

‘‘ബാലവിവാഹങ്ങൾ തടയുന്നതിനും പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിന്നതിനുമാണ് വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. 2006 ലെ ചൈൽഡ് മാര്യേജ് ആക്ട് അനുസരിച്ചാണ് സ്ത്രീകളുടെ വിവാഹപ്രായം 18 എന്നും പുരുഷൻമാരുടേത് 21 എന്നും നിജപ്പെടുത്തിയത്. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിനും മാതൃമരണ നിരക്ക് കുറക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടായിരുന്നു ആ മാറ്റം. ദാമ്പത്യത്തിലേക്ക് പങ്കാളികൾ പ്രവേശിക്കുന്നത് എല്ലാവിധത്തിലും തുല്യമാണ്, അവരുടെ പങ്കാളി ത്തവും തുല്യമായിരിക്കണം. അതുകൊണ്ട് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് സ്വാഗതാർഹമായ കാര്യമാണ്.’’- അഡ്വ. ലത പി. നായർ, അഭിഭാഷക, കോട്ടയം

‘‘ജോലി കിട്ടി സാമ്പത്തിക സുരക്ഷിതത്വം നേടിയതിനു ശേഷമുള്ള വിവാഹം പെൺകുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കും. പെൺകുട്ടികൾ പെട്ടെന്നു കല്യാണം കഴിപ്പിച്ച് അയയ്ക്കേണ്ടവരാണെന്ന പൊതുബോധം മാറണം. പെൺകുട്ടികൾ അവരുടെ സ്വപ്നങ്ങൾ നേടുകയെന്നത് പൂർണമായും മറ്റൊരാളെ ആശ്രയിച്ചുകൊണ്ടാകുന്ന കാഴ്ചയാണ് ഇതുവരെ കണ്ടിരുന്നത്. ഇ നി ആ സ്ഥിതിക്കു മാറ്റം വരും. പെൺകുട്ടികൾ സ്വപ്നങ്ങൾ സ്വന്തമാക്കിയ ശേഷം ജീവിതം തുടങ്ങട്ടെ. അപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ പുതുജീവിതത്തിലേക്കു പ്രവേശിക്കാൻ അവർക്കാകും.’’- ഡോ.കെ.വി. ജെയ്നി മോൾ, അസിസ്റ്റന്റ് പ്രഫസർ, സിഎഎസ് കോളജ്, മാടായി, കണ്ണൂർ

‘‘വിവാഹപ്രായം 21 ആക്കുന്നതോടെ ഇക്കാര്യത്തിൽ നിലനിന്നിരുന്ന അനീതി ഒരു പിരിധി വരെ ഒഴിവാക്കപ്പെടും. ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ പ്രായം കുറവു മതി എന്ന ചിന്തയിൽ നിന്നു മാറുന്നതിന്റെ തുടക്കമാകട്ടെ ഈ തീരുമാനം. ഭർത്താവ് പറയുന്നത് അനുസരിച്ചു ജീവിക്കേണ്ട ആളാണ് ഭാര്യ എന്ന ചിന്ത മാറേണ്ട കാലമായി. ജീവിതപങ്കാളിയായി ഒരു സുഹൃത്തിനെയാണ് ഞ ങ്ങൾ ആഗ്രഹിക്കുന്നത്, സംരക്ഷകനെയല്ല. സിനിമകളിലും മാറ്റം വന്നുതുടങ്ങി. പണ്ടു കുടുംബചിത്രങ്ങളാണ് മെഗാഹിറ്റ് ആയിരുന്നതെങ്കിൽ ഇപ്പോൾ സൗഹൃദങ്ങളുടെ സിനിമകളല്ലേ കൂടുതൽ.’’- എം. സഞ്ജന, എംബിബിഎസ് വിദ്യാർഥിനി, ബെംഗളൂരു

‘‘ഏതു പ്രായത്തിൽ വിവാഹം കഴിക്കണമെന്നും ആരെ വിവാ ഹം കഴിക്കണമെന്നും തീരുമാ നം എടുക്കേണ്ടത് പെൺകുട്ടികൾ തന്നെയാണ്. വിവാഹം ക ഴിക്കാതെ ജീവിക്കാനും സ്വാതന്ത്ര്യമുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെക്കാൾ പ്രാധാന്യം നൽകേണ്ട വിഷയങ്ങളാണ് ബാലവിവാഹവും നിർബന്ധിത വിവാഹ നിരോധനവും. ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ പെൺകുട്ടികളെ വിവാഹത്തിനായി പണം കൊടുത്തു വാങ്ങുന്ന രീതിയുണ്ട്. ഭർത്താവിന്റെ ലൈംഗിക ആവശ്യങ്ങൾക്കു വേണ്ടിയും കുട്ടികളെ പ്രസവിക്കാനുമാണ് അവരുടെ പിന്നീടുള്ള ജീവിതം. ഭർത്താവിന്റെ സ്വത്തിലോ പാരമ്പര്യത്തിലോ ഒന്നും അവകാശമുണ്ടാകില്ലെന്നു മാത്രമല്ല അയാൾ മരിച്ചാൽ അവരുടെ ജീവിതം അനാഥവുമാകും. ഇത്തരം വിഷയങ്ങളിൽ കൂടി ഗുണപരമായ നിയമനിർമാണം നടത്തി മാറ്റം വരുത്തണം.’’- സഖി എൽസ, സിനിമാ കോസ്റ്റ്യൂം ഡിസൈനർ

‘‘രണ്ടു പെൺമക്കളെയും ന ന്നായി പഠിപ്പിക്കണമെന്നും  ജോലി സമ്പാദിക്കാൻ സഹായിക്കണമെന്നുമാണ് ആഗ്രഹം. വിവാഹം അതിനുശേഷം തീരുമാനിക്കാം. ഇന്നത്തെ എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം അതാകും. 18 വയസ്സു തികയാൻ കാത്തുനിന്ന് പെൺമക്കളെ വിവാഹം  ചെയ്തയ്ക്കുന്ന രീതി ഇപ്പോഴുമുണ്ട്. നന്നായി പഠിക്കുന്ന കുട്ടികളുടെ തുടർപഠനം പലപ്പോഴും വിവാഹത്തോടെ മുടങ്ങും. പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാകുന്നതോടു കൂടി ഡിഗ്രി വരെയെങ്കിലും പഠിക്കാനുള്ള അവസരം കിട്ടും. അതിനൊപ്പം മാനസികമായും ശാരീരികമായും പക്വത ആർജിക്കാനും അവർക്കാകും.’’- റിനി ഉദയൻ, വീട്ടമ്മ, തലശ്ശേരി