Friday 20 January 2023 03:12 PM IST : By ഡോ. മുരളി തുമ്മാരുകുടി, നീരജ ജാനകി

‘എവിടെ പഠിച്ചാലെന്താ? എവിടെയും ജോലി ചെയ്യാമല്ലോ എന്ന ചിന്ത വേണ്ട’; വിദേശത്തെ മെഡിസിൻ പഠനം വളരെ ശ്രദ്ധിച്ചു മാത്രം, അറിയേണ്ടതെല്ലാം

medicinestudy6547

യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ അവിടെ നിന്ന് ആ യിരക്കണക്കിനു മെഡി ക്കൽ വിദ്യാർഥികളാണു കേരളത്തിലേക്കു തിരിച്ചെത്തിയത്. വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വ്യാപ്തി പൊതുസമൂഹം മനസ്സിലാക്കാന്‍ കൂടി ഇതു സഹായിച്ചു. സയൻസ്, എൻജിനീയറിങ്, സാമൂഹിക ശാസ്ത്ര വിഷയങ്ങൾ കൂടാതെ മെഡിക്കൽ വിദ്യാഭ്യാസത്തിനായും ധാരാളം വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്കു പറക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ഏകദേശം ഇരുപത്തയ്യായിരത്തോളം വിദ്യാർഥികൾ ഓരോ വർഷവും െെവദ്യപഠനത്തിനായി വിദേശരാജ്യങ്ങളിലേക്കു പോകുന്നു എന്നാണു കണക്ക്. എന്തുകൊണ്ടാണ് ഇത്രയധികം വിദ്യാർഥികൾ മെഡിസിൻ പഠിക്കാനായി വിദേശസര്‍വകലാശാലകള്‍ തിഞ്ഞെടുക്കുന്നത്?  

മെച്ചപ്പെട്ട വിദ്യാഭ്യാസവും ഇന്ത്യയ്ക്കു പുറത്തു ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങളും പ്രതീക്ഷിച്ചാണു മിക്കവരും വിദേശവിദ്യാഭ്യാസത്തിന് ഒരുങ്ങുന്നത്. എന്നാൽ വിദേശത്തുപോയി മെഡിസിൻ പഠിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതു മറ്റു ചില ഘടകങ്ങളാണ്. ഇന്ത്യയിൽ മെഡിസിന്‍ പഠിക്കാനുള്ള അവസരങ്ങളുടെ കുറവാണ് അതില്‍ പ്രധാനം.

നിലവിൽ നാഷനൽ മെഡിക്കൽ കമ്മിഷന്റെ കണക്കുകൾ പ്രകാരം, ഏ കദേശം അറുനൂറോളം മെഡിക്കൽ കോളജുകളിലായി 91,927 എംബിബിഎസ് സീറ്റ് ആണ് ഇന്ത്യയിലുള്ളത്. ഇതിൽ 48,212 സീറ്റ് ഗവൺമെന്റ് മെഡിക്കൽ കോളജുകളിലും 43,915 സീറ്റുകൾ പ്രൈവറ്റ് മെഡിക്കൽ കോളജുകളിലുമാണ്. കണക്കുകൾ പറയുന്നതനുസരിച്ച് ഏകദേശം പതിനെട്ട് ലക്ഷം വിദ്യാർഥികളാണ് 2022 ലെ നീറ്റ് യുജി പരീക്ഷയ്ക്കു വേണ്ടി അപേക്ഷിച്ചത്. പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും ലഭ്യമായ സീറ്റും തമ്മിലുള്ള ഈ അന്തരമാണ് മെഡിസിൻ പഠനത്തിനു വിദേശം തിരഞ്ഞെടുക്കാന്‍ കുട്ടികളെയും മാതാപിതാക്കളെയും പ്രേരിപ്പിക്കുന്നത്.

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റില്‍ ഉയർന്ന റാങ്ക് നേടാൻ സാധിക്കാതെ പോകുന്നവരും വിദേശത്തു പോയി പഠിക്കാന്‍ ശ്രമിക്കുന്നു. അ തായതു ഡിമാൻഡും അവസരങ്ങളും തമ്മിലുള്ള അന്തരവും മെഡിക്കല്‍ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ഉയർന്ന റാങ്കോടെ പാസ്സാവാൻ നേരിടേണ്ടി വരുന്ന കടുത്ത മത്സരവും വിദ്യാർഥികളെ വിദേശത്തേക്കു പോകാൻ പ്രേരിപ്പിക്കുന്നു. പല വിദേശ രാജ്യങ്ങളിലും മെഡിസിൻ പഠനത്തിന് എളുപ്പത്തിൽ അഡ്‌മിഷൻ കിട്ടും. വിദേശത്തു മെഡിസിൻ പഠിക്കണമെങ്കിൽ 2018 വരെ നീറ്റ് പരീക്ഷ ക്വാളിഫൈഡ് ആകേണ്ടതു പോലുമില്ലായിരുന്നു.

ഉയർന്ന പഠനച്ചെലവ്

നീറ്റ് പരീക്ഷ പാസ്സായാലും സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് താങ്ങാൻ കഴിയാതെ വരികയും ഈ പ്രഫഷനോടു താൽപര്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ട്. നമ്മുടെ രാജ്യത്ത് സ്വകാര്യ മേഖലയിൽ എംബിബിഎസ് പഠിക്കുകയെന്നതു വളരെ ചെലവേറിയ കാര്യമാണ്.

ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽകോളജിൽ എംബിബിഎസ് കോഴ്സ് പൂർത്തിയാക്കാൻ ഏകദേശം 60 ലക്ഷം മുതൽ ഒരുകോടി രൂപ വരെ ചെലവാകാം. ഇതേസമയം ഏകദേശം 30 ലക്ഷം രൂപ ചെലവിൽ എംബിബിഎസ് പാസ്സാകാൻ കഴിയുന്ന രാജ്യങ്ങളുണ്ട്.

ഏതൊക്കെ രാജ്യങ്ങളില്‍

ഇന്ത്യന്‍ വിദ്യാർഥികൾ കൂടുതലും തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ ചൈന, റഷ്യ, യുക്രെയ്ൻ, ജോർജിയ, യുഎഇ, താജികിസ്ഥാൻ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ, കരീബിയൻ രാജ്യങ്ങൾ, പോളണ്ട്, ബലാറസ്, മാൾഡോവ എന്നിവയാണ്.

മെഡിക്കൽ വിദ്യാഭ്യാസത്തിന് രാജ്യാന്തരതലത്തിൽ ചെലവു കുറഞ്ഞതും ഏറ്റവും ഡിമാൻഡുള്ളതുമായ രാജ്യങ്ങളിലൊന്നാണു ചൈന. നിലവിൽ ഏകദേശം 23,000 ഇന്ത്യൻ വിദ്യാർഥികൾ ചൈനീസ് യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ടത്രെ. ഇതിൽ ഇരുപതിനായിരത്തോളം എംബിബിഎസ് വിദ്യാർഥികളാണ്. ഈ സാധ്യതകൾ മുന്നിൽക്കണ്ടു ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം (MOE) രാജ്യത്തെ 45 കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ ഇംഗ്ലിഷിൽ പഠിപ്പിക്കാനുള്ള അംഗീകാരം നൽകി.

ഈ യൂണിവേഴ്സിറ്റികൾക്കു മാത്രമേ ഇനി മുതൽ വിദേശവിദ്യാർഥികൾക്ക് അഡ്മിഷൻ നൽകാൻ കഴിയൂ. ചൈനയ്ക്കു പിന്നാലെ റഷ്യ, യുക്രെയ്ൻ, തുടങ്ങിയ രാജ്യങ്ങളും രാജ്യാന്തരതലത്തിൽ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുന്നുണ്ട്. ഏകദേശം അറുപത് ശതമാനം വിദ്യാർഥികളും ഈ മൂന്നു രാജ്യങ്ങളിലേക്കാണു പോകുന്നത്.

തീരുമാനമെടുക്കും മുൻപ് ശ്രദ്ധിക്കേണ്ടത്

വാസ്തവത്തിൽ വളരെ ശ്രദ്ധിച്ചു മാത്രം തീരുമാനമെടുക്കേണ്ട ഒന്നാണ് വിദേശത്തെ മെഡിസിൻ പഠനം. ചിലരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടോ അർധസത്യങ്ങൾ മനസ്സിലാക്കിയോ ഇതിലേക്കെത്താറുമുണ്ട്. ‘മനുഷ്യശരീരം എല്ലായിടത്തും ഒരുപോലെയല്ലേ?, മരുന്നുകളും പരീക്ഷണങ്ങളും യന്ത്രങ്ങളും ഒക്കെ ഒന്നല്ലേ, അപ്പോൾ എവിടെ പഠിച്ചാലെന്താ?, എവിടെയും ജോലി ചെയ്യാമല്ലോ...’  എന്നൊക്കെ ചിന്തിക്കുന്നവരുമുണ്ട്. മറ്റു ചിലർ  ‘യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തു പഠിച്ചാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യാം’ എന്നു കരുതും. ലോകാരോഗ്യ സംഘടന ‘അംഗീകരിച്ച’ സ്ഥാപനങ്ങളാണെന്നും അവിെട പഠിച്ചാല്‍ ലോകത്തെവിടെച്ചെന്നാലും അംഗീകാരമുണ്ടെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ടു ചില കോളജുകളിൽ െമഡിസിന്‍ പഠിക്കാൻ തീരുമാനിക്കുന്നവരുണ്ട്.

ഇവയിൽ പലതും തെറ്റിദ്ധാരണകളോ അർധസത്യങ്ങളോ ആണ്.

സത്യത്തിൽ ഓരോ രാജ്യങ്ങളും ആർക്കെല്ലാം അവിടെ മെഡിക്കൽ പ്രാക്ടീസ് ചെയ്യാമെന്ന കാര്യത്തിൽ കർശന നിബന്ധനകൾ വച്ചിട്ടുണ്ട്. ഇന്ത്യയിൽ പഠിച്ച ഡോക്ടർക്കു നേരിട്ടു ഗൾഫിലോ ജർമനിയിലോ അമേരിക്കയിലോ പോയി പ്രാക്ടീസ് ചെയ്യാൻ പറ്റില്ല. ഓരോ രാജ്യത്തും ഈ വ്യവസ്ഥകൾ തികച്ചും വ്യത്യസ്തമായിരിക്കും.

ഇത്തരം അടിസ്ഥാനകാര്യങ്ങളറിയാതെയാണു വിദേശത്തു മെഡിസിൻ പഠിക്കാൻ ഒരുങ്ങിപ്പുറപ്പെടുന്നതെങ്കില്‍ ഒരുപക്ഷേ, കുട്ടികളുടെ ഭാവി കുഴപ്പത്തിലായേക്കാം. കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാകാം.

2160763439

ജയിച്ചു വന്നാല്‍ വീണ്ടും പരീക്ഷ

മെഡിസിൻ പോർട്ടബിൾ ഡിഗ്രി അല്ലാത്തതിനാൽ, വിദേശ സര്‍വകലാശാലകളില്‍ പഠിച്ചു ബിരുദമെടുത്ത് ഇന്ത്യയിലേക്കു മടങ്ങിവന്നവര്‍ക്കു ചില നിബന്ധനകളനുസരിച്ചേ ഇവിടെ പ്രാക്ടീസ് ചെയ്യാനാകൂ. യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരൊഴികെ മറ്റെല്ലാ രാജ്യത്തു നിന്നുമുള്ള മെഡിക്കൽ ബിരുദധാരികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (FMGE) എന്ന സ്ക്രീനിങ് ടെസ്റ്റ് പാസ്സാകേണ്ടതുണ്ട്. അതു മാത്രം പോരാ, അംഗീകാരമുള്ള ഏതെങ്കിലും ഇന്ത്യൻ മെഡിക്കൽ കോളജിൽ ഒരു വർഷത്തെ ഇന്റേൺഷിപ് കൂടി ചെയ്താലേ റജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കൂ. 2002 മുതലാണ് ഈ നിയമം നിലവിൽ വന്നത്.

വിദേശത്തേക്കു പോകുന്ന വിദ്യാർഥികൾക്ക് ഈ വിവരങ്ങളെല്ലാം അറിയുമെങ്കിലും FMGE പാസ്സാവുക എന്നത് നിസ്സാര കാര്യമാണെന്നും പാസ്സായാലുടൻ ഇന്ത്യയിൽ ജോലി ചെയ്യാമെന്നും കരുതും.

എന്നാല്‍ യാഥാർഥ്യം ഇതല്ല! ഇ ന്ത്യയിൽ, എല്ലാ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ‘ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ’ എന്ന അംഗീകാരയോഗ്യതാ പരീക്ഷ എഴുതുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, കഴിഞ്ഞ ഇരുപതു വർഷത്തിനിടെ വർഷങ്ങളായി ഈ യോഗ്യതാപരീക്ഷയിലെ ശരാശരി വിജയശതമാനം ഏകദേശം 25  ശതമാനത്തിൽ കൂടിയിട്ടില്ലെന്നതാണ്.

2020 ൽ 35775 വിദ്യാർഥികൾ FMGE എഴുതിയെങ്കിലും 5927 പേർ മാത്രമാണു വിജയിച്ചത്. 2021 ൽ പരീക്ഷയെഴുതിയ 40740 പേരിൽ 25% മാത്രം വിജയിച്ചു. (10007 പേർ).

ഇതുവരെ ലഭ്യമായ കണക്കുകളനുസരിച്ച് FMGE എഴുതിയ വിദ്യാർഥികളിൽ കൂടുതലും ചൈന (12,680 പേർ)യില്‍ നിന്നു ബിരുദമെടുത്തവരാണ്. റഷ്യ (4,313 പേർ), യുക്രെയ്ൻ (4,258 പേർ), കിർഗിസ്ഥാൻ (4,156 പേർ) ഫിലിപൈൻസ് (3,142 പേർ), കസാഖിസ്ഥാൻ (2,311 പേർ) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തൊട്ടു പിന്നില്‍.

പരീക്ഷ പാസ്സായില്ലെങ്കിൽ കുഴപ്പമുണ്ടോ?

മെഡിക്കൽ കൗൺസിലിന്റെ പരീക്ഷ എന്നതു ബുദ്ധിമുട്ടേറിയതാണ്. എങ്കിലും, അത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ മാത്രമുള്ള പ്രശ്നമാണ്. മറ്റു രാജ്യങ്ങളിലേക്കു പോയി ജോലി ചെയ്യുന്നതിനോ പ്രാക്ടീസ് ചെയ്യുന്നതിനോ FMGE പാസ്സാകണമെന്നു നിർബന്ധമില്ല. അതുകൊണ്ടു തന്നെ വിദേശ വിദ്യാഭ്യാസം വലിയ റിസ്ക് അല്ല എന്നു ചിന്തിക്കുന്നവരുമുണ്ട്. പഠനശേഷം ഇന്ത്യയിലേക്കു മടങ്ങിവരാതെ വിദേശത്തു ജോലി േനടി അവിെട തുടരാനാണു താൽപര്യമെങ്കിൽ മറ്റു ചില വസ്തുതകൾ കൂടി  കണക്കിലെടുക്കണം.

∙ നിങ്ങൾ പഠിച്ച രാജ്യത്തുതന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ അവിടത്തെ ജോലി സാധ്യത, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, എന്നിവ പരിഗണിക്കണം. ഇന്ത്യക്കാർ പ്രധാനമായും മെഡിക്കൽ വിദ്യാഭ്യാസത്തിനു പോകാറുള്ള രാജ്യങ്ങളിൽ ജോലി കിട്ടാനുള്ള സാധ്യതയും ജോലി കിട്ടിയാൽ ലഭ്യമാകുന്ന വരുമാനവും വളരെ കുറവാണ്. ബംഗ്ലാദേശിലോ ചൈനയിലോ യുക്രെയിനിലോ പഠിക്കുമ്പോൾ അവിടെ പ്രാക്ടീസ് ചെയ്യാൻ അനുമതി കിട്ടിയാൽത്തന്നെ കിട്ടുന്ന വരുമാനം കൊണ്ടു നാട്ടിലെ ബാങ്ക് ലോൺ അടച്ചു തീർക്കാൻ പറ്റുമോ എന്നു വിശദമായി അന്വേഷിച്ച് ഉറപ്പുവരുത്തണം.

∙ മറ്റു രാജ്യങ്ങളിൽ പോയി പ്രാക്ടീസ് ചെയ്യാം എന്ന ചിന്തയും പ്രായോഗികമല്ല. ഫിലിപ്പീൻസിലെ ബിരുദവുമായി പോയാൽ അമേരിക്കയിലും യുക്രെയിനിലെ ബിരുദവുമായി ചെന്നാൽ ജർമനിയിലും നേരിട്ടു പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. അവിടെയും പല വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രവേശന പരീക്ഷകൾ, തുടർ പഠനങ്ങൾ, തുടർ പരിശീലനം ഒക്കെ വേണ്ടിവരും. പലയിടത്തും വിഷയത്തിലെ അറിവിനോടൊപ്പം ഭാഷയിലും പ്രാവീണ്യം നേടണം. കുറച്ചു പണം ലാഭിക്കാനായി വിദേശത്തു പോയാൽ അതിനുശേഷം മറ്റേതെങ്കിലും രാജ്യത്തു മെഡിസിൻ പ്രാക്‌റ്റീസ് ചെയ്യണമെങ്കിൽ വീണ്ടും അനവധി വർഷങ്ങളും ധാരാളം പണവും ചെലവാക്കേണ്ടിവരും.

∙ വിദേശത്തു ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ലെങ്കിലും ഹോസ്പിറ്റൽ മാനേജ്‌മെന്റ്, പബ്ലിക് ഹെൽത്, മെഡിക്കൽ റിസർച് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാമല്ലോ എന്ന് ആശ്വസിക്കുന്നവരുണ്ട്. ഇതു കുറച്ചൊക്കെ ശരിയാണെങ്കിലും ഹോസ്പിറ്റൽ മാനേജ്‌മെന്റ്, പബ്ലിക് ഹെൽത്, മെഡിക്കൽ റിസർച് തുടങ്ങിയവയാണു താൽപര്യമെങ്കിൽ വിദേശത്തു പോയി മെഡിക്കൽ ഡിഗ്രി എടുക്കേണ്ട കാര്യമില്ല. അതിനു മറ്റു പല മാർഗങ്ങളുമുണ്ടല്ലോ. െചലവും സമയവും ലാഭിക്കുകയും ചെയ്യാം.

ചുരുക്കിപ്പറഞ്ഞാൽ വിദേശത്തെ എംബിബിഎസ് പഠനം അൽപം റിസ്‌ക്കുള്ള പരിപാടിയാണ്. കുട്ടികളുടെ കരിയറിനെയും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെയും കുഴപ്പത്തിലാക്കാൻ ഈ തീരുമാനം വഴിവയ്ക്കും. അതുകൊണ്ടു നാട്ടിൽ അ ഡ്മിഷൻ കിട്ടാതെ വരുമ്പോൾ ഒരു റിസ്കുമില്ലാതെ ഏറെ സാമ്പത്തികലാഭമുള്ള കുറുക്കുവഴിയായി വിദേശ മെഡിക്കൽ പഠനത്തെ കാണരുത്.

ഉറപ്പു വരുത്തുക, റാങ്കിങ്ങും നിലവാരവും

സമൂഹത്തിന്റെ സമ്മർദം കൊണ്ടോ കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങിയോ കൺസൽറ്റന്റുമാർ പറയുന്നതു കേട്ടോ വിദേശത്തേക്കു പോകാൻ തീരുമാനിക്കുന്നുവെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

∙ വിദേശത്തെ എംബിബിഎസ് പഠനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നാഷനൽ മെഡിക്കൽ കമ്മിഷന്റെ (NMC) യുടെ നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: (www.nmc.org.in)

∙ എജ്യൂക്കേഷനൽ കൺസൽറ്റന്റു മാർ പറയുന്ന കാര്യങ്ങൾ അപ്പാടേ സ്വീകരിക്കേണ്ടതില്ല. അവർ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഇന്റർനെറ്റിന്‍റെ സഹായത്തോടെയോ അറിവുള്ളവരോടു ചോദിച്ചോ കൃത്യത വരുത്തുക. ഏതെങ്കിലും രാജ്യത്തേക്കു പോകാനായി ഒരു കൺസൽറ്റൻസി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ അവർ വഴി ആ രാജ്യത്ത് മുൻപ് പരിശീലനം നടത്തിയവരുടെ വിവരങ്ങൾ ചോദിക്കുക. അവരെ വിളിച്ചു കാര്യങ്ങൾ മനസ്സിലാക്കുക.

∙ പഠനത്തിന്റെ ചെലവുകൾ പറയുമ്പോൾ ഫീസ് കൂടാതെ വരുന്ന മറ്റു ചെലവുകളുടെ കാര്യം പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കുക. യാത്ര, താമസം, ഭക്ഷണം, ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങൾ ഇതൊക്കെ ഭാരിച്ച ചെലവുകളാകാം.

∙ വിദേശ യൂണിവേഴ്സിറ്റികൾ എ ല്ലാംതന്നെ മികച്ചവയാണെന്നു കരുതരുത്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര റാങ്കിങ് നിലവാരം അറിഞ്ഞിരിക്കണം. ഇതിനായി അന്താരാഷ്ട്ര റാങ്കിങ് ഏജൻസിയുടെ പഠനങ്ങൾ പരിശോധിക്കാവുന്നതാണ്. ടൈം ഹയർ എജ്യൂക്കേഷൻ റാങ്കിങ്

 (www.timeshighereducation.com/world-university-rankings)

ഷാങ്ഹായ് റാങ്കിങ്

(www.shanghairanking.com)

ക്യുഎസ് േവള്‍ഡ്

യൂണിവേഴ്സിറ്റി റാങ്കിങ്സ്

(www.topuniversities.com) എന്നിവ ഉദാഹരണങ്ങള്‍. പാഠ്യവിഷയങ്ങൾ, പഠനമികവ്, അധ്യാപനം, തുടങ്ങി പല കാര്യങ്ങളിലുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രകടനം ഇതിലൂെട വേർതിരിച്ചറിയാനാകും.

∙ കോളജ് തീരുമാനിക്കുന്നതിനു മുൻപ് ആ സ്ഥാപനത്തെക്കുറിച്ച് ഇന്റർനെറ്റിന്റെ സഹായത്തോടെയും മറ്റും കൂടുതലറിയുക. അവിടത്തെ പ്രശ്നങ്ങൾ പ്രത്യേകം മനസ്സിലാക്കണം.

∙ ലോകാരോഗ്യ സംഘടന ഇപ്പോൾ മെഡിക്കൽ കോളേജുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. World Federation for Medical Education (WFME) and the Foundation for Advancement of International Medical Education and Research (FAIMER) എന്നീ സംഘടനകൾ സംയുക്തമായി േലാകത്തെ െെവദ്യപഠനകേന്ദ്രങ്ങളുടെ ലിസ്റ്റ്  (World Directory of Medical Schools) പ്രസിദ്ധീകരിക്കുന്നുണ്ട്. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനം ഈ ലിസ്റ്റിലുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കണം.

∙ ഏതു രാജ്യത്താണോ പഠിക്കാൻ പോകുന്നത് ആ രാജ്യത്തെ മെഡിക്കൽ ഡിഗ്രി മറ്റേതൊക്കെ രാജ്യങ്ങളിലാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത് എന്നന്വേഷിക്കുക.

സാമ്പത്തികമായി ഉന്നതിയും തൊഴിൽ സാധ്യതയുമുള്ള മറ്റേതെങ്കിലും രാജ്യത്ത് അവിടുത്തെ ബിരുദങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതൊരു നല്ല ഓപ്‌ഷനാണ്.

വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസം മോശമാണെന്ന ചിന്ത ഞങ്ങള്‍ക്കില്ല. യുക്രെയ്ന്‍ ഉൾപ്പെടെ മലയാളികൾ പോകുന്ന പല രാജ്യങ്ങളിലേയും മെഡിക്കൽ യൂണിവേഴ്സിറ്റികൾ ഏറെ പാരമ്പര്യമുള്ളവയും നമ്മുടെ നാട്ടിലെ പല സ്ഥാപനങ്ങളെക്കാൾ മികച്ചതുമാണ്.

പക്ഷേ, മെഡിക്കൽ പഠനവും പ്രാക്ടീസും ഓരോ രാജ്യങ്ങളും അവരുടെ താൽപര്യങ്ങൾ അനുസരിച്ചു നിയന്ത്രിച്ചിരിക്കുന്നതിനാൽ പഠിക്കുന്ന കോളജ് നല്ലതാണ് എന്നതു കൊണ്ടു മാത്രം കാര്യങ്ങൾ എളുപ്പമാകുന്നില്ല.