Thursday 08 February 2018 03:12 PM IST

'സൂപ്പർസ്റ്റാർ' സംഗീത് ഇവിടെയുണ്ട്!

Unni Balachandran

Sub Editor

sangeeth-m4
ഫോട്ടോ: സരിൻ രാംദാസ്

റിയാലിറ്റി ഷോകളുടെ തുടക്ക കാലം. എലിമിനേഷനും സംഗതികളും സാധാരണക്കാരന്റെ ചെവിയിൽ പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ. സംഗീത റിയാലിറ്റി ഷോകളിലെ ആദ്യ ഹിറ്റായ ‘സൂപ്പർ സ്റ്റാറിലെ’ മത്സരാർഥികൾക്ക്  ജനങ്ങളുടെ മനസ്സിൽ അന്ന് സിനിമയിലെ തിളങ്ങുന്ന താരങ്ങളുടെ പ്രശസ്തിയുണ്ടായിരുന്നു. ഒരു വർഷത്തോളം നീണ്ട മത്സരത്തിന്  ശേഷം  ഒന്നാം സ്ഥാനത്തെത്തിയത് എല്ലാവരുടേയും പ്രിയങ്കരനായ  സംഗീതും, രണ്ടാം സ്ഥാനക്കാരനായത് ജോബ് കുര്യനും. ജോബ്, വേദികളിലും സിനിമയിലും നിറസാന്നിധ്യമായി. പക്ഷേ, സംഗീതിനെ പിന്നീട് പ്രേക്ഷകരാരും കണ്ടിട്ടില്ല. കാണാതായതിന്റെ പതിനൊന്നാം വാർഷികത്തിന്റെ സമയത്ത് സംഗീത് തിരിച്ചുവരവിനൊരുങ്ങുകയാണ്, ഒറ്റയ്ക്കല്ല ഒപ്പം നർത്തകിയും നടിയുമായ ഭാര്യ കൃഷ്ണയുമുണ്ട്.

സംഗീത്: ചെറുപ്പം മുതലേ ഞങ്ങൾ സ്‌റ്റേജ് പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. ഇവൾ ക്ലാസിക്കൽ ഡാൻസറായും ഞാൻ ക്ലാസിക്കല്‍ ഗായകനായും. തിരുവനന്തപുരം സ്വദേശികളായിരുന്നെങ്കിലും  ഒരിക്കൽ പോലും അന്നൊന്നും  കണ്ടുമുട്ടിയിട്ടില്ല  എന്നതാണ് അദ്ഭുതം.

കൃഷ്ണ: സൂപ്പർ സ്‌റ്റാര്‍ ഹിറ്റാകുന്ന സമയത്ത് ഞാൻപത്താം ക്ലാസിലാണ്. അന്ന് എന്റെ ഹീറോ സംഗീതേട്ടനായിരുന്നു. സ്ട്രെയ്റ്റ് ചെയ്ത ഹെയർ  സ്റ്റൈൽ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഒരൊറ്റ പാട്ട് പോലും മിസ്സാക്കാറില്ല. ഏട്ടന്റെ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‘കൃഷ്ണാ നീ ബേഗനെ’ ആയിരുന്നു. സൂപ്പർ സ്റ്റാർ ജൂനിയർ സീസണിന്റെ ഫൈനലിൽ, ഗസ്റ്റായി പാടാൻ  സംഗീതേട്ടൻ വന്നിരുന്നു. ടഗോർ തിയറ്ററിൽ നടന്ന പരിപാടിയിൽ സ്റ്റേജിൽ ലൈവ് പാട്ടു നടക്കുമ്പോൾ, ലൈവ് ആയി നൃത്തവും അവതരിപ്പിച്ചിരുന്നു. ഏട്ടൻ ‘കൃഷ്ണാ നീ ബേഗനെ’ പാടിയപ്പോൾ, സ്‌റ്റേജിൽ ഡാൻസ് ചെയ്തിരുന്നത് ഞാനാണ്. അന്ന് വീട്ടിൽ ഭയങ്കര ആഘോഷമായിരുന്നു. സംഗീതേട്ടന്റെ  ഒപ്പം സ്‌റ്റേജ് ഷെയർ ചെയ്തതിന്.

ആ പരിചയമാണോ പിന്നീട് പ്രണയമായത്?

സംഗീത്: പിന്നീട് സ്റ്റേജ് പ്രോഗ്രാമിൽ ഞങ്ങൾ ഇടയ്ക്കിടെ കണ്ടു. സിനിമയിൽ ഇവൾ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ‘കണ്ണെഴുതി പൊട്ടും തൊട്ട്’, ‘നാറാണത്തു തമ്പുരാൻ’, ‘ഗുരു’ തുടങ്ങി പതിനാറോളം  സിനിമകളിൽ.  2001 ൽ ‘സാരി’യെന്ന സിനിമയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സ്‌റ്റേറ്റ് അവാർഡും കിട്ടി.

എൻജിനീയറിങ് ചെയ്യുമ്പോൾ തന്നെ സിനിമയിൽ വീണ്ടും നോക്കിക്കൂടെ എന്ന് ചോദിച്ചപ്പോൾ, പഠിത്തവും ക്ലാസിക്കൽ ഡാൻസുമാണ് ക്രേസെന്നായിരുന്നു കൃഷ്ണയുടെ മറുപടി. അങ്ങനെ ഞങ്ങൾ പോലും  അറിയാതെ സംസാരിക്കാനുള്ള വിഷയങ്ങൾ മുന്നിൽ വന്നുകൊണ്ടേയിരുന്നു.  ഇൻസ്ട്രക്ടർ ലൈസൻസുള്ള സുംബാ ഡാൻസറാണ് കൃഷ്ണ. ഓരോ തവണ കാണുമ്പോഴും സംസാരിക്കാനുള്ള വിഷയങ്ങൾ കൂടുതൽ രസകരമായി. അങ്ങനെയാണ് ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചത്.

കൃഷ്ണ: എൻഗേജ്മെന്റിന്റെ അന്ന്, ഏട്ടൻ ‘കൃഷ്ണാ നീ ബേഗന’ പാടിയപ്പോൾ ഞാ ൻ   ഡാൻസ് ചെയ്തു. ആ പാട്ടിനൊപ്പം ഒരിക്കൽ കൂടി  നൃത്തം ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ഏട്ടനോട് പറഞ്ഞു, ‘കൃഷ്ണാ നീ ബേഗനെ’ എന്ന് പല തവണ പാടിയതുകൊണ്ടാണ്, ഈ കൃഷ്ണ ജീവിതത്തിലേക്ക് വന്നതെന്ന്. സെപ്റ്റംബറിലായിരുന്നു ഞങ്ങളുടെ കല്യാണം.

sangeeth-m1

ഒന്നാം സമ്മാനം നേടിയിട്ടും ഒളിച്ചുകളിയെന്തിനായിരുന്നു?

സംഗീത്: സമ്മാനം നേടി കഴിഞ്ഞ ശേഷം‘ഛോട്ടാ മുംബൈ’യിലെ ‘പൂനിലാ മഴനനയും’ ‘ഗോൾ’ സിനിമയിലെ ‘ഓ മരിയായും’ പാടിയിരുന്നു. കുറച്ചു കാലം ലൈവ് പ്രോഗ്രാമുകളായിരുന്നു ചെയ്തിരുന്നത്. റിക്കോർഡിങ്ങിനേക്കാൾ എനിക്കിഷ്ടം ലൈവ് പാട്ടുകൾ പാടാനായിരുന്നു. സൂപ്പർസ്‌റ്റാർ വേദിയിൽ എനിക്ക് അത്ര നന്നായി പെർഫോം ചെയ്യാൻ പ റ്റിയത് പോലും എന്റെ സ്റ്റേജ് എക്സ്പീരിയൻസ് കൊണ്ടാണെന്നാണ് തോന്നുന്നത്.

സൂപ്പർസ്‌റ്റാറിലെ ജഡ്ജസിൽ ഒരാളായിരുന്ന ബാലഭാസ്കർ പറഞ്ഞിരുന്നു, ‘നിന്നെ പോലെ പാടുന്ന നൂറ് ആളുകൾ ഉണ്ടാകും. വ്യത്യസ്തത  കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്’ എന്ന് . വ്യത്യസ്തമായതെന്തെങ്കിലും  ചെയ്യാനായി പലതരം  പാട്ടുകൾ കേട്ടു, പരമാവധി അപ്ഡേറ്റഡ് ആയി. അതിനിടയിൽ സിനിമാ പാട്ടുകളിലേക്ക് ശ്രദ്ധ കൊടുത്തില്ല എന്നത് സത്യമാണ്, ഇടയ്ക്ക് ചെറിയ ബിസിനസ്സൊക്കെ ചെയ്യുമ്പോഴും  ഞാൻ സംഗീതം കൈവിട്ടിരുന്നില്ല.

വോട്ട് ചെയ്തവരൊക്കെ പരാതി പറഞ്ഞിരുന്നോ ?

സംഗീത്: സൂപ്പർ സ്‌റ്റാറിൽ  പങ്കെടുക്കുന്ന സമയത്ത് ഇത്രയധികം ആളുകൾ  കാണുന്നുണ്ടെന്നൊന്നും  അറിയില്ല. അമ്മയുടെ ഒപ്പം കരുനാഗപള്ളിയിൽ ആശ്രമത്തിൽ പോയപ്പോൾ കുട്ടികളൊക്കെ സംഗീതേട്ടാ എന്ന് പറഞ്ഞ് ഓടിവന്നത് വല്ലാത്തൊരു ഫീലായിരുന്നു. കുറച്ച് വർഷം മുൻപ് ‘കട്ടുറുമ്പ്’ എന്നൊരു പാട്ട് സ്വന്തമായി കംപോസ് ചെയ്ത് പുറത്തിറക്കിയിരുന്നു. ആളുകൾ അതൊക്കെ പാടി നടന്നു. പക്ഷേ, ഞാനാണ് അത് ചെയ്തതെന്ന് ആർക്കും അറിയില്ല. ഇന്നത്തെ പോലെ സ്മാർട്ട് ഫോണുപയോഗവും നിരന്തരം മ്യൂസിക് വിഡിയോ കാണലുമൊന്നും അന്നില്ലായിരുന്നല്ലോ.

കൃഷ്ണ: ഏട്ടന്റെ ആരാധികമാർ കൂടുതലും അമ്മമാരാണ്. കല്യാണം കഴിഞ്ഞിട്ട് ഏട്ടന്റെ വിവരം ചോദിച്ച് അടുത്തുള്ളവർ വിളിക്കാറുണ്ട്. സംഗീതേട്ടന്റെ സൗണ്ട് കേൾക്കുമ്പോൾ അവരൊക്കെ വല്ലാതെയങ്ങ് ഇമോഷനലാകും, അതു കഴിയുമ്പൊ ഏട്ടനും  വിഷമമാകും. ഒരിക്കൽ ഞാനും ഏട്ടനും മറൈൻ ഡ്രൈവിൽ ചെന്നപ്പോൾ മൂന്നാല് ആൺപിള്ളേർ അവിടെ വന്ന് റൗണ്ടടിച്ചു. ശല്യം ചെയ്യാൻ വന്നവരാണെന്നാണ് ആദ്യം കരുതിയത്. അപ്പോൾ അവർ വന്ന് ‘സംഗീതല്ലേ, എന്താ പാടാത്തത്’ എന്ന് ചോദിച്ചു.

സൂപ്പർ സ്‌റ്റാറിലെ രണ്ടാം സ്ഥാനക്കാരനായ ജോബ് പിന്നീട്  സിനിമയിൽ സജീവമായല്ലോ?

സംഗീത്: ഞാനും ജോബും സൂപ്പർ സ്‌റ്റാറിന്റെ  സമയത്ത് വല്ലാതെ അടുത്തു. നന്നായി പാടാൻ പറ്റുന്ന പാട്ടുകൾ ഞങ്ങള്‍ പരസ്പരം തിരഞ്ഞെടുത്ത് കൊടുക്കുമായിരുന്നു. ഒട്ടും മത്സരബുദ്ധിയില്ലാത്ത സൗഹൃദമായിരുന്നു. അവൻ സിനിമയിലെത്തി ഹിറ്റുകളുമായി നിന്നപ്പോഴും ഞങ്ങളുടെ സൗഹൃദത്തിന് ഒരു വ‍്യത്യാസവും ഉണ്ടായിട്ടില്ല.

sangeeth-m3

റിയാലിറ്റി ഷോ ഹിറ്റാക്കാൻ പിന്നാമ്പുറത്ത് ഡ്രാമകൾ, സമ്മാനത്തട്ടിപ്പുകൾ... ഇതൊക്കെ സത്യമാണോ ?

സംഗീത്: ഒരു തരത്തിലുള്ള ഡ്രാമയും ഞങ്ങളുടെ മത്സരത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ‘ബിഹൈൻഡ് ദ് സീൻസിനെ’ പറ്റിയൊന്നും എനിക്കറിയില്ല. എങ്കിലും  ഇത്തരത്തിൽ ആളുകളെ പറ്റിക്കാൻ ശ്രമിക്കുന്നെങ്കിൽ അത് തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ മലയാളികളുടെയടുത്ത് ഈ നമ്പറുകളൊന്നും ഏൽക്കുമെന്നും തോന്നുന്നില്ല. ഓവർ ഡ്രാമ കാണിച്ചാൽ, സത്യവും കള്ളവും പെട്ടെന്ന് തിരിച്ചറിയും മലയാളികൾ. ഞങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന സമ്മാനം അഞ്ച് ലക്ഷത്തിന്റെ സ്വിഫ്റ്റ് കാർ ആയിരുന്നു. ചില റിയാലിറ്റി ഷോകളിൽ സമ്മാനത്തിന്റെ കാര്യത്തിൽ എന്തോ പ്രശ്നങ്ങളൊക്കെ ഉണ്ടായി എന്നു കേട്ടിട്ടുണ്ട്. എനിക്ക് അത്തരം അനുഭവങ്ങളില്ല.

റിയാലിറ്റി ഷോകൾ പ്രതിഭാധനരായ ഗായകരെ നൽകിയിട്ടില്ല എന്നതൊരു വസ്തുതയല്ലേ?

സംഗീത്: ലൈവ് പാടുന്നതും സ്‌റ്റുഡിയോയിൽ പാടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്‌റ്റേജിൽ നന്നായി പാടാൻ കഴിയുന്നവർക്ക്, സ്‌റ്റുഡിയോയിൽ നന്നായി പെർഫോം ചെയ്യാൻ പറ്റണമെന്നില്ല. പിന്നെ, എല്ലാറ്റിലും വലുതായി ഭാഗ്യവും  ആവശ്യമുണ്ട്. ഒരു റിയാലിറ്റി ഷോയിൽ നമ്മൾ പാടുന്നത് മികച്ചൊരു സംഗീത സംവിധായകൻ, രചയിതാവ്, ഗായകൻ എന്നിവർ ഒരുപോലെ മികച്ചതാക്കി വച്ചൊരു പാട്ടാണ്. ഇരുപത് ശതമാനം നന്നാക്കിയാൽ  ആളുകളത്  അംഗീകരിക്കും. പക്ഷേ, ഒരു പുതിയ പാട്ട് റിക്കോർഡ് ചെയ്യുമ്പോൾ നമ്മളുടേതായ മികവുണ്ടെങ്കിലേ അംഗീകരിക്കപ്പെടൂ. പലപ്പോഴും ആ കഴിവ് അളക്കാൻ റിയാലിറ്റി ഷോകൾക്ക് കഴിയാറില്ല. റിയാലിറ്റി ഷോയിൽ നിന്ന് നല്ല ഗായകർ വരുന്നില്ല എന്ന് പറയാൻ കഴിയില്ല. അർജിത് സിങ്ങും  ശ്രേയാ ഘോഷാലും  വലിയ ഉദാഹരണങ്ങളാണ്.

സംഗീതിന്റെ റീ–ലോഞ്ച് എപ്പോൾ പ്രതീക്ഷിക്കാം?

സംഗീത്:  എന്തായാലും  അടുത്ത് തന്നെയുണ്ടാകും. ഇപ്പോൾ കുറേ കവർ സോങ്ങുകൾ ഞാൻ ചെയ്തിട്ടുണ്ട്. ‘സംഗീത് സിങ്ങർ’ എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയയിൽ  സജീവമാണ്. പിന്നെ, വീട്ടിലൊരു സ്റ്റുഡിയോ സെറ്റപ്പ് ഉണ്ടാക്കി ‘കട്ടുറുമ്പ്’ നന്നായി മാർക്കറ്റ് ചെയ്ത് റീ ലോഞ്ച് ചെയ്യാനും പ്ലാനുണ്ട്. ജോബിന്റെ കൂടെ കോമ്പിനേഷനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

കൃഷ്ണ: ഇതൊന്നും കൂടാതെ മ്യൂസിക്കിനൊപ്പം സുംബഡാൻസും ചേർത്ത് മിക്സ് ചെയ്ത് മറ്റൊരു വെറൈറ്റിയും ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. എന്താ കറക്ടല്ലേ?

സംഗീത്: പിന്നെ, വളരെ ശരിയാ...

sangeeth-m2