Tuesday 07 April 2020 12:59 PM IST

അങ്കമാലിയിലെ അമ്മാവന് പ്രധാനമന്ത്രി ആകാമെങ്കിൽ അങ്കമാലിയിൽ തേയിലക്കൃഷിയും ആയിക്കൂടേ...

Sreedevi

Sr. Subeditor, Vanitha veedu

g1

കൊറോണക്കാലത്ത് എല്ലാവരും പെയിന്റിങ്ങും പാചകവും കൃഷിയും ചെയ്തിരുന്നപ്പോൾ അങ്കമാലി മൂക്കന്നൂരുള്ള പോളച്ചൻ തേയില നുള്ളാനാണ് പോയത്. തേയില നുള്ളാൻ മൂന്നാറിലോ വാഗമണ്ണിലോ പോകേണ്ടി വന്നില്ല പോളച്ചന്. സ്വന്തം മുറ്റത്തുതന്നെ പത്തിരുപതു ചുവടു തേയിലച്ചെടിയുള്ളപ്പോൾ എന്തിനാ വണ്ടി പിടിച്ച് ഹിൽസ്റ്റേഷനിൽ പോകുന്നത്!

g3

തേയിലത്തോട്ടങ്ങളോടുള്ള ഇഷ്ടം മൂലം വീട്ടിൽ തേയില കൃഷി ചെയ്താലോ എന്ന് പലവട്ടം ചിന്തിച്ചെങ്കിലും ഔദ്യോഗിക ആവശ്യത്തിന് മൂന്നാറിലെ ടാറ്റാ ടീയുടെ തോട്ടം സന്ദർശിച്ചപ്പോഴാണ് ആഗ്രഹം ശക്തമായത്. ടാറ്റാ കമ്പനി തന്നെ തയ്യും നൽകി. കഴിഞ്ഞ ആറു വർഷത്തെ പരിചരണംകൊണ്ട് തേയിലച്ചെടി വീട്ടുമുറ്റത്ത് തഴച്ചു വളർന്നു. ഉച്ച വരെ വെയിലും ശേഷം തണലും കിട്ടുന്ന സ്ഥലം നോക്കി വീടിന്റെ മുന്നിലാണ് ചെടികൾ നട്ടത്. നന്നായി പുതയിട്ട് എല്ലുപൊടിയും ചാണകപ്പൊടിയുമെല്ലാം വളവും നൽകി. കാലത്തും വൈകിട്ടും നനയുണ്ട്. കൊളുന്ത് ഉണക്കിപ്പൊടിച്ച് ഗ്രീൻ ടീ ആയാണ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത്.

g2

ഒരിക്കൽ മൂന്നാറിൽ വച്ചു പരിചയപ്പെട്ട ആദിവാസികളാണ് ചായപ്പൊടി ഉണ്ടാക്കാൻ പഠിപ്പിച്ചത്. കിളുന്ത് ചെറുതായി കൊത്തി നുറുക്കി ചെറുതായി ചതച്ച് നീര്‌ കളയണം. ശേഷം കോട്ടനിലിൽ ഇട്ട് മറ്റൊരു തുണികൊണ്ട് മൂടി ഇളം വെയിലിൽ ഉണക്കാനിടും. ജലാംശം വലിഞ്ഞാൽ കൈ കൊണ്ട് തിരുമ്മി പൊടിച്ച് ഉപയോഗിക്കാം. ജോലിത്തിരക്കിനിടയിൽ സമയമില്ലാത്തതിനാൽ മാറ്റിവച്ചിരുന്ന ചായപ്പൊടി നിർമാണം കൊറോണക്കാലത്ത് നടന്നതിന്റെ സന്തോഷത്തിലാണ് പോളച്ചൻ.

Tags:
  • Gardening
  • Vanitha Veedu