മെക്കാനിക്കൽ എൻജിനീയറായ രാഗിനും പിഎച്ച്ഡി ചെയ്യുന്ന ശാലിനിയും രണ്ടു മക്കളോടും മാതാപിതാക്കളോടുമൊപ്പം കൊച്ചിയിലാണ് താമസം. കുടുംബവും ജോലിയും വളരെ സന്തോഷത്തോടെ ഒന്നിച്ചു കൊണ്ടു പോകുന്ന ഈ ദമ്പതികൾക്ക് വീടിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. സമയത്തിന്റെ മൂല്യമറിയാവുന്ന ഇവർ വളരെ മനോഹരമായി സമയം കൈകാര്യം ചെയ്യുന്നവരാണ്.
ഇടപ്പള്ളിയിൽ പാരമ്പര്യമായി കിട്ടിയ സ്ഥലത്തെ പഴയ വീടിന്റെ സഥാനത്താണ് പുതിയ വീട്. വൃത്തിയുള്ളതും വിശാലവും കാര്യക്ഷമമവും പരിചരിക്കാൻ എളുപ്പവും ബജറ്റിലൊതുങ്ങുന്നതുമാവണം വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം. വലിയ മരങ്ങളും പച്ചപ്പും നിറഞ്ഞ 12 സെന്റ് കണ്ടപ്പോൾ തന്നെ ആർക്കിടെക്ട് നീനു ട്രീസ പയസ് ഒരു തീരുമാനമെടുത്തിരുന്നു.
ഇവയെ വീടിനുള്ളിലേക്ക് കൊണ്ടുവരുന്നതിനു പകരം വീടിനു പുറത്ത് കൃത്യമായി നിർവചിച്ച സ്പേസ് നൽകുക എന്നതായിരുന്നു അത്. വീടിനൊരു ഫ്രെയിം പോലെ വർത്തിക്കാനും അതോടൊപ്പം വീടിനെ സംരക്ഷിക്കാനുമുള്ള ഉപാധിയായാണ് നീനു മരങ്ങളെ ഉപയോഗിച്ചത്.

ഇന്റീരിയറിൽ വീട്ടുകാരുടെ ആവശ്യങ്ങളായ ‘efficiency, openness, ease of maintenance’ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയത്. മൂന്ന് തലമുറകൾ ഒന്നിച്ചു കഴിയുന്ന വീടായതിനാൽ രണ്ടു നിലകളിലെയും പൊതുഇടങ്ങളെ പരസ്പരം ബന്ധിപ്പിച്ചു. അതാണ് ഡിസൈനിന്റെ നട്ടെല്ലായി മാറിയത്.

2640 ചതുരശ്രയടിയുള്ള വീട്ടിൽ വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം ഉൾപ്പെടുത്തി. ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള, വർക്ഏരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണുള്ളത്. നിർമാണ സാമഗ്രികളും വളരെ മിനിമൽ ആയാണ് ഉപയോഗിച്ചത്.

തറയിലെ കോട്ട സ്റ്റോണിന്റെ പച്ചനിറം, വെള്ള ഭിത്തികൾ, വെളിച്ചം കടത്തിവിടുന്ന വെള്ള ജനൽപ്പാളികൾ എന്നീ മൂന്നു ഘടകങ്ങളുടെയും കോംബിനേഷൻ വീടിനു പശ്ചാത്തലമൊരുക്കുന്നു.
ചിത്രങ്ങൾ: ശ്യാം ശ്രീശൈലം
ഡിസൈൻ:: ആർക്കിടെക്ട് നീനു ട്രീസ പയസ്, കൊച്ചി,neenuntp@gmail.com