രണ്ടാൾ പൊക്കവും അതിനൊത്ത വലുപ്പവുമുള്ള ഒരു ഭീമൻ മുട്ട! വഴിയോടു ചേർന്നുള്ള ചെറിയ കുന്നിൻമുകളിൽ മരങ്ങൾക്കിടയിലായി ഏതോ പക്ഷിയിട്ടതാണെന്നേ തോന്നൂ... കാണുന്നവർ ആരായാലും വാപൊളിച്ചു പോകുമെന്ന് ഉറപ്പ്.
കുമളി – മൂന്നാർ റോഡിൽ കല്ലാറിൽ നിന്ന് രാമക്കൽമേടിലേക്കുള്ള വഴിയരികിലാണ് ഈ കാഴ്ച.
സത്യത്തിൽ ഇതു മുട്ടയല്ല; മുട്ടയുടെ ആകൃതിയിലുള്ള കെട്ടിടമാണ്. നെടുങ്കണ്ടത്തെ ഡിസൈനറായ ജയൻ പനയ്ക്കലിന്റെ ഓഫിസ് കെട്ടിടം.
കേരളത്തിൽ ഇതുവരെ ആരും നിർമിച്ചിട്ടില്ലാത്ത ആകൃതിയിൽ ഒരു കെട്ടിടം പണിയണമെന്ന ജയന്റെ ആഗ്രഹമാണ് മുട്ടയുടെ രൂപത്തിൽ സഫലമായത്.
മുട്ടക്കെട്ടിടത്തിൽ ഒരിടത്തുപോലും വാതിലും ജനലുമില്ല. മുട്ടത്തോടിനോട് ചേർന്ന്, എന്നാൽ മറ്റൊരു നിർമിതിയായി പണിതിരിക്കുന്ന ഇടനാഴിയിലൂടെ വേണം ഓഫിസിനുള്ളിലെത്താൻ. ഇടനാഴിയിലേക്ക് പ്രവേശിക്കുന്നിടത്തു മാത്രമേ വാതിലുള്ളൂ.
മുട്ടത്തോടിന്റെ ഉൾഭാഗം പോലെയാണ് ഓഫിസ് സ്പേസിന്റെ ഘടന. 10 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുളള കെട്ടിടത്തിന് നടുഭാഗത്ത് അഞ്ച് മീറ്റർ പൊക്കമുണ്ട്. വശങ്ങളിലേക്ക് വരുംതോറും പൊക്കം കുറഞ്ഞുവരും. 500 ചതുരശ്രയടിയാണ് ഫ്ലോർ ഏരിയ.
സന്ദർശകർക്ക് ഇരിക്കാനുളള ലോബി സ്പേസ് നടുവിലും വർക് സ്പേസ് രണ്ടറ്റങ്ങളിലും വരുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. അഞ്ചുപേർക്ക് സുഖമായിരുന്നു ജോലി ചെയ്യാം.

മുട്ടയുടെ അതേ ആകൃതിയിൽ കെട്ടിടം നിർമിക്കുക അത്ര എളുപ്പമായിരുന്നില്ല. മുഴുവനായ പ്ലാൻ തയാറാക്കി രണ്ടു മാസത്തെ ആസൂത്രണത്തിനു ശേഷമാണ് നിർമാണം തുടങ്ങിയത്.
അളവുകൾ കൃത്യമായി കിട്ടാനും മുകളിൽ കയറിനിന്ന് പണിയാനുളള സൗകര്യത്തിനുമായി ആദ്യം ജിഐ സ്ക്വയർപൈപ്പ് ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ഒൗട്ടർഫ്രെയിം നിർമിച്ചു.
ഔട്ടർഫ്രെയിമിനുള്ളിൽ വരുംവിധം മുട്ടയുടെ ആകൃതിയിൽ കെട്ടിടത്തിന്റെ പുറന്തോട് നിർമിക്കുകയായിരുന്നു അടുത്തഘട്ടം. പത്തുദിവസത്തോളം വേണ്ടിവന്നു ഇതു പൂർത്തിയാകാൻ. അകവും പുറവും തേച്ചു മിനുസപ്പെടുത്തുകയായിരുന്നു അടുത്തപടി. അളവിൽ വ്യത്യാസം വരാതിരിക്കാൻ ഒരേ സമയം രണ്ടുപുറവും തേക്കുന്ന രീതി പിന്തുടർന്നു. 1500 ചതുരശ്രയടിയാണ് പുറന്തോടിന്റെ വിസ്തീർണം.

പുറന്തോട് പൂർത്തിയായ ശേഷമാണ് തറ തയാറാക്കിയത്. പില്ലർ നൽകി അതിനുമുകളിൽ ഫ്ലാറ്റ് സ്ലാബ് വാർത്ത് തറയൊരുക്കി. പുറമേനിന്നു നോക്കുമ്പോൾ മുട്ടയുടെ അതേ ആകൃതി തോന്നിക്കുന്ന രീതിയിൽ നാലുചുറ്റും മണ്ണ് ലെവൽ ചെയ്തു. മൂന്നു മാസമേ വേണ്ടിവന്നുള്ളൂ കെട്ടിടം പൂർത്തിയാകാൻ.
ഇതുപോലൊന്നു വേണമെന്ന ആവശ്യവുമായി ഒരുപാടുപേർ സമീപിച്ചു കഴിഞ്ഞു. കുറച്ചുകൂടി വലിയ ‘മുട്ടകൾ വിരിയിക്കാനുള്ള’ ശ്രമത്തിലാണ് ജയനും കൂട്ടരും.
ചിത്രങ്ങൾ: ഹരികൃഷ്ണൻ
മുട്ടക്കെട്ടിടത്തിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ഏപ്രിൽ ലക്കം വനിത വീടിലുണ്ട്.