Friday 29 April 2022 04:18 PM IST : By സ്വന്തം ലേഖകൻ

ഫ്ലാറ്റിലെ കുടുസ്സുമുറിക്കു വന്ന മാറ്റം കണ്ടാൽ ആരും ഞെട്ടിപ്പോകും

balcony

അരമതിലും അതിനു മുകളിൽ നെറ്റ് പിടിപ്പിച്ച, തകരഷീറ്റ് മേഞ്ഞ ഒരു കുടുസ്സുമുറി. വാഷിങ് മെഷീൻ വയ്ക്കാനും പിന്നെ ആക്രിസാധനങ്ങൾ സൂക്ഷിക്കാനും മാത്രം ഉപയോഗിച്ചിരുന്നിടം. അവിടമാണ് ഈ കാണുന്ന കിടിലൻ ബാൽക്കണിയായി മാറിയതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, സംഗതി സത്യമാണ്. തിരുവനന്തപുരം കല്ലയം പള്ളിമുക്കിലെ സൗപർണിക റീഗൽ ടവറിലെ ഫ്ലാറ്റിന്റെ പത്താം നിലയിലുള്ള ഫ്ലാറ്റിന്റെ യൂട്ടിലിറ്റി ഏരിയ ആണ് ഡിസൈനർ എസ്.യു. സുഭാഷ് ആരും കൊതിക്കുന്ന ബാൽക്കണിയായി മാറ്റിയെടുത്തത്.

balcony 2 പഴയ യൂട്ടിലിറ്റി ഏരിയ നവീകരിക്കുന്നു

ഇവിടെയിരുന്നാൽ തിരുവനന്തപുരം നഗരം മാത്രമല്ല പൊന്മുടി വരെ കണ്ണെത്തും. ഓരോ നേരത്തും ഓരോ മൂഡിലുള്ള കാഴ്ചകൾ. വിശ്രമിക്കാനുള്ള സിറ്റിങ് ഏരിയ, ബാർ കൗണ്ടർ, ഡെക്ക് സ്പേസ്, ജക്കൂസി എന്നിവയാണ് ബാൽക്കണിയിലുള്ളത്. പൊന്മുടി മലനിരകളുടെ കാഴ്ചകളിലേക്ക് മിഴിയെത്തും രീതിയിലാണ് ബാർ കൗണ്ടർ.

balcony 3 നവീകരിച്ച ബാൽക്കണിയിലെ സിറ്റിങ് ഏരിയ

ഫ്ലാറ്റിലെ ഡൈനിങ് സ്പേസിനോടു ചേർന്നായിരുന്നു യൂട്ടിലിറ്റി ഏരിയ. ഇവിടത്തെ അരമതിലും നെറ്റുമെല്ലാം പൊളിച്ചുമാറ്റുകയാണ് സുഭാഷ് ആദ്യം ചെയ്തത്. ഡൈനിങ് സ്പേസിനും യൂട്ടിലിറ്റി ഏരിയയ്ക്കും ഇടയിലുള്ള ചുമരും നീക്കംചെയ്തു. ഇവിടെ സ്ലൈഡിങ് - ഫോൾഡിങ് ടൈപ്പ് ഗ്ലാസ് വാതിൽ നൽകി. അതോടെ വാതിൽ തുറന്നാൽ ഇവിടവും ഡൈനിങ് സ്പേസിന്റെ ഭാഗമാകും എന്നായി. തന്മൂലം മൊത്തത്തിൽ ഫ്ലാറ്റിന്റെ വലുപ്പം കൂടിയ ഫീൽ ആയി.

balcony 4 സിറ്റിങ് ഏരിയയും ജക്കൂസിയും

‘എൽ’ ആകൃതിയിലായിരുന്നു ബാൽക്കണി. ഇതിൽ ഏറ്റവും നല്ല കാഴ്ചകളുള്ള രണ്ടു വശത്തും പാരപ്പെറ്റ് ലെവലിനു മുകളിൽ ഗ്ലാസ് ഭിത്തി നൽകുകയായിരുന്നു രണ്ടാമത്തെ മാറ്റം. ഇതോടെ പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യമായി. ഗ്ലാസ് കൊണ്ടുള്ള മേൽക്കൂര കൂടി നൽകിയതോടെ നിലാവും നക്ഷത്രങ്ങളുമൊക്കെ ബാൽക്കണിയുടെ കൂട്ടുകാരായി.

balcony 5 സിറ്റിങ് ഏരിയ

സിമന്റ് പരുക്കനിട്ട തറയിൽ വിട്രിഫൈഡ് ടൈൽ വരികയും ഒപ്പം ബാൽക്കണിയുടെ ആംബിയൻസിന് ഇണങ്ങുന്ന ലൈറ്റുകളും അലങ്കാരവസ്തുക്കളും അണിനിരക്കുകയും കൂടി ചെയ്തതോടെ സംഭവം ആകെ കളറായി.

balcony 6 ഡൈനിങ് സ്പേസിലെ വാഷ് ഏരിയയും ബാൽക്കണിയും

ബാൽക്കണിയുടെ ഒരു വശത്തു മാത്രമേ ചുമരുകെട്ടിയിട്ടുള്ളൂ. എതിർഭാഗത്ത് സ്വകാര്യത ലഭിക്കുന്ന കോണിലാണ് ജക്കൂസിയ്ക്കു സ്ഥാനം നൽകിയത്. ആകെ നൂറ് ചതുരശ്രയടിയാണ് ബാൽക്കണിയുടെ വിസ്തീർണം. നാല് മാസമേ വേണ്ടിവന്നുള്ളു പണികൾ പൂർത്തിയാകാൻ.

balcony 7 ബാർ കൗണ്ടർ

ഡിസൈൻ: എസ്. യു. സുഭാഷ്, ജി.എസ്. ആർക് ക്രിയേഷൻസ്, തിരുവനന്തപുരം

Tags:
  • Design Talk
  • Architecture