മറ്റു വീടുകൾ ഡിസൈൻ ചെയ്യാൻ വേണ്ടിവരുന്നതിന്റെ നാലിലൊന്ന് സമയമേ സ്വന്തം വീടിന്റെ കാര്യത്തിൽ ആർക്കിടെക്ട് റോഷൻ നഗീനയ്ക്ക് ലഭിച്ചുള്ളൂ. ഏറെ തിരക്കുള്ള സമയത്ത് ആയിരുന്നു വീടു പണിയാനുള്ള തീരുമാനം. അതും അപ്രതീക്ഷിതമായി. പക്ഷേ, തട്ടുംതടവുമില്ലാതെ തന്നെ വീട് വരകളായി പിറന്നു. ‘എന്തെല്ലാമാണ് വേണ്ടതെന്നും എങ്ങനെയാണ് അത് നേടേണ്ടത് എന്നും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.’ റോഷൻ പറയുന്നു.ആർക്കിടെക്ട് എന്ന നിലയിൽ റോഷൻ നഗീന എന്ന വനിതയുടെ നിലപാടുകളുടെയും സ്വപ്നങ്ങളുടെയും പ്രഖ്യാപനമാണ് കണ്ണൂർ കക്കാടുള്ള ‘സായാ’ എന്ന വീട്. ലാളിത്യം നിറഞ്ഞ കാഴ്ചകളുമായാണ് സായാ നമ്മളെ സ്വാഗതം ചെയ്യുക. മണ്ണിനോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധതയുടെ മുദ്ര പതിഞ്ഞിട്ടുണ്ട് ഈ കാഴ്ചകളിലെല്ലാം.

‘നാം സ്വപ്നം കാണുന്ന ലോകത്തിന് വേണ്ടിയുള്ള മാറ്റം നമ്മിൽ നിന്ന് തന്നെ തുടങ്ങണം.’ റോഷനെ ഏറെ സ്വാധീനിച്ചിട്ടുള്ളതാണ് ഗാന്ധിജിയുടെ ഈ ആഹ്വാനം. ഇതു തന്നെയാണ് വീടിന്റെ തത്വശാസ്ത്രവും.‘‘കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും യോജിച്ചതാകണം, ഊർജത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത വേണം, നിർമാണത്തിന്റെ പേരിൽ ഭൂമിയെ മലിനപ്പെടുത്തരുത്... ഇതു മൂന്നും വളരെ ശ്രദ്ധിച്ചു. മറ്റൊരാളെ ഉപദേശിക്കും മുൻപ് സ്വന്തം കാര്യത്തിൽ നടപ്പിലാക്കി കാണിക്കാനുള്ള ധാർമിക ബാധ്യതയുണ്ട് എന്ന ഉത്തമ ബോധ്യത്തിലായിരുന്നു ഈ തീരുമാനം.’’ കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ചരിവുള്ള 20 സെന്റിലാണ് വീട്. കിഴക്കേ അറ്റത്തേക്കാൾ മൂന്ന് മീറ്ററോളം താഴ്ന്നായിരുന്നു പടിഞ്ഞാറുഭാഗം. ഇതു നികത്താനോ നിരപ്പാക്കാനോ പോയില്ല. പ്ലോട്ടിന്റെ നിരപ്പുവ്യത്യാസമനുസരിച്ച് മൂന്നു തട്ടുകളായാണ് വീട് ഡിസൈൻ ചെയ്തത്. വലിയ മരങ്ങളൊന്നും മുറിച്ചുമില്ല. ഉറുദുവിൽ ‘സായാ’ എന്നാൽ ‘തണൽ’ എന്നാണ് അർഥം. നാലുചുറ്റുമുള്ള മരങ്ങൾ പകരുന്ന തണലിനു കീഴിലാണ് വീടിന്റെ നിൽപ്പ്.

പ്ലോട്ടിന്റെ ചരിവ് പ്രയോജനപ്പെടുത്തി പടിഞ്ഞാറ് ഭാഗത്തായി കാർപോർച്ച് നൽകി. ഇവിടത്തേക്കാൾ 1.8 മീറ്റർ പൊക്കത്തിലാണ് ലിവിങ്, ഡൈനിങ്, അടുക്കള, ഒരു കിടപ്പുമുറി എന്നിവ ഉൾപ്പെടുന്ന പ്രധാന ഭാഗം. ഇത് വീടിന്റെ 70 ശതമാനത്തോളം വരും. ഇവിടത്തെക്കാൾ 60 സെമീ പൊക്കത്തിലാണ് പോർച്ചിന് മുകളിലുള്ള കിടപ്പുമുറി.പിൻഭാഗത്തുള്ള രണ്ട് കിടപ്പുമുറികൾ പ്രധാന ഭാഗത്തെക്കാൾ ഒരു മീറ്റർ പൊക്കത്തിലാണുള്ളത്.ലോഫ്റ്റ് സ്പേസിൽ ഒരുക്കിയിട്ടുള്ള ലൈബ്രറി, സ്റ്റഡി സ്പേസ് എന്നിവയാണ് രണ്ടാംനിലയിലുള്ളത്. സ്റ്റീലിന്റെ കാന്റിലിവർ സ്ട്രക്ചറിൽ തടിപ്പലക ഉറപ്പിച്ചു തയാറാക്കിയതാണ് ലോഫ്റ്റ് സ്പേസ്.

‘സായ’യുടെ ഒരു മുറിയിലും എസി വച്ചിട്ടില്ല. കാറ്റിന്റെയും വെളിച്ചത്തിന്റെയും സഞ്ചാരവഴികളറിഞ്ഞ് തുറപ്പുകളും അടപ്പുകളും നൽകിയതിനാൽ സുഖകരമാണ് വീടിനുള്ളിലെ അന്തരീക്ഷം.കരിങ്കല്ലും വയർകട്ട് ഇഷ്ടികയും കൊണ്ടാണ് ചുമരുകൾ. ചൂട് കടത്തിവിടില്ല എന്നതാണ് കരിങ്കല്ല് ഉപയോഗിക്കാൻ കാരണം. ‘റാറ്റ് ട്രാപ്’ രീതിയിൽ, ഉള്ളിൽ പൊള്ളയായ സ്ഥലം (എയർഗ്യാപ്) വരുംവിധത്തിൽ ഇഷ്ടിക കെട്ടിയതും ചൂടിനെ തടയുന്നു. ഇരട്ടിപ്പൊക്കത്തിലാണ് വീടിനു നടുവിലുള്ള ലിവിങ് ഡൈനിങ് ഏരിയ. ഇതിനോടു ചേർന്നുള്ള ഡെക്ക് സ്പേസിന് സ്റ്റീൽ പർഗോളയും ഗ്ലാസും കൊണ്ടുള്ള മേൽക്കൂരയാണുളളത്. ആവശ്യത്തിനു കാറ്റും വെളിച്ചവും ഇതുവഴിയുമെത്തും. ഇവിടെ വളർത്തിയിട്ടുള്ള ചെടികൾ വീട്ടകത്തിനാകെ ഹരിതാഭ പകരുന്നു.

ഉചിതമായ സ്ഥാനത്തുളള വെന്റിലേഷൻ എത്രമാത്രം ഉപകരിക്കും എന്നതിനു തെളിവാണ് തെക്കുവശത്തെ ചുമരിൽ നൽകിയിട്ടുള്ള ജാളി ഡിസൈൻ. ഇഷ്ടിക പ്രത്യേക രീതിയിൽ അടുക്കി നിർമിച്ചിട്ടുള്ള ഈ ജാളി വെയിലിനെ തടയുകയും കാറ്റിനെ കടത്തിവിടുകയും ചെയ്യുന്നതിനൊപ്പം നിഴൽച്ചിത്രങ്ങളാൽ വീടിനെ അലങ്കരിക്കുകയും ചെയ്യുന്നു.ട്രസ്സിൽ ഒാട് മേഞ്ഞ രീതിയിലാണ് വീടിന്റെ മേൽക്കൂര. നടുവിൽ ‘എയർഗ്യാപ്’ വരുന്ന രീതിയിൽ മുകളിലും താഴെയുമായി രണ്ട് ഓട് അടുക്കി മേൽക്കൂര നിർമിച്ചതിനാൽ ചൂട് വീടിനുള്ളിലേക്കെത്തില്ല.പുനരുപയോഗിക്കാവുന്ന നിർമാണവസ്തുക്കൾ ഉപയോഗിച്ചായിരുന്നു വീടു നിര്‍മാണം. വീടിന്റെ കാലശേഷം ‘വേസ്റ്റ്’ എന്ന നിലയിൽ ഭൂമിക്കു ഭാരമാകുന്ന വസ്തുക്കൾ പരമാവധി ഒഴിവാക്കി. കാർപോർച്ചിന്റെ മേൽക്കൂര മാത്രമേ കോൺക്രീറ്റ് ചെയ്തുള്ളു. ഇതും ലിന്റലും ഒഴിവാക്കിയാൽ മറ്റൊരിടത്തും കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല. ചുമരിൽ ഒരിടത്തും സിമന്റ് പ്ലാസ്റ്റർ ചെയ്തിട്ടുമില്ല. പെയിന്റിന്റെ കാര്യവും അങ്ങനെതന്നെ. ചുറ്റോടുചുറ്റുള്ള ലിന്റൽ ബീമിൽ മാത്രമേ പെയിന്റ് അടിച്ചിട്ടുള്ളൂ.പ്രകൃതിദത്ത നിർമാണവസ്തുവായ കോട്ട സ്റ്റോൺ ഉപയോഗിച്ചാണ് പൊതു ഇടങ്ങളിലെ ഫ്ലോറിങ്. ആത്തംകുടി ടൈലാണ് കിടപ്പുമുറികളിലുള്ളത്.

സൗരോർജ പാനലിൽ നിന്നാണ് വീട്ടിലേക്കാവശ്യമായ മുഴുവൻ വൈദ്യതിയും ലഭിക്കുന്നത്. അധികമുള്ളത് കെഎസ്ഇബിക്ക് വിൽക്കുകയും ചെയ്യുന്നു. എൽഇഡി മാത്രം ഉപയോഗിച്ചതിനാൽവൈദ്യുതി ഉപയോഗം വളരെ കുറവാണുതാനും.പറമ്പിലുണ്ടായിരുന്ന കിണർ നിലനിർത്തി വീടിനു സ്ഥാനം കണ്ടതിനാൽ വെള്ളത്തിനും ക്ഷാമമില്ല. 3000 ലീറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയിലെ വെള്ളം എപ്പോഴും കരുതൽ ശേഖരമായുണ്ടാകും.ഈ വീട് ഒരുക്കിയത് ആർക്കിടെക്ടിനായാണോ അതോ വീട്ടമ്മയ്ക്കായാണോ എന്ന ചോദ്യത്തിന് റോഷൻ ഉത്തരമിങ്ങനെ: ‘‘ വീട് വീട്ടുകാർക്കുവേണ്ടിയുള്ളതാകണം. അപ്പോഴേ വീടിന് അർഥമുണ്ടാകൂ...’’
