Tuesday 02 February 2021 03:56 PM IST

പഴക്കം കൂടുന്തോറും വില കൂടുതലാണ് ലണ്ടനിലെ വീടുകൾക്ക്; അങ്ങനെയൊരു വീട് സ്വന്തമാക്കി മലയാളി കുടുംബം

Sona Thampi

Senior Editorial Coordinator

londddds2221

പഴക്കം കൂടുന്തോറും വില കൂടുതലാണ് ലണ്ടനിലെ വീടുകൾക്ക്. അങ്ങനെയൊരു വീട് സ്വന്തമാക്കി മലയാളി കുടുംബം. ലണ്ടനിൽ നിന്ന് ഫൗസാൻ അലി പറയുന്നു.

ലണ്ടനിൽ വന്നിട്ട് 20 വർഷം ആയെങ്കിലും ഒരു വർഷമേ ആയിട്ടുള്ളു ഞങ്ങൾ പുതിയ വീട് വാങ്ങിച്ചിട്ട്. 1930 കളിലെ ഒരു പ്രോപ്പർട്ടിയാണ് സ്വന്തമാക്കിയത്. വലിയ പൂന്തോട്ടവും ബലവത്തായ അടിത്തറയും ഗുണനിലവാരം കൂടിയ നിർമിതിയുമാണ് ഇത്തരം പഴയ വീടുകൾക്ക് എന്നതിനാൽ പഴക്കം കൂടുന്തോറും വിലയും കൂടും.  ഇത്തരം വീടുകളിൽ പ്രായമായവർ മരിക്കുമ്പോഴോ നഴ്സിങ് ഹോമുകളിലേക്ക് മാറുമ്പോഴോ ഒക്കെയാണ്  വീടുകൾ വിൽക്കാനിടയാകുന്നത്. ഇൗ വീട്ടിൽ താമസിച്ചിരുന്ന പ്രായമായ സ്ത്രീയുെട കാലശേഷം അതു വാങ്ങിയ ബിൽഡർ തന്നെ വീട് പുതുക്കിയെടുത്തു. അങ്ങനെ പഴയ പ്ലോട്ടിൽ ഉയർന്ന പുതിയ വീടാണ് ഞങ്ങൾ ബിൽഡറുടെ കൈയിൽ നിന്ന് വാങ്ങിയത്.

IMG-20210131-WA0011

ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനർ ആയ സുഹൃത്ത് ഗായത്രി വിജയൻ ആണ് ഇന്റീരിയർ ഡിസൈനിങ് ചെയ്തിരിക്കുന്നത്.  ലണ്ടനിൽ വന്നു കുറച്ചു ദിവസം താമസിച്ച് ഒരു രൂപരേഖ തയാറാക്കാനായിരുന്നു ആദ്യം ഞങ്ങൾ പ്ലാൻ ചെയ്തത്. പക്ഷേ, കോവിഡ് എല്ലാം മാറ്റിമറിച്ചു. പിന്നെ, എല്ലാം ഒാൺലൈൻ ആയി ചെയ്യുകയായിരുന്നു. പല ഫർണിച്ചറും ഇനിയും വരാനുണ്ട്. ചില മുറികളൊക്കെ ഇന്റീരിയർ ചെയ്യാനുമുണ്ട്...

IMG-20210131-WA0006

വീടിന്റെ പുറമേയ്ക്കുള്ള ഭിത്തികളൊക്കെ പഴയതു തന്നെയാണ്. പുതുതായി ചില ഏരിയകൾ കൂട്ടിച്ചേർത്തു. മൂന്നു നിലയായാണ് വീട്. പഴയ വീടിനേക്കാളും ഇരട്ടി വലുപ്പമായി പുതിയ വീടിന്. മരിച്ചുപോയ വീട്ടുടമസ്ഥയുടെ 65 ഉം 70 ഉം വയസ്സുള്ള മക്കൾ പിന്നീട് ഇൗ വീട് കാണാൻ വന്നപ്പോൾ അവർ ഒാടിക്കളിച്ച കാര്യങ്ങളും പൂന്തോട്ട വിശേഷങ്ങളും തണുപ്പകറ്റാൻ കൽക്കരി കത്തിച്ചിരുന്ന കഥയൊക്കെ ഞങ്ങളുടെയടുത്ത് പറഞ്ഞു. ഏറെ സന്തോഷം പകരുന്നതായിരുന്നു ആ കൂടിക്കാഴ്ച.

IMG-20210131-WA0002

അതിശൈത്യത്തിൽ നിന്ന് രക്ഷപ്പെടാൻ പണ്ടൊക്കെ നെരിപ്പോടുകളായിരുന്നു രക്ഷയെങ്കിൽ ഇന്ന് എല്ലാം വൈദ്യുതിയിലാണ്. മാത്രമല്ല, വീട് വാങ്ങുമ്പോൾ നല്ല ഹീറ്റിങ് ഉള്ള വീടുകൾക്ക് ഡിമാൻഡ് കൂടും. പണ്ടു താമസിച്ചിരുന്ന വീട്ടിൽ ഹീറ്റിങ് അത്ര സുഖകരമല്ലാത്തതിനാൽ ശൈത്യം കൂടുമ്പോൾ ഞങ്ങൾ ഒരു മുറിയിൽ തന്നെ ഇരിക്കുമായിരുന്നു. പുതിയ വീടിന് ആ പ്രശ്നമേ ഇല്ല. നല്ല ഹീറ്റിങ് പാനൽ കൊടുത്തിട്ടുള്ളതിനാൽ ഏതു മുറിയിലും സുഖകരമായ ചൂട് ഒരുപോലെ ലഭിക്കുന്നു. വീടിന്റെ ഗ്ലാസ്സ് ഡബിൾ ഗ്ലേസ് ചെയ്തും ഇൻസുലേഷൻ കൂട്ടിയും ഭിത്തികളുടെ കനം കൂട്ടിയും ഭൂമിക്കടിയിൽ ഹീറ്റിങ് പാനലുകൾ വച്ചുമൊക്കെയാണ് അതിശൈത്യത്തെ നേരിടാൻ ഇവിടെ വീടുകൾ ഒരുക്കുന്നത്.

IMG-20210131-WA0009

നാട്ടിലെ രീതിയിൽ നിന്ന് വ്യത്യസ്തമാണ് ഇവിടെ വീടു പണി. ഒാരോ തരം പണിക്കും അതതു ട്രേഡിലെ ആളുകളെ ബന്ധപ്പെടണം. പ്ലംബർ ഒക്കെ നല്ല ശമ്പളമുള്ള പണിയാണ്. തടിപ്പണികളൊക്കെ ചെയ്യുന്നത് ജോയ്നർ ആണ്. ഏതാണ്ട് നമ്മുടെ നാട്ടിലെ ആശാരിമാരെപ്പോലെ... പിന്നെ, ഒാരോന്നിനും ഇഷ്ടപ്പെട്ട ഡിസൈൻ അതാതു ബ്രോഷറിൽ നിന്ന് തിരഞ്ഞടുത്താൽ കമ്പനിക്കാർ വന്ന് നേരിട്ട് ഫിറ്റ് ചെയ്തു തരും. ഉദാഹരണത്തിന് ഞാൻ വായന ഇഷ്ടപ്പെടുന്ന ആൾ ആയതിനാൽ ലിവിങ്ങിന്റെ ഒരു ഭിത്തി ലൈബ്രറിയാക്കാമെന്ന് ഗായത്രി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് കമ്പനിക്കാരുടെ ബ്രോഷറിൽ നിന്ന് ലൈബ്രറിയുടെ നല്ലൊരു ഡിസൈൻ തിരഞ്ഞെടുത്തു. ഫാക്ടറി ഉൽപന്നങ്ങളായ അത് അവർ വന്ന് സെറ്റ് ചെയ്ത് തരികയായിരുന്നു.

IMG-20210131-WA0015

ലാൻഡ് ഏരിയയെക്കുറിച്ച് ഇവിടെ ആളുകൾ അത്ര ആകുലപ്പെടാറില്ല. വീടിന്റെ വില വലുപ്പത്തെ ആശ്രയിച്ചാണ്. മൂന്നു നിലയിലാണ് ഞങ്ങളുടെ പുതിയ വീട്. താഴത്തെ നിലയിൽ ഒരു ലോഞ്ച്, ഒാപൻ പ്ലാനിലുള്ള വലിയ ഡൈനിങ് കം കിച്ചൻ, പിന്നെ ലിവിങ് ഏരിയ എന്നിവയാണുള്ളത്. ലിവിങ് ഏരിയയുടെ ഒരു ഭാഗം സിറ്റിങ്ങും മറ്റേ ഭാഗം ലൈബ്രറിയുമാണ്. ഏതാണ്ട് മുക്കാൽ ഭാഗവും ഡൈനിങ് കം കിച്ചൻ ഏരിയ വരും. മുകളിലത്തെ നിലയിൽ നാല് ബെഡ്റൂം ഉണ്ട്. ഇവിടെ ചെറിയ മുറി ആയാലും അത് ബെഡ്റൂം എന്നാണ് പറയുന്നത്. അറ്റാച്ഡ് ബാത്റൂം ഉള്ളവ ‘ഒാൺസ്വീറ്റ് ’ (ensuite) എന്നും പറയും. സാധാരണയായി രണ്ട് ടോയ്‌ലറ്റ് ഒക്കെയാണ് ഉള്ളത്. ഇൗ വീട്ടിൽ വിരുന്നുകാർക്ക് വേണ്ടി താഴത്തെ നിലയിൽ ടോയ്‌ലറ്റ് സൗകര്യം മാത്രമുള്ള ചെറിയ ക്ലോക്ക് റൂം ഉണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ രണ്ട് ചെറിയ റൂം ആണുള്ളത്. അവയ്ക്ക് ചരിഞ്ഞ റൂഫ് ആണുള്ളത്. ബെഡ്റൂമുകളിലൊന്ന് ഞാൻ എന്റെ ഒാഫിസ് റൂം ആക്കി മാറ്റിയെടുത്തു. ഒരു ടെക്  സ്റ്റാർട്ടപ്പിന്റെ സിഇഒ ആയതിനാൽ ഇവിടിരുന്നു എനിക്കെന്റെ ജോലികൾ ചെയ്യാനാവുന്നുണ്ട്.

IMG-20210131-WA0012

ഇന്റീരിയറിന്റെ കാര്യം പറഞ്ഞാൽ, നീല നിറത്തോട് താൽപര്യം ഉള്ളതിനാൽ നീല, ടീൽ ബ്ലൂ, ഗ്രീനിഷ് ബ്ലൂ തുടങ്ങിയ നിറങ്ങൾ ഇവിടെ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. സോഫയുടെ അപ്ഹോൾസ്റ്ററി, ഉൗണുമേശയുടെ കസേരകൾ,  ഹൈ ചെയർ, അടുക്കളയിലെ ബാക്ക്സ്പ്ലാഷ് (ചുമരിലെ ടൈൽ) എന്നിവയൊക്കെ നീലയുടെ വിവിധ ഷേഡുകളിലാണ്. ഫർണിച്ചറൊക്കെ ഒാൺലൈൻ ആയാണ് മിക്കതും വാങ്ങിയത്. വീട്ടിലേക്കു കടക്കുമ്പോഴുള്ള ലോഞ്ച് ഇനിയും സെറ്റ് ചെയ്യാനുണ്ട്. ഒരു സോഫ, പിയാനോ, ഫോട്ടോയ്ക്കുള്ള ഗാലറി വോൾ, വോൾപേപ്പർ, നെരിപ്പോട് എന്നിവയാണ് അവിടെയുള്ളത്. രാവിലെ എണീറ്റാൽ കുറച്ചുനേരം പുസ്തകവായന നിർബന്ധമാണ്. ലൈബ്രറിയിലേക്കുള്ള കസേരകൾ ഇരുന്നുനോക്കിയ ശേഷമാണ് വാങ്ങിയത്... കുറച്ചു നേരം ഇരിക്കുമ്പോൾ ആയാസം അനുഭവപ്പെടാത്തതാവണ്ടേ... ലൈബ്രറിയിൽ നിന്ന് പുറത്തെ ഗാർഡനിലേക്ക് കടക്കാനാവും.

IMG-20210131-WA0010

ഒാപൻ ഡൈനിങ് കം കിച്ചനിൽ ‘ന്യൂയോർക്ക് ലോഫ്റ്റ് സ്റ്റൈൽ’ രീതിയിലാണ് ഡൈനിങ് ഏരിയ. ഇവിടെ ഒരു ഭിത്തിയിൽ 1715 ലെ ലണ്ടൻ നഗരത്തിന്റെ പഴയൊരു മാപ് സംഘടിപ്പിച്ച്  16 ഗ്രിഡുകളാക്കി തിരിച്ച് ഒട്ടിച്ചു വച്ചിട്ടുണ്ട്. കുറച്ചധികം കഷ്ടപ്പെട്ടാണ് അത് അങ്ങിനെ ചെയ്തെടുത്തത്. കിച്ചൻ െഎലൻഡ് ലുക്കിലാണ്. ഗാർഡൻ നോക്കി കുക്ക് ചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. െഎലൻഡിൽ തന്നെയാണ് ഇലക്ട്രിക്ക് ചിമ്മിനിയും. ബട്ടൺ അമർത്തിയാൽ പുറത്തേക്കു വരുന്ന തരമാണ് ചിമ്മിനി. അത് അടുക്കളയിലെ മണമെല്ലാം വലിച്ചെടുക്കും. ലൈബ്രറിയും കിച്ചനും പഴയ വീടിന്റെ ഭാഗങ്ങളല്ല. അത് പുതുതായി ചെയ്ത ‘എക്സ്റ്റൻഷനുകൾ’ ആണ്.  നല്ല ഗാർഡനും മികച്ച ഹീറ്റിങ് എലമെന്റും ഉള്ളതിനാൽ ഇൗ വീട് ഹൃദയത്തോടു കൂടുതൽ ചേർന്നു നിൽക്കുന്നു. വിരുന്നുകാരെ സ്വാഗതം ചെയ്യാൻ പറ്റിയ വീടായിട്ടും ലോക്ഡൗൺ തുടരുന്നതിനാൽ അതിനൊന്നും സാധിക്കുന്നില്ലല്ലോ എന്ന ദുഃഖം മാത്രമേയുള്ളു.

IMG-20210131-WA0013
Tags:
  • Vanitha Veedu