ADVERTISEMENT

മനസ്സിനിണങ്ങിയ വീടിന് ‘സമാധാനം’ എന്നായിരിക്കും ഞങ്ങൾ നൽകുന്ന നിർവചനം. കാരണം, വീട് മൂലമുണ്ടാകുന്ന പ്രയാസങ്ങളും ടെൻഷനും ഞങ്ങൾ അത്രയേറെ അനുഭവിച്ചിട്ടുണ്ട്. അതെല്ലാം നോവുള്ള ഓർമകളാക്കി പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് രണ്ടു മാസം തികയുന്നതേയുളളൂ. ഒാട്ടുവിളക്കിന്റെ നാടായ മാന്നാറിൽ തൃക്കുരട്ടി ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപമാണ് ഞങ്ങളുടെ പുതിയ വീട്; പേര് ‘മാങ്ങാവൂർ’, വിസ്തീർണം 2535 ചതുരശ്രയടി.

onlineimage2

മുൻപ് ഇവിടെ പഴയ വീടുണ്ടായിരുന്നു; 50 വർഷത്തോളം പഴക്കമുള്ളത്. കുടുംബമായി വിദേശത്തായിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ചോർച്ചയും ചിതലിന്റെ ശല്യവുമൊക്കെയായി അറ്റകുറ്റപ്പണികൾക്ക് വർഷാവർഷം നല്ല തുക ചെലവായിത്തുടങ്ങിയതോടെ വീട് വാടകയ്ക്ക് നൽകി. അത് കൂടുതൽ പൊല്ലാപ്പായി. അറ്റകുറ്റപ്പണിക്ക് വേണ്ടിവരുന്നതിനേക്കാൾ കൂടുതൽ തുക താമസക്കാർ വരുത്തുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ചെലവായി.

onlineimage4
ADVERTISEMENT

എക്സൈസ് ഇൻസ്പെക്ടറായിരുന്ന അച്ഛൻ പണിത വീടിൽ രണ്ടു തവണ കൂട്ടിച്ചേർക്കലുകൾ നടത്തി. ആദ്യം പണിത ഭാഗത്തിന് ഓടുമേഞ്ഞ മേൽക്കൂരയായിരുന്നു. പിന്നീട് രണ്ട് കോൺക്രീറ്റ് മുറികൾ കൂട്ടിച്ചേർത്തു. ഇതിനിടയിൽ പല അശുഭ കാര്യങ്ങളും സംഭവിച്ചതോടെ കെട്ടിടത്തിന് വാസ്തുദോഷമുണ്ടെന്ന പേടിയായി. പല തവണ പരിഹാരക്രിയകൾ ചെയ്തെങ്കിലും മനസ്സിന് സമാധാനമുണ്ടായില്ല. അപ്പോഴാണ് പുതിയൊരു വീടിനെപ്പറ്റിയുള്ള സ്വപ്നങ്ങൾ ചിറകുവിടർത്തി തുടങ്ങുന്നത്.

വാസ്തുനിയമങ്ങൾ തെറ്റിക്കാതെ

onlineimage3
ADVERTISEMENT

വാസ്തുശാസ്ത്ര നിയമങ്ങൾ കൃത്യമായി പാലിച്ച് കേരളീയ ശൈലിയിലൊരു ഒറ്റനില. ഒറ്റവാചകത്തിൽ ഇതായിരുന്നു ഞങ്ങളുടെ സ്വപ്നം.

വാസ്തുശാസ്ത്ര വിദഗ്ധനായ മനോജ് എസ്. നായരെ വീടു രൂപകൽപന ചെയ്യാനുള്ള ചുമതല ഏൽപിച്ചു. ആവശ്യങ്ങളും ഇഷ്ടങ്ങളുമെല്ലാം ശ്രദ്ധാപൂർവം കേട്ട അദ്ദേഹം ‘തെക്ക് ദർശനമായ ഏകശാല’ എന്ന നിലയിലാണ് പ്ലാൻ തയാറാക്കിയത്. മൂന്ന് കിടപ്പുമുറികളാണ് ആദ്യം വരച്ച പ്ലാനിലുണ്ടായിരുന്നത്. ഞങ്ങളുടെ ആവശ്യം പരിഗണിച്ച് ഒരു ഓഫിസ് മുറി കൂടി ഉൾപ്പെടുത്തി പ്ലാൻ പരിഷ്കരിച്ചു. ഇതു കൂടാതെ വരാന്ത, ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, നടുമുറ്റം, അടുക്കള, വർക്ഏരിയ എന്നിവയാണ് വീട്ടിലുള്ളത്.

onlineimage5
ADVERTISEMENT

പഴയ വീട് പൊളിച്ചുമാറ്റി സ്ഥാനം കണ്ടാണ് വീടിനു കല്ലിട്ടത്. കോൺട്രാക്ടറെ നിർമാണച്ചുമതല ഏൽപിച്ച ശേഷം ഞങ്ങൾക്ക് ദുബായിലേക്ക് മടങ്ങേണ്ടി വന്നു. വാട്സാപ്പ് വഴിയായിരുന്നു പിന്നീടുള്ള ആശയവിനിമയം. കട്ടിള വയ്പ്പിനും വാർക്കുന്ന സമയത്തുമാണ് പിന്നീട് എത്തുന്നത്. സ്ട്രക്ചർ പ്രധാന കോൺട്രാക്ടറെയും, വയറിങ്, പെയിന്റിങ്, ട്രസ്സ് റൂഫ്, ഇന്റീരിയർ എന്നിവ വെവ്വേറെ ഏജൻസികളെയുമാണ് ഏൽപിച്ചത്. ഇതിന്റെ ആശയക്കുഴപ്പങ്ങളും അസ്വാരസ്യങ്ങളും തലപൊക്കിയതോടെ ശ്രീലക്ഷ്മിയും മക്കളും നാട്ടിൽ തങ്ങി പിന്നീടുള്ള ജോലികൾക്ക് മേൽനോട്ടം വഹിച്ചു. ജോലിക്കാരുടെ ഏകോപനം എളുപ്പമുള്ള കാര്യമല്ല എന്ന് അനുഭവത്തിൽ നിന്ന് ബോധ്യമായി.

തലയെടുപ്പുള്ള മേൽക്കൂര

onlineimage6

മേൽക്കൂരയാണ് ഞങ്ങളുടെ വീടിന്റെ ഹൈലൈറ്റ്. 6.33 മീറ്റർ ആണ് ടെറസിന് നടുവിൽ നൽകിയിരിക്കുന്ന ട്രസ്സ് റൂഫ് തൂണിന്റെ പൊക്കം. 45 ഡിഗ്രിയാണ് മേൽക്കൂരയുടെ ചരിവ്. ഇത്ര പൊക്കത്തിലുള്ള മേൽക്കൂര അധികമെങ്ങും കാണാറില്ല. മഴവെള്ളം പെട്ടെന്ന് ഒലിച്ചുപോകുമെന്നതാണ് ഒരു ഗുണം. വീടിനുള്ളിലെ ചൂട് ഗണ്യമായി കുറയുകയും ചെയ്യും.

ഇരുമ്പ് ഗ്രില്ലും അതിനു മുകളിൽ ഗ്ലാസ്സുമിട്ട നടുമുറ്റത്തേക്ക് ആവശ്യത്തിനു സൂര്യപ്രകാശമെത്താൻ ഈ ഭാഗത്ത് മാത്രം ട്രസ്സ് റൂഫിൽ ട്രാൻസ്പരന്റ് ഷീറ്റ് നൽകി.

തുണി ഉണക്കാനും സാധനങ്ങൾ സൂക്ഷിക്കാനും നൂറ് പേരുടെ പാർട്ടി സംഘടിപ്പിക്കാനുമെല്ലാം ട്രസ്സ് റൂഫിന് താഴെയുള്ള സ്ഥലം ഉപയോഗിക്കാം. ഇവിടേക്കെത്താൻ വീടിനു പുറത്തുകൂടി സ്റ്റെയർകേസ് നൽകിയിട്ടുണ്ട്.

മേയ് 28 നായിരുന്നു പാലുകാച്ചൽ. കുറച്ചുദിവസങ്ങളേ എല്ലാവരുമൊന്നിച്ച് പുതിയ വീട്ടിൽ താമസിക്കാനായുള്ളൂ. എങ്കിലും ഒന്ന് ബോധ്യമായി- മനസ്സിൽ സന്തോഷം നിറയ്ക്കാൻ മനുഷ്യരെപ്പോലെ വീടിനും കഴിയും.

ചിത്രങ്ങൾ: ഹരികൃഷ്ണൻ