ഒറ്റനോട്ടത്തില്‍ അതൊരു 'പണിസൈറ്റാണ്.' സിമന്റും മണലും പാകത്തിനു ചേര്‍ത്ത് കുഴയ്ക്കുന്ന മെയിന്‍ മേസ്തിരിയാണ് രംഗത്തുള്ളത്. തലയില്‍ തോര്‍ത്തുമുണ്ടും, പുളിയിലക്കര കൈലിയും ഷര്‍ട്ടും അണിഞ്ഞങ്ങനെ നില്‍പ്പാണ്. അരികിലുള്ള ആള്‍ 'മെയ്ക്കാടാണ്.' മെയിന്‍ മേസ്തിരിയുടെ ചലനങ്ങള്‍ക്കും ആജ്ഞകള്‍ക്കും അനുസരിച്ച് സൈറ്റില്‍ ഓടിനടക്കുന്ന സഹജോലിക്കാരി. പക്ഷേ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍ സിമന്റിനൊപ്പം അവര്‍ക്കിടയില്‍ ഒന്നാന്തരം പ്രണയവും കൂടിക്കുഴയുന്നതു കാണാം. മേസ്തിരിയുടേയും മെയ്ക്കാടിന്റേയും കണ്ണുകളിലൂടെ പ്രണയമൊഴുകുന്നതും കാണാം. ഇതെന്താ കഥ... എന്ന് ആലോചിച്ചു വരുമ്പോഴേക്കും അതിനുള്ള ഉത്തരവും കിട്ടും. അമ്പരക്കേണ്ട... അതൊരു സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ടാണ്.
സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ടുകള്‍ പരിധി വിടുന്നു എന്ന പരാതികളും പരിഭവംപറച്ചിലുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനിടെയാണ് ഇങ്ങെയൊരു പരീക്ഷണം. കടല്‍കടക്കുന്ന വെഡ്ഡിങ് ഫൊട്ടോഗ്രാഫിയുടെ കാലത്ത് 'പണിസൈറ്റു' തേടിയിറങ്ങി പരീക്ഷണം നടത്തിയ ചെക്കന്‍ ഐടിക്കാരനാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരനും എരുമേലി സ്വദേശിയുമായ എബി ജോസ്. സഹജോലിക്കാരി ജസ്റ്റീന ജയിംസ്. സംഗതി കളറായിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുമ്പോള്‍ ഇരുവരും ഹാപ്പിയോടു ഹാപ്പി. വൈറലായ ആ കഥ ചമ്മലില്ലാതെ എബി വനിത ഓണ്‍ലൈനോടു പറയുകയാണ്. ഐടിക്കാരന്‍ ചെക്കനെ മേസ്തിരിയും എംകോമുകാരിയെ മെയ്ക്കാടുമാക്കിയ കഥ ഇങ്ങനെ...

'നിങ്ങളെന്നെ മേസ്തിരിയാക്കി'
ആത്രേയ ഫൊട്ടോഗ്രഫിയിലെ ജിബിന്‍ ജോയിയാണ് എന്നെക്കൊണ്ട് ഈ 'അഡാര്‍ പണി' ചെയ്യിച്ചത്. നവംബര്‍ 14ന് നിശ്ചയിച്ച വിവാഹത്തിന് ഒന്നാന്തരം ഒരു സേവ് ദി ഡേറ്റ് ചെയ്യണമെന്നു തോന്നി. ആഗ്രഹം ജിബിനോടു പറയുമ്പോള്‍ പുള്ളിക്കാരന്റെ വകയായി ഐഡിയ ഒന്നിനു പുറകേ ഒന്നായി പുറത്തേക്ക് വന്നു. എന്നെയും ജസ്റ്റീനയേയും പാല്‍ക്കാരനും പാല്‍ക്കാരിയും ആക്കാം എന്നാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ എന്തോ ആ ആശയം അത്രയ്ക്കങ്ങോട്ട് ദഹിച്ചില്ല. സംഭവം നടപ്പിലാക്കാന്‍ വീട്ടുകാരുടേയും സമ്മതം വേണമായിരുന്നേ... കളരിപ്പയറ്റാണ് രണ്ടാമത് പറഞ്ഞ ഐഡിയ. കല്യാണത്തിന് മുന്നേ ആയുധമെടുത്ത് തുടങ്ങേണ്ട എന്ന് കരുതിയിട്ടാകും അതും വീട്ടുകാര്‍ക്ക് അങ്ങോട്ട് ഓകെ ആയില്ല. എനിക്കും അതങ്ങോട്ട് കംഫര്‍ട്ടബിള്‍ ആയിട്ട് തോന്നിയതുമില്ല. ഒടുവില്‍ പലവിധ ഐഡിയകള്‍ക്കിടയില്‍ എപ്പോഴോ ആണ് ജിബിന്‍ കൂലിപ്പണിക്കാരനും മെയ്ക്കാടും ആയാലോ എന്ന് ചോദിച്ചത്. അന്നേരം തലയില്‍ ബള്‍ബ് മിന്നി. അതൊരു വെറൈറ്റി ആണല്ലോ എന്ന് തോന്നി. ഞാനാണെങ്കില്‍ പള്ളി നടത്തിയിട്ടുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കെട്ടിടം പണിക്കാരനായി മുന്‍പ് അവതരിപ്പിച്ചിട്ടുമുണ്ട്. വീട്ടുകാര്‍ക്കും ഡബിള്‍ ഓ.കെ. ജസ്റ്റീനയെ പറഞ്ഞു സമ്മതിപ്പിക്കുക എന്നതായിരുന്നു അടുത്ത ടാസ്‌ക്. വെറൈറ്റിയല്ലേ എന്ന് പറഞ്ഞപ്പോള്‍ ഓളെന്റെ 'മെയ്ക്കാടാകാന്‍ സമ്മതം മൂളി.'- എബി ചിരിയോടെ പറയുന്നു.

ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരന്‍ എങ്ങനെ മേസ്തിരി ആയി എന്നാണ് പലരും ചോദിക്കുന്നത്. സത്യം പറഞ്ഞാല്‍ വളരെ എന്‍ജോയ് ചെയ്താണ് അത്‌ചെയ്തത്. വളരെ നാച്ചുറലായി തന്നെ ജിബിന്‍ അത് ഷൂട്ട് ചെയ്തു എന്നതാണ് ആ ചിത്രങ്ങളുടെ ഭംഗി. സേവ് ദി ഡേറ്റില്‍ മേസ്തിരി ആകാന്‍ ലൊക്കേഷന്‍ തേടി ഏറെ അലയേണ്ടിയും വന്നില്ല. ഫൊട്ടോഗ്രാഫര്‍ ജിബിന്റെ അച്ഛന്‍ ജോലി ചെയ്യുന്ന മുണ്ടക്കയത്തെ സൈറ്റില്‍ തന്നെയാണ് ഞങ്ങള്‍ കൈലിയും ഷര്‍ട്ടും ഒക്കെ അണിഞ്ഞ് എത്തിയത്. ഹോളോബ്രിക്‌സ് അടുക്കി സിമന്റ് നിറയ്ക്കാനും, സിമന്റും മണലും മിക്‌സ് ചെയ്യാനുമൊക്കെ ഞങ്ങളങ്ങ് ഒരുങ്ങിയിറങ്ങി. ഇടനേരങ്ങളിലെ ചായകുടിയും വാഴയിലയിലെ ഊണു കഴിക്കലുമൊക്കെ ലൈവായി തന്നെ ചെയ്തു പിന്നെ ഞങ്ങള്‍ പോയതു കൊണ്ട് ഒറിജിനല്‍ പണിക്കാരുടെ ജോലിക്കൊന്നും തടസം ഉണ്ടായിട്ടില്ല കേട്ടോ. ഫൊട്ടോസ് കണ്ടു പലരും ചോദിക്കുന്നുണ്ട് പ്രണയവിവാഹമാണോ എന്ന്. പക്കാ അറേഞ്ച്ഡ്!- എബി പറയുന്നു.


എന്തായാലും ഫൊട്ടോസ് വൈറലായ സന്തോഷങ്ങള്‍ക്കു നടുവില്‍ നിന്ന് ഞാന്‍ അവളുടെ കഴുത്തില്‍ മിന്നുചാര്‍ത്തും. എരുമേലി എരുത്വാപ്പുഴ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ വച്ചാണ് മിന്നുകെട്ട്. എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം.- എബി പറഞ്ഞു നിര്‍ത്തി.
