Monday 18 May 2020 05:21 PM IST

ഈ മാസ്ക് ഉപയോഗിച്ചാല്‍ രണ്ടുണ്ട് കാര്യം! പ്രതിരോധവും സംരക്ഷണവും ഒരുമിച്ച് നല്‍കും ആയുര്‍ മാസ്‌ക്

V N Rakhi

Sub Editor

ayur-c

കോവിഡ് 19 രോഗത്തിനെതിരെ പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കുന്നതിനൊപ്പം കൊറോണ വൈറസില്‍ നിന്ന് സംരക്ഷണവും നല്‍കാനായി ആയുര്‍ മാസ്‌കുകള്‍. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(AMAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ ഡോക്ടര്‍മാരാണ് ആയുര്‍ മാസ്‌കുകള്‍ വികസിപ്പിച്ചെടുത്തത്.

ശ്വസനപ്രക്രിയ മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യുന്നതും രോഗപ്രതിരോധശേഷി നല്‍കുന്നതുമായ ഔഷധങ്ങളില്‍ സംസ്‌കരിച്ചെടുക്കുന്ന കൈത്തറി നൂലു കൊണ്ടാണ് ആയുര്‍ മാസ്‌കുകള്‍ നെയ്‌തെടുക്കുന്നത്. രോഗാണുക്കളെ നശിപ്പിച്ച് ശ്വാസകോശത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കുന്ന മഞ്ഞള്‍, കൃഷ്ണതുളസി, പനിക്കൂര്‍ക്ക തുടങ്ങി ഒരു കൂട്ടം മരുന്നുകള്‍ ശേഖരിച്ച് തയാറാക്കുന്ന കഷായത്തില്‍ നൂലുകള്‍ മുക്കിയെടുക്കും. ബാലരാമപുരത്തെ പരമ്പരാഗത നെയ്ത്തുശാലകളിലാണ് ഔഷധസംസ്‌കൃതമായ ഇത്തരം പരുത്തി നൂലുകളും മാസ്‌കുകളും നെയ്യുന്നത്. അണുനാശക മരുന്നിന്റെ ഗന്ധവും ഗുണവും ശ്വസനവ്യൂഹത്തിലേക്കു കടക്കുമ്പോള്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും.

മസ്റ്റഡ് യെല്ലോ/ തവിട്ട് നിറമാണ് ആയുര്‍മാസ്‌കുകള്‍ക്ക്. നാലു തവണ വരെ കഴുകി ഉപയോഗിച്ചാലും കഷായത്തിന്റെ ഗുണം പോകില്ല. അതിനുശേഷം സാധാരണ മാസ്‌ക് ആയി ഉപയോഗിക്കുകയും ചെയ്യാം. 35 രൂപയാണ് മാസ്‌കിന്റെ വില. തിരുവനന്തപുരം കണ്ണേറ്റുമുക്കിലെ ആയുര്‍വേദ കോ ഓപറേറ്റിവ് സൊസൈറ്റിയിലും AMAI ലെയ്‌സണ്‍ ഓഫിസിലും ആയുര്‍വേദ കോളജ് ഹോസ്പിറ്റലിലെ കോ ഓപറേറ്റിവ് സൊസൈറ്റികളിലുമാണ് ആയുര്‍ മാസ്‌കുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. മറ്റു ജില്ലകളിലുള്ളവര്‍ ആവശ്യപ്പെട്ടാല്‍ കൊറിയര്‍ വഴി എത്തിച്ചു കൊടുക്കും.

ay-1

AMAI ജില്ലാപ്രസിഡന്റ് ഡോ. ആനന്ദ് ആണ് ആയുര്‍മാസക് എന്ന ആശയം മുന്നോട്ടു വച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി ഡി ലീന, വിവിധ ഭാരവാഹികളായ ഡോ. അഭിലാഷ്, ഡോ. രാഹുല്‍ എസ്. കുമാര്‍, ഡോ. അനില, ഡോ. രമ്യ തുടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ആ ആശയം യാഥാര്‍ഥ്യമാക്കി. മാസ്‌ക് ആവശ്യമുള്ളവര്‍ 9847320018 എന്ന നമ്പറില്‍ ബന്ധപ്പെടാം.