Wednesday 05 October 2022 04:53 PM IST

‘ഇത്രയും നല്ല പ്രോപർട്ടി കോടികൾക്ക് വിറ്റ് കാശാക്കിക്കൂടെ’: താമസിച്ചിട്ടില്ലാത്ത പ്രിയപ്പെട്ട വീട്: ബോസ് കൃഷ്ണമാചാരി പറയുന്നു

V.G. Nakul

Senior Content Editor, Vanitha Online

bose-krishna

‘‘തീർ‌ച്ചയായും ആ വീട് പൂർത്തിയാക്കണം, അവിടെ താമസിക്കണം. ധാരാളം സമയം ചെലവഴിക്കേണ്ടതുണ്ട്. ഉടൻ ആ സ്വപ്നത്തിലേക്കുള്ള യാത്രയുണ്ടാകണം.’’  ബോസ് കൃഷ്ണമാചാരി 

താമസിക്കാത്ത പ്രിയപ്പെട്ട വീടുകളുമുണ്ടല്ലോ, പണിതീരാത്ത വീടുകൾ. അങ്ങനെയൊരു പണിതീരാത്ത, താമസിച്ചിട്ടില്ലാത്ത പ്രിയപ്പെട്ട വീടിനെക്കുറിച്ചു പറയാം. അതൊരു സങ്കൽപ്പമല്ല, സത്യം.

ഏഴു വയസ്സുള്ളപ്പോൾ സ്കൂളിൽ നിന്നുള്ള യാത്രയ്ക്കിടെ വന്നിട്ടുള്ള സ്ഥലമാണ് ആലുവപ്പുഴയുടെ തീരത്തുള്ള ശ്രീരാമകൃഷ്ണാശ്രമം. ആശ്രമത്തിൽ ചെന്ന സമയത്ത് ആ ഇടം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അതിന്റെ ശാന്തതയും മറ്റും.

എന്റെ സുഹൃത്ത് പോളിയാണ് ആലുവയിലുള്ള ഒരു സ്ഥലത്തെക്കുറിച്ചു പറയുന്നത്. ഞാൻ വന്നു കണ്ടു. ഇഷ്ടപ്പെട്ടു.

ഗുജറാത്തി മാർവാഡി ഫാമിലിയുടെ 99 വർഷം പഴക്കമുള്ള പ്രോപ്പർ‌ട്ടി. ആലുവ പാലസിനും ആശ്രമത്തിനും ഇടയ്ക്കാണ്. ഒന്നേകാൽ ഏക്കറോളം വരും. പെരിയാർ രണ്ടായി പിരിയുന്നത് അതിനു മുന്നിലാണ്.

2008–2009 കാലത്ത്, വലിയ വില കൊടുത്താണ് വാങ്ങിയത്. അക്കാലത്തെ അവിടുത്തെ ഏറ്റവും വിലയേറിയ വസ്തു അതായിരുന്നുവെന്ന് റജിസ്ട്രേഷന്‍ സമയത്ത് തഹസിൽദാർ പറഞ്ഞത് ഓർക്കുന്നു.

അവിടെ മ്യൂസിയം പണിയുകയായിരുന്നു ലക്ഷ്യം. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തോന്നി, എന്തിന് ? എന്റെ കാലശേഷം അതൊക്കെ ആരു നോക്കാൻ ?

അങ്ങനെയിരിക്കേ ഭാര്യയാണ് പറഞ്ഞത്, അവിടെയൊരു വീട് പണിയാമെന്ന്. ഞാൻ സ്കെച്ച് വരച്ചു. 10000 സ്ക്വയർ ഫീറ്റിൽ, ആർട്ട് റെസിഡൻസി എന്ന നിലയിലാണ് അത് വിഭാവനം ചെയ്തത്.

കലാകാരൻമാർ അവിടേക്കു വരുന്നു, വരയ്ക്കുന്നു എന്നൊക്കെയുള്ള വളരെ ക്രിയാത്മകമായ ചിന്തകളുണ്ടായിരുന്നു അതിനു പിന്നിൽ. ചുരുക്കത്തില്‍ കലയെ സ്നേഹിക്കുന്നവരെ ആകർഷിക്കുന്ന ഒരിടം. എന്നെ സംബന്ധിച്ച് വീട് മനോഹരമായ ഒരു വലിയ ശിൽപമാണ്.

ഞാൻ ഒരു ആർക്കിടെക്ടല്ല. പക്ഷേ, വാസ്തുശിൽപ്പങ്ങൾ എനിക്കു വലിയ താൽപര്യമുള്ള മേഖലയാണ്. ഏതു നാട്ടിൽ പോയാലും അവിടുത്തെ ചരിത്രത്തോടു ചേർന്നു നിൽക്കുന്ന വീടുകൾ കാണാനാണ് എനിക്ക് കൂടുതൽ താൽപര്യം.

ആലുവപ്പുഴയുടെ തീരത്തെ വീടിന്റെ പണി സ്കെച്ച് അനുസരിച്ച് മുന്നോട്ട് പോയി. മിക്കവാറും പണികൾ തീർന്ന സമയത്താണ് 2010 ൽ ബിനാലെ എന്ന ആശയം ഉടലെടുക്കുന്നതും ഞാൻ അതിന്റെ തിരക്കുകളിലേക്കു കടന്നതും. അതോടെ വീട് പണിയിൽ നിന്നു മനസ്സ് മാറി. പിന്നീടതിലേക്കു തിരികെച്ചെല്ലാനുമായില്ല. ഇപ്പോൾ അസ്ഥികൂടം പോലെ അതവിടെ നിൽക്കുന്നു...

ഞാന്‍ ഒരു ബുദ്ധിശൂന്യനാണെന്നു പറയാം. എന്റെ സുഹൃത്തുക്കൾ പറയും ‘ഇത്രയും നല്ല പ്രോപർട്ടി കോടികൾക്ക് വിറ്റ് കാശാക്കിക്കൂടെ’ എന്ന്. തീർ‌ച്ചയായും ആ വീട് പൂർത്തിയാക്കണം, അവിടെ താമസിക്കണം. ധാരാളം സമയം ചെലവഴിക്കേണ്ടതുണ്ട്. ഉടൻ ആ സ്വപ്നത്തിലേക്കുള്ള യാത്രയുണ്ടാകണം. പല കമിറ്റ്മെന്റുകൾ ഉള്ളതുകൊണ്ടാണ് നീണ്ടു പോകുന്നത്.

നമ്മൾ പ്രതീക്ഷിക്കാത്തതാണല്ലോ ജീവിതത്തിൽ സംഭവിക്കുക. ഇത്ര വലിയ വീട് പണിയുമെന്നൊന്നും ചിന്തിച്ചിട്ടേയില്ല. നാളെയെക്കുറിച്ചു ആലോചിക്കാതെ, ഇന്നില്‍ ജീവിക്കുന്ന ആളാണ് ഞാൻ.

പന്ത്രണ്ടു വർഷം കഴിഞ്ഞു. പണിതത്രയും നശിക്കാതെ, ഇടയ്ക്കിടെ ആളുകളെ വച്ച് വൃത്തിയാക്കിക്കാറുണ്ട്. എന്നിട്ടും കഴിഞ്ഞ മഴക്കാലത്ത് മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയി. അതു വലിയ സങ്കടമായി.

എന്റെ സ്വപ്നങ്ങള്‍ എപ്പോഴും താൽക്കാലികമാണ്: ഈ വീട് പോലെ തന്നെ. എങ്കിലും അതു പൂർത്തിയാക്കണം, അവിടെ താമസിക്കണമെന്ന മോഹം മനസ്സിൽ ഇപ്പോഴും സജീവമായുണ്ട്. ശിവരാത്രി മണപ്പുറത്തേക്ക് വളരെ ചെറുപ്പത്തിലേ പൊയ്ക്കൊണ്ടിരുന്ന ഒരു കുട്ടിയുടെ വലിയ മോഹമാണത്.

മനുഷ്യരാൽ സുന്ദരമായ ഒരിടം

‘‘മനുഷ്യരാൽ സുന്ദരമായ ഒരിടം എന്നു ചിന്തിക്കുമ്പോൾ, അങ്കമാലി മങ്ങാട്ടുകരയിലെ ‘ചെമ്പകശേരി വീട്’ ആണ് ഏറ്റവും മനോഹരം. ആ വീട് സുന്ദരമായ ഒരുപാട് ഓർമകൾ എനിക്കു സമ്മാനിച്ചിട്ടുണ്ട്. ‘ഒരു ക്രിയേറ്റിവ് ഹബ്’ ആയിരുന്നു അവിടം. നാട്ടിൽ ആദ്യമായി ടെലിവിഷൻ വന്ന വീടുകളിലൊന്നും.

ആളുകൾ ‘ചെമ്പകശേരിൽ തിയറ്റർ’ എന്ന് തമാശ പറയുമായിരുന്നു. ഇപ്പോൾ അനിയനും കുടുംബവുമാണ് അവിടെ താമസം.

ഒരു ഒഴിവുകാലത്ത് ഞാൻ വന്നപ്പോൾ‌ വീട് ചോരുന്നുണ്ടായിരുന്നു. അങ്ങനെ തറവാട് പൊളിച്ച്, സ്വന്തം ഡിസൈനിൽ, ഭിത്തിയിൽ മ്യൂറൽസ് ഒക്കെയായി അവനൊരു വീട് വച്ചു കൊടുത്തു. ഒറ്റദിവസം കൊണ്ടാണ് അതിന്റെ സ്കെച് തയാറാക്കിയത്. നാട്ടിലെത്തുമ്പോൾ ഞാൻ തറവാട്ടിലാണ് താമസിക്കുക.

മുംബൈയിലെ ബോറിവില്ലിയിൽ 2006ൽ ആണ് ഞാൻ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയത്. രണ്ടു ഫ്ലാറ്റുകൾ വാങ്ങി ഒന്നാക്കി.

അതുവരെയുള്ള മുംബൈ ജീവിതം വാടകമുറികളിലും വാടകവീടുകളിലുമൊക്കെയായിരുന്നു. പതിനേഴു വാടകവീടുകൾ അതിനകം മാറിയിരുന്നു.’’