Thursday 20 August 2020 04:40 PM IST

ക്ലോസറ്റിന്റെ ഉള്ളില്‍ തലതിരുകിയ നിലയിലാണ് അവനെ കിട്ടുന്നത്, ഒടുവില്‍ ഒരു ഇലപൊഴിയുന്ന ശാന്തതയോടെ ഞങ്ങളുടെ നിധി പോയി

Binsha Muhammed

noble-franssss

രണ്ടു മനുഷ്യര്‍ക്കിടയില്‍ സ്‌നേഹം സംസാരിക്കുമ്പോള്‍ ബന്ധങ്ങളുടെ നൂലിഴകള്‍ എന്തിന്? ജന്മജന്മാന്തര ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളെന്തിന്? മനസുകള്‍ തമ്മില്‍ ചേര്‍ന്നു നില്‍ക്കാന്‍ സ്‌നേഹം മാത്രം മതി. ആ സ്‌നേഹത്തിലാണ്... വാത്സല്യത്തിലാണ് ദൈവം കുടിയിരിക്കുന്നത്.'

ഇതു പറയുമ്പോള്‍ ബ്രദര്‍ ഫ്രാങ്കോ കണ്ണമ്പുഴയുടെ ഓര്‍മകള്‍ പിന്നിലേക്ക് പായുകയാണ്, അത് ചെന്നെത്തി നില്‍ക്കുന്നത് വയനാട് മാനന്തവാടിയിലെ എമ്മാവൂസ് വില്ലയുടെ ഇടനാഴിയിലും. കരുണയുടെ വെളിച്ചം വീശുന്ന ഇടനാഴിയിലൂടെ പാളി നോക്കിയാല്‍ ഒരു മുറി കാണാം. ഗിഫ്റ്റ് ഓഫ് ഗോഡ്... അഥവാ ദൈവത്തിന്റെ സമ്മാനമെന്ന വാചകങ്ങള്‍ സ്വാഗതമോതുന്ന കുഞ്ഞുമുറി. ആ മുറി ബ്രദര്‍ ഫ്രാങ്കോയെ ഓര്‍മ്മിപ്പിക്കുന്നതും ബന്ധങ്ങളുടെ വിളക്കിച്ചേര്‍ക്കലുകള്‍ ഇല്ലാത്ത അതേ സ്‌നേഹം... അതിരുകളില്ലാത്ത വാത്സല്യം. ആ മുറിയുടെ കോണിലെവിടെയോ ഉണ്ട്, നോബിള്‍ ഫ്രാന്‍സിസ് എന്ന അവരുടെ നിധിയുടെ ഇനിയും മരിക്കാത്ത ഓര്‍മ്മ. ടോയ്‌ലറ്റില്‍ ഉപേക്ഷപ്പെട്ട് ഒടുവില്‍ ഫ്രാങ്കോ അടങ്ങുന്ന ഒരു കൂട്ടം നല്ലിടയരുടെ നന്മക്കൂടാരത്തിലേക്ക് അണഞ്ഞ പ്രിയപ്പെട്ടവന്റെ ഓര്‍മ്മ...

 ബ്രദര്‍ ഫ്രാങ്കോയുടെ വാക്കുകള്‍ കടമെടുത്താല്‍...  'അവന് കണ്ണുണ്ടായിരുന്നു... പക്ഷേ കാണാന്‍ കഴിയുമായിരുന്നില്ല. ചെവിയുണ്ടായിരുന്നു പക്ഷേ കേള്‍വി ശക്തി തമ്പുരാന്‍ നല്‍കിയില്ല. അധികമൊന്നും സംസാരിച്ചിട്ടില്ല ഞങ്ങളുടെ കുഞ്ഞ്. ഇരുത്തിയാല്‍ അവിടിരിക്കും. ഒരു ചെറു ചലനം പോലുമില്ല. വര്‍ഷങ്ങളോളം അവന്‍ ഞങ്ങളുടെ അരുമയായി എമ്മാവൂസിന്റെ തണലിലുണ്ടായിരുന്നു. ഒരു ദിവസം പറയാതെ... ഒരു ചെറു സൂചന പോലും നല്‍കാതെ അവന്‍ പോയി...'- ബ്രദര്‍ ഫ്രാങ്കോയുടെ കണ്ഠമിടറി. 

ആരോ ആശുപത്രിയുടെ ടോയ്‌ലറ്റ് ക്ലോസറ്റില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി. ശാരീരിക പരിമിതികള്‍ ഏറെയുണ്ട്. ആരോരുമില്ലാത്ത അവനെ ഞങ്ങള്‍ക്കു കിട്ടി. വര്‍ഷങ്ങളോളം പൊന്നുപോലെ നോക്കിയതാണ്. ഒടുവില്‍ ഒരുനാള്‍ അവന്‍ ദൈവ സന്നിധിയിലേക്ക് യാത്രയായി. വൈദികരേയും സന്യസ്ത ശ്രേഷ്ടരേയും നാട്ടുകാരേയും ഒന്നടങ്കം സങ്കടത്തിലേക്ക് തള്ളിവിട്ട നോബിള്‍ എന്ന ശാരീരിക പരിമിതികളുള്ള യുവാവ് തങ്ങള്‍ക്ക് ആരായിരുന്നു എന്ന ഓര്‍മ്മ പോലും ഫ്രാങ്കോയെ വേദനിപ്പിക്കും. അതുല്യമായ ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും കഥ എംഎംബി ബ്രദേഴ്‌സ് സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫ്രാങ്കോ  കണ്ണമ്പുഴ തന്നെ പറയുന്നു. 

എങ്കിലും ഞങ്ങളുടെ നിധിയല്ലേ

നിധി പോലെ ഞങ്ങള്‍ക്കരികിലേക്ക് വന്നവന്‍. ഒരു ഇല അടര്‍ന്നു ശാന്തതയോടെ പോയവന്‍. പക്ഷേ അവന്‍ ഈ ഭൂമിയില്‍ കഴിച്ചു കൂട്ടിയ 28 വര്‍ഷം ഞങ്ങളുടെ സ്‌നേഹ തണലിലായിരുന്നു എന്നത് ഏറെ ചാരിതാര്‍ത്ഥ്യം പകരുന്നു.- ബ്രദര്‍ ഫ്രാങ്കോ പറഞ്ഞു തുടങ്ങുകയാണ്.

1986 ഡിസംബര്‍ 15നാണ് അവന്റെ ജനനം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശുചിമുറിയുടെ ക്ലോസറ്റില്‍ നിന്നാണ് അവനെ കിട്ടുന്നത്. തല ക്ലോസറ്റിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലായിരുന്നു അവന്റെ കിടപ്പ്. ജനനത്തോടെ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ പൈതല്‍. അന്ന് കോഴിക്കോടുള്ള സെന്റ് വിന്‍സന്റ് ഹോമിലെ മാലാഖമാരായ കന്യാസ്ത്രീകള്‍ അവനെ ഏറ്റെടുത്തു. അവരുടെ അരുമയായി നാല് വര്‍ഷത്തോളം അവിടെ കഴിച്ചു കൂട്ടി. വളര്‍ച്ചയുടെ ഘട്ടത്തിലാണ് അവര്‍ തിരിച്ചറിഞ്ഞത് തങ്ങള്‍ക്ക് കിട്ടിയ പൈതലിന് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്.  ഇരുത്തിയാല്‍ ഇരിക്കും. അങ്ങോട്ടും ഇങ്ങോട്ടും ആടും. സംസാരമില്ല. മറ്റു ചലനങ്ങളില്ല. എന്നാല്‍ എല്ലാം അറിയുന്നുമുണ്ട്.

സെന്റ് വിന്‍സന്റ് ഹോമിലെ ചട്ടം അനുസരിച്ച് അഞ്ചു വയസു കഴിഞ്ഞ ആണ്‍കുട്ടികളെ അവിടെ നിര്‍ത്താന്‍ കഴിയില്ല. അങ്ങനെയാണ് അവനെ വയനാട് മാനന്തവാടിയിലെ മലബാര്‍ മിഷണറീസ് ബ്രദേഴ്സ് എന്ന സന്യാസ സമൂഹത്തിനു കീഴിലുള്ള എമ്മാവൂസ് വില്ലയിലേക്ക് കൊണ്ടു വരുന്നത്. അന്നത്തെ അവിടുത്തെ സഹോദരങ്ങളായ ബ്രദര്‍ ഫിദേലിസ് അടക്കമുള്ള സഹോദരങ്ങള്‍ അവനെ സ്വന്തം കുഞ്ഞിനെ പോലെ ഏറ്റുവാങ്ങി. അവനവിടെ എത്തി കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനവിടെ സുപ്പീരിയറായി നിയോഗിക്കപ്പെടുന്നത്. അന്നു തൊട്ട് അവന്‍ എനിക്കും പ്രിയമുള്ളവനായി.

ബ്രദര്‍ സെബിന്‍, ബ്രദര്‍ ജോര്‍ജ് അടങ്ങുന്ന എമ്മാവൂസിലെ കാര്യകര്‍ത്താക്കളാണ് അവനെ ഏറ്റവും ശുശ്രൂഷിച്ചത്. സുപ്പീരിയറായി ഞാനും ഒപ്പമുണ്ടായിരുന്നു. ആ മുഖത്ത് ചിരി തെളിയിക്കാന്‍... അവന്‍ മാറ്റങ്ങളുണ്ടാകാന്‍ ഞങ്ങള്‍ മനമുരുകി. കൂടെ നിന്നു... കൂട്ടിരുന്നു. പക്ഷേ ബാല്യം കടന്ന് കൗമാരം പിന്നിടുമ്പോഴും യൗവനത്തിലെത്തുമ്പോഴും കാര്യമായ മാറ്റങ്ങള്‍ അവനില്ലായിരുന്നു. ഭക്ഷണം പോലും എടുത്തു നല്‍കേണ്ട അവസ്ഥ. കിടക്കുന്നിടത്ത് ചുരുണ്ടു കൂടും. എവിടെയെങ്കിലും ഇരുത്തിയാല്‍ അവിടിരിക്കും. പക്ഷേ അവനെ പരിചരിക്കുന്നതില്‍ അവിടുള്ള ഓരോരുത്തരും സന്തോഷം കണ്ടെത്തി. ദൈവ നിയോഗമായി കണ്ടു.

578

ശാന്തനായി അവന്‍ പോയി

നോബിള്‍ ഈ ഭൂമിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിന് മുമ്പുള്ള മാസങ്ങള്‍... ദിവസങ്ങള്‍ അത് ഞങ്ങളൊരിക്കലും മറക്കില്ല. ഭക്ഷണത്തോട് വിമുഖത കാട്ടിത്തുടങ്ങി. ഒടുവില്‍ ബ്രഡോ പാലോ എന്തെങ്കിലും കഴിക്കുന്നത് മാത്രമായി ചുരുങ്ങി. അവശത വല്ലാതെ ഏറുന്നു. 

നോമ്പ് തുടങ്ങും മുമ്പുള്ള വിഭൂതി തിരുനാള്‍ ദിവസം.  2014 മാര്‍ച്ച് 3. ബ്രദര്‍ സെബിന്‍ അവന് ഭക്ഷണം നല്‍കുകയായിരുന്നു. പെട്ടെന്ന് അവന്റെ ശരീരം വല്ലാതെ ചുരുങ്ങി. കൈകാലുകള്‍ മടങ്ങി. പ്രാഥമിക കൃത്യങ്ങള്‍ അവിടെ സംഭവിച്ചു. അവന്റെ അസ്വസ്ഥത കണ്ട് ഞാനവിടെ ഓടിയെത്തി, അവന്‍ തമ്പുരാന്റെ സന്നിധിയിലേയ്ക്ക് പോകുകയാണെന്ന് മനസിലായി. പോകും മുമ്പ് കുഞ്ഞിന്റെ കയ്യില്‍ പിടിച്ച് ചെകിട്ടോര്‍മ്മ ചൊല്ലിക്കൊടുത്തത് ഞാനായിരുന്നു. അവന് കേള്‍വിയും കാഴ്ചയും ഒന്നുമില്ലെങ്കിലും ആ ഒരു കൃത്യം നിര്‍വ്വഹിക്കുവാന്‍ ദൈവം ഉപകരണമാക്കിയത് എന്നെയായിരുന്നു. അവന്റെ ആത്മാവ് തമ്പുരാന്റെ സന്നിധിയിലേയ്ക്കു പോയത് ഒരു ഇല അടര്‍ന്നുവീഴുന്ന ശാന്തതയോടെ ആയിരുന്നു. ആ കുഞ്ഞിന്റെ മരണം ഉള്‍ക്കൊള്ളാന്‍ കുറെ കാലങ്ങളോളം എനിക്ക് സാധിച്ചില്ല. അവന്‍ ഞങ്ങള്‍ക്ക് ഒരു നിധി തന്നെയായിരുന്നു.

അന്ന് അവന്റെ മരണം അറിഞ്ഞ് അവിടെ നാട്ടുകാരും അവനെ സ്‌നേഹിക്കുന്നവരും തടിച്ചു കൂടി. അരമനയില്‍ നിന്ന് മാനന്തവാടി രൂപത പിതാവെത്തി. സന്യാസി സമൂഹം ഒന്നായി ഒഴുകി. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കു നടുവില്‍നിന്നു കൊണ്ട് അവന്‍ പോയി.  വിശുദ്ധമായ ജീവിതമായിരുന്നു ആ യുവാവിന്റേത്. അതിനു തെളിവാണ് അവന്റെ കുഴിമാടത്തില്‍ വന്ന് പ്രാര്‍ത്ഥിച്ച് കടന്നുപോകുന്നവര്‍ക്ക് അവനിലൂടെ ദൈവം ചൊരിയുന്ന അനുഗ്രഹങ്ങള്‍. കുഞ്ഞുങ്ങളില്ലാത്ത പല ദമ്പതികള്‍ക്കും ഇന്ന് അവന്റെ മദ്ധ്യസ്ഥതയാല്‍ ദൈവം കുഞ്ഞുങ്ങളെ നല്‍കി അനുഗ്രഹിക്കുകയാണ്. കാരണമെന്തെന്ന് അറിയില്ലെങ്കിലും ഒന്ന് മാത്രം പറഞ്ഞു നിര്‍ത്താം, അവന്‍ ദൈവത്തിന് അത്രയ്ക്കും പ്രിയപ്പെട്ടവനായിയിരുന്നു. നോബിളിന്‍റെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന എമ്മാവൂസിലെ ആ കേന്ദ്രം ഇന്നും അഗതികള്‍ക്കും ആലംബഹീനര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു. ബ്രദര്‍ ജിയോ  (9447111351) ആണ് ഇപ്പോള്‍ അവിടുത്തെ കാര്യകര്‍ത്താവ്