Friday 03 April 2020 03:02 PM IST

ഇറ്റലിയിൽ ഫെബ്രുവരി പനിക്കാലം, രോഗമുണ്ടെന്ന് അറിഞ്ഞിരുന്നില്ല; ഒന്നും മനഃപ്പൂർവമല്ല, എല്ലാത്തിനും മാപ്പ്! ഇറ്റലിയിൽ നിന്ന് കോവിഡ് ബാധിച്ചെത്തിയ റാന്നി സ്വദേശി പറയുന്നു

Binsha Muhammed

italy

ഒരു മനുഷ്യായുസിന് അപ്പുറമുള്ള വേദന ഞങ്ങള്‍ അനുഭവിച്ചു. എന്തൊക്കെയാണ് ഞങ്ങളെക്കുറിച്ച് പറഞ്ഞത്. എറിഞ്ഞു കൊല്ലണം, രാജ്യദ്രോഹ കുറ്റം ചുമത്തണം, ജയിലില്‍ അടയ്ക്കണം... വിചാരണകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കൂ. ഞങ്ങളുടെ തെറ്റ് ഞങ്ങള്‍ മനസിലാക്കുന്നു. ഇനിയെങ്കിലും ഞങ്ങളെ ക്രൂശിക്കരുത്...പ്ലീസ്'-

രോഗം ഭേദമായി വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ചേക്കേറുമ്പോഴും ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളായ കുടുംബത്തിന് ഭയം വിട്ടൊഴിയുന്നില്ല. വാളോങ്ങിയെത്തിയ സോഷ്യല്‍ മീഡിയയും സമൂഹവും തങ്ങളെ ഇനിയും പരസ്യ വിചാരണ ചെയ്യില്ലെന്ന് എന്തുറപ്പ്. പ്രായമായ പപ്പയ്ക്കും മമ്മിയ്ക്കും ഇനിയൊരു വേദന താങ്ങാനാകില്ലെന്ന തിരിച്ചറിവില്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയ ആ കുടുബത്തിലെ മകന്‍ വീണ്ടും കൈകൂപ്പി ആവര്‍ത്തിക്കുന്നു. ഞങ്ങളെ ഇനിയും ക്രൂശിക്കരുത്!

ഐസൊലേഷന്‍ വാര്‍ഡിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുമ്പോഴും പേടിയോടെ കഴിഞ്ഞ ദിനങ്ങള്‍... ഉറക്കമില്ലാതെ കഴിഞ്ഞ രാത്രികള്‍. അറിയാതെ സംഭവിച്ച അവിവേകത്തിന് മാപ്പു പറയുമ്പോഴും തങ്ങള്‍ അനുഭവിച്ച വേദന മനസിനെ കൊത്തിവലിക്കാറുണ്ടെന്ന് ‘വനിത ഓൺലൈനോട്’ പറയുമ്പോൾ ഇറ്റാലിയിൽ നിന്നുള്ള പ്രവാസി ദമ്പതികളുടെ മകന്‍ റിജോയുടെ മുഖത്ത് കടന്നു പോയ കനൽ വഴികളുടെ വേദന തെളിഞ്ഞു.

ഞങ്ങള്‍ക്ക് ഇനിയും ജീവിക്കണം

മറക്കാൻ ആഗ്രഹിക്കുന്ന ആ ദിവസങ്ങളെക്കുറിച്ച് പറയാൻ പോലും താൽപ്പര്യപ്പെടുന്നില്ല. പപ്പ ഹാര്‍ട്ട് പേഷ്യന്റാണ്. മമ്മിക്കും വയസായിരിക്കുന്നു. ഇതിനെല്ലാം നടുവില്‍ നിന്ന് അനുഭവിക്കാവുന്നതിന്റെ മാക്‌സിമം അനുഭവിച്ചു. ഞങ്ങളുടെ തെറ്റ് ഞങ്ങള്‍ മനസിലാക്കുന്നു. പക്ഷേ കൊറോണയുടെ മൊത്തക്കച്ചവടക്കാരായി ഞങ്ങളെ മാറ്റരുതേ എന്ന് കൈകൂപ്പി അപേക്ഷിക്കുന്നു. കാരണം ഞങ്ങള്‍ക്ക് ഇനിയും ഇവിടെ ജീവിക്കണം. അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ആര്‍ക്കും ചെയ്തിട്ടില്ല.- മകന്‍ കണ്ണീരോടെ പറഞ്ഞു തുടങ്ങുകയാണ്.

കൊറോണ രോഗത്തേക്കാള്‍ ഞങ്ങളെ വേദനിപ്പിച്ചത്, ഞങ്ങള്‍ ഇതെല്ലാം അറിഞ്ഞു കൊണ്ട് ചെയ്തു എന്ന വാക്കുകളാണ്. ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുമ്പോൾ സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെക്കുറിച്ചുള്ള ആക്രമങ്ങള്‍ എല്ലാം കണ്ടു. പലര്‍ക്കും ഞങ്ങളെ കൊല്ലാനുള്ള കലി ഉണ്ടായിരുന്നു. 'അവനേയും കുടുംബത്തേയും തല്ലിക്കൊല്ലണം' എന്നു വരെ ആരൈാക്കെയോ പറയുന്നുണ്ടായിരുന്നു. ഞാനും പപ്പയും അതൊക്കെ കണ്ട് ക്ഷമിക്കാനും സഹിക്കാനും ശ്രമിച്ചു. പക്ഷേ എന്റെ മമ്മി...ഇതൊക്കെ കണ്ട് തളര്‍ന്നു പോയി. പാവം...

ഒന്നും മനപൂര്‍വം അല്ല

ഫെബ്രുവരി മാര്‍ച്ച് മാസം ഇറ്റലിയില്‍ കാലാവസ്ഥ വ്യതിയാനങ്ങളുടേതാണ്. തണുത്ത കാലാവസ്ഥ മാറി ചെറിയചൂടിലേക്ക് കടക്കുന്ന സമയം. അന്നേരം അവിടെപനി പടര്‍ന്നു പിടിക്കുന്നത് സ്വാഭാവികം. ഫെബ്രുവരി തുടങ്ങും മുമ്പ് തന്നെ ഇത്തരത്തില്‍ ചെറിയ പനി ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതിനുള്ള ചികിത്സയും വാക്‌സിനേഷനും തേടി. അന്നേരം കൊറോണയെക്കുറിച്ച് ആ നാട്ടില്‍ സംസാരിച്ചു തുടങ്ങിയിട്ടുകൂടിയില്ല. ഫെബ്രുവരി 2ന9് നാട്ടില്‍ എത്തുന്നതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. മമ്മിക്ക് ഇടയ്ക്ക് ബിപി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനുള്ള ചികിത്സ നാട്ടിലെത്തി ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് തേടിയത്. അപ്പോഴും ആശുപത്രിയിലുള്ളവരും ഞങ്ങളുടെ വിദേശ യാത്രയെക്കുറിച്ച് ചോദിച്ചില്ല. അറിവില്ലായ്മ കൊണ്ട് പറഞ്ഞതുമില്ല. അല്ലാതെ മനപൂര്‍വം മറച്ചു വച്ചതല്ല. പിന്നെ എയര്‍പോര്‍ട്ടില്‍ ഞങ്ങളുടെ യാത്രാ വിവരങ്ങള്‍ കൃത്യമാണ്.

ഞങ്ങളുടെ കുടുംബം തന്ന പിന്തുണയാണ് ഈ നിമിഷത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നത്. ഒറ്റപ്പെടലിന്റെ നാളുകളില്‍ പിന്തുണ നല്‍കിയ ജില്ലാ കലക്ടര്‍ പിബി നൂഹിനേയും ആശുപത്രി-ആരോഗ്യ പ്രവര്‍ത്തകരേയും നന്ദിയോടെ ഓര്‍ക്കുന്നു. നാലര വര്‍ഷത്തിന് ശേഷമാണ് ഞാന്‍ നാട്ടിലേക്ക് എത്തുന്നത്. വയസായ പലരും കുടുംബത്തിലുണ്ട്, അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഓടി അവരുടെ അരികിലേത്ത് എത്തിയതാണ്. അതിന് വലിയ വില കൊടുക്കേണ്ടി വന്നു എന്ന് ബോധ്യപ്പെട്ടത് പിന്നീട്. എല്ലാ തെറ്റിനും ക്ഷമ ചോദിക്കുന്നു. എന്നോടും എന്റെ പപ്പയോടും മമ്മിയോടും ക്ഷമിക്കണം. എല്ലാത്തിനും മാപ്പ്....

നിലവിലെ ക്വാറന്റിനും ലോക് ഡൗണും കഴിഞ്ഞാല്‍ ഇറ്റലിയിലേക്ക് തിരിച്ചു പോകണം. അവിടെ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് ആണ് ഞാന്‍. പപ്പയും അവിടെ വര്‍ക് ചെയ്യുന്നു. എനിക്കുറപ്പുണ്ട്. ജീവന്‍ പോലും പണയം വച്ച് മുന്നിട്ടിറങ്ങുന്ന പ്രവര്‍ത്തകര്‍ ഉള്ളപ്പോള്‍ ഈ മഹാമാരിയും നമ്മള്‍ അതിജീവിക്കും- റിജോയുടെ വാക്കുകളിൽ ആത്മവിശ്വാസം.