Wednesday 20 April 2022 03:42 PM IST

‘വേദനയിൽ ചേർത്തുപിടിച്ചവൾ ഇനി ജീവിതപ്പാതി’: കേരളത്തിലെ ആദ്യ ലെസ്ബിയൻ ട്രാൻസ് ജോഡി: ഒന്നായി ദയയും ശ്രുതിയും

Binsha Muhammed

daya-and-sruthy

ലോകം മാറുകയാണ്. പൂർവകാലത്തെ വിപ്ലവങ്ങളും ഇതിഹാസങ്ങളും നിസംഗമായി കണ്ടും കേട്ടും നിന്ന് ഊറ്റംകൊള്ളുന്നവരല്ല പുതുതലമുറ. ചട്ടങ്ങളും കാലഹരണപ്പെട്ട നിയമങ്ങളും പൊളിച്ചെഴുതുന്ന പുതിയ കാലത്തിന്റെ പ്രതിനിധികളായി ഇതാ രണ്ടുപേർ കൂടി. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ലെസ്ബിയൻ ജോഡി എന്ന വിപ്ലവ പ്രഖ്യാപനത്തോടെ ഒരാൾ മറ്റൊരാളുടെ കൈപിടിക്കുന്നു. മിസ് ട്രാൻസ് ഗ്ലോബൽ പട്ടം നേടി നാടിന്ന് അഭിമാനമായ ശ്രുതി സിത്താരയ്ക്ക് ഇണയും കൂട്ടും ചങ്ങാതിയുമൊക്കെയായി എത്തുന്നത് ദയ ഗായത്രി. കേളികേട്ട വിപ്ലവ പ്രഖ്യാപനങ്ങളു നല്ല തുടക്കങ്ങളും കണ്ട ട്രാൻസ്ജെൻഡർ സമൂഹത്തില്‍ നിന്നും മറ്റൊരു ചരിത്രം പിറവിയെടുക്കുമ്പോൾ അവർ മനസു തുറക്കുകയാണ്. ആശംസകളുടെ പൂച്ചെണ്ടുകൾക്കും മുൻവിധികൾക്കും നടുവിലിരുന്ന് ശ്രുതിയും ദയയും വനിത ഓൺലൈനോട് സംസാരിക്കുന്നു.

രണ്ടു വർഷമായി ഉള്ളിൽ കൊണ്ടു നടന്ന ഇഷ്ടം. അതുപലവട്ടം ഞങ്ങൾ പറയാതെ പറഞ്ഞിട്ടുണ്ട്. വീണുപോയപ്പോഴും സമ്മർദ്ദങ്ങളുടെ കൊടുമുടി കയറിയപ്പോഴും ഞങ്ങൾ പരസ്പരം തണൽ മരങ്ങളായിട്ടുണ്ട്. നാളിതുവരെ പരസ്പരം പങ്കുവച്ച ആ ഇഷ്ടങ്ങളുടെ ആകെത്തുകയാണ് ഈ കൂടിച്ചേരൽ. ഈയൊരു തീരുമാനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അവളും ഞാനും ഒന്നാകുകയാണ്– ശ്രുതിയുടെ കൈപിടിച്ച് ദയ പറഞ്ഞു തുടങ്ങുകയാണ്.

ചരിത്രം ഈ പ്രണയം

വലിയൊരു ബ്രേക്കപ്പിൽ നിന്നും കരകയറി വന്നവളാണ് ഞാൻ. എന്റെ പ്രണയ നഷ്ടത്തിൽ എനിക്ക് കരുതലും തുണയുമായി നിന്നവളാണ് ശ്രുതി. ആ സ്നേഹവും കരുതലുമാണ് ഞങ്ങളെ അടുപ്പിച്ചത്. രണ്ടു വർഷമായി ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഇക്കാലയളവിലെ സ്നേഹബന്ധം മറയില്ലാത്ത പ്രണയത്തിനു വഴിമാറി. ഇതിനിടെ എന്തും പറയാനാകുന്ന ചങ്ങാതി കൂടിയായി എനിക്ക് ശ്രുതി. കൂട്ടിന് ഞങ്ങളുടെ കുഞ്ഞു കുഞ്ഞു വഴക്കുകളും. ഒടുവില്‍ ഞങ്ങൾ പരസ്പരം പ്രണയം തിരിച്ചറിയുകയായിരുന്നു. കുറച്ചു ദിവസങ്ങളായി ഞങ്ങൾ ലിവിങ് ടുഗദറിലാണ്. അത് ഔദ്യോഗികമായി എല്ലാവരെയും അറിയിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. വിവാഹം ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെന്നും തീരുമാനിച്ചിട്ടില്ല. ഒന്നേയുള്ളു ആഗ്രഹം ഈ ലോകത്തെ ബെസ്റ്റ് ട്രാൻസ് കപ്പിൾആകുക. ഞങ്ങളുടെ സ്വപ്നങ്ങളിൽ ജീവിക്കുക. അതൊക്കെയാണ് ആഗ്രഹം– ദയ ഗായത്രി പറയുന്നു.

സ്വത്വം സ്വീകരിച്ച് ആണോ പെണ്ണോ ആയി മാറുമ്പോൾ പോലും ഒത്തിരി കുത്തുവാക്കുകളും പരിഹാസങ്ങളും കേൾക്കുന്നവരാണ് ഞങ്ങൾ ട്രാൻസ് ജെൻഡറുകൾ. ഇതിപ്പോൾ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നു എന്നറിയുമ്പോൾ സ്വാഭാവികമായും സദാചാരക്കാർ ഉണരും. ലെസ്ബിയൻ കപ്പിൾ എന്നു കൂടി കേൾക്കുമ്പോൾ പലരും അസ്വസ്ഥരാകും. അതൊക്കെ മുൻകൂട്ടി കണ്ടു കൊണ്ടു തന്നെയാണ് ഈ ജീവിതം തിരഞ്ഞെടുത്തത്. അവരെയൊന്നും ഞങ്ങൾ കൂസാക്കുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതമാണ് വലുത്. അവിടെ പുറത്തു നിന്നുള്ളവർക്ക് സ്ഥാനമില്ല. ചീത്തവിളിക്കുന്നവർ വിളിച്ചോളൂ... പരിഹസിക്കുന്നവർ പരിഹസിച്ചോളൂ. അല്ലെങ്കിലും വിമർശകരുടെ വായ മൂടി കെട്ടാനാകില്ലല്ലോ?– ശ്രുതി സിത്താരയുടെ വാക്കുകൾ.

daya-sruthy-2

ഞങ്ങൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ. മുന്നോട്ടുള്ള ജീവിതം സന്തോഷകരമാക്കണം എന്നാണ് മനസിൽ. ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്ന ആഗ്രഹം മനസിലുണ്ട്. അറിയാമല്ലോ, നിയമവും സമൂഹവും ഞങ്ങളെ അംഗീകരിച്ചു വരുന്നതേയുള്ളൂ. എല്ലാം അനുകൂലമാകും എന്ന് തന്നെയാണ് പ്രതീക്ഷ. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും ഉണ്ടാകണം– ശ്രുതി പറഞ്ഞു നിർത്തി.