Wednesday 25 November 2020 12:08 PM IST

ആ കണ്ടത് വിവാഹ ചിത്രങ്ങളല്ല! ‘അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ’; വൈറൽ ഫൊട്ടോഷൂട്ടിന് പിന്നിൽ

Binsha Muhammed

dr-manu-soosan-sd-

‘അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ.’

പെണ്ണഴകിനെ ബാഹ്യസൗന്ദര്യത്തിന്റെ തുലാസു കൊണ്ട് അളക്കുന്നവർക്കുള്ള മറുപടിയായിരുന്നു ആ ഫൊട്ടോഷൂട്ട്. വെളുത്ത നിറവും മെലിഞ്ഞ രൂപവും ഇല്ലെങ്കിൽ ‘ഗ്ലാമറാകില്ല’ എന്ന് വിധിയെഴുതിയവർക്കു മുന്നിലേക്കാണ് ആ രാജകുമാരനും രാജകുമാരിയും എത്തുന്നത്. ഡോ. മനു ഗോപിനാഥന്റെ മനസിൽ വിരിഞ്ഞ പതിവു സൗന്ദര്യ ബോധങ്ങളേയും അലിഖിത നിയമങ്ങളേയും തച്ചുടച്ച് സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ഹൃദയം കൊണ്ടാണ് പലരും ഏറ്റെടുത്തത്. ‘സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് കൺസപ്റ്റ്’ ആയി എത്തിയ ചിത്രങ്ങളെ ലൈക്കും ഷെയറുകളും കൊണ്ട് മൂടുകയും ചെയ്തു. പക്ഷേ കൺസപ്റ്റിനെ കല്യാണമാക്കി മാറ്റി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പലരും പുനപ്രതിഷ്ഠിച്ചപ്പോൾ തെറ്റിദ്ധാരണകളും തലപൊക്കി. ഇത് ഒറിജിനൽ കല്യാണമാണോ എന്നു പോലും പലരും ചോദ്യങ്ങളുയർത്തി. ആ ചോദ്യങ്ങൾക്കും തെറ്റിദ്ധാരണകൾക്കും മറുപടി പറയുകയാണ് സംവിധായകനും ‘സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് കൺസപ്റ്റിന്റെ’ മോഡലുകളിൽ ഒരാളുമായ ഡോ. മനു ഗോപിനാഥൻ.

കല്യാണമല്ല കൺസപ്റ്റ്

‘അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ’ എന്ന തലക്കെട്ടും, ‘സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് കൺസപ്റ്റ്’ എന്ന ആമുഖ കുറിപ്പും അടിവരയിട്ടു പറഞ്ഞു കൊണ്ടു തന്നെയാണ് ആ ആശയം സോഷ്യൽ മീഡിയക്കു മുമ്പാകെ വച്ചത്. പലരും അത് ഹൃദയം കൊണ്ട് ഏറ്റെടുത്തു. പക്ഷേ നിർഭാഗ്യവശാൽ അതിനെ ഒറിജിനൽ കല്യാണമാക്കി. ചിത്രങ്ങൾ മാത്രം എടുത്ത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തവരോട് വീണ്ടും ആ പറഞ്ഞത് ആവർത്തിക്കുന്നു. അത് സേവ് ദി ഡേറ്റ് അല്ല... ‘സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് കൺസപ്റ്റ്’ മാത്രമാണ്– ഡോ. മനു പറയുന്നു.

ആയൂർവേദ ഡോക്ടറുടേയും ക്ലിനിക്കൽ സൈക്കളജിസ്റ്റിന്റേയും കുപ്പായം അണിയുമ്പോഴും കലയുമായി അഭേദ്യ ബന്ധം പുലർത്താറുണ്ട് ഞാൻ. സംഗീതവും മോഡലിങ്ങുമൊക്കെ ജീവിതത്തിന്റെ ഭാഗമായത് പലവട്ടം പ്രണയാമൃതം എന്ന പേരിൽ സംഗീത ആൽബവും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കേയാണ് ബാഹ്യ രൂപമല്ല സൗന്ദര്യത്തിന്റെ അളവുകോൽ എന്ന ആശയം മുൻനിർത്തി ഒരു ഫൊട്ടോഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നത്.

manu-5

ഇതിലെ മോഡ‍ലായി വന്ന സൂസൺ തോമസ് സോഷ്യൽ മീഡിയകളിൽ സെലിബ്രിറ്റിയാണ്.  പുള്ളിക്കാരിയെ ഞാൻ ടിക് ടോകിലൂടെയാണ് പരിചയപ്പെടുന്നത്. ഞാനും ടിക് ടോകില്‍ സജീവമായിരുന്നു. സൂസൺ മികച്ചൊരു ഗായികയും അതിനൊപ്പം നല്ലൊരു മോഡലും കൂടിയാണ്. നിരവധി ഡിവോഷണൽ ആൽബങ്ങളിൽ പാടിയിട്ടുമുണ്ട്. ശാരീരിക പരിമിതികളുടെ പേരിൽ കണ്ണീരും കിനാവുമായി ജീവിതം തള്ളിനീക്കുന്നവരുടെ കാലത്ത് ജീവിച്ചു കാണിച്ചു കൊടുത്തവൾ. മനസിനാണ് സൗന്ദര്യം എന്ന് കാട്ടി കൊടുത്തവൾ. അങ്ങനെയൊരാൾ എന്തു കൊണ്ടും മനസിൽ കണ്ട ആശയം സാക്ഷാത്കരിക്കാന്‍ അനുയോജ്യയായിരുന്നു.

manu-3

വിധിയെ ജയിച്ചവൾ സൂസൺ

manu-4

ശരിക്കും പറഞ്ഞാൽ വിധിയുടെ വലിയൊരു പരീക്ഷണമായിരുന്നു സൂസന്റെ ജീവിതം. അവളുടെ ഇരുപത്തിയഞ്ചാം വയസിലാണ് അവളെ ഇങ്ങനെയാക്കിയ ആ ദുരന്തം സംഭവിക്കുന്നത്. പള്ളിയിൽ പ്രാർത്ഥനയിൽ മുഴുകുന്ന സമയത്ത് അവിടുത്തെ അടുക്കളയിൽ നിന്ന് രൂക്ഷമായ ഗന്ധം വരുന്നു. ഗ്യാസ് ലീക്കാണ് എന്നറിയാതെ പാവം അടുക്കളയിലേക്ക് കയറി ചെന്നു. എന്ത് സംഭവിക്കുന്നു എന്നറിയാൻ അടുക്കളയിലേക്ക് ചെന്ന് ലൈറ്റിടുമ്പോഴേക്കും തീ ആളി പടർന്നു. തൊട്ടരികത്ത് വേറൊരു ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു. തീ പടർന്ന് ആ ഗ്യാസ് സിലിണ്ടറിലേക്കും എത്തിയതോടെ ആ മുറി നിമിഷാർദ്ധത്തിൽ അഗ്നിഗോളമായി. അടുക്കള കതക് തുറക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ജനാല തുറക്കാൻ ശ്രമിച്ചപ്പോൾ കാറ്റ് വിപരീത ദിശയിലായിരുന്നു. അത് തീയെ അതിവേഗം അവളുടെ ദേഹത്തേക്ക് പടർത്തി. വെന്തുരുകി ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും പാവം മൃതപ്രായയായിരുന്നു. ചികിത്സയിലൂടെ ജീവൻ തിരിച്ചു പിടിക്കാൻ ശ്രമിച്ചപ്പോഴും വീണ്ടും പരീക്ഷണമെത്തി. പുതുതായി എത്തിയ ഡോക്ടർ തുടർ ചികിത്സ നൽകുന്നതിൽ അലംഭാവം കാട്ടി. ഫൊട്ടോയിൽ നോക്കിയാൽ അറിയാം, സൂസന് ഏതാനും വിരലുകളില്ല. എല്ലാം പഴുത്തും കരിഞ്ഞും പോയിരിക്കുന്നു. പക്ഷേ എല്ലാ വേദനയും താണ്ടി അവൾ ജീവിതത്തോട് പൊരുത്തപ്പെടാൻ ശീലിച്ചു.

ശരീരത്തിന് എന്തെങ്കിലും പരിമിതികൾ ഉള്ളവരുടെ നന്മ മാത്രമാണ് പലരും ആഘോഷിക്കുന്നത്. അവർക്ക് സൗന്ദര്യം ഇല്ല എന്ന് പറയാതെ പറയുകയാണ് അതിലൂടെ ചെയ്യുന്നത്. എന്നാൽ ഈ ഫൊട്ടോഷൂട്ടിലൂടെ അവർക്കും സൗന്ദര്യമുണ്ട്... അവർക്കും സ്വപ്നങ്ങളുണ്ട് എന്ന് പറയാതെ പറയുകയാണ്. ചിത്രങ്ങളെ നിറഞ്ഞ മനസോടെ സ്വീകരിച്ചവർക്ക് നന്ദി. ഒറിജിനൽ സേവ് ദി ഡേറ്റ് ആയി കണ്ടവർ ആ ധാരണ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു. തേക്കടിയുടേയും കുമിളിയുടേയും മനോഹാരിതയിൽ ചിത്രങ്ങള്‍ പകർത്തിയ അജയ കുമാറിനും ആ മഹത്തായ സന്ദേശത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുണ്ട്.– മനു പറയുന്നു.

ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഞാൻ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. ഇടുക്കി കുമിളി സ്വദേശിയാണ് സൂസൺ.